Kerala, News

സാങ്കേതിക തകരാർ; പറമ്പിക്കുളം അണക്കെട്ടിന്റെ ഷട്ടറുകൾ തനിയെ തുറന്നു; പാലക്കാടും തൃശ്ശൂരും ജാഗ്രതാ നിർദ്ദേശം

keralanews technical failure shutters of parambikulam dam opened by themselves alert in palakkad and thrissur

പാലക്കാട്:സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് പറമ്പിക്കുളം ഡാമിന്റെ ഒരു ഷട്ടര്‍ തനിയെ തുറന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് രണ്ട് ജില്ലകളെ ആശങ്കയിലാഴ്‌ത്തി പറമ്പിക്കുളം അണക്കെട്ടിന്റെ ഷട്ടറുകൾ തനിയെ തുറന്നത്. ഇതേ തുടർന്ന് പെരിങ്ങൽക്കുത്ത് അണക്കെട്ടിലും, ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയർന്നു.ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിന്റെ മൂന്ന് ഷട്ടറുകളും 10 സെന്റീമീറ്റര്‍വീതം തുറന്ന് വെള്ളം ഒഴുക്കിക്കളയുന്നുണ്ടായിരുന്നു. അതിനിടയ്ക്കാണ് നടുവിലത്തെ ഷട്ടര്‍ തനിയെ തുറന്നുപോയത്. 25 അടി നീളമുള്ള ഷട്ടറാണ് പൂര്‍ണമായും പൊങ്ങിയത്. സാധാരണ 10 സെന്റീമീറ്റര്‍മാത്രം തുറക്കാറുള്ള ഷട്ടറാണ് ഇത്രയും ഉയരത്തില്‍ പൊന്തിപ്പോയത്.അധിക ജലം പുറത്തേക്ക് ഒഴുകിയതോടെ നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു.പറമ്പിക്കുളം ആദിവാസി കോളനികളിലെയും, തീര മേഖലകളിൽ താമസിക്കുന്നവരെയുമാണ് അടിയന്തിരമായി മാറ്റിപ്പാർപ്പിച്ചത്. നിലവിൽ 15,000 മുതൽ 20,000 വരെ ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. സാങ്കേതിക തകരാറുകൾ പരിഹരിച്ച് ഷട്ടർ താഴ്‌ത്താൻ മൂന്ന് ദിവസമെങ്കിലും സമയം വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്.അപ്രതീക്ഷിതയെത്തുന്ന വെള്ളം ആദ്യം പെരിങ്ങല്‍ക്കുത്ത് ഡാമിലും തുടര്‍ന്ന് ചാലക്കുടിപ്പുഴയിലേക്കുമെത്തും. നിശ്ചിത അളവില്‍ക്കൂടുതല്‍ വെള്ളമെത്തുന്നത് ഡാമിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ്. ചാലക്കുടിപ്പുഴയില്‍ വന്‍തോതില്‍ വെള്ളമുയര്‍ന്നാല്‍ അപകടങ്ങള്‍ക്ക് കാരണമാകും. സാങ്കേതികപ്പിഴവ് പരിഹരിക്കാനായില്ലെങ്കില്‍ പറമ്പിക്കുളം ഡാമിലെ വെള്ളം മുഴുവന്‍ ഒഴുകിത്തീരും. തമിഴ്‌നാട് അടക്കമുള്ള പ്രദേശങ്ങളിലേക്ക് വെള്ളം പറമ്പിക്കുളത്തുനിന്നാണ് നല്‍കുന്നത്.കാലപ്പഴക്കം മൂലം ഷട്ടറിന്റെ നിയന്ത്രണസംവിധാനങ്ങള്‍ക്ക് കേടുപാടുകളുണ്ടെന്നും പരിഹരിക്കാനുള്ള ശ്രമം നടക്കുന്നതായും അധികൃതര്‍ അറിയിച്ചു.

Previous ArticleNext Article