ഡെറാഡൂണ്‍:ദൗലി ഗംഗയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടർന്ന് ഉത്തരാഖണ്ഡില്‍ തപോവനിലെ ടണലില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം താല്‍ക്കാലികമായി നിര്‍ത്തി വച്ചു. ടണലില്‍ മെഷീനുകള്‍ ഉപയോഗിച്ച് ഡ്രില്ലിങ് നടത്തിക്കൊണ്ടിരുന്ന രക്ഷാപ്രവര്‍ത്തകര്‍ വെള്ളം ഉയര്‍ന്നതോടെ പിന്മാറി. മലമുകളില്‍ ഉരുള്‍പൊട്ടിയതായി സൂചനകള്‍ വന്നതോടായാണ് തപോവന്‍ തുരങ്കം, റേനി ഗ്രാമം എന്നിവിടങ്ങളിലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. മുപ്പത്തഞ്ചോളം പേർ ടണലില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.ഋഷി ഗംഗ നദിയിലെ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കാനും ശ്രമം ആരംഭിച്ചു. പ്രദേശത്ത് കാലാവസ്ഥ പ്രതികൂലമാകുകയും നദിയിലെ ജലനിരപ്പ് ഉയരുകയും ചെയ്തതോടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോട് പിന്മാറാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സൈറന്‍ മുഴക്കി ഗ്രാമവാസികളെ സൈന്യം ഒഴിപ്പിക്കുകയാണ്.ചമോലി ജില്ലയില്‍ ഞായറാഴ്ച രാവിലെയുണ്ടായ ദുരന്തത്തില്‍ 200ല്‍ അധികം പേരെയാണ് കാണാതായത്. പ്രദേശത്തെ ഒരു വൈദ്യുത നിലയവും അഞ്ച് പാലങ്ങളും ഒഴുകിപോയിരുന്നു. മറ്റൊരു വൈദ്യുതനിലയം ഭാഗികമായി തകര്‍ന്നു. 32 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 45 കിലോമീറ്ററില്‍ അധികം പ്രദേശത്ത് നാശനഷ്ടമുണ്ടായി.തപോവനില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കത്തില്‍ ഏകദേശം 30ഓളം തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം. മൂന്നുദിവസമായി ഇവിടെ രക്ഷപ്രവര്‍ത്തനം തുടരുകയാണ്.
സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വാക്സിനേഷന് തുടക്കമായി
തിരുവനന്തപുരം:സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വാക്സിനേഷന് തുടക്കമായി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തി ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് രണ്ടാംഘട്ടത്തില്‍ ആദ്യം വാക്സിന്‍ സ്വീകരിച്ചത്. തിരുവനന്തപുരം കലക്ടര്‍ നവജോത് ഖോസയും വാക്സിന്‍ സ്വീകരിച്ചു.പൊലീസ്, മറ്റ് സേനാവിഭാഗങ്ങള്‍, മുനിസിപ്പാലിറ്റി ജീവനക്കാര്‍, റവന്യൂ, പഞ്ചായത്ത് ജീവനക്കാര്‍ എന്നീ വിഭാഗങ്ങളിലെ മുന്നണി പോരാളികളെയാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.സംസ്ഥാനത്ത് ഇതുവരെ 3,30,775 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ആദ്യഘട്ടത്തില്‍ വാക്സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഫെബ്രുവരി 15 മുതല്‍ അടുത്ത ഡോസ് വാക്സിനും നല്‍കിത്തുടങ്ങും.മാര്‍ച്ചില്‍ മൂന്നാം ഘട്ട വാക്സിനേഷന്‍ ആരംഭിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ അറിയിപ്പ്.
ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ്
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതിക്കെതിരേ വ്യാപാരികളുടെ ദേശീയ സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. നാഗ്പൂരില്‍ നടന്ന രാജ്യത്തുടനീളമുള്ള വ്യാപാര നേതാക്കളുടെ സമ്മേളനത്തിലാണ് തീരുമാനം.ബന്ദിന്‍റെ ഭാഗമായി റോഡ് ഉപരോധിക്കുമെന്ന് സിഎഐടി പ്രസ്താവനയില്‍ അറിയിച്ചു. ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു.ജിഎസ്ടി കൗണ്‍സില്‍ സ്വന്തം അജന്‍ഡയുമായി മുന്നോട്ടുപോകുകയാണന്നും വ്യാപാരികളുടെ സഹകരണം തേടുന്നതില്‍ കൗണ്‍സില്‍ ഒരു വിധത്തിലുള്ള താല്‍പര്യവും കാണിക്കുന്നില്ലെന്നും വ്യാപാരി സംഘടന കുറ്റപ്പെടുത്തി. ഒരു രാജ്യം ഒരു നികുതി എന്ന പേരില്‍ ആരംഭിച്ച ചരക്കുസേവനനികുതിയില്‍ നിരവധി അപാകതകള്‍ ഉണ്ട്. നികുതി ഘടന ലളിതവത്കരിക്കുന്നതിന് കൗണ്‍സില്‍ ഒരു വിധത്തിലുള്ള നടപടികളും സ്വീകരിക്കുന്നില്ലെന്നും സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി. കൗണ്‍സിലിന്റെ വ്യാപാരി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് ബന്ദ് നടത്താന്‍ തീരുമാനിച്ചതെന്നും സംഘടന അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 5980 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5745 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5,980 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 811, കൊല്ലം 689, കോഴിക്കോട് 652, കോട്ടയം 575, പത്തനംതിട്ട 571, തൃശൂര്‍ 540, തിരുവനന്തപുരം 455, മലപ്പുറം 421, ആലപ്പുഴ 411, കണ്ണൂര്‍ 213, വയനാട് 201, പാലക്കാട് 191, ഇടുക്കി 179, കാസര്‍കോട് 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. യുകെയില്‍നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.കഴിഞ്ഞ 24 മണിക്കൂറിനിടെ 80,106 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5457 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 386 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 748, കൊല്ലം 677, കോഴിക്കോട് 622, കോട്ടയം 535, പത്തനംതിട്ട 514, തൃശൂര്‍ 524, തിരുവനന്തപുരം 320, മലപ്പുറം 395, ആലപ്പുഴ 405, കണ്ണൂര്‍ 188, വയനാട് 195, പാലക്കാട് 109, ഇടുക്കി 163, കാസര്‍കോട് 62 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.41 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 8, തിരുവനന്തപുരം, കോഴിക്കോട് 6 വീതം, കണ്ണൂര്‍ 5, കൊല്ലം 4, തൃശൂര്‍, പാലക്കാട് 3 വീതം, എറണാകുളം, വയനാട് 2 വീതം, ഇടുക്കി, കാസര്‍കോട് 1 വീതം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന 5,745 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 354, കൊല്ലം 738, പത്തനംതിട്ട 417, ആലപ്പുഴ 394, കോട്ടയം 234, ഇടുക്കി 385, എറണാകുളം 766, തൃശൂര്‍ 440, പാലക്കാട് 196, മലപ്പുറം 318, കോഴിക്കോട് 829, വയനാട് 315, കണ്ണൂര്‍ 277, കാസര്‍ഗോഡ് 82 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ പ്രതിപക്ഷ സംഘടനയില്‍പ്പെട്ട ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും; ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം:സംസ്ഥാനത്തെ പ്രതിപക്ഷ സംഘടനയില്‍പ്പെട്ട ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കുന്നു.ശമ്പള പരിഷ്കരണ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കണം എന്നതുള്‍പ്പെടെ പലവിധത്തിലുള്ള ആവശ്യങ്ങള്‍ നിരത്തിയാണ് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്. പ്രതിപക്ഷ സംഘടനകളുടെ സൂചനാ പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ച് ഉത്തരവിറക്കി.അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഡയസ് നോണ്‍ ആയി കണക്കാക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ആര്‍ ജ്യോതിലാല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പണിമുടക്കാത്തവര്‍ക്ക് ഓഫീസുകളില്‍ തടസ്സം കൂടാതെ എത്താനായി പൂര്‍ണസുരക്ഷ ഏര്‍പ്പാടാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.പണിമുടക്കിനെതിരെ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, ഗസറ്റഡ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ അല്ലാതെ യാതൊരു തരത്തിലുമുള്ള അവധി ലഭിക്കില്ല. ഏതെങ്കിലും ഓഫീസ് തലവന്‍ പണിമുടക്കില്‍ പങ്കെടുക്കുകയോ ഓഫീസ് അടഞ്ഞു കിടക്കുന്ന സാഹചര്യമോ ഉണ്ടായാല്‍ ജില്ലാ ഓഫീസര്‍ മുൻപാകെ റിപ്പോര്‍ട്ടു ചെയ്യേണ്ടി വരും കൂടാതെ ജില്ലാ ഓഫീസര്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുകയും വേണം.സംസ്ഥാന പോലീസ് മേധാവി സംസ്ഥാനത്തെ മുഴുവന്‍ ഓഫീസുകളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. ഇതിനുള്ള ക്രമീകരണം പോലീസ് മേധാവി ഏര്‍പ്പെടുത്തണം. പണിമുടക്കിനെ അനുകൂലിക്കുന്നവര്‍ക്ക് തിരിച്ചടിയെന്നോണം അനുമതിയില്ലാതെ ഓഫീസില്‍ ഹാജരാകാത്ത താത്കാലിക ജീവനക്കാരെ യാതൊരു മുന്നറിപ്പും കൂടാതെ പിരിച്ചുവിടുമെന്നും അറിയിച്ചിട്ടുണ്ട്. പണിമുടക്ക് നടത്തുന്ന ദിവസത്തെ ശമ്പളം മാര്‍ച്ച് മാസത്തെ ശമ്പളത്തിൽ നിന്ന് കുറവ് ചെയ്യണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അക്രമങ്ങള്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയില്‍ ഏര്‍പ്പെടുന്ന വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്യും.ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്തെ അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും ഇന്ന് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തുന്നത്.
സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;6475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 615, കൊല്ലം 586, കോട്ടയം 555, തൃശൂര്‍ 498, പത്തനംതിട്ട 496, കോഴിക്കോട് 477, തിരുവനന്തപുരം 455, മലപ്പുറം 449, ആലപ്പുഴ 338, കണ്ണൂര്‍ 273, പാലക്കാട് 186, കാസര്‍ഗോഡ് 112, ഇടുക്കി 100, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,844 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3902 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4788 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 336 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 580, കൊല്ലം 580, കോട്ടയം 512, തൃശൂര്‍ 485, പത്തനംതിട്ട 451, കോഴിക്കോട് 460, തിരുവനന്തപുരം 366, മലപ്പുറം 428, ആലപ്പുഴ 334, കണ്ണൂര്‍ 233, പാലക്കാട് 92, കാസര്‍ഗോഡ് 100, ഇടുക്കി 95, വയനാട് 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 6, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ 4 വീതം, പത്തനംതിട്ട 3, കൊല്ലം, കണ്ണൂര്‍ 2 വീതം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 422, കൊല്ലം 317, പത്തനംതിട്ട 423, ആലപ്പുഴ 279, കോട്ടയം 1194, ഇടുക്കി 388, എറണാകുളം 605, തൃശൂര്‍ 506, പാലക്കാട് 201, മലപ്പുറം 645, കോഴിക്കോട് 797, വയനാട് 266, കണ്ണൂര്‍ 263, കാസര്‍ഗോഡ് 169 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി.
മരട് ഫ്‌ളാറ്റ് കേസില്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്;നഷ്ട പരിഹാര തുകയുടെ പകുതി കെട്ടിവയ്ക്കാൻ നിർദേശം
ന്യൂഡൽഹി:മരട് ഫ്‌ളാറ്റ് കേസില്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്;നഷ്ട പരിഹാര തുകയുടെ പകുതി കെട്ടിവയ്ക്കാൻ നിർദേശം നൽകി.തുക കെട്ടിവച്ചില്ലെങ്കില്‍ റവന്യൂ റിക്കവറിക്ക് ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷമായി മരട് ഫ്‌ളാറ്റുകളുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഫ്‌ളാറ്റ് ഉടമകളുടെ നഷ്ടപരിഹാരം ഏത് തരത്തില്‍ തീരുമാനിക്കണമെന്നുള്ള കാര്യമാണ് സുപ്രീംകോടതി പ്രധാനമായും പരിഗണിക്കുന്നത്. സുപ്രീംകോടതി തന്നെ നഷ്ടപരിഹാര സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.115 കോടി രൂപയാണ് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ ഉടമകള്‍ക്ക് നല്‍കേണ്ടതെന്നാണ് സമിതി കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഒരു രൂപപോലും നിര്‍മാതാക്കള്‍ ഇതുവരെ നല്‍കിയിട്ടില്ല. 65 കോടി രൂപ പ്രാഥമിക നഷ്ടപരിഹാരമായി സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം നേരത്തേ സംസ്ഥാന സര്‍ക്കാര്‍ ഉടമകള്‍ക്ക് നല്‍കിയിരുന്നു. നിര്‍മാതാക്കള്‍ നല്‍കാനുള്ള 115 കോടിയില്‍ ഈ തുകയും ഉള്‍പ്പെടും. ഇതുമായി ബന്ധപ്പെട്ട കേസാണ് കോടതി ഇന്ന് പരിഗണിച്ചത്. നഷ്ടപരിഹാരം തീരുമാനിക്കുന്ന രീതി മാറ്റണമെന്ന് വാദത്തിനിടെ നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി അംഗീകരിച്ചില്ല. തുടര്‍ന്നാണ് ഹര്‍ജിയില്‍ തീരുമാനമെടുക്കുംവരെ 115 കോടിയുടെ പകുതിയെങ്കിലും കെട്ടിവയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചത്. ആലോചിച്ചശേഷം തീരുമാനം അറിയിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും.
ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി;കാണാതായവര്‍ക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസത്തിലേക്ക്
ന്യൂഡൽഹി:ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി.മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ മൂന്നാം ദിനവും തുടരുന്നു. 197 പേരെ കൂടി കണ്ടെത്താന്‍ ഉണ്ടെന്നാണ് ഉത്തരാഖണ്ഡ് ദുരന്ത നിവാരണ കേന്ദ്രത്തിന്റെ അറിയിപ്പ്. തപോവനിലെ തുരങ്കത്തില്‍ കുടുങ്ങിയ 35 പേരെ കണ്ടെത്താന്‍ ആയി തിരച്ചിൽ തുടരുകയാണ്. ചെങ്കുത്തായ പ്രദേശമായതും മന്ദാഗിനി നദിയിലെ ജലനിരപ്പ് താഴാത്തതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയാണ്. ഋഷിഗംഗ, എന്‍ടിപിസി വൈദ്യുത പദ്ധതികള്‍ക്ക് സമീപമാണ് രക്ഷാ പ്രവർത്തനം ഊർജിതമാക്കിയിരിക്കുന്നത്.പാലങ്ങളും റോഡുകളും തകർന്നതിനാല്‍ 13 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. അളകനന്ദ, ദൌലി ഗംഗ നദികളുടെ കരകളിലും രക്ഷാപ്രവർത്തനം തുടരുകയാണ്. വലിയ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് പ്രളയം കുത്തിയൊലിച്ചെത്തിയ ഭാഗങ്ങളിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്നത് തുടരുകയാണ്.ശക്തമായ പ്രളയത്തില്‍ നൂറിലധികം പേര്‍ ദൂരത്തില്‍ ഒലിച്ച് പോയിരിക്കാനുള്ള സാധ്യതയാണ് ഉള്ളതെന്ന് എന്‍ഡിആര്‍ഫ് ഡയറക്ടറര്‍ വ്യക്തമാക്കി. കിട്ടിയ മൃതദേഹങ്ങളില്‍ പലതും അപകട സ്ഥലത്തിനും ഏറെ ദൂരെ നിന്നാണ് കണ്ടെത്തിയത്. അതിനാല്‍ വലിയ തെരച്ചില്‍ തന്നെ നടത്തേണ്ടി വരുമെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.ഉറഞ്ഞ് കൂടിയ ഐസ് തടാക രൂപത്തിലായി പൊട്ടുന്ന ഗ്ലോഫാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രക്ഷാപ്രവർത്തനത്തിനും തുടർനീക്കങ്ങള്‍ക്ക് തയ്യാറാണെന്ന് ഐക്യരാഷ്ട്ര സഭയും ഇന്ത്യക്കൊപ്പമുണ്ടെന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രിയും പ്രതികരിച്ചു.
കോവിഡ് വ്യാപനം; സ്കൂളുകളിൽ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്. സ്‌കൂളുകളിലെ കൊവിഡ് വ്യാപനം തടയാന്‍ കര്‍ശന ഇടപെടല്‍ വേണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ നിര്‍ദേശിച്ചു. ഡിഇഒമാരുടെയും ഡെപ്യൂട്ടി ഡയറക്‌ടര്‍മാരുടെയും നേതൃത്വത്തില്‍ സ്‌കൂളുകളില്‍ കര്‍ശന പരിശോധന നടത്തും.വിദ്യാര്‍ഥികള്‍ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പാക്കണമെന്നും പ്രധാന അധ്യാപകര്‍ ദിവസവും ഡിഡിഇക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.ഡി.ഇ.ഒമാരും റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍മാരും സ്‌കൂളുകളില്‍ പരിശോധന നടത്തണം. സ്‌കൂളുകള്‍ക്ക് അടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ അധ്യാപകരുടെ നിരീക്ഷണം ഉണ്ടായിരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.കൊവിഡ് വ്യാപനത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ നിര്‍ദേശിച്ചു. മലപ്പുറം മാറഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പെരുമ്പടപ്പ് വന്നേരി സ്‌കൂളിലും 186 വിദ്യാര്‍ഥികള്‍ക്കും 75 അധ്യാപകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി.ഞായറാഴ്ച വൈകുന്നേരമാണ് പരിശോധനാഫലം പുറത്തുവന്നത്. സമൂഹാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ സഹകരണത്തോടെ വെള്ളിയാഴ്ചയാണ് പത്താം ക്ലാസ് വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പെടെയുള്ളവരുടെ സാമ്പിൾ ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്കായി എടുത്തത്.
പാലക്കാട് ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി
പാലക്കാട്:പാലക്കാട് ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. പുതുപ്പള്ളിത്തെരുവ് പൂളക്കാട് സ്വദേശി സുലൈമാന്റെ ഭാര്യ ഷഹീദയാണ് (32) മൂന്നു മക്കളില്‍ ഇളയവനായ ആമീല്‍ ഇഹ്‌സാനെ ഉറക്കത്തില്‍ കൈകാലുകള്‍ ബന്ധിച്ച് കറിക്കത്തി കൊണ്ട് കൊലപ്പെടുത്തിയത്.കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം. ഷഹീദയും ഇളയ മകനും ഒരു മുറിയിലും, സുലൈമാനും മറ്റു മക്കളായ ആദുല്‍ അത്തീഫ് (11), ആമീല്‍ ഐദീദ് (8) എന്നിവരും മറ്റൊരു മുറിയിലുമാണ് ഉറങ്ങിയത്. ഉറങ്ങിക്കിടന്ന മകനെ പുലര്‍ച്ചെ ഷഹീദ കുളിമുറിയിലേക്ക് എടുത്തുകൊണ്ടുപോയി കഴുത്തറുക്കുകയായിരുന്നു. തുടര്‍ന്ന് ജനമൈത്രി പോലീസിന്റെ ഹെല്പ് ലൈൻ നമ്പറിൽ വിളിച്ച് ഷഹീദ തന്നെ വിവരമറിയിക്കുകയായിരുന്നു.മൊബൈല്‍ നമ്പർ ലൊക്കേറ്റ് ചെയ്താണ് പോലീസ് വീട്ടിലെത്തിയത്. വാതിലില്‍ തട്ടിയപ്പോള്‍ പുറത്തേക്കു വന്ന ഷഹീദ, താന്‍ മകനെ ദൈവത്തിന് ബലി നല്‍കിയെന്ന് പറഞ്ഞു. പോലീസ് നടത്തിയ പരിശോധനയില്‍ കുട്ടിയെ കുളിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പോലീസാണ് സുലൈമാനെയും മറ്റു കുട്ടികളെയും വിളിച്ചുണര്‍ത്തി വിവരം ധരിപ്പിച്ചത്.അതേസമയം മകനെ കൊലപ്പെടുത്താനുള്ള കത്തി ഷഹീദ ഭർത്താവിനെക്കൊണ്ട് തന്ത്രപൂർവം വാങ്ങിപ്പിക്കുകയായിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന സുലൈമാന്റെ സഹോദരന്റെ ഭാര്യ സ്റ്റീല്‍ കത്തി ഉപയോഗിക്കാന്‍ വിഷമമാണെന്ന് പറഞ്ഞതായും അതിനാല്‍ ഇരുമ്പിൽ തീര്‍ത്ത കത്തിവേണമെന്ന് ആവശ്യപ്പെട്ടു എന്നും പറഞ്ഞാണ് താന്‍ ഭര്‍ത്താവിനെ കൊണ്ട് കത്തി വാങ്ങിപ്പിച്ചതെന്നാണ് ഷാഹീദ പൊലീസിനെ അറിയിച്ചിട്ടുള്ളത്. സുലൈമാന്‍ വാങ്ങിക്കൊണ്ടുവന്ന രണ്ട് കത്തികളില്‍ വലിയ കത്തിയാണ് ഷാഹീദ കൊലപാതകത്തിനായി ഉപയോഗിച്ചത്. നേരത്തെ മദ്രസ അദ്ധ്യാപികയായിരുന്ന ഷഹീദയ്ക്ക് മക്കളോട് വലിയ സ്‌നേഹമായിരുന്നുവെന്നും കുടുംബ വഴക്കോ മറ്റു പ്രശ്‌നങ്ങളോ ഉള്ളതായി അറിയില്ലെന്നും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ഗള്‍ഫില്‍ നിന്ന് മാസങ്ങള്‍ക്കു മുൻപ് മടങ്ങിയെത്തിയ സുലൈമാന്‍ ഇപ്പോള്‍ നഗരത്തില്‍ ടാക്‌സി ഡ്രൈവറാണ്.മകനെ ദൈവത്തിന് ബലി നല്‍കിയെന്നാണ് ഷഹീദ ആവര്‍ത്തിക്കുന്നത്. ഇന്നലെ രാവിലെ തന്നെ അറസ്റ്റ് രേഖപ്പെടുത്തി.വിശദമായി ചോദ്യം ചെയ്ത ശേഷമേ കൊലപാതക കാരണം കൂടുതല്‍ വ്യക്തമാകൂ എന്നാണ് ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞത്.കഴിഞ്ഞ ഒരാഴ്ച മുൻപ് മുതലാണ് മകനെ ബലി കഴിക്കണമെന്ന ചിന്ത തന്നില്‍ ഉണ്ടായതെന്നും ഇങ്ങിനെ ചെയ്യുന്നത് തെറ്റാണെന്ന് അപ്പോള്‍ തോന്നിയിരുന്നില്ലന്നും കൃത്യം നടത്തി കഴിഞ്ഞപ്പോള്‍ കൊലപാതകിയാണെന്ന് ബോദ്ധ്യമുണ്ടായെന്നും അതിനാലാണ് വിവരം പൊലീസില്‍ അറിയിക്കാന്‍ തീരുമാനിച്ചതെന്നും ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായും അറിയുന്നു. തീവ്രമതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ഷാഹിദയ്ക്ക് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദൈവം രക്ഷകനായി എത്തുമെന്ന യുവതിയുടെ മൊഴി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.