ന്യൂഡൽഹി: കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷത്തില്‍ അയവ് വരുത്താന്‍ അഞ്ച് വിഷയങ്ങളില്‍ സമവായത്തിലെത്താന്‍ ഇന്ത്യ – ചൈന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍ ധാരണ. സേനാ പിന്‍മാറ്റം വേഗത്തിലാക്കുമെന്നതടക്കമുള്ള കാര്യങ്ങളിലാണ് മോസ്കോയില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായത്.ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ.) യോഗത്തിനെത്തിയപ്പോഴാണ് ചര്‍ച്ച നടത്തിയത്.സേനാ പിന്‍മാറ്റം വേഗത്തിലാക്കുന്നത് കൂടാതെ, പ്രശ്ന പരിഹാരത്തിന് നയതന്ത്ര – സൈനിക തലത്തിലെ ശ്രമങ്ങള്‍ തുടരും, അഭിപ്രായ വ്യത്യാസങ്ങള്‍ തര്‍ക്കങ്ങളാക്കി മാറ്റില്ല, അതിര്‍ത്തി വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഉഭയകക്ഷി കരാറുകളും പാലിക്കും, പരസ്പര വിശ്വാസത്തിനും അതിര്‍ത്തിയില്‍ സമാധാനത്തിനും ഇരുരാജ്യങ്ങളും നടപടിയെടുക്കും തുടങ്ങിയ വിഷയങ്ങളിലാണ് സമവായത്തിന് ധാരണയായത്. അതിര്‍ത്തിയിലെ നിലവിലെ സ്ഥിതി ഇരുവിഭാഗത്തിന്റെയും താത്പര്യം സംരക്ഷിക്കുന്നതല്ലെന്നും അതിനാല്‍ ഇരുവിഭാഗത്തിന്റെയും അതിര്‍ത്തി സൈനികര്‍ സംഭാഷണം തുടരണമെന്നും വേഗത്തില്‍ പിന്മാറണമെന്നും പിരിമുറുക്കം ലഘൂകരിക്കുന്നതിനായി ശരിയായ ദൂരം നിലനിര്‍ത്തുമെന്നും ഇരുവിഭാഗവും സമ്മതിച്ചു. ഇരുപക്ഷത്തെയും ബ്രിഗേഡ് കമാന്‍ഡര്‍, കമാന്‍ഡിങ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ച കഴിഞ്ഞ ദിവസം നടന്നിരുന്നു.