തളിപ്പറമ്പ്: തളിപ്പറമ്പ് ബസ്സ്റ്റാന്‍ഡ് പരിസരത്ത് ജപ്പാന്‍ കുടിവെള്ളം കിട്ടുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു. പരാതിയുള്ള പ്രദേശങ്ങളില്‍ 350-ഓളം കുടിവെള്ള കണക്ഷനുകളുണ്ട്. എന്നാൽ സമീപ പ്രദേശങ്ങളിൽ എല്ലാ ദിവസവും വെള്ളം ലഭിക്കുമ്പോള്‍ ഇവിടെമാത്രം വെളളം ലഭിക്കാത്തതില്‍ ദുരൂഹതയുണ്ടന്ന് നാട്ടുകാര്‍ പറയുന്നു. പകല്‍സമയത്ത് താഴ്ന്നസ്ഥലങ്ങളിലെ ഉപഭോഗം കൂടുന്നതിനാലാണ് ഉയര്‍ന്നസ്ഥലങ്ങളില്‍ വെള്ളം ലഭിക്കാത്തതെന്നും പത്തുദിവസത്തിനുള്ളില്‍ പരിഹാരമുണ്ടാക്കുമെന്നും എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. പ്രതിഷേധസമരത്തിന് കെ.രമേശന്‍, പി.ഗംഗാധരന്‍, നിഷ, എം.ബാലകൃഷ്ണന്‍, ലക്ഷ്മണന്‍, എം.വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.