കോഴിക്കോട്:കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നൽകണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തുന്ന വ്യാപാരികളുമായി കോഴിക്കോട് ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ച പരാജയം. തങ്ങള്‍ നേരത്തെ തീരുമാനിച്ച എല്ലാ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും നാളെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി സംഘടന പ്രതിനിധികള്‍ ചര്‍ച്ചയ്ക്കു ശേഷം പ്രതികരിച്ചു. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ സര്‍ക്കാര്‍ ഏതെങ്കിലും രീതിയിലുള്ള ചര്‍ച്ചയ്ക്കും ഇളവിനും തയാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും അവര്‍ അറിയിച്ചു. ജില്ലാ അടിസ്ഥാനത്തിലാണ് നാളെ കടകൾ തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ കോഴിക്കോട് മാത്രം തീരുമാനമെടുത്തിട്ട് കാര്യമില്ലെന്നും ചർച്ചയിലെ നിർദ്ദേശം അംഗീകരിക്കാൻ കഴിയില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാരികൾ പറഞ്ഞു. പെരുന്നാള്‍ ദിനം വരെ 24 മണിക്കൂറും കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നും ബാക്കി കാര്യം ചര്‍ച്ചയിലൂടെ തീരുമാനിക്കാമെന്നുമായിരുന്നു വ്യാപാരികള്‍ സര്‍ക്കാരിനെ അറിയിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്ന് വ്യാപാരി വ്യവാസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി സേതുമാധവന്‍ പറഞ്ഞു.അതേസമയം ലോക്ഡൗൺ ലംഘിച്ച് നാളെ കടകൾ തുറന്നാൽ നടപടിയുണ്ടാവുമെന്ന് കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡിയും വ്യക്തമാക്കി.സര്‍ക്കാര്‍ തീരുമാനം മാത്രമേ പാലിക്കാന്‍ കഴിയുകയുള്ളൂവെന്നും നാളത്തെ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് വ്യാപാരികളെ അറിയിച്ചുവെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.കോഴിക്കോട് കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ മന്ത്രി എ.കെ ശശീന്ദ്രനും പങ്കെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും മന്ത്രി ചര്‍ച്ചയില്‍ പങ്കെടുത്തില്ല. പകരം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ.നരസിംഹ ഗാരി തേജ് ലോഹിത് റെഡ്ഡിയാണ് പങ്കെടുത്തത്.എന്നാല്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് കടകള്‍ തുറക്കുന്നതിനോട് യോജിപ്പില്ലെന്നാണ് വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ഉദ്ഘാടനം ചെയ്ത് പറഞ്ഞത്. ഏകോപന സമിതിയുടെ വെല്ലുവിളി സമരം രാഷ്ട്രീയ പ്രേരിതമെന്നും ബിജു ആരോപിച്ചു.