പത്തനംതിട്ട : പൊതുമേഖലാ സ്ഥാപനമായ തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ സ്പിരിറ്റ് മറിച്ചു വിറ്റ സംഭവത്തിൽ ജീവനക്കാരനും ടാങ്കര്‍ ലോറി ഡ്രൈവര്‍മാരും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.ട്രാവന്‍കൂര്‍ ഷുഗേഴ്സില്‍ സ്പിരിറ്റിന്റെ കണക്ക് സൂക്ഷിക്കുന്ന ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ സ്വദേശി അരുണ്‍കുമാര്‍, ഡ്രൈവര്‍മാരായ സിജോ, നന്ദകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. മദ്യനിർമ്മാണത്തിനായി എത്തിച്ച സ്പിരിറ്റിൽ നിന്ന് 20,000 ലിറ്റർ മറിച്ചു വിറ്റെന്നാണ് കണ്ടെത്തൽ. ഇവിടേക്ക് ലോഡുമായി എത്തിയ മൂന്ന് ടാങ്കറുകളിൽ നിന്നായി 10 ലക്ഷം രൂപയും ഉദ്യോഗസ്ഥർ കണ്ടെടുത്തു.ഇത് ട്രാവന്‍കൂര്‍ ഷുഗേഴ്സില്‍ സ്പിരിറ്റിന്റെ കണക്ക് സൂക്ഷിക്കുന്ന അരുണ്‍കുമാറിന് കൊടുക്കാന്‍ കൊണ്ടുവന്നതാണെന്ന് ഡ്രൈവര്‍മാര്‍ മൊഴി നല്‍കിയിരുന്നു. ഫാക്ടറി ജീവനക്കാരും ടാങ്കര്‍ ലോറി ഡ്രൈവര്‍മാരും സ്പിരിറ്റ് എത്തിക്കാന്‍ കരാറെടുത്തവരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് മോഷണം നടത്തിയത് എന്നാണ് സംശയം. എക്‌സൈസ് കേസ് പോലീസിന് കൈമാറി. മദ്ധ്യപ്രദേശിൽ നിന്ന് സ്ഥാപനത്തിൽ എത്തിച്ച നാലായിരം ലിറ്റർ സ്പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് പരിശോധന നടത്തിയത്. ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലേക്ക് വരുന്ന ടാങ്കര്‍ ലോറികളില്‍ സ്പിരിറ്റ് കുറയുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.മധ്യപ്രദേശില്‍ നിന്ന് 1,15,000 ലിറ്റര്‍ സ്പിരിറ്റ് എത്തിക്കുവാനുള്ള കരാര്‍ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് നല്‍കിയിരുന്നു. ഈ കമ്പനിയുടെ കരാര്‍ പ്രകാരമുള്ള ഒടുവിലത്തെ ലോഡാണ് ഇന്നലെ എത്തിയത്. 40,000 ലിറ്ററിന്റെ രണ്ടും 35,000 ലിറ്ററിന്റെ ഒന്നും ടാങ്കറുകളില്‍ ഉദ്യോഗസ്ഥ സംഘം വിശദമായ പരിശോധന നടത്തി.ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ പെരുന്തുരുത്തിയിലെ വേ ബ്രിഡ്ജില്‍ ടാങ്കര്‍ ലോറികളുടെ ഭാര പരിശോധനയും നടത്തി. ലീഗല്‍ മെട്രോളജിയുടെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ ഇന്ന് സ്പിരിറ്റിന്റെ കൃത്യമായ അളവെടുക്കും. മദ്ധ്യപ്രദേശിൽ നിന്നും ടാങ്കറിലെത്തുന്ന സ്പിരിറ്റ് അതേ കമ്പനിയ്ക്ക് തന്നെ ലിറ്ററിന് അൻപത് രൂപയ്ക്ക് മറിച്ച് വിൽക്കുകയായിരുന്നു.