തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകനയോഗം ഇന്ന് വൈകീട്ട് ചേരും.നിലവില്‍ ബുധനാഴ്ച വരെയാണ് ലോക്ക്ഡൗണ്‍. ഇതിനു ശേഷം കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കുമെന്നാണ് സൂചന.ശനി, ഞായര്‍ ദിവസങ്ങളിലെ സമ്പൂർണ്ണ ലോക്ഡൗണിന് ശേഷം ഇന്ന് കൂടുതല്‍ ഇളവുകള്‍ ഉണ്ട്. ഓട്ടോ, ടാക്സി സര്‍വീസുകള്‍ക്കും കൂടുതല്‍ കെഎസ്‌ആര്‍ടിസി ബസ് സര്‍വീസുകള്‍ക്കും അനുമതി നല്‍കിയേക്കും. തുണിക്കടകള്‍, ചെരിപ്പുകള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് തുറക്കാന്‍ അനുമതി ഉണ്ടാകും. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും അനുമതി ഉണ്ട്. ഹോട്ടലുകളില്‍ നിന്നും പാഴ്സലുകള്‍ അനുവദിക്കും.ഇതിനിടെ കൊച്ചിയിലും കൊല്ലത്തും വ്യാപാരികൾ ഇന്ന് കടയടപ്പുസമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.ലോക്ഡൗണിന്റെ പേരിൽ വ്യാപാരികളെ പോലീസ് അകാരണമായി ബുദ്ധിമുട്ടിക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം. ഒരു വിഭാഗം ഹോട്ടലുടമകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 13,832 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;171 മരണം; 18,172 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,832 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂർ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560, കാസർഗോഡ് 475, കണ്ണൂർ 442, പത്തനംതിട്ട 441, ഇടുക്കി 312, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,734 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 171 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,975 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 82 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,986 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 2103, കൊല്ലം 1585, എറണാകുളം 1483, മലപ്പുറം 1380, പാലക്കാട് 935, തൃശൂർ 1305, കോഴിക്കോട് 901, ആലപ്പുഴ 909, കോട്ടയം 538, കാസർഗോഡ് 473, കണ്ണൂർ 397, പത്തനംതിട്ട 427, ഇടുക്കി 297, വയനാട് 253 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.64 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കണ്ണൂർ 14 വീതം, പത്തനംതിട്ട 8, എറണാകുളം 7, തൃശൂർ 6, കൊല്ലം, പാലക്കാട് 4 വീതം, വയനാട് 3, കാസർഗോഡ് 2, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,172 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2167, കൊല്ലം 1666, പത്തനംതിട്ട 688, ആലപ്പുഴ 1468, കോട്ടയം 259, ഇടുക്കി 314, എറണാകുളം 2718, തൃശൂർ 1263, പാലക്കാട് 2054, മലപ്പുറം 2921, കോഴിക്കോട് 1348, വയനാട് 285, കണ്ണൂർ 652, കാസർകോഡ് 369 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 880 ഹോട്ട് സ്പോട്ടുകളാണുള്ളത്.
ഇനി ഡ്രൈവിംഗ് ടെസ്റ്റ് പാസാകാതെയും ലൈസന്‍സ്;മാനദണ്ഡങ്ങള്‍ ഇങ്ങനെ
ന്യൂഡൽഹി:ഇനി ഡ്രൈവിങ് ടെസ്റ്റ് പാസാകാതെയും ലൈസന്‍സ് എടുക്കാം. മികച്ച രീതിയില്‍ ഡ്രൈവ് ചെയ്യുമെങ്കിലും ഡ്രൈവിംഗ് ടെസ്റ്റിന്റെ മാനസിക സമ്മര്‍ദ്ദത്തില്‍ ടെസ്റ്റ് പരാജയപ്പെടുന്ന നിരവധിയാളുകളുണ്ട്. ഇത്തരക്കാര്‍ക്ക് ഗുണകരമാവുന്നതാണ് പുതിയ നിയമം. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് നടത്തുന്ന ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാതെ ലൈസന്‍സ് നേടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ‘അക്രഡിറ്റഡ് ഡ്രൈവേഴ്സ് ട്രെയിനിങ് സെന്ററു’കളില്‍നിന്ന് പരിശീലനം കഴിഞ്ഞവര്‍ക്കാണ് പരീക്ഷ പാസാവാതെ ലൈസന്‍സ് ലഭിക്കുക. ഇത്തരം സെന്ററുകള്‍ക്ക് ബാധകമാകുന്ന ചട്ടങ്ങള്‍ ജൂലായ് ഒന്നിന് നിലവില്‍ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം പറഞ്ഞു. ഉയര്‍ന്ന നിലവാരത്തില്‍ പരിശീലനം നല്‍കാനുള്ള സംവിധാനങ്ങള്‍ ഇത്തരം സെന്ററുകളില്‍ ഉണ്ടായിരിക്കണമെന്ന് ചട്ടത്തില്‍ പറയുന്നു. വിവിധ പ്രതലങ്ങളിലൂടെ വാഹനം ഓടിക്കുന്ന അനുഭവം കൃത്രിമമായി ലഭിക്കുന്ന സംവിധാനം, ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് എന്നിവ ഉണ്ടായിരിക്കണം. അക്രഡിറ്റഡ് സെന്ററുകളില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അവിടെനിന്നുതന്നെ ലൈസന്‍സ് ലഭിക്കും. രാജ്യത്ത് കൂടുതല്‍ അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുന്ന നിയമ ഭേദഗതി വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഇതുപ്രകാരം താല്‍പര്യമുള്ളവര്‍ക്ക് ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങാം.എന്നാല്‍, ഇത്തരം സെന്ററുകള്‍ പൂര്‍ണമായും സര്‍ക്കാരിന് കീഴിലാകുമോ അതോ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകുമോ എന്നതു സംബന്ധിച്ചൊന്നും വ്യക്തത വന്നിട്ടില്ല. ഇതുവരെ സര്‍ക്കാരാണ് പലയിടത്തും ഇതു നടത്തിയിരുന്നത്.അതേസമയം, അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലനകേന്ദ്രങ്ങള്‍ അപൂര്‍വമാണ്. ഒരു സംസ്ഥാനത്ത് ഒന്ന് എന്ന രീതിയില്‍ മാതൃകാ ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ് നിലവില്‍ ഉള്ളത്. കേരളത്തിലെ കേന്ദ്രം മലപ്പുറം ജില്ലയിലെ എടപ്പാളില്‍ ആണ്. ഒരു സംസ്ഥാനത്ത് കൂടുതല്‍ അക്രഡിറ്റഡ് കേന്ദ്രങ്ങള്‍ അനുവദിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.
സംസ്ഥാനത്ത് ഇന്നും നാളേയും സമ്പൂർണ്ണ ലോക്ഡൗണ്‍; അവശ്യ സർവീസുകൾക്ക് മാത്രം പ്രവര്‍ത്തനാനുമതി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും നാളേയും സമ്പൂർണ്ണ ലോക്ഡൗണ്‍. ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായി കര്‍ശ്ശന സുരക്ഷ ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് ഈ രണ്ട് ദിവസങ്ങളില്‍ പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്.ഹോട്ടലുകളില്‍ നിന്നും ഓണ്‍ലൈന്‍ ഡെലിവറി മാത്രമേ ഇനി അനുവദിക്കൂ. പാഴ്‌സല്‍, ടേക് എവേ എന്നിവ ഉണ്ടാകില്ല.ശനിയാഴ്ചയും ഞായറാഴ്ചയും സാമൂഹിക അകലം പാലിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തടസമില്ല. എന്നാല്‍ ഇക്കാര്യം പോലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണമെന്നുണ്ട്. പഴം, പച്ചക്കറി, മീന്‍, മാംസം തുടങ്ങി അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ തുറക്കാം.നേരത്തെ ഇളവ് നല്‍കിയ സ്ഥാപനങ്ങള്‍ക്ക് ഇന്ന് പ്രവര്‍ത്തനാനുമതിയില്ല. ഇന്നും നാളെയും കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് നടത്തില്ല. ജൂണ്‍ 16 വരെ നിലവില്‍ കേരളത്തില്‍ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്.ടിപിആര്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്.ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് പത്ത് ശതമാനത്തിനും താഴെ വന്നാല്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കാം എന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിലപാട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റിലും പുതിയ കൊവിഡ് കേസുകളിലും കുറവുണ്ട്.
സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്;വസ്ത്രങ്ങള്‍, സ്‌റ്റേഷനറി, ജുവല്ലറികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്.അവശ്യസേവനങ്ങള്‍ നല്‍കുന്ന കടകള്‍ക്കൊപ്പം വസ്ത്രങ്ങള്‍, സ്റ്റേഷനറി, ആഭരണം, കണ്ണടകള്‍, ശ്രവണ സഹായികള്‍, പാദരക്ഷകള്‍, പുസ്തകങ്ങള്‍ എന്നിവ വിപണനം ചെയ്യുന്ന കടകള്‍ക്ക് ഇന്ന് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. രാവിലെ എഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് അനുമതി നല്‍കിയിരിക്കുന്നത്. വളരെ കുറച്ച് ജീവനക്കാരെ മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. വാഹന ഷോറൂമുകളില്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ അറ്റകുറ്റപ്പണികള്‍ ചെയ്യാനും അനുമതിയുണ്ട്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും.മൊബൈല്‍ ഫോണ്‍ റിപ്പയറിങ് കടകള്‍ക്കും തുറക്കാന്‍ അനുമതിയുണ്ട്. നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് യാത്ര ചെയ്യാം. എന്നാല്‍ ഇത് മുന്‍കൂട്ടി അടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. നിലവിലുള്ള ഇളവുകള്‍ക്ക് പുറമെയാണ് ഇന്ന് കൂടുതല്‍ ഇളവുകള്‍ നല്‍കിയിരിക്കുന്നത്. നാളെയും മറ്റന്നാളും ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ കര്‍ശ്ശന നിയന്ത്രണങ്ങള്‍ ആയിരിക്കും.ഈ ദിവസങ്ങളിൽ ഹോട്ടലുകളില്‍നിന്ന് ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഈ ദിവസങ്ങളില്‍ ടേക്ക് എവേ, പാഴ്‌സല്‍ സൗകര്യങ്ങള്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. കര്‍ശന സാമൂഹിക അകലം പാലിച്ച് ഈ ദിവസങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താം. എന്നാല്‍, ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി അടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കണം.
സംസ്ഥാനത്ത് ഇന്ന് 15,567 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15;20,019 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂര്‍ 1213, ആലപ്പുഴ 1197, കണ്ണൂര്‍ 692, കോട്ടയം 644, പത്തനംതിട്ട 560, ഇടുക്കി 550, കാസര്‍ഗോഡ് 454, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,979 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,281 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 712 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2070, എറണാകുളം 1830, തിരുവനന്തപുരം 1681, കൊല്ലം 1710, പാലക്കാട് 798, കോഴിക്കോട് 1212, തൃശൂര്‍ 1201, ആലപ്പുഴ 1192, കണ്ണൂര്‍ 616, കോട്ടയം 609, പത്തനംതിട്ട 546, ഇടുക്കി 538, കാസര്‍ഗോഡ് 445, വയനാട് 247 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.75 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, തിരുവനന്തപുരം 9, എറണാകുളം, വയനാട് 8 വീതം, തൃശൂര്‍, കാസര്‍ഗോഡ് 7 വീതം, കൊല്ലം 6, പാലക്കാട് 4, പത്തനംതിട്ട 3, കോട്ടയം 2, ഇടുക്കി, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,019 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1273, കൊല്ലം 1473, പത്തനംതിട്ട 771, ആലപ്പുഴ 1521, കോട്ടയം 846, ഇടുക്കി 664, എറണാകുളം 1213, തൃശൂര്‍ 1128, പാലക്കാട് 1655, മലപ്പുറം 4831, കോഴിക്കോട് 1714, വയനാട് 297, കണ്ണൂര്‍ 790, കാസര്‍ഗോഡ് 1843 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 889 ഹോട്ട് സ്പോട്ടുകളാണുള്ളത്.
12, 13 തിയതികളില്‍ സമ്പൂർണ്ണ ലോക്ക്ഡൗണ്‍; വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം; സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 16 വരെ നീട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 12, 13 തിയതികളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ആയിരിക്കും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു.കോവിഡ് വ്യാപന തോത് പ്രതീക്ഷിച്ച തോതില്‍ കുറയാത്ത സാഹചര്യത്തിലാണ് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 16 വരെ നീട്ടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കള്‍ (പാക്കേജിംഗ് ഉള്‍പ്പെടെ), നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയ്‌ക്ക് ജൂണ്‍ 16 വരെ പ്രവര്‍ത്തനാനുമതി നല്‍കും. ബാങ്കുകള്‍ നിലവിലുള്ളതുപോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. സ്‌റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകള്‍, ഒപ്‌റ്റിക്കല്‍സ് തുടങ്ങിയ കടകള്‍ക്ക് ജൂണ്‍ 11ന് ഒരു ദിവസം മാത്രം രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തനാനുമതി നല്‍കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിയവ ജൂണ്‍ 17 മുതല്‍ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ആരംഭിക്കും.സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സഹായം നല്‍കും. അതത് ജില്ലകളിലെ സ്വകാര്യ ആശുപത്രികളെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ മുഖ്യമന്ത്രി നിദ്ദേശിച്ചു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം അഭിഭാഷകരെയും അവിടത്തെ മറ്റ് ഉദ്യോഗസ്ഥരെയും വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുത്തും. സ്വകാര്യ ബസ് തൊഴിലാളികള്‍ക്കും മുന്‍ഗണന നല്‍കും. വയോജനങ്ങളുടെ വാക്‌സിനേഷന്‍ കാര്യത്തില്‍ നല്ല പുരോഗതിയുണ്ട്. അവശേഷിക്കുന്നവര്‍ക്ക് കൂടി ഉടന്‍ കൊടുത്തു തീര്‍ക്കും. എല്ലാ പരീക്ഷകളും ജൂണ്‍ 16 ശേഷം മാത്രമേ ആരംഭിക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
വാക്‌സിൻ നയത്തിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ;ഈ മാസം 21 മുതൽ രാജ്യത്ത് എല്ലാവർക്കും സൗജന്യ വാക്‌സിൻ
ന്യൂഡൽഹി : രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്‌സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ ഭാഗമായി ഈ മാസം 21 മുതൽ സംസ്ഥാനങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകും. സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് വാക്സിനേഷൻ പ്രക്രിയയുടെ 25 ശതമാനം പ്രവർത്തനങ്ങളുടെ ചുമതല അവർക്ക് നൽകിയത്. എന്നാൽ ഇപ്പോൾ പഴയ സംവിധാനമാണ് മികച്ചതെന്ന അഭിപ്രായമാണ് പല സംസ്ഥാനങ്ങളും പങ്കുവെയ്ക്കുന്നത്. അതുകൊണ്ടാണ് കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിൽ തന്നെ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.വാക്‌സിൻ നിർമ്മാതാക്കളിൽ നിന്നും ആകെ വാക്‌സിന്റെ 75 ശതമാനവും സർക്കാർ വാങ്ങും. ഇതിന് പുറമേ സംസ്ഥാനങ്ങൾക്ക് നൽകിയ വാക്സിനേഷൻ പ്രക്രിയയുടെ 25 ശതമാനം പ്രവർത്തനങ്ങളുടെ ചുമതലയും സർക്കാർ വഹിക്കും. വരുന്ന രണ്ടാഴ്ചയ്ക്കുളളിൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കും. പുതിയ നിർദ്ദേശ പ്രകാരം സംസ്ഥാന – കേന്ദ്ര സർക്കാരുകൾ ഒന്നിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.സ്വകാര്യ ആശുപത്രികൾക്ക് 150 രൂപവരെ മാത്രമേ വാക്‌സിന് ഈടാക്കാൻ കഴിയുകയുള്ളൂ. വാക്‌സിനേഷന്റെ ഗുണങ്ങളെക്കുറിച്ചുള്ള അവബോധം എല്ലാവരിലേക്കും എത്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.നിലവിൽ ഏഴ് കമ്പനികൾ കൂടി വാക്‌സിൻ നിർമിക്കുന്നുണ്ട്. മൂക്കിലൂടെ നൽകുന്ന വാക്‌സിനും വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ലോക് ഡൗണ്‍ ജൂണ്‍ 16വരെ നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ ജൂണ്‍ 16വരെ നീട്ടി.നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച നിലയിലേക്ക് മാറാത്ത പശ്ചാത്തലത്തിലാണ് നിയന്ത്രണം തുടരാന്‍ തീരുമാനിച്ചത്. നിലവില്‍ 15 ശതമാനം സംസ്ഥാനത്ത ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് പത്തുശതമാനത്തില്‍ താഴെ എത്തിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ.ആഴ്ചയില്‍ ഒരു ദിവസം ഇളവ് നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിനെക്കുറിച്ച് ഔദ്യോഗിക വിവരം പുറത്തുവന്നിട്ടില്ല.
സ്ഥാനാര്‍ത്ഥിത്വത്തില്‍നിന്ന് പിന്‍വാങ്ങാന്‍ കോഴ; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും രണ്ട് പ്രാദേശിക നേതാക്കള്‍ക്കുമെതിരെ കേസെടുക്കാന്‍ കോടതി അനുമതി നല്‍കി
കാസർകോഡ്:സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാൻ കോഴ നല്‍കിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും രണ്ട് പ്രാദേശിക നേതാക്കള്‍ക്കുമെതിരെ കേസെടുക്കാന്‍ കോടതി അനുമതി നല്‍കി.മഞ്ചേശ്വരം ഇടതു സ്ഥാനാര്‍ത്ഥിയായിരുന്ന വി വി രമേശന്റെ പരാതിയിലാണ് കോടതി ഉത്തരവ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 ബി ( തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കുക) വകുപ്പ് പ്രകാരം പൊലീസിന് കേസ് എടുക്കാൻ കാസര്‍ഗോഡ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് രണ്ട് മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതി നല്‍കിയത്. മഞ്ചേശ്വരത്ത് കെ സുന്ദരയുടെ നാമനിര്‍ദേശപത്രിക പിന്‍വലിപ്പിക്കാന്‍ ബിജെപി നേതൃത്വം രണ്ടര ലക്ഷം രൂപ കോഴ നല്‍കിയെന്ന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് നല്‍കിയ അപേക്ഷ നിയമതടസ്സമുള്ളതിനാല്‍ കോടതി തിരികെ നല്‍കിയിരുന്നു. കോഴ നല്‍കിയെന്ന സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പടെ ഉള്ളവര്‍ക്ക് എതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്നതില്‍ നിയമോപദേശം തേടാനും പൊലീസ് തീരുമാനിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് കോഴ നല്‍കിയെന്ന പരാതിയില്‍ അഴിമതി തടയല്‍ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് എതിര്‍ സ്ഥാനാര്‍ത്ഥിയായ വി.വി രമേശന്‍ കോടതിയെ സമീപിച്ചത്.മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അപരനായി പത്രിക നല്‍കിയ കെ സുന്ദരയ്ക്ക് പിന്മാറാന്‍ രണ്ടര ലക്ഷം കിട്ടിയെന്ന വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 15 ലക്ഷം രൂപയാണ് ചോദിച്ചതെന്നും രണ്ടര ലക്ഷം രൂപയും ഒരു സ്മാര്‍ട്ട് ഫോണും നല്‍കിയെന്നുമാണ് സുന്ദര വെളിപ്പെടുത്തിയത്. ജയിച്ചു കഴിഞ്ഞാല്‍ ബാക്കി നോക്കാമെന്ന് സുരേന്ദ്രന്‍ ഉറപ്പ് നല്‍കിയതായും സുന്ദര വെളിപ്പെടുത്തി. പ്രാദേശിക ബിജെപി നേതാക്കളാണ് വീട്ടില്‍ പണം എത്തിച്ചതെന്നും കെ.സുരേന്ദ്രന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും സുന്ദര പറഞ്ഞു.