Kerala, News

കണ്ണൂരിൽ വീണ്ടും ടാങ്കർ ലോറി അപകടത്തിൽപ്പെട്ടു; ആളപായമില്ല

keralanews tanker lorry accident in kannur again

കണ്ണൂര്‍ : കണ്ണൂരില്‍ വീണ്ടും ടാങ്കര്‍ ലോറി അപകടം.  ദേശീയപാതയില്‍ പുതിയതെരുവിലാണ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്. ചേളാരിയിൽ നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. വാതക ചോർച്ച ഇല്ലാത്തതതിനാൽ അപകടം ഒഴിവായി.ടാങ്കർ ലോറി ഇടിച്ചു കയറിയ ചിറക്കൽ ധനരാജ് ടാക്കീസിന് മുന്നിലെ തലശ്ശേരി ഹോട്ടൽ പൂർണമായും തകർന്നു.കഴിഞ്ഞദിവസം കണ്ണൂർ മേലെ ചൊവ്വയിൽ ഗ്യാസ് ടാങ്കർ ലോറി അപകടത്തിൽ പെട്ടിരുന്നു. ബംഗളൂരുവിൽ നിന്ന് പപാചകവതകവുമായി എറണാകുളത്തേക്ക് പോയ ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. റോഡിൽ നിന്ന് തെന്നിനീങ്ങിയ ലോറി തൊട്ടടുത്ത പറമ്പിലേക്ക് മറിയുകയായിരുന്നു.ഇതിനു ഒരാഴ്‌ച മുൻപ് ചാല ബൈപ്പാസ് ജങ്ഷനിലും പാചകവാതകം കയറ്റി വന്ന ലോറി അപകടത്തിൽപ്പെട്ടിരുന്നു.ലോറിയില്‍ വാതക ചോര്‍ച്ചയുണ്ടായെങ്കിലും ഫയര്‍ഫോഴ്സും പൊലിസും നാട്ടുകാരും നടത്തിയ അതീവ സാഹസികമായ രക്ഷാ പ്രവര്‍ത്തനമാണ് നാടിനെ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷിച്ചത്.

ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കാന്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ തയ്യാറാകാത്തതാണ് തുടർച്ചയായ അപകടങ്ങൾക്ക് വഴിവെയ്‌ക്കുന്നത്‌. 2013 ല്‍ നടന്ന ചാല ടാങ്കര്‍ ലോറി ദുരന്തത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. അതിനു ശേഷവും ഒട്ടനവധി അപകടങ്ങള്‍ ഇവിടെയുണ്ടായി. ജനവാസ കേന്ദ്രങ്ങളിലൂടെ അമിത വേഗതയിലാണ് ടാങ്കര്‍ ലോറികള്‍ ചീറിപ്പാഞ്ഞു പോകുന്നത്.ഒരു ടാങ്കര്‍ ലോറിയില്‍ ചുരുങ്ങിയത് രണ്ട് ജീവനക്കാരെങ്കിലും വേണമെന്ന് നിയമമുണ്ടെങ്കിലും മിക്ക ടാങ്കറുകളിലും ഡ്രൈവര്‍ മാത്രമേയുണ്ടാകാറുള്ളൂ. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്. രാത്രി കാലങ്ങളില്‍ ഏറെ വൈകിടാങ്കറുകള്‍ സഞ്ചരിക്കരുതെന്ന് റോഡ് സുരക്ഷാ വിഭാഗം നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും ഇവയും പാലിക്കപ്പെടുന്നില്ല.ഡിവൈഡറിൽ തട്ടിമറിഞ്ഞാണ് 2013 ല്‍ ചാലയിലുണ്ടായ ടാങ്കര്‍ ലോറി അപകടം ഉണ്ടായത്. ഇതിന് സമാനമായ ഡിവൈഡര്‍ തന്നെയാണ് ഇപ്പോള്‍ മേലെചൊവ്വയിലുമുള്ളത്.ദേശീയപാത- പൊതുമരാമത്ത് വിഭാഗം ഇതു മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ ഇനിയും അപകടങ്ങൾ തുടർക്കഥയാകുമെന്ന് നാട്ടുകാര്‍ പറയുന്നു.

Previous ArticleNext Article