Kerala, News

കേരളത്തില്‍ കൊവിഡ് രണ്ടാം തരംഗം അവസാനിക്കാന്‍ സമയമെടുക്കുമെന്ന് ഐസിഎംആര്‍; മൂന്നാം തരംഗം രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്

keralanews take time to complete covid second phase in kerala warning that the third wave may intensify

ന്യൂഡല്‍ഹി: കേരളത്തില്‍ കൊവിഡ് രണ്ടാം തരംഗം അവസാനിക്കാന്‍ സമയമെടുക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌. മൂന്നാം തരംഗം കേരളത്തിലും മഹാരാഷ്ട്രയിലും രൂക്ഷമായേക്കുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.രോഗവ്യാപന സാഹചര്യം പരിശോധിക്കാന്‍ ആറംഗ കേന്ദ്രസംഘം കേരളത്തിലെത്തും. കേന്ദ്ര ആരോഗ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ പകുതിയും കേരളത്തിലാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 43,509 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 50.69 ശതമാനം കേസുകളും കേരളത്തില്‍ നിന്നാണ്. രാജ്യത്തെ നാല് ലക്ഷം സജീവ കേസുകളില്‍ ഒന്നര ലക്ഷവും കേരളത്തിലാണ്.അതേസമയം വാക്‌സിന്‍ വഴിയോ രോഗം വന്നതുമൂലമോ കൊവിഡിനെതിരെ പ്രതിരോധശേഷി കൈവരിച്ചവര്‍ ഏറ്റവും കുറവ് കേരളത്തിലാണെന്ന് കണ്ടെത്തല്‍. നാലാമത് ദേശീയ സിറോ സര്‍വേയിലെ കണ്ടെത്തലുകളനുസരിച്ച്‌ സംസ്ഥാനത്ത് 44.4 ശതമാനം പേര്‍ക്കു മാത്രമാണ് ഇത്തരത്തില്‍ പ്രതിരോധശേഷി ലഭിച്ചിട്ടുള്ളത്. ജൂണ്‍ 14-നും ജൂലായ് ആറിനും ഇടയിലാണ് ഐസിഎംആര്‍ നാലാമത് ദേശീയ സിറോ സര്‍വേ നടത്തിയത്.

Previous ArticleNext Article