കണ്ണൂർ: തലശ്ശേരിയിൽ ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തിനിടെയുണ്ടായ കത്തിക്കുത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി പോലീസ്. കൊലയ്ക്കുപയോഗിച്ച ആയുധം അന്വേഷണ സംഘം കണ്ടെത്തി.കൃത്യത്തിന് ശേഷം പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ച ഓട്ടോയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.തലശ്ശേരി കമ്പൗണ്ടർഷോപ്പ് എന്ന സ്ഥലത്ത് പ്രതികളെ എത്തിച്ചാണ് പോലീസ് തെളിവെടുത്തത്. മൂന്നാം പ്രതിയായ സന്ദീപിന്റെ വീടിന് സമീപത്തെ കുറ്റിക്കാട്ടിലായിരുന്നു കൊലപ്പെടുത്താൻ ഉപയോഗിച്ചിരുന്ന കത്തി ഒളിപ്പിച്ചത്. ഒന്നാം പ്രതി പാറായി ബാബുവിനെ എത്തിച്ചായിരുന്നു കത്തി പോലീസ് കണ്ടെടുത്തത്.ഇതിന് സമീപമായിരുന്നു ഓട്ടോ ഒളിപ്പിച്ചിരുന്നത്. സന്ദീപിന്റെ വീടിന്റെ പരിസരത്തെ തെളിവെടുപ്പ് അവസാനിച്ചാൽ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും.ഇതിന് ശേഷം ഏഴ് പ്രതികളെയും പോലീസ് കോടതിയിൽ ഹാരജാക്കും. തലശ്ശേരി നെട്ടൂർ ഇല്ലിക്കുന്ന് സ്വദേശി കെ ഖാലിദ് (52) സഹോദരി ഭർത്താവും സിപിഎം നെട്ടൂർ ബ്രാഞ്ചംഗവുമായ ഷമീർ എന്നിവരാണ് കൊല്ലപ്പെട്ടത്.പാറായി ബാബു, ജാക്സൺ എന്നിവർ ചേർന്ന് ലഹരി ഇടപാടിന്റെ പേരിൽ വെട്ടി കൊന്നുവെന്നാണ് കേസ്.കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതിൽ 5 പേർ കൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരാണെന്ന് പോലീസ് വ്യക്തമാക്കി. നേരത്തെ സംഭവിച്ച വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. കൊലപാതകത്തിന് ശേഷം കർണാടകയിലേക്ക് കടന്ന മുഖ്യപ്രതി പാറായി ബാബുവിനെ ഇരിട്ടിയിൽ വച്ചാണ് പോലീസ് പിടികൂടിയത്.