വയനാട്:വയനാട്ടില്‍ വിനോദ സഞ്ചാരത്തിനെത്തിയ അധ്യാപിക കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റിസോര്‍ട്ടിന് സ്റ്റോപ് മെമ്മോ.കണ്ണൂര്‍ സ്വദേശിനി ഷഹാന(26) ആണ് മരിച്ചത്.വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള റിസോര്‍ട്ടുകളിലെ ടെന്‍റുകളുടെ സുരക്ഷാ പരിശോധന തുടരും.പരിമിതമായ സുരക്ഷാ സംവിധാനങ്ങള്‍ മാത്രമാണ് ഇത്തരം താത്കാലിക കൂടാരങ്ങളിലുള്ളത്.രണ്ട് കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി താമസിക്കാനുള്ള സൗകര്യമാണ് റിസോര്‍ട്ടിലുള്ളത്. എന്നാല്‍ ദിനേന മുപ്പതും നാല്‍പ്പതും ആളുകള്‍ റിസോര്‍ട്ടിലെത്തുന്നുണ്ട്. പുഴയരോത്ത് സുരക്ഷിതമല്ലാത്ത രീതിയില്‍ നിര്‍മിച്ച ടെന്റുകളിലാണ് ഇവര്‍ താമസിക്കുന്നത്. ടെന്‍റുകളില്‍ താമസ സൌകര്യമൊരുക്കി വന്നിരുന്ന റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടിന് സ്റ്റോപ്പ് മെമ്മോ നല്‍കിയതായി ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ അറിയിച്ചു. മേപ്പാടിയിലെ ദാരുണ സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ടെന്‍റുകള്‍ ഉള്‍പ്പടെയുള്ള ഔട്ട്‌ഡോര്‍ സ്റ്റേകള്‍ക്കും ഉടന്‍ ഗൈഡ് ലൈന്‍ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. ലോക്ഡൌണിന് ശേഷം സജീവമായി വരുന്ന ജില്ലയിലെ റിസോര്‍ട്ടുകളിലെല്ലാം ടെന്‍റുകളിലെ താമസക്കാരുടെ എണ്ണം കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ ടെന്‍റുകളിലെ സുരക്ഷ ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതായി സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. റിസോര്‍ട്ടിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് മേപ്പാടി പഞ്ചായത്തും നേരത്തെ രണ്ടു തവണ വനം വകുപ്പ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഡി.എഫ്.ഒയും അറിയിച്ചു.
മേപ്പാടി എളമ്പലേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ശനിയാഴ്ച രാത്രി ഏഴേമുക്കാലിനാണ് സംഭവം. മേപ്പാടി ടൗണില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ ഓഫ് റോഡില്‍ സഞ്ചരിച്ചാല്‍ എത്തുന്ന സ്ഥലത്താണ് റിസോര്‍ട്ട്.30 അംഗ സംഘത്തിലാണ് യുവതി എത്തിയത്. ബാത്ത്‌റൂമില്‍ പോയി തിരിച്ചുവരുന്ന നേരത്തായിരുന്നു ആനയുടെ ആക്രമണം. ചിഹ്നം വിളി കേട്ട് ബാക്കിയെല്ലാവരും ഓടി രക്ഷപ്പെട്ടെങ്കിലും ഷഹാനക്ക് ആനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പരേതനായ സി.കെ. അബ്ദുല്‍ സത്താറിന്റെയും ആയിഷയുടെയും മകളാണ് ഷഹാന. നേരത്തെ ഫാറൂഖ് കോളജില്‍ അധ്യാപികയായിരുന്നു. മധ്യപ്രദേശ് സര്‍വകലാശാലയില്‍ സൈക്കോളജില്‍ ഗവേഷണം നടത്തുന്നുണ്ട്.