തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ സ്‌കൂളുകളിൽ നേരിട്ടുളള അദ്ധ്യയനം പുനരാരംഭിക്കുന്നതിന് മുന്നോടിയായി ആരോഗ്യ- വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതലയോഗം ചേരും.സ്‌കൂൾ തുറക്കുന്നതിന് സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ അടങ്ങിയ കരടു പദ്ധതി തയ്യാറാക്കി മറ്റു വകുപ്പുകളുമായി ചർച്ച നടത്തുകയാണ് ലക്ഷ്യം.കോളേജുകളിലേക്കും സ്‌കൂളുകളിലേക്കുമുളള യാത്രാവേളയിൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ പദ്ധതികൾ തയ്യാറാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാലയങ്ങൾക്ക് സമീപമുള്ള അശാസ്ത്രീയമായ പാർക്കിങ് ഒഴിവാക്കി ട്രാഫിക് ക്രമീകരണം ഏർപ്പെടുത്തും. വിദ്യാലയങ്ങൾക്ക് മുന്നിൽ അനാവശ്യമായി കൂട്ടംകൂടാൻ അനുവദിക്കരുതെന്നും നിർദ്ദേശമുണ്ട്.സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അദ്ധ്യാപകരക്ഷകർതൃ സമിതികളുമായും വിവിധ സംഘടനകളുമായും ചർച്ച നടത്തി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.നവംബര്‍ ഒന്ന് മുതല്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാകും ക്ലാസുകള്‍. പ്രൈമറി തലം മുതല്‍ എത്ര സമയം ക്ലാസ് വേണം, ഷിഫ്റ്റുകള്‍ എങ്ങനെ തുടങ്ങിയ കാര്യങ്ങളില്‍ ഇന്നത്തെ യോഗം തീരുമാനമെടുക്കും.
സംസ്ഥാനത്ത് ഇന്ന് 19,675 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;19,702 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,675 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂർ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട് 1135, പത്തനംതിട്ട 1011, കണ്ണൂർ 967, ഇടുക്കി 927, വയനാട് 738, കാസർഗോഡ് 312 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,594 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,039 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 52 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,924 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 595 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 104 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,702 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1911, കൊല്ലം 1572, പത്തനംതിട്ട 1043, ആലപ്പുഴ 1270, കോട്ടയം 1236, ഇടുക്കി 815, എറണാകുളം 2000, തൃശൂർ 2386, പാലക്കാട് 1387, മലപ്പുറം 1572, കോഴിക്കോട് 2050, വയനാട് 932, കണ്ണൂർ 1253, കാസർഗോഡ് 275 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും;പ്രവേശന നടപടികള്‍ നാളെമുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെ മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പ്രവേശന നടപടികള്‍.ഒരു വിദ്യാര്‍ഥിയുടെ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി 15 മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. ഒന്നാമത്തെ ഓപ്ഷന്‍ ലഭിച്ചവര്‍ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. മറ്റ് ഓപ്ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് താല്‍ക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം.ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളില്‍ ലഭിച്ച 1,09,320 അപേക്ഷകളില്‍ 1,07,915 അപേക്ഷകളാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചത്.
അതേസമയം ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കുമ്പോൾ ഇഷ്ടവിഷയവും ഇഷ്ടസ്കൂളും അധികം പേര്‍ക്കും കിട്ടാനിടയില്ല. ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍തന്നെ ഇക്കാര്യം വ്യക്തമായിരുന്നു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടി സയന്‍സ് വിഷയം മോഹിച്ചവര്‍ക്ക് ട്രയല്‍ അലോട്ട്മെന്റില്‍ വെയിറ്റിംഗ് ലിസ്റ്റില്‍ 880 താമത്തെ റാങ്ക് വരെയായിരുന്നു.എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയതില്‍ 4,19,651 പേരാണ് ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടിയത്. 3,61,307 പ്ളസ് വണ്‍ സീറ്റുകളാണ് എല്ലാ വിഷയങ്ങള്‍ക്കുമായുള്ളത്. ഇതിനൊപ്പം ഏഴ് ജില്ലകളില്‍ 20 ശതമാനം സീറ്റ് കൂട്ടുകയും ചെയ്തതോടെ കൂടുതല്‍ പേര്‍ക്ക് പ്രവേശനം കിട്ടുമെങ്കിലും ആഗ്രഹിക്കുന്ന വിഷയം കിട്ടാനിടയില്ലെന്നാണ് വിലയിരുത്തല്‍.ഈ അദ്ധ്യയനവര്‍ഷം പുതിയ ബാച്ചുകള്‍ അനുവദിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. അധിക സാമ്പത്തിക ബാദ്ധ്യത വരുമെന്ന് വിലയിരുത്തിയാണിത്. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ അധിക ബാച്ചുകള്‍ വേണമെന്ന് കാണിച്ച് ഹയര്‍സെക്കന്‍ഡറി വിഭാഗം നല്‍കിയ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് ഉത്തരവ്.
സംസ്ഥാനത്ത് ഇന്ന് 15,768 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 214 മരണം; 21,367 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 15,768 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂർ 993, പത്തനംതിട്ട 715, ഇടുക്കി 373, വയനാട് 237, കാസർഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,513 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 214 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,897 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 124 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,746 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 798 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 100 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,367 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1657, കൊല്ലം 1431, പത്തനംതിട്ട 1206, ആലപ്പുഴ 1104, കോട്ടയം 1460, ഇടുക്കി 803, എറണാകുളം 2712, തൃശൂർ 2448, പാലക്കാട് 1429, മലപ്പുറം 2591, കോഴിക്കോട് 2508, വയനാട് 801, കണ്ണൂർ 752, കാസർഗോഡ് 465 എന്നിങ്ങനേയാണ് രോഗമുക്തിയായത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
സെപ്റ്റംബര്‍ 27 ന് ഭാരത് ബന്ദ്; കേരളത്തില്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ഹര്‍ത്താല്‍ നടത്തും
തിരുവനന്തപുരം:സെപ്തംബർ 27 ന് നടത്തുന്ന ഭാരത് ബന്ദ് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തീരുമാനിച്ചു.രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാകും ഹര്‍ത്താല്‍. പത്രം, പാല്‍, ആംബുലന്‍സ്, മരുന്ന് വിതരണം, ആശുപത്രി സേവനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സര്‍വിസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.പത്ത് മാസമായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന് പരിഹാരം കാണാന്‍ ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹര്‍ത്താലിന്‍റെ ഭാഗമായി സ്ഥാനത്ത് 27ന് രാവിലെ എല്ലാ തെരുവുകളിലും പ്രതിഷേധ ശൃംഖല സംഘടിപ്പിക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആയിരിക്കും ഇത്. സെപ്റ്റംബര്‍ 22 ന് പ്രധാന തെരുവുകളില്‍ ജ്വാല തെളിയിച്ച് ഹര്‍ത്താല്‍ വിളംബരം ചെയ്യും.
സംസ്ഥാനത്ത് ഇന്ന് 15,692 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 92 മരണം;22,223 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 15,692 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം 1204, പാലക്കാട് 1156, ആലപ്പുഴ 1077, കണ്ണൂർ 700, പത്തനംതിട്ട 561, ഇടുക്കി 525, വയനാട് 510, കാസർഗോഡ് 222 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 92 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,683 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 66 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,875 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 687 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,223 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2271, കൊല്ലം 1506, പത്തനംതിട്ട 738, ആലപ്പുഴ 1507, കോട്ടയം 1482, ഇടുക്കി 889, എറണാകുളം 2730, തൃശൂർ 2369, പാലക്കാട് 1590, മലപ്പുറം 2423, കോഴിക്കോട് 2316, വയനാട് 942, കണ്ണൂർ 1079, കാസർഗോഡ് 281 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
വിദ്യാലയങ്ങൾ തുറക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനമെടുക്കട്ടെയെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും അടച്ചുപൂട്ടിയ വിദ്യാലയങ്ങള്‍ തുറക്കുന്നതിനായി നിര്‍ദേശം നല്കാന്‍ കഴിയില്ലെന്ന് സുപ്രിം കോടതി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും ഉചിതമായ തീരുമാനങ്ങള്‍ സര്‍ക്കാരുകള്‍ എടുക്കട്ടെയെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു.തീരുമാനങ്ങളെടുക്കുമ്പോൾ കുട്ടികളുടെ കാര്യത്തില്‍ ജാഗ്രത വേണമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. എല്ലാ കുട്ടികളും സ്‌കൂളില്‍ പോകണമെന്ന് കോടതിക്ക് എങ്ങനെ പറയാന്‍ സാധിക്കുമെന്നും സുപ്രിംകോടതി ചോദിച്ചു.നിലവില്‍ 18 വയസിന് മുകളില്‍ ഉള്ളവര്‍ക്കാണ് രാജ്യത്ത് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്. മൂന്നാം തരംഗമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാതെ എങ്ങനെ സ്‌കൂളിലേക്ക് കുട്ടികളെ വിടാനാകുമെന്നും കോടതി ആരാഞ്ഞു.
ഡല്‍ഹി സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് സ്കൂളുകള്‍ തുറക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. കൊറോണ കാരണം കഴിഞ്ഞ വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മുതല്‍ സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണെന്നും ഇത് വിദ്യാര്‍ത്ഥികളില്‍ മാനസികമായ പ്രതിസന്ധികള്‍ സൃഷ്ടിക്കുനതായും 12 വയസ്സുള്ള അമര്‍ പ്രേം പ്രകാശ് കോടതിയില്‍ പറഞ്ഞു. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന നിരവധി വിദ്യാര്‍ത്ഥികളുണ്ട്. സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകളുണ്ടെങ്കിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഇത് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ലെന്നും ഹരജിയില്‍ പറയുന്നു.
സംസ്ഥാനത്തെ സ്‌കൂൾ തുറക്കൽ സംബന്ധിച്ച മാർഗ്ഗരേഖ തയ്യാറാക്കാൻ വ്യാഴാഴ്‌ച്ച ഉന്നതതല യോഗം ചേരും; ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസുകൾ നടത്താൻ ആലോചന
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഇത് സംബന്ധിച്ച മാർഗ്ഗരേഖ തയ്യാറാക്കാൻ വ്യാഴാഴ്‌ച്ച ഉന്നതതല യോഗം ചേരും.സ്‌കൂളുകൾ തുറക്കാനുള്ള ആരോഗ്യപരമായ ഒരുക്കങ്ങൾ ആരംഭിച്ചുവെന്നും എല്ലാ ആശങ്കകളും പരിഹരിച്ച ശേഷം മാത്രമാകും സ്‌കൂൾ തുറക്കുകയെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു.എല്ലാ ക്ലാസുകളിലും മാസ്‌ക്ക് നിർബന്ധമാക്കുകയും ബസ് ഉൾപ്പെടെ അണുവിമുക്തമാക്കുകയും ചെയ്യും. ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ വേണമോയെന്നും ആലോചിക്കും.നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കാൻ കഴിഞ്ഞ ദിവസം ചേർന്ന കൊറോണ അവലോകന യോഗത്തിലാണ് തീരുമാനമായത്. ഒന്നു മുതൽ ഏഴുവരെയുള്ള പ്രൈമറി ക്ലാസുകളും 10, 12 ക്ലാസുകളും നവംബർ ഒന്നു മുതൽ തുടങ്ങും. നവംബർ 15 മുതൽ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയാറെടുപ്പുകൾ നടത്താനും 15 ദിവസം മുമ്പ് മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ നിർദ്ദേശിച്ചിരുന്നു.സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേർന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണം. രോഗപ്രതിരോധശേഷി കുറവുള്ള കുട്ടികൾ സ്‌കൂളുകളിൽ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതം. കുട്ടികളെ വാഹനങ്ങളിൽ എത്തിക്കുമ്പോൾ പാലിക്കേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.അതേസമയം 34 ലക്ഷം വിദ്യാർത്ഥികളാണ് ആദ്യഘട്ടത്തിൽ സ്കൂൾ തുറക്കുമ്പോൾ ക്ലാസ്സുകളിലെത്തുക . 30 ലക്ഷത്തിലധികവും സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലാണ്.എട്ട്, ഒമ്ബത്, പ്ലസ് വണ്‍ ക്ലാസുകള്‍ നവംബര്‍ പകുതിയോടെ തുടങ്ങാനാണ് ആലോചന.ഈ ക്ലാസുകള്‍ തുടങ്ങുന്നതോടെ 47 ലക്ഷത്തോളം കുട്ടികള്‍ സ്കൂളുകളിലെത്തും.ഇത്രയും വിദ്യാര്‍ഥികളെ കോവിഡ് കാലത്ത് സുരക്ഷിതമായി സ്കൂളിലെത്തിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന് വെല്ലുവിളിയാണ്. അണ്‍എയ്ഡഡ് ഉള്‍പ്പെടെ സംസ്ഥാനത്തെ 15,892 സ്കൂളുകളാണ് ഒന്നര വര്‍ഷത്തോളം കോവിഡില്‍ അടഞ്ഞുകിടന്നത്.
സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കും; ആദ്യ ഘട്ടത്തില്‍ പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും
തിരുവനന്തപുരം:സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുൻപ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനുമാണ് തീരുമാനം.ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് പ്രൈമറി ക്ലാസുകള്‍ ആദ്യം തുറക്കുന്നത്. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തും.വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോൾ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യും. സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്കു പുറമെ വിദ്യാലയങ്ങള്‍ തുറക്കുമ്പോൾ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലും സ്വീകരിക്കും. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്‌കുകള്‍ തയ്യാറാക്കുകയും ഇത് സ്‌കൂളുകളില്‍ കരുതുകയും വേണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.ഒക്ടോബർ നാല് മുതൽ കോളേജുകളിൽ അവസാന വർഷ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിക്കും. ഇതിനോടൊപ്പം തന്നെ പ്ലസ് വൺ പരീക്ഷകൾ നടത്തുന്നതിനുണ്ടായ തടസ്സങ്ങളും നീങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിലും സർക്കാർ തീരുമാനം.
നിപ്പ;വൈറസിന്റെ ഉറവിടം കണ്ടെത്താനാകാതെ അധികൃതർ;പഴങ്ങളിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലവും നെഗറ്റീവ്
കോഴിക്കോട്:കോഴിക്കോട്ടെ നിപ്പ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനാകാതെ അധികൃതർ.നിപ്പ സ്ഥിരീകരിച്ച ചാത്തമംഗലം പ്രദേശങ്ങളിലെ പഴങ്ങളിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ വൈറസ് സാന്നിദ്ധ്യം കണ്ടെത്താൻ സാധിച്ചില്ല. റമ്പൂട്ടാൻ, അടയ്‌ക്ക എന്നിവയിലാണ് വിദഗ്ധ പരിശോധന നടത്തിയത്. നിപ്പ ബാധിച്ച് മരിച്ച 12 വയസ്സുകാരന്റെ വീട്ടുവളപ്പിൽ നിന്നുമാണ് പഴങ്ങൾ ശേഖരിച്ചത്. പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടത്തിയത്.മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഭോപ്പാലിലെ ലാബിലേക്ക് അയച്ച പന്നി, വവ്വാൽ എന്നിവയുടെ പരിശോധാ ഫലവും നെഗറ്റീവ് ആണ്. നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിന് സമീപത്ത് നിന്നാണ് വനം വകുപ്പിന്റെ സഹായത്തോടെ മൃഗസംരക്ഷണ വകുപ്പ് പന്നിയേയും വവ്വാലിനേയും പിടികൂടി പരീക്ഷണത്തിന് വിധേയമാക്കിയത്.നേരത്തെ ചാത്തമംഗലത്ത് ചത്ത നിലയിൽ കണ്ടെത്തിയ വവ്വാലുകളുടേയും മരണമടഞ്ഞ കുട്ടിയുടെ വീട്ടിലെ ആടിന്റേയും സാമ്പിളുകൾ പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. എന്നാൽ ഇവയിലും വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.