ഗുജറാത്ത്:ടാറ്റ മോട്ടോർസ് തങ്ങളുടെ ഇലക്ട്രിക്ക് വാഹനമായ ടാറ്റ ടിഗോറിന്റെ ആദ്യഘട്ടം പുറത്തിറക്കി.ടാറ്റ ഗ്രൂപ് ചെയർമാൻ രത്തൻ ടാറ്റയുടെയും ടാറ്റ മോട്ടോർസ് ആഗോള തലവൻ ഗെന്ത്വർ ബുഷേക്കിന്റെയും സാനിധ്യത്തിൽ ഗുജറാത്തിലെ സാനന്ദ് പ്ലാന്റിൽ നിന്നും ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരനാണ് വാഹനം പുറത്തിറക്കിയത്. കേന്ദ്ര സർക്കാരിന് കീഴിലുള്ള എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡിന് വേണ്ടിയാണ് ടാറ്റ മോട്ടോർസ് ടാറ്റ ടിഗോർ ഇലക്ട്രിക്ക് വാഹനം പുറത്തിറക്കുക.രണ്ടു വർഷത്തിനിടെ 10,000 കാറുകൾ നിർമിച്ചുനൽകാനാണ് കേന്ദ്ര സർക്കാർ ടാറ്റ മോട്ടോഴ്സിന് കരാർ നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കാർ പൊതുജനങ്ങൾക്ക് ഉടനൊന്നും ലഭ്യമാകാൻ സാധ്യതയില്ലെന്നാണറിവ്.ആദ്യഘട്ടത്തിൽ 250 കാറുകളാണ് കമ്പനി നിർമിച്ചു നൽകുക.2030 ഓടെ പൂർണ്ണമായും ഇലക്ട്രിക്ക് കാറുകളിലേക്ക് ചുവടുമാറാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ടാറ്റ മോട്ടോർസ് ഇലക്ട്രിക് കാറുകൾ പുറത്തിറക്കുന്നത്. ഇലക്ട്രിക് കാറുകളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ വൻ സബ്സിഡികളും റിബേറ്റും വാഗ്ദാനം ചെയ്യും.ഇത്തരം വാഹനങ്ങളുടെ വില്പനയിലുണ്ടാകുന്ന വർദ്ധനവ് മറ്റുകമ്പനികൾക്കും ഇലക്ട്രിക് കാറുകൾ നിർമിക്കുന്നതിന് പ്രചോദനം നൽകും.ഇലക്ട്രിക് പവർ ട്രെയിൻ ഉൽപ്പാദനത്തിന് പ്രശസ്തമായ ഇലക്ട്ര ഇ വിയിൽ നിന്നുമുള്ള വൈദ്യുത ഡ്രൈവ് സംവിധാനമാണ് ടിഗോർ ഇലക്ട്രിക് വേർഷനിൽ തയ്യാറാക്കിയിരിക്കുന്നത്.രേഖകൾ പ്രകാരം 40 bhp പരമാവധി കരുത്തേകുന്ന ഇലക്ട്രിക് മോട്ടോറാണ് പുതിയ ടൈഗറിൽ ഒരുങ്ങുക.2+3 സിറ്റിങ് കപ്പാസിറ്റിയുള്ള ടൈഗറിൽ അഞ്ചുപേർക്ക് സുഖമായി യാത്ര ചെയ്യാം.ഫുൾ ചാർജിൽ 100 കിലോമീറ്ററാണ് ടിഗോറിൽ ലഭ്യമായ ഡ്രൈവിംഗ് റേഞ്ച്.1516 കിലോഗ്രാമാണ് ടാറ്റ ടിഗോർ ഇലക്ട്രിക് പതിപ്പിന്റെ ഭാരം.ജിഎസ്ടി അടക്കം 11.2 ലക്ഷം രൂപയാണ് ഒരു ടൈഗറിന് കേന്ദ്ര സർക്കാരിൽ നിന്നും ടാറ്റ ഈടാക്കുക.