തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷം.വിവിധ ജില്ലകളിൽ വാക്‌സിൻ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്താണ് ക്ഷാമം ഏറ്റവും രൂക്ഷം. ഇന്നും നാളെയും നൽകാനുള്ള വാക്‌സിൻ മാത്രമേ തിരുവനന്തപുരം ജില്ലയിൽ സ്റ്റോക്കുള്ളൂ. എത്രയും പെട്ടെന്ന് വാക്‌സിൻ എത്തിയില്ലെങ്കിൽ ഇവിടെ വിതരണം അവതാളത്തിലാകും. സംസ്ഥാനത്തെ മറ്റു റീജിയനുകളിലും ദിവസങ്ങള്‍ക്കുള്ളില്‍ സ്റ്റോക്ക് തീരുമെന്നാണ് റിപ്പോര്‍ട്ട്.കേരളത്തിന് പുറമേ പല സംസ്ഥാനങ്ങളും വാക്‌സിന്‍ ക്ഷാമം നേരിടുന്നുണ്ട്. ഏറ്റവും അധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മഹാരാഷ്ട്രയിലെ പല ജില്ലയിലും വാക്സിന്‍ വിതരണം നിര്‍ത്തി. ഒഡീഷയിലും പലയിടത്തും വാക്സിന്‍കേന്ദ്രങ്ങള്‍ അടച്ചു. അടിയന്തരമായി 30 ലക്ഷം ഡോസ് വാക്സിന്‍ വേണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം സംസ്ഥാനങ്ങളുടെ പക്കല്‍ ശേഷിക്കുന്നത് അഞ്ചര ദിവസത്തേക്കുള്ള വാക്സിന്‍ മാത്രമാണ്. കേന്ദ്രം ഇതുവരെ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് 11.14 കോടി ഡോസ് വാക്സിനാണ്. ഇതില്‍ 9.16 കോടി ഡോസ് കുത്തിവച്ചു. ശേഷിക്കുന്നത് 1.97 കോടി ഡോസ്. പ്രതിദിനം 36 ലക്ഷം ഡോസ് കുത്തിവയ്ക്കുന്നു. അതേസമയം പുതിയ സാഹചര്യത്തില്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുമെന്നറിയിച്ച് മരുന്ന് കമ്പനികൾ അറിയിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അടുത്ത മാസത്തോടെ പ്രതിമാസ ഉല്‍പാദനം 70 മില്യണ്‍ ഡോസില്‍ നിന്ന് 100 മില്യണ്‍ ഡോസ് ആക്കി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ലക്ഷം ഡോസുള്ള പ്രതിമാസ ഉത്പാദനം അഞ്ച് ലക്ഷമാക്കുമെന്ന് ഭാരത് ബയോടെക്കും വ്യക്തമാക്കി.
വയനാട്ടില്‍ ഷിഗല്ല ബാധിച്ച് ആറു വയസ്സുകാരി മരിച്ചു
വയനാട്:വയനാട്ടില്‍ ഷിഗല്ല ബാധിച്ച് ആറു വയസ്സുകാരി മരിച്ചു.നൂല്‍പ്പുഴ കല്ലൂര്‍ സ്വദേശിനിയായ കുട്ടിയാണ് മരിച്ചത്. ഏപ്രില്‍ നാലിനാണ് കുട്ടി മരിച്ചത്.തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഷിഗല്ലയാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തം കലര്‍ന്ന മലം, നിര്‍ജലീകരണം എന്നിവയാണ് ഷിഗെല്ല രോഗ ലക്ഷണങ്ങള്‍.ജലത്തിലൂടെയും മോശം ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ലോസിസ് പകരുന്നത്.മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിച്ചു.
പാനൂർ കൊലപാതകം;മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയിലായതായി സൂചന
കണ്ണൂർ:പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ കൊലപാതകത്തില്‍ മുഖ്യ സൂത്രധാരൻ പിടിയിലായെന്ന് സൂചന. ഇപ്പോള്‍ കസ്റ്റഡിയിലുള്ള ഇയാളാണ് കൊലപാതകത്തിന്‍റെ മുഖ്യ പങ്കുവഹിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇയാള്‍ കസ്റ്റഡിയിലായതായി പൊലീസും സ്ഥിരീകരിക്കുന്നുണ്ട്.ഇന്നലെ വൈകുന്നേരമാണ് തലശേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്- കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയില്‍വെച്ചാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. രാത്രിയോടെ തന്നെ ഇയാളെ ചൊക്ലി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.ഇന്ന് രാവിലെ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ ഇയാളെ ചോദ്യം ചെയ്യും. അതിന് ശേഷം 10 മണിയോട് കൂടി അറസ്റ്റ് രേഖപ്പെടുത്തും. അപ്പോള്‍ മാത്രമേ ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിടൂ എന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച് ഉള്ളത്. പ്രതിപ്പട്ടികയിലുളള മിക്കവരും സി പി എം നേതാക്കളും പ്രവര്‍ത്തകരുമാണ്. എട്ടാം പ്രതി ശശി സി പി എം കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയാണ്. പത്താം പ്രതി ജാബിര്‍ സി പി എം ലോക്കല്‍ കമ്മിറ്റി അംഗവും അഞ്ചാം പ്രതി സുഹൈല്‍ ഡി വൈ എഫ് ഐ പാനൂര്‍ മേഖല ട്രഷററുമാണ്.നേരത്തെ പിടിയിലായ ഷിനോസാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ ഇന്നലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. രതീഷിന്റെ മൃതദേഹം ഇന്ന് കാലിക്കുളമ്പിൽ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ഇന്നലെ വൈകിട്ടാണ് രതീഷ് കൂലോത്തിനെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സി പി എമ്മുകാരായ പ്രതികളെ രക്ഷപ്പെടുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നാണ് ആരോപണം. മുഴുവന്‍ പ്രതികളെയും പിടികൂടാത്തതിനെതിരെ യു ഡി എഫ് പാനൂരില്‍ നടത്തുന്ന പ്രതിഷേധ സംഗമത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും. കൊല്ലപ്പെട്ട മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ച ശേഷമാകും സംഗമത്തില്‍ പങ്കെടുക്കുക.
സംസ്ഥാനത്ത് ഇന്ന് 5063 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 2475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5063 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 715, എറണാകുളം 607, കണ്ണൂര്‍ 478, തിരുവനന്തപുരം 422, കോട്ടയം 417, തൃശൂര്‍ 414, മലപ്പുറം 359, കൊല്ലം 260, പത്തനംതിട്ട 259, പാലക്കാട് 252, കാസര്‍കോട് 247, ഇടുക്കി 246, ആലപ്പുഴ 235, വയനാട് 152 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 63,240 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.01 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4750 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 162 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 413 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 691, എറണാകുളം 578, കണ്ണൂര്‍ 372, തിരുവനന്തപുരം 295, കോട്ടയം 376, തൃശൂര്‍ 408, മലപ്പുറം 332, കൊല്ലം 249, പത്തനംതിട്ട 240, പാലക്കാട് 96, കാസര്‍കോട് 219, ഇടുക്കി 231, ആലപ്പുഴ 232, വയനാട് 144 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, തിരുവനന്തപുരം, തൃശൂര്‍ 3 വീതം, എറണാകുളം, പാലക്കാട്, കാസര്‍ഗോഡ് 2 വീതം, കൊല്ലം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 187, കൊല്ലം 308, പത്തനംതിട്ട 74, ആലപ്പുഴ 105, കോട്ടയം 250, ഇടുക്കി 48, എറണാകുളം 126, തൃശൂര്‍ 207, പാലക്കാട് 170, മലപ്പുറം 330, കോഴിക്കോട് 228, വയനാട് 60, കണ്ണൂര്‍ 291, കാസര്‍കോട് 91 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 369 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കോവിഡിന്റെ രണ്ടാം തരംഗം;രാജ്യവ്യാപക ലോക്ക്ഡൗണ്‍ പരിഹാരമാവില്ല;പരിശോധന വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി:കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ പരിഹാരമാകില്ലെന്ന് പ്രധാനമന്ത്രി. ഇനിയൊരു ലോക്ക്ഡൗണ്‍ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് താങ്ങാനാവില്ലെന്നും സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.ഏപ്രില്‍ 11 മുതല്‍ 14 വരെ ‘വാക്സിന്‍ ഉത്സവ’ മായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പരിശോധനയുടെ എണ്ണം വർധിപ്പിക്കാനും മൈക്രോ കണ്ടെയ്ൻമെന്‍റ് സോണുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.രാത്രി കര്‍ഫ്യൂ നിലവിലുള്ള പ്രദേശങ്ങളില്‍ കൊറോണ വൈറസിനെക്കുറിച്ച് ജാഗ്രത തുടരാന്‍ ‘കൊറോണ കര്‍ഫ്യൂ’ എന്ന പദം ഉപയോഗിക്കണം. രാത്രി ഒമ്പതു മുതല്‍ രാവിലെ അഞ്ചുവരെയോ, രാത്രി പത്തു മുതല്‍ രാവിലെ ആറുവരെയോ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതാണ് ഫലപ്രദമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ചില സംസ്ഥാനങ്ങള്‍ക്ക് വീഴ്ചപറ്റി. ചിലയിടങ്ങളിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണ്. ഇന്ത്യ നേരിടുന്നത് ഏറ്റവും മോശം സാഹചര്യമാണെന്നും മോദി പറഞ്ഞു.ആദ്യ തരംഗം കുറഞ്ഞപ്പോള്‍ സംസ്ഥാനങ്ങള്‍ ചെറിയ ആലസ്യ സ്വഭാവത്തിലായി. അത് രോഗം വീണ്ടും വര്‍ധിക്കുന്നതിലേക്ക് നയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാക്സ് ധരിക്കുന്നതടക്കമുള്ള കോവിഡ് പ്രതിരോധ മാർഗങ്ങൾ പിന്തുടരാൻ ആവശ്യമായ ബോധവത്കരണം ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു
കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു.ഇന്നു ഉച്ചയ്ക്കു ശേഷം വന്ന പരിശോധന ഫലത്തിലാണ് മുഖ്യമന്ത്രിക്ക് കോവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. നിലവില്‍ പിണറായിയിലെ വീട്ടില്‍ വിശ്രമത്തിലാണ് മുഖ്യമന്ത്രി.നേരത്തെ അദ്ദേഹത്തിന്റെ മകൾ വീണയ്ക്ക് കൊവിഡ് പോസിറ്റീവായിരുന്നു ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചത്.വോട്ടെടുപ്പ് ദിനത്തിലാണ് പിണറായി വിജയന്‍റെ മകള്‍ വീണാ വിജയന് കോവിഡ് 19 സ്ഥിരീകരിച്ചത്. പി പി ഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം വന്ന പരിശോധന ഫലത്തിലാണ് വീണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് വൈകിട്ട് ആറരയോടെയാണ് വീണ വോട്ട് ചെയ്യാന്‍ എത്തിയത്. കോവിഡ് സ്ഥിരീകരിച്ച വീണയ്ക്ക് മറ്റു രോഗലക്ഷണങ്ങളില്ല. വീട്ടില്‍ ഐസൊലേഷനില്‍ കഴിയാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വോട്ട് പിണറായിയിലെ ആര്‍ സി അമല സ്കൂളിലായിരുന്നു. രാവിലെ മുഖ്യമന്ത്രിയും ഭാര്യയും ഇതേ ബൂത്തില്‍ ആണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ പിണറായിയിലെ വീട്ടില്‍ നിന്ന് കാല്‍നടയായി എത്തിയാണ് പിണറായി വിജയനും ഭാര്യ കമലയും വോട്ട് രേഖപ്പെടുത്തിയത്.
കോവിഡ് കേസുകൾ വർധിക്കുന്നു; കേരളത്തില്‍ അടുത്ത മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം:കോവിഡ് കേസുകൾ നിരന്തരം വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തില്‍ അടുത്ത മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് നൽകി.സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ക്രമേണ ഉയര്‍ന്ന് വരികയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബഹുഭൂരിപക്ഷം ജനങ്ങളും പങ്കാളിയായിട്ടുണ്ട്. അതിനാല്‍ സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച അതീവ നിര്‍ണായകമാണെന്നും ഈ സാഹചര്യം മുന്നില്‍ കണ്ട് എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും ‘ബാക് ടു ബേസിക്‌സ്’ ക്യാംപെയ്ന്‍ ശക്തിപ്പെടുത്തണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.സ്വയംരക്ഷ നേടുന്നതിന് കോവിഡ് പ്രതിരോധത്തില്‍ ആദ്യം പഠിച്ച പാഠങ്ങള്‍ വീണ്ടുമോര്‍ക്കണം.സോപ്പും മാസ്‌കും സാമൂഹിക അകലവും മറക്കരുത്. വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കേണ്ടതാണ്. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇടയ്ക്കിടയ്ക്ക് കൈകള്‍ സാനിറ്റൈസര്‍ കൊണ്ടോ സോപ്പുപയോഗിച്ചോ വൃത്തിയാക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.ജാഗ്രതക്കൊപ്പം പ്രതിദിന കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു;മാസ്കും സാമൂഹിക അകലവും ഉറപ്പാക്കാൻ പൊലീസ് പരിശോധന ശക്തമാക്കും
തിരുവനന്തപുരം:കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു.പൊതുസ്ഥലങ്ങളിൽ മാസ്കും സാമൂഹിക അകലവും ഉറപ്പാക്കാൻ പൊലീസ് പരിശോധന ശക്തമാക്കും.സംസ്ഥാനത്ത് ഒരാഴ്ചയോളമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിന് മുകളിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഒരിടത്തും കോവിഡ് മാനദണ്ഡം പാലിക്കാത്തതാണ് കേസുകൾ ഉയരാൻ പ്രധാന കാരണം. വിഷുവും പരീക്ഷകൾ ആരംഭിച്ചതും കാരണം വരും ദിവസളിൽ രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കുന്നത്.ഇന്ന് ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാ കേന്ദ്രങ്ങളിൽ കോവിഡ് ജാഗ്രത കർശനമായി പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. മാസ്ക്, സാമൂഹിക അകലം തുടങ്ങിയ നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ പൊലീസ് പരിശോധന ശക്തമാക്കും. നിര്‍ദേശം നടപ്പാക്കുന്നതിനുള്ള നോഡല്‍ ഓഫീസറായി ക്രമസമാധാന വിഭാഗം എഡിജിപി വിജയ് എസ് സാഖറെയെ നിയോഗിച്ചു. നടപടിയെടുക്കാൻ സെക്ടറൽ മസിട്രേറ്റുമാരെയും നിയമിക്കും. ഇതര സംസ്ഥാനത്ത് നിന്ന് വരുന്നവർ ഒരാഴ്ച്ച ക്വാറന്‍റൈന്‍ കർശനമായി പാലിക്കണം. കൂടുതൽ സാമ്പിളുകൾ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെട്ടവർ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്നും നിർദേശമുണ്ട്. വാക്സിനേഷൻ ഊർജിതമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
കണ്ണൂർ പാനൂരിൽ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
കണ്ണൂർ: പാനൂരിൽ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു.പുല്ലൂക്കര പാറാല്‍ മന്‍സൂര്‍(22) ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ മുഹ്‌സിന് പരിക്കേറ്റു.സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്‍ത്തകന്‍ ഷിനോസിനെ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലപ്പെട്ട മന്‍സൂറിന്‍റെ അയല്‍വാസിയാണ് പിടിയിലായ ഷിനോസ്.തെരെഞ്ഞെടുപ്പ് ദിവസമായ ഇന്നലെ രാവിലെ മുതല്‍ പ്രദേശത്ത് ചെറിയ രീതിയിലുളള സംഘര്‍ഷം ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘര്‍ഷം രൂക്ഷമായി. 149-150 എന്നീ രണ്ടുബൂത്തുകള്‍ക്കിടയിലായിരുന്നു പ്രശ്‌നം. 149-ാം നമ്പർ ബൂത്തിലേക്ക് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.രാത്രി ഏഴരയോടെ വീണ്ടും സംഘര്‍ഷമുണ്ടാവുകയായിരുന്നു. രാത്രിയോടെ ഒളിച്ചിരുന്ന ഒരുസംഘം ആളുകള്‍ മന്‍സൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിയുകയും തുടര്‍ന്ന് വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനേയും സഹോദരനേയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട്ടുളള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. അക്രമി സംഘത്തെ തടയാന്‍ ശ്രമിച്ച മുഹ്‌സിന്റെ മാതാവിനും അയല്‍പക്കത്തുള്ള സ്ത്രീക്കും പരിക്കുണ്ട്.മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ ഇന്ന് യു.ഡി.എഫ്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
നിയമസഭാ തെരെഞ്ഞെടുപ്പ്;കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
തിരുവനന്തപുരം:തിരുവനന്തപുരം: ഒരു മാസം നീണ്ടു നിന്ന വാശിയേറിയ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദപ്രചാരണം.രാവിലെ മുതല്‍ സ്ഥാനാര്‍ത്ഥികളെല്ലാം അവസാന വോട്ടും ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്.മൂന്ന് മുന്നണികള്‍ക്കും ഒരുപോലെ നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ ഇത്തവണ വീറും വാശിയും ഏറെയാണ്.ഇനിയുള്ള മണിക്കൂറുകള്‍ നിർണായകമാണ്. വോട്ടിങ് സ്ലിപ്പും അഭ്യർഥനയുമായി അവസാനവട്ട സ്ക്വാഡ് പ്രവർത്തനങ്ങളിലുമായിരിക്കും നേതാക്കളും പ്രവർത്തകരും.കൊവിഡ് സാഹചര്യത്തില്‍ കലാശക്കൊട്ടിന് കമ്മിഷന്റെ വിലക്ക് ഉണ്ടായിരുന്നെങ്കിലും റോഡ് ഷോകളും വാഹന പര്യടനങ്ങളും പദയാത്രകളുമായി പ്രചാരണത്തിന്റെ അവസാനമണിക്കൂറുകള്‍ ആവേശകരമായാണ് സമാപിച്ചത്. 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 1,41,62,025 സ്ത്രീകളും 1,32,83,724 പുരുഷന്‍മാരും ട്രാന്‍സ്ജെന്റര്‍ വിഭാഗത്തില്‍ 290 പേരും അടങ്ങുന്നതാണ് വോട്ടര്‍ പട്ടിക. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുളളത്. 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുളളത്. വിവിധ കേന്ദ്രങ്ങളില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്.കൺട്രോൾ യൂണിറ്റ്, ബാലറ്റിങ് യൂണിറ്റ്, വിവി പാറ്റ്, വോട്ടേഴ്‌സ് സ്ലിപ്പ്, സ്റ്റേഷനറി സാമഗ്രികൾ തുടങ്ങി വോട്ടിങ് കേന്ദ്രത്തിലേക്ക് ആവശ്യമായ എല്ലാ വസ്തുക്കളും വിതരണം ചെയ്യും. കോവിഡ് പ്രോട്ടോകോൾ, ഹരിത പെരുമാറ്റച്ചട്ടം എന്നിവ കർശനമായി പാലിച്ചുകൊണ്ടായിരിക്കും സാമഗ്രികളുടെ വിതരണം.എന്നാൽ പലയിടത്തും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഉദ്യോഗസ്ഥരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.കൊവിഡ് സാഹചര്യം കണക്കിലെടുത്ത് രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറില്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉളളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.