കണ്ണൂര്‍: നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി സ്ത്രീകളും കുട്ടികളുമടക്കം നൂറോളം തമിഴ്നാട് സ്വദേശികള്‍ കണ്ണൂര്‍ കലക്ടറേറ്റിലെത്തി.കണ്ണൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ തൊഴിലാളികളാണ് കണ്ണൂര്‍ ജില്ലാ കലക്ടറേറ്റിലെത്തിയത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴില്‍ ഇല്ലാതായി, വരുമാനവും. തമിഴ്നാട്ടിലെ സ്വന്തം വീടുകളിലേക്ക് തിരിച്ചു പോകണമെന്നായിരുന്നു ഇവരുടെ ആവശ്യം.
ഭക്ഷണവും മറ്റും കൃത്യമായി കിട്ടുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് തൊഴിലാളികള്‍ നാട്ടിലേക്ക് പോകാനുള്ള ശ്രമം ഉപേക്ഷിച്ചത്.കലക്ടറേറ്റിലെ ഉദ്യോഗസ്ഥരും പൊലീസുമെത്തി ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.താമസസ്ഥലങ്ങളില്‍ മൂന്ന് നേരവും ഭക്ഷണമെത്തിക്കുമെന്നും ലോക്ക്ഡൗണ്‍ അവസാനിക്കുന്നതു വരെ കെട്ടിട വാടക ഈടാക്കില്ലെന്നും ഉറപ്പ് ലഭിച്ചതോടെയാണ് തൊഴിലാളികള്‍ പിന്തിരിഞ്ഞത്.തുടര്‍ന്ന് പൊലീസ് വാഹനങ്ങളില്‍ ഇവരെ താമസസ്ഥലങ്ങളിലേക്ക് തിരിച്ചെത്തിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച് ലോറികളിലും മറ്റുമായി കണ്ണൂരില്‍ നിന്ന് തൊഴിലാളികള്‍ തമിഴ്നാട്ടിലേക്ക് പോകാന്‍ ശ്രമിച്ചിരുന്നു.കോഴിക്കോട് വെച്ച് പൊലീസ് ഇതു തടഞ്ഞു. ഒരു സംഘമാളുകള്‍ ഇത്തരത്തില്‍ തമിഴ്നാട്ടില്‍ എത്തിയതായും സൂചനയുണ്ട്. ഇതോടെയാണ് കൂടുതല്‍ പേര്‍ നാട്ടിലേക്ക് പോകാന്‍ ശ്രമം തുടങ്ങിയത്.