കണ്ണൂർ:കണ്ണൂരിനെ ആശങ്കയിലാഴ്ത്തി വീണ്ടും ടാങ്കർ അപകടം.പള്ളിക്കുന്ന് ശ്രീപുരം സ്കൂളിന് സമീപം തിരുവോണനാളിൽ പുലർച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്.മംഗളൂരുവിൽ നിന്നും മലപ്പുറം ജില്ലയിലെ ചേളാരിയിലെ ഡിപ്പോയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്ന ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ബുള്ളറ്റ് ടാങ്കറാണ് മറിഞ്ഞത്.പള്ളിക്കുന്ന് കുന്നിറങ്ങിവരികയായിരുന്ന ടാങ്കറിന് മുന്നിലേക്ക് അമിതവേഗത്തിൽ വരികയായിരുന്ന ബൈക്കിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ട്ടപ്പെട്ട ലോറി ഡിവൈഡറിൽ ഇടിച്ചുകയറി മറിയുകയായിരുന്നു.18 ടൺ പാചകവാതകമായിരുന്നു ടാങ്കറിൽ ഉണ്ടായിരുന്നത്.അപകടത്തിൽ നിന്നും നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ട ലോറി ഡ്രൈവറും ക്‌ളീനറും ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തിയ പോലീസും അഗ്നിശമന സേനയും ചേർന്ന് വൈദ്യുത വകുപ്പുമായി ബന്ധപ്പെട്ട പ്രദേശത്തെ വൈദ്യുത ബന്ധം ഉടൻ തന്നെ വിച്ഛേദിച്ചു.അതിനിടെ വാതകചോർച്ച ഉണ്ടെന്ന അഭ്യൂഹം ആശങ്ക പരത്തി.സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വാതകചോർച്ച ഇല്ലെന്ന് സ്ഥിതീകരിച്ചതോടെയാണ് ആശങ്കയ്ക്ക് വിരാമമായത്.അപകടത്തെ തുടർന്ന് ദേശീയ പാതയിലൂടെയുള്ള ഗതാഗതം വഴിതിരിച്ചു വിട്ടു.അപകട വിവരമറിഞ്ഞ് മംഗളൂരുവിൽ നിന്നും ഇന്ത്യൻ ഓയിൽ കോർപറേഷൻ ഉദ്യോഗസ്ഥരും കോഴിക്കോട്,ചേളാരി എന്നിവിടങ്ങളിൽ നിന്നും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ടാങ്കർ ഉയർത്താനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു.വളപട്ടണത്തു നിന്നും എത്തിയ ഖലാസികളുടെ സഹായത്തോടെ ടാങ്കർ ഉയർത്തി.പിന്നീട് ഇത് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലേക്ക് മാറ്റി.പിന്നീട് മൂന്നു ടാങ്കറുകൾ കൊണ്ടുവന്ന് രാത്രി പതിനൊന്നു മണിയോടെ വാതകം പൂർണ്ണമായും ഇതിലേക്ക് മാറ്റി. ഈ സമയത്തൊക്കെ എന്തെങ്കിലും അപകടം ഉണ്ടായാൽ ഉടൻ തന്നെ പരിഹരിക്കുന്നതിനുള്ള സംവിധാനം ജില്ലാ ഭരണകൂടവും പോലീസും ഫയർഫോഴ്സും ചേർന്ന് നഗരത്തിലും ജവഹർ സ്റ്റേഡിയത്തിലും ഒരുക്കിയിരുന്നു.ജില്ലാ കലക്റ്റർ മിർ മുഹമ്മദലി,ഡിവൈഎസ്പി പി.പി സദാനന്ദൻ,സിഐ ടി.കെ രത്‌നകുമാർ,എസ്‌ഐ ശ്രീജിത്ത് കോടേരി,കണ്ണൂർ ഫയർ സ്റ്റേഷൻ ഇൻചാർജ് കെ.വി ലക്ഷ്മണൻ,ലീഡിങ് ഫയർമാൻ വിനോദ് കുമാർ,ഫയർമാന്മാരായ സൂരജ്,നിജിൽ,ധനേഷ്,സുബൈർ എന്നിവരാണ് രക്ഷ പ്രവർത്തനങ്ങൾക്കും സുരക്ഷയൊരുക്കുന്നതിനും നേതൃത്വം നൽകിയത്.