Kerala, News

തളിപ്പറമ്പിലെ കവർച്ച കേസ്;അറസ്റ്റിലായത് ഇരട്ടക്കൊലക്കേസ് പ്രതി

keralanews thaliparamba robbery case arrested is a double murder case accused

കണ്ണൂർ:തളിപ്പറമ്പ് മന്നയിലെ മലബാർ ട്രേഡേഴ്സിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ അറസ്റ്റിലായ കർണാടക പക്ഷിരാജപുരം പുൻവർ വില്ലേജിലെ മഞ്ച രവി ഇരട്ടക്കൊലക്കേസിലും ഒന്നാം പ്രതി.മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ പരോളിലിറങ്ങി മുങ്ങി ശ്രീകണ്ഠപുരത്ത് താമസിച്ച് കവർച്ച നടത്തുകയായിരുന്നുവെന്ന് കേസന്വേഷിക്കുന്ന ഡിവൈഎസ്പി.ടി.കെ രത്‌നകുമാർ പറഞ്ഞു.2013 ജനുവരിയിൽ കർണാടകയിലെ നഗനഹള്ളിയിൽ കവർച്ചയ്‌ക്കിടെ വാട്ടർ അതോറിട്ടി ജീവനക്കാരനായ വെങ്കിടേഷ്(70),ഭാര്യ കാമാക്ഷി(63)എന്നിവരെയാണ് മഞ്ച രവിയുടെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തിയത്.തുടർന്ന് മൈസൂരു ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് പ്രതികളെ പിടികൂടി.കേസിൽ പത്തുവർഷത്തെ തടവുശിക്ഷ  അനുഭവിക്കുന്നതിനിടെ മൂന്നു വർഷം പൂർത്തിയാക്കി പരോളിലിറങ്ങി മുങ്ങിയതാണ് ഇയാൾ.രണ്ടുവർഷത്തിലേറെയായി ഇയാൾ ശ്രീകണ്ഠപുരത്തിനടുത്ത് താമസം തുടങ്ങിയിട്ട്.ഇവിടെ ആക്രികച്ചവടം നടത്തിവരികയായിരുന്നു.ഇതിനിടെയാണ് കൂട്ടുപ്രതിയായ കർണാടക സ്വദേശിയുമായി ചേർന്ന് തളിപ്പറമ്പിലെ കടയിൽ മോഷണം നടത്തിയത്. ഇവരുടെ കൂടെയുള്ള സ്ത്രീകൾ പകൽസമയം ആക്രിസാധനകൾ ശേഖരിക്കാൻ പോവുകയും മോഷ്ടിക്കാൻ പറ്റിയ വീടുകൾ കണ്ടെത്തി ഇവർക്ക് വിവരം നൽകുകയും ചെയ്യും.ഒരു ദിവസം 5000 മുതൽ 12000 രൂപവരെയുള്ള ആക്രിസാധനങ്ങൾ ഇവർ വില്പനനടത്താറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.തളിപ്പറമ്പിലെ മോഷണക്കേസിൽ പോലീസ് തങ്ങളെ സംശയിക്കുന്നതായി മനസ്സിലാക്കിയ ഇവർ കുടുംബസമേതം വിരാജ്പേട്ടയിൽ മോഷ്ട്ടാക്കൾ കൂടുതലായി താമസിക്കുന്ന അരസ്നഗർ എന്ന സ്ഥലത്തേക്ക് മുങ്ങുകയായിരുന്നു.ഇവിടെനിന്നാണ് പോലീസ് ഇവരെ പിടികൂടിയത്.
മലബാർ ട്രേഡേഴ്സിൽ നിന്നും പ്ലംബിങ് സാധനങ്ങളാണ് ഇവർ മോഷ്ടിച്ചത്.ഇതിൽ 160 കിലോയോളം സാധനങ്ങൾ ശ്രീകണ്ഠപുരത്തെ കടയിൽ നിന്നും പോലീസ് കണ്ടെടുത്തു.

ഇരട്ടക്കൊലക്കേസിലെ പ്രതിയായ ഇയാൾ പിടിയിലായതറിഞ്ഞ് കർണാടക പോലീസ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടതായി ഡിവൈഎസ്പി പറഞ്ഞു.കേരളത്തിലും ഇയാൾ ചില മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് പറഞ്ഞു.ഇയാൾക്കെതിരെ ഒരു പോക്സോ കേസും നിലവിലുണ്ട്.എസ്‌ഐ കെ.പി ഷൈനാണ് കവർച്ച കേസ് അന്വേഷിക്കുന്നത്.മഞ്ചയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഡിവൈഎസ്പിക്ക് പുറമെ സി.ഐ എൻ.കെ സത്യനാഥൻ,എസ്‌ഐ ഷൈൻ,സീനിയർ സിപിഒ എ.ജി അബ്ദുൽ റൗഫ്,സിപിഒ മാരായ കെ.സ്നേഹേഷ്,ബനേഷ്,സൈബർ സെല്ലിലെ വിജേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Previous ArticleNext Article