തലശ്ശേരി: സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ കീഴിലുള്ള കണ്ണൂർ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ്, കണ്ണൂര്‍ ടൗണ്‍, കാല്‍ടെക്‌സ്, പുതിയതെരു, പിലാത്തറ, ശ്രീകണ്ഠപുരം എന്നിവിടങ്ങളിലെ ബിവറേജസ് മദ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടാനൊരുങ്ങുന്നു. ദേശീയ, സംസ്ഥാനപാതയോരങ്ങളില്‍ 500 മീറ്ററിനുള്ളിലായി പ്രവര്‍ത്തിക്കുന്ന മദ്യഷാപ്പുകള്‍ മാര്‍ച്ച് 31-നുള്ളില്‍ മാറ്റിസ്ഥാപിക്കണമെന്ന് സുപ്രീംകോടതി കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇതിനെതിരെ പലയിടത്തും പ്രതിഷേധങ്ങള്‍ നടക്കുകയാണ്.
ചില്ലറവില്പനശാലകള്‍ അടച്ചുപൂട്ടുന്നത് ജില്ലയില്‍ വ്യാജമദ്യത്തിന്റെ ഒഴുക്കിന് കാരണമാകുമെന്ന് ബിവറേജസ് എംപ്ലോയീസ് സംഘ് (ബി.എം.എസ്.) ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. കൂടാതെ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍നഷ്ടപ്പെടുന്ന സാഹചര്യവും ഇതുവഴി ഉണ്ടാകും. ഈ കാര്യത്തിൽ എത്രയും പെട്ടെന്ന് സർക്കാർ ഒരു തീരുമാനം എടുക്കണമെന്നാണ് ആവശ്യം.