ചെന്നൈ: മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഞ്ച് ജനപ്രിയ പദ്ധതികളാണ് പഴനിസാമി പ്രഖ്യാപിച്ചത്. ഒരു ലക്ഷം സ്ത്രീകള്‍ക്ക് ജയലളിതയുടെ പേരില്‍ പകുതി വിലയ്ക്ക് ‘അമ്മ’ ഇരുചക്ര വാഹനം നൽകാനും മദ്യനിരോധനത്തിന്റെ ഭാഗമായി 500 മദ്യവില്‍പനശാലകള്‍ പൂട്ടാനും തീരുമാനമായി.
നിര്‍ധന സ്ത്രീകള്‍ക്ക് പ്രസവശുശ്രൂഷയ്ക്കായി നല്‍കി വരുന്ന ധനസഹായം 12,000 രൂപയില്‍നിന്ന് 18,000 രൂപയാക്കി ഉയര്‍ത്തി. തൊഴിലില്ലായ്മ വേതനം ഇരട്ടിയാക്കി. 5000 മത്സ്യബന്ധന തൊഴിലാളികള്‍ക്ക് 8500 കോടി രൂപ ചെലവില്‍ വീട്. ആദ്യ മന്ത്രിസഭായോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, ജയലളിതയുടെ സത്ഭരണം തുടരുമെന്നും അവരുടെ പേരില്‍ പുതിയ ചില പദ്ധതികള്‍ കൂടി നടപ്പാക്കുകയാണ് ഈ സര്‍ക്കാറിന്റെ ആദ്യ കടമയെന്നും അദ്ദേഹം പറഞ്ഞു.