Kerala, News

പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭാ നടപടികൾ തൽക്കാലത്തേക്ക് നിർത്തിവെച്ചു

keralanews the assembly proceedings have been temporarily halted due to opposite party dispute

തിരുവനന്തപുരം:ശബരിമല വിഷയത്തിൽ പ്രതിപക്ഷ ബഹളം ശക്തമായതിനെ തുടർന്ന് നിയമസഭാ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു.പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ സഭ താൽകാലികമായി നിർത്തിവെയ്ക്കാൻ സ്പീക്കർ തീരുമാനിക്കുകയായിരുന്നു.പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായതിനെ തുടര്‍ന്നാണ് സഭ നിര്‍ത്തിവച്ചത്.സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും ചോദ്യത്തോരവേള സസ്പെന്‍ഡ് ചെയ്തു വിഷയം സഭ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം.എന്നാല്‍ പ്രളയവുമായി ബന്ധപ്പെട്ട അംഗങ്ങളുടെ ചോദ്യത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയാന്‍ എണീറ്റതോടെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളികള്‍ ആരംഭിച്ചു. ഇതിനിടെ മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. ആകെ 16 ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷത്തിന്‍റെ അപേക്ഷയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഒന്നിച്ചാണ് മറുപടി പറഞ്ഞത്. ഇതിന് 40 മിനിറ്റ് സമയം ചെലവഴിക്കുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ 40 മിനിറ്റ് സമയമെടുത്തെന്ന് ആരോപിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.പ്രതിപക്ഷം ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും ഒന്നിച്ച്‌ മറുപടി നല്‍കിയതിനാലാണ് ഇത്രയും സമയമെടുത്തതെന്ന് സ്പീക്കർ മറുപടി നൽകിയെങ്കിലും ഇത് അംഗീകരിക്കാതെ പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. ഇതിനിടെ സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷാംഗങ്ങള്‍ തള്ളിക്കയറുവാനും ശ്രമിച്ചു.മറ്റംഗങ്ങള്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളുമായി. ഇതിനെ തുടര്‍ന്ന് സഭ നിര്‍ത്തിവയ്ക്കുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.

Previous ArticleNext Article