തിരുവനന്തപുരം:കൊറോണ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനാന്തര യാത്രകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി കേരളവും.വാളയാർ അതിർത്തിയി വഴി കേരളത്തിലേയ്ക്ക് കടക്കണമെങ്കിൽ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പും പോലീസും അറിയിച്ചു. നാളെ മുതൽ പരിശോധന കർശനമാക്കും. അതിർത്തിയിലെത്തി മടങ്ങിപോകേണ്ട അവസ്ഥ വരാതിരിക്കാൻ രജിസ്റ്റർ ചെയ്ത ശേഷം കടത്തിവിടുമെന്നും ജില്ലാ കളക്ടർമാർ അറിയിച്ചിട്ടുണ്ട്.രാജ്യത്തിന് പുറത്ത് നിന്ന് വരുന്നവർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയുള്ള ഉത്തരവിറക്കിയതിന് പിന്നാലെയാണ് ജാഗ്രതാ പോർട്ടൽ നിർദ്ദേശവും വന്നിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ ആർ.ടി.പി.സി.ആർ പരിശോധന പൂർത്തിയാക്കണം. 48 മണിക്കൂർ മുമ്പോ എത്തിയ ഉടനേയോ പരിശോധന നടത്തണം. ഫലം വരുന്നതുവരെ ക്വാറന്റൈനിൽ തന്നെ കഴിയണം. വാക്‌സിനെടുത്തവർക്കും പുതിയ നിർദ്ദേശം ബാധകമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കോവിഡ് വ്യാപനം;കണ്ണൂരില്‍ സുരക്ഷാ നിയന്ത്രണ പരിശോധനകള്‍ കര്‍ശനമാക്കി
കണ്ണൂർ:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരില്‍ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കി.നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS ന്‍റെ നേതൃത്വത്തില്‍ കണ്ണൂര്‍ ടൌണിലെ മാളുകള്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നേരിട്ടുള്ള പരിശോധന നടത്തി. അടുത്ത ദിവസം മുതല്‍ കണ്ണൂര്‍ സിറ്റി പോലീസ് പരിധികളില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും ജില്ലയിലെ കോവിഡ് വ്യാപനത്തിനെതിരെ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുമെന്നും പോലീസ് പട്രോളിങ്ങ് സംവിധാനങ്ങളും വാഹന പരിശോധനയും നടത്തുമെന്നും കമ്മീഷണര്‍ അറിയിച്ചു.വ്യാപാരസ്ഥാപനങ്ങളില്‍ സാനിറ്റെസര്‍ സാമൂഹിക അകലം എന്നിവ ഉറപ്പുവരുത്തുന്നതിനായി പോലീസിനെ ഒരുക്കിയിട്ടുണ്ട്. പൊതുപരിപാടികള്‍, ആഘോഷങ്ങള്‍, വാഹനങ്ങള്‍, മാളുകള്‍ , ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയവ പോലീസ്സിന്‍റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും.അടച്ചിട്ട മുറികളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പരമാവധി 100 പേര്‍ക്ക് മാത്രമേ ഒത്തുകൂടാന്‍ അനുവാദമുള്ളൂ. മീറ്റിംഗുകള്‍ / പ്രോഗ്രാമുകള്‍, പൊതു പരിപാടികളില്‍ പരമാവധി 200 പേര്‍ മാത്രം പങ്കെടുക്കുക. (വിവാഹങ്ങള്‍, ശവസംസ്കാരങ്ങള്‍, ഉത്സവങ്ങള്‍, കായികം, കല, സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവ).രണ്ടു മണിക്കൂറില്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കരുത്. എല്ലാ പരിപാടികളിലും കഴിയുന്നിടത്തോളം പാര്‍സല്‍ ഭക്ഷണം നല്കുക . ഷോപ്പുകള്‍/മാളുകള്‍/കച്ചവട സ്ഥാപനങ്ങള്‍ എന്നിവ എല്ലാ ദിവസവും രാത്രി 9 മണിയോടെ അടയ്ക്കുകയും പരമാവധി ഓണ്‍ലൈന്‍ വിതരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.തിരക്ക് ഫലപ്രദമായി നിയന്ത്രിക്കുന്നതിനു മീറ്റിംഗുകള്‍ ഓണ്‍ലൈനില്‍ നടത്തണം. സിനിമാശാലകള്‍ / തീയറ്ററുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം.ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ടേക്ക്-എവേകളും ഹോം ഡെലിവറിയും പ്രോത്സാഹിപ്പിക്കുക. മതനേതാക്കളും ജില്ലാ അധികാരികളും സമൂഹിക ഒത്തുചേരലുകള്‍ ഒഴിവാക്കാന്‍ പ്രേരിപ്പിക്കുക. പൊതുഗതാഗതത്തിനായി ഉദ്ദേശിച്ചിട്ടുള്ള ബസുകള്‍ നില്‍ക്കുന്ന യാത്രക്കാരെ അനുവദിക്കരുത്. ബസുകള്‍ ഇരിപ്പിട ശേഷിക്ക് അപ്പുറത്തുള്ള യാത്രക്കാരെ എടുക്കരുത്.സര്‍ക്കാരിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും പോലീസിന്‍റെയും കോവിഡ് -19 നെതിരെയുള്ള പ്രതിരോധ/നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 10,031 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;3792 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 10,031 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോടും എറണാകുളത്തുമാണ് കൂടുതൽ പേർക്ക് കോവിഡ് ബാധിച്ചത് .കോഴിക്കോട് 1560 പേർക്കും എറണാകുളത്ത് 1391 പേർക്കും കോവിഡ് ബാധിച്ചു. മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂർ 737, കണ്ണൂർ 673, കാസർകോട് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 67,775 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് വന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 221 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9137 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 641 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1523, എറണാകുളം 1335, മലപ്പുറം 849, കോട്ടയം 729, തിരുവനന്തപുരം 556, ആലപ്പുഴ 730, തൃശൂർ 715, കണ്ണൂർ 576, കാസർകോട് 596, പാലക്കാട് 226, കൊല്ലം 448, വയനാട് 334, ഇടുക്കി 277, പത്തനംതിട്ട 243 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.32 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 11, കാസർകോട് 5, തൃശൂർ 4, തിരുവനന്തപുരം 3, കൊല്ലം, പത്തനംതിട്ട, എറണാകുളം, വയനാട് 2 വീതം, പാലക്കാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3792 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 648, കൊല്ലം 80, പത്തനംതിട്ട 156, ആലപ്പുഴ 41, കോട്ടയം 269, ഇടുക്കി 123, എറണാകുളം 515, തൃശൂർ 245, പാലക്കാട് 62, മലപ്പുറം 278, കോഴിക്കോട് 464, വയനാട് 79, കണ്ണൂർ 298, കാസർകോട് 534 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 69,868 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 436 ഹോട്ട് സ്പോട്ടുകളാണുള്ളത്.
അനധികൃത സ്വത്ത് സമ്പാദന കേസ്;കെ എം ഷാജി എംഎൽഎയെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും
കണ്ണൂർ:അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജി എംഎൽഎയെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും.വിജിലന്‍സ് എസ്.പി എസ്. ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെ പത്ത് മണിക്കാണ് ചോദ്യം ചെയ്യൽ.വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം കാണിക്കാന്‍ ഷാജിക്ക് ഇത് വരെ സാധിച്ചിട്ടില്ല .അതിനാല്‍ ഇത് സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് ചോദ്യം ചെയ്യല്‍ .കെ എം ഷാജിയുടെ കണ്ണൂര്‍,കോഴിക്കോട് എന്നിവിടങ്ങളില്‍ ഉള്ള വീടുകളില്‍ നിന്നും 48 ലക്ഷത്തിലധികം രൂപ വിജിലന്‍സ് കണ്ടെടുത്തു.വിജിലന്‍സ് പിടിച്ചെടുത്ത പണത്തിന് രേഖകള്‍ ഉണ്ടെന്ന് ഷാജി അവകാശപ്പെട്ടിരുന്നുവെങ്കിലും ഒന്നും ഹാജരാക്കിയിട്ടില്ലെന്നാണ് വിവരം.പരിശോധനയ്‌ക്കിടെ വീട്ടില്‍ നിന്ന് രേഖകളില്ലാതെ പിടികൂടിയ പണം ആരില്‍ നിന്നാണ് ലഭിച്ചത്, അനധികൃത സ്വത്തായി കണ്ടെത്തിയ 1.47 കോടിരൂപയുടെ സ്രോതസ്, 28 തവണ വിദേശ യാത്ര നടത്തിയത് എന്തിന് എന്നതടക്കമുള്ള കാര്യങ്ങളാണ് വിജിലന്‍സിന് അറിയാനുള്ളത്. ഇതുമായി ബന്ധപ്പെട്ട പ്രത്യേക ചോദ്യാവലി ഉദ്യോഗസ്‌ഥര്‍ തയാറാക്കിയിട്ടുണ്ട്.ഷാജിയുടെ കണ്ണൂരിലെ വീടിന്റെ കിടപ്പുമുറിയിലെ കട്ടിലിനടിയിലുള്ള രഹസ്യ അറയില്‍ നിന്ന് രേഖകളില്ലാത്ത 47,35,500 രൂപയും 60 ഗ്രാം സ്വര്‍ണാഭരണങ്ങളും കോഴിക്കോട്ടെ വീട്ടില്‍ നിന്ന് 491 ഗ്രാം സ്വര്‍ണാഭരണവും 30,000 രൂപയും രണ്ട് വീട്ടില്‍ നിന്നുമായി 77 രേഖകളുമാണ് വിജിലന്‍സ് കണ്ടെടുത്തിരുന്നത്. ഷാജിയുടെയും ഭാര്യ ആശയുടെയും പേരിലുള്ള ഭൂമി, വീടുകള്‍, വീട്ടിലെ ആഡംബര ഫര്‍ണിച്ചറുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയടക്കമുള്ളവയുടെ മൂല്യമുള്‍പ്പെടെ കണക്കാക്കിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, നിക്ഷേപങ്ങള്‍, ബിസിനസ് പങ്കാളിത്തം എന്നിവയും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വര്‍ണാഭരണങ്ങള്‍ ഷാജിക്ക് തിരികെ നല്‍കിയിട്ടുണ്ട്.
ക്ഷേത്ര ഉത്സവത്തിനിടെ തര്‍ക്കം; ആലപ്പുഴയില്‍ 15കാരനെ കുത്തിക്കൊന്നു
ആലപ്പുഴ: വള്ളിക്കുന്നത്ത് ക്ഷേത്രോത്സവത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 15 വയസുകാരനെ കുത്തിക്കൊലപ്പെടുത്തി.പുത്തന്‍ചന്ത കുറ്റിയില്‍ തെക്കതില്‍ അമ്പിളികുമാറിന്റെ മകൻ അഭിമന്യു ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. രാഷ്ട്രീയ കാരണങ്ങളല്ല കൊലപാതകത്തിന് പിന്നിലെന്നും പൂര്‍വവൈരാഗ്യമാണെന്നും പോലീസ് പറഞ്ഞു.വള്ളിക്കുന്നം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അഭിമന്യു.അഭിമന്യുവിന് ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഭവമെന്ന് പോലിസ് വ്യക്തമാക്കി.ഉത്സവപ്പറമ്പിൽ വെച്ച് മരിച്ച അഭിമന്യു ഉള്‍പ്പെട്ട സംഘവും മറ്റൊരു സംഘവും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാവുകയായിരുന്നു. സംഘര്‍ഷത്തിനിടെ അഭിമന്യുവിന് കുത്തേല്‍ക്കുകയായിരുന്നു. വയറിനു കുത്തേറ്റ അഭിമന്യുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അഭിമന്യുവിന്റെ ജ്യേഷ്ഠന്‍ അനന്തുവിനെ തെരഞ്ഞെത്തിയ അക്രമിസംഘം അഭിമന്യുവിനെ കുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. അഭിമന്യുവിനെ കുത്തിയത് സജയ് ദത്താണെന്നും ഇയാളാണ് മുഖ്യ പ്രതിയെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന.പ്രാദേശിക ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് അഭിമന്യുവിന്റെ സഹോദരൻ അനന്തു. അനന്തുവും ആര്‍എസ്‌എസ് പ്രവര്‍ത്തകനായ സജയ് ദത്തും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പ്രാദേശിക സിപിഎം നേതൃത്വം പറയുന്നത്. സ്ഥലത്ത് ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍പൊലീസ് സംഘത്തെ നിയാേഗിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനം; സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ;കടകൾ രാത്രി 9 വരെ; പൊതുപരിപാടിയിൽ 200 പേർ
തിരുവനന്തപുരം:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ.ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഇന്ന് ഉത്തരവിറക്കും. കടകളും ഹോട്ടലുകളും രാത്രി ഒൻപത് മണിക്കകം അടയ്ക്കും. പൊതുപരിപാടികൾ നടത്തുന്നതിനും ഇന്ന് മുതൽ നിയന്ത്രണമുണ്ടായിരിക്കും. തുറന്ന വേദികളിലെ പരിപാടികളിൽ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. രണ്ട് മണിക്കൂറിനുള്ളിൽ പരിപാടികൾ പൂർത്തിയാക്കണം. ഹാളുകളിൽ നടക്കുന്ന പരിപാടികളിൽ 100 പേർക്ക് പങ്കെടുക്കാം. കൂടുതൽ പേരെ പങ്കെടുപ്പിക്കണമെങ്കിൽ ആർടി പിസിആർ പരിശോധനാ റിപ്പോർട്ട് വേണം. അതേ സമയം കൊറോണ വാക്‌സിന്റെ രണ്ട് ഡോസുകൾ സ്വീകരിച്ചവർക്ക് പരിപാടികളിൽ പങ്കെടുക്കാൻ നിയന്ത്രണങ്ങൾ ഉണ്ടാകില്ല.ഇന്ന് മുതൽ പാഴ്‌സലുകൾ നൽകുന്നത് വർദ്ധിപ്പിക്കണമെന്നാണ് ഹോട്ടലുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. പൊതുപരിപാടികളിൽ സദ്യയ്ക്ക് പകരം ഫുഡ് പായ്ക്കറ്റ് നൽകണം.പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിരുന്നു. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിയന്ത്രങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്.
കോവിഡ് വ്യാപനം;സംസ്ഥാനത്ത് പ്രാദേശികമായി ലോക്ക്ഡൗണ്‍ വേണ്ടിവന്നേക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ
കണ്ണൂർ:സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ.തെരഞ്ഞെടുപ്പിന് ശേഷം എല്ലാ ജില്ലകളിലും രോഗവ്യാപനം കൂടുകയാണ്. രോഗവ്യാപനം കൂടിയാല്‍ പ്രാദേശികമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.കോവിഡ് പ്രതിരോധം തീരുമാനിക്കാന്‍ എല്ലാ ജില്ലകളിലും യോഗം ചേരും. പഞ്ചായത്ത് തലത്തില്‍ കോവിഡ് പ്രതിരോധ സമിതികള്‍ ശക്തമാക്കും. വാര്‍ഡു തലത്തിലും രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കും. രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്ക് പ്രേരിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൂട്ടം ചേര്‍ന്ന് വിഷു ആഘോഷിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ കരുതല്‍ നടപടി സ്വീകരിക്കും.വാക്‌സിനേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തും. കൂടുതല്‍ വാക്‌സിന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ദേവസ്വം ബോര്‍ഡ് മുന്‍കൈ എടുക്കണമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ പൂരം വേണ്ടന്ന് വയ്ക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അനധികൃത സ്വത്ത് സമ്പാദന കേസ്; കെഎം ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളില്‍ വിജിലൻസ് റെയ്ഡ്
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുസ്ലിം ലീഗ് എംഎല്‍എ, കെ.എം ഷാജിക്കെതിരെ വിജിലന്‍സ് കേസ്. ഇന്നലെയാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂര്‍ അഴിക്കോടുള്ള വീട്ടിലും വിജിലന്‍സ് റെയ്ഡ് നടത്തുകയാണ്. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് കണ്ണൂരില്‍ റെയ്ഡ് നടത്തുന്നത്.ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡിനായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഷാജിയുടെ വീട്ടിലെത്തിയത്. വിജിലൻസ് എസ്.പി ശശിധരന്റെ നേതൃത്വത്തിലാണ റെയ്ഡ്. കഴിഞ്ഞ നവംബറില്‍ ഷാജിക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു.കെ.എം. ഷാജി അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ കേസെടുക്കാന്‍ വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന് സ്വന്തം നിലക്ക് തന്നെ അധികാരമുണ്ടെന്ന് നേരത്തെ കോടതി വ്യക്തമാക്കിയതാണ്. ഇതിനായി എഫ്.ഐ.ആര്‍ രജിസറ്റര്‍ ചെയ്യാന്‍ കോടതിയുടെ പ്രത്യേക അനുമതി വേണ്ടെന്നും കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ടി. മധുസൂദനന്‍ ഷാജിക്കെതിരെ എഫ്.ഐ.ആര്‍ രജിസറ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന ഹർജി പരിഗണിക്കവേ പരാമര്‍ശിച്ചിരുന്നു. പരാതിക്കാരനായ അഡ്വ. എം.ആര്‍. ഹരീഷ് നല്‍കിയ ഹരജിയില്‍, കോടതി നിര്‍ദേശ പ്രകാരം വിജിലന്‍സ് പ്രത്യേക യൂനിറ്റ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയെന്നായിരുന്നു കോടതിയില്‍ സമര്‍പ്പിച്ച റിപ്പോർട്ട്. കേസെടുക്കാന്‍ പ്രഥമദൃഷട്യാ തെളിവുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനത്തെപ്പറ്റി വിശദ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ടായിരുന്നു.ഈ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഷാജിയുടെ സ്വത്ത് സമ്പാദനത്തിൽ വരവിനേക്കാള്‍ 166 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് വിജിലന്‍സ് കണ്ടെത്തല്‍.
യന്ത്രത്തകരാര്‍; ലുലു ഗ്രൂപ്പിന്റെ ഹെലിക്കോപ്ടര്‍ ചതുപ്പില്‍ ഇടിച്ചിറക്കി
കൊച്ചി: എറണാകുളം പനങ്ങാട് ചതുപ്പുനിലത്ത് ഹെലിക്കോപ്ടര്‍ ഇടിച്ചിറക്കി. ലുലൂ ഗ്രൂപ്പിന്റെ ഹെലിക്കോപ്ടറാണ് ഇടിച്ചിറക്കിയത്.ഹെലികോപ്റ്റര്‍ സേഫ് ലാന്‍റ് ചെയ്യുകയായിരുന്നു എന്നാണ് വിവരം.എം.എ. യൂസഫലിയും ഭാര്യയുമുള്‍പ്പെടെ അഞ്ചുപേരാണ് ഇതിലുണ്ടായിരുന്നത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആര്‍ക്കും ഗുരുതര പരിക്കുകളില്ല.ജനല്‍വഴിയാണ് യൂസുഫലിയെയും കുടുംബത്തേയും പുറത്തിറക്കിയതെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞു.ഒരല്‍പം തെന്നിയിരുന്നുവെങ്കില്‍ സമീപത്തെ വീടുകളിലോ കെട്ടിടങ്ങളിലോ ഇടിച്ച് വന്‍ ദുരന്തം സംഭവിക്കുമായിരുന്നു. യന്ത്രത്തകരാറാണ് അപകടത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം. പനങ്ങാടുള്ള ഫിഷറീസ് കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറക്കാന്‍ നിശ്ചയിച്ചിരുന്നത്.എന്നാല്‍, യന്ത്രത്തകരാറ് മൂലം ഇതിനു സാധിച്ചില്ല. ചതുപ്പിലേക്ക് ഹെലികോപ്ടര്‍ ഇടിച്ചിറക്കുകയായിരുന്നു. ചതുപ്പില്‍ ഭാഗികമായി പൂന്തിയ നിലയിലാണ് ഹെലികോപ്റ്ററുള്ളത്.
സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;2584 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530, കണ്ണൂര്‍ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304, കാസര്‍ഗോഡ് 286, പത്തനംതിട്ട 256, ഇടുക്കി 230, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 61,957 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4767 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 171 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 404 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 956, കോഴിക്കോട് 778, തിരുവനന്തപുരം 398, മലപ്പുറം 528, തൃശൂര്‍ 509, കണ്ണൂര്‍ 357, ആലപ്പുഴ 385, കോട്ടയം 349, കൊല്ലം 301, പാലക്കാട് 140, കാസര്‍ഗോഡ് 260, പത്തനംതിട്ട 228, ഇടുക്കി 220, വയനാട് 187 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, കോഴിക്കോട് 3, കൊല്ലം, കാസര്‍ഗോഡ് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2584 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 247, കൊല്ലം 232, പത്തനംതിട്ട 51, ആലപ്പുഴ 129, കോട്ടയം 160, ഇടുക്കി 95, എറണാകുളം 139, തൃശൂര്‍ 218, പാലക്കാട് 205, മലപ്പുറം 304, കോഴിക്കോട് 301, വയനാട് 71, കണ്ണൂര്‍ 278, കാസര്‍ഗോഡ് 154 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 39,778 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 382 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.