കൊച്ചി:സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കാൻ നടപടി സ്വീകരിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജെസി ജോസഫ് ഹൈക്കോടതിയെ അറിയിച്ചു.കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നതിനാല്‍ സ്കൂള്‍ ബാഗിന്റെ അമിതഭാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് എറണാകുളം എളംകുളം സ്വദേശി ഡോ. ജോണി സിറിയക് നല്കിയ ഹര്‍ജിയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സത്യവാങ്മൂലം നല്‍കിയത്.സ്കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള നിര്‍ദേശങ്ങളോടെ മനുഷ്യാവകാശ കമീഷന് 2016 ആഗസ്ത് അഞ്ചിന് ഉത്തരവിറക്കിയിരുന്നെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞു. രണ്ടു ഭാഗമാക്കിയ പുസ്തകങ്ങള്‍ കമീഷന്റെ ഉത്തരവിനെത്തുടര്‍ന്ന് 2017-18 മുതല്‍ മൂന്നു ഭാഗമാക്കാന്‍ തീരുമാനിച്ചു. ആദ്യ രണ്ടുഭാഗങ്ങള്‍ വേനലവധിക്കാലത്ത് മെയ് 15നകവും മൂന്നാംഭാഗം ക്രിസ്മമസ് അവധിക്കാലത്തും വിതരണം ചെയ്യും. ഓരോ ഭാഗവും 60 പേജുകളില്‍ കൂടരുതെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്.പാഠപുസ്തകങ്ങൾ ഒന്നിലേറെ ഭാഗങ്ങളാക്കി മാറ്റിയതിന് പുറമെ ഭാരം കുറഞ്ഞ മെറ്റീരിയൽ കൊണ്ടു നിർമിച്ച ബാഗുകൾ ഉറപ്പാക്കാൻ പ്രധാനാധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്. ബാഗുകളുടെ ഭാരം വർധിപ്പിക്കാൻ വാട്ടർ ബോട്ടിലുകൾ കാരണമാകാറുണ്ട്. ക്ലാസ് മുറികളിൽ കുടിവെള്ളം ലഭ്യമാക്കിയാൽ വാട്ടർ ബോട്ടിലുകൾ ഒഴിവാക്കാനാവും. വലിപ്പവും പേജും കുറഞ്ഞ നോട്ട് ബുക്കുകളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാൻ പ്രധാനാധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ടന്നും സർക്കാർ കോടതിയെ അറിയിച്ചു.