മുംബൈ:ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകളെ ടാറ്റ പിന്‍വലിക്കുന്നു.മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ ഇന്ത്യയില്‍ കര്‍ശനമാവുന്നതിനെ തുടര്‍ന്ന് 1.1 ലിറ്റര്‍ ഡീസല്‍ മോഡലുകളെ പൂര്‍ണ്ണമായും കമ്പനി പിന്‍വലിക്കും. 2020 ഏപ്രില്‍ മുതല്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചാവണം വാഹനങ്ങള്‍ പുറത്തിറങ്ങേണ്ടത്. പുതിയ ചട്ടങ്ങള്‍ പ്രകാരം ഇപ്പോഴുള്ള 1.1 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ പരിഷ്‌കരിച്ചാല്‍ ഉത്പാദന ചിലവ് ഉയരും.അതോടെ സ്വാഭാവികമായും മോഡലുകളുടെ വിലയും വര്‍ധിക്കും.ഡിമാന്‍ഡ് കുറഞ്ഞ ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകള്‍ക്ക് വില ഉയരുക കൂടി ചെയ്താല്‍ വിറ്റുപോകില്ലെന്ന് ആശങ്ക കമ്പനിക്കുണ്ട്. 2018 ഏപ്രില്‍ – 2019 ജനുവരി കാലയളവില്‍ വിറ്റുപോയ ആകെ ടിയാഗൊ യൂണിറ്റുകളില്‍ 14 ശതമാനം മാത്രമാണ് ഡീസല്‍ മോഡലുകളുടെ വിഹിതം. ഇതേകാലയളവില്‍ 15 ശതമാനം മാത്രമെ ടിഗോര്‍ ഡീസല്‍ മോഡലുകളും വിറ്റുപോയുള്ളൂ. ഈ സ്ഥിതിവിശേഷം മുന്‍നിര്‍ത്തി പുതിയ ഡീസല്‍ എഞ്ചിനെ വികസിപ്പിക്കാനുള്ള നീക്കം കൂടുതല്‍ ബാധ്യത വരുത്തിവെയ്ക്കുമെന്ന് ടാറ്റ വിലയിരുത്തുന്നു.ഡീസൽ മോഡൽ പിൻവലിക്കുന്നതോടെ 1.2 ലിറ്റർ പെട്രോൾ എൻജിനിൽ മാത്രമായിരിക്കും ഈ വാഹങ്ങൾ നിരത്തിലെത്തുക. ഇത് 85 പിഎസ് പവറും 114 എൻ. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.