കണ്ണൂർ:സംസ്ഥാനത്ത് അംഗീകാരം ഇല്ലാതെ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഒരാഴ്ചക്കകം പൂട്ടണമെന്ന് സ്കൂൾ മാനേജ്‌മെന്റുകൾക്ക് ഉപവിദ്യാഭ്യാസ ഓഫീസർ ഉത്തരവ് നൽകി.സ്കൂളുകൾ പൂട്ടി വിവരം ഓഫീസിനെ അറിയിക്കണം.ഏതെങ്കിലും അംഗീകാരം ഉണ്ടെങ്കിൽ ഏഴു ദിവസത്തിനകം ഇക്കാര്യം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.ഇത്തരം സ്കൂളുകളിലെ കുട്ടികളെ പൊതുവിദ്യാലയങ്ങളിലോ അംഗീകാരമുള്ള മറ്റു സ്കൂളുകളിലേക്കോ മാറ്റി ചേർക്കണം.കുട്ടികൾക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്കു സ്കൂൾ മാനേജ്‌മന്റ് ഉത്തരവാദിയായിരിക്കും. അംഗീകാരമില്ലാത്ത സ്കൂളുകൾ പൂട്ടുന്നതിലൂടെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കൂടുകയും അധ്യാപക തസ്തികകൾ വർധിക്കുകയും ചെയ്യും.ഇതോടെ സംരക്ഷിത അധ്യാപകർക്ക് ഈ തസ്തികകളിൽ ചേരാൻ പറ്റും.നല്ലരീതിയിൽ നടത്തിവരുന്ന സ്കൂളുകൾ അംഗീകാരമില്ലാത്തതിന്റെ പേരിൽ പൂട്ടിക്കുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നു സ്വകാര്യ മാനേജ്മെന്റുകളുടെ സംഘടനാ പ്രസിഡണ്ട് രാമദാസ് കതിരൂർ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവം;ദൃശ്യങ്ങൾ തിരിച്ചറിഞ്ഞു,നടന്നത് ക്രൂരമായ ലൈംഗികാക്രമണം
കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പോലീസിനു ലഭിച്ച ദൃശ്യങ്ങളിലുള്ളത് നടിയും സുനിയും തന്നെയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.ഓടുന്ന വാഹനത്തിനുള്ളിൽ നടിയെ ക്രൂരമായിഅപമാനിക്കുന്നതിൻറെ ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്.കേസിൽ ഏറ്റവും നിർണായകമായ തെളിവാണ് ഇതെന്നാണ് പോലീസ് പറയുന്നത്.ഞായറാഴ്ച ലോക്നാഥ് ബെഹ്‌റ ഉൾപ്പെടെയുള്ള പോലീസ് സംഘം ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു.ദൃശ്യങ്ങൾ ചോരാതിരിക്കാൻ പോലീസ് മേധാവി കർശന നിർദേശം നൽകിയിട്ടുണ്ട്.കേസിൽ കൂടുതൽ അറസ്റ്റ് അനിവാര്യമാക്കിയത് പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ കടുത്ത നടപടികളാണ്.ബാഹ്യ ഇടപെടലുകൾ അസാധ്യമാക്കി കേസിൽ നിന്നും പിന്നോക്കം പോകാൻ പറ്റാത്ത വിധം അന്വേഷണ സംഘത്തെ ബെഹ്‌റ തളച്ചു. കേസിൽ ഉന്നതർ ഉൾപ്പെട്ടിട്ടുണ്ട് എന്ന് സ്ഥിതീകരിച്ചിട്ടുണ്ടെങ്കിലും ചെറിയ പിഴവുപോലും സർക്കാരിനെയും പോലീസിനെയും പ്രതിക്കൂട്ടിലാക്കുമെന്നതിനാൽ എല്ലാ പഴുതുകളും അടച്ചശേഷം അറസ്റ്റിലേക്ക് നീങ്ങാനാണ് പോലീസിന്റെ തീരുമാനം.ചോദ്യം ചെയ്യൽ സമയത്ത് നാദിർഷായുടെ ഭാഗത്തുനിന്നുമുണ്ടായ നിസ്സഹകരണമാണ് സംഭവത്തിൽ കൂടുതൽ ഉന്നതർ ഉൾപ്പെട്ടിട്ടുണ്ട് എന്ന സംശയങ്ങൾക്ക് വഴിവെച്ചത്.
നാളെ സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം:സ്വാശ്രയ മെഡിക്കൽ ഫീസ് വർധനയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ വീട്ടിലേക്കു കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിനിടെ പ്രവർത്തകരെ പോലീസ് തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു അധ്വാനം ചെയ്തു.കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് ഉൾപ്പെടെയുള്ള ആറുപേരെ കസ്‌റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തു.പോലീസ് ലാത്തിച്ചാർജിൽ വനിതയടക്കം പത്തിലേറെ കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തതോടെ പോലീസ് ലാത്തി വീശുകയായിരുന്നു.
നടി ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്നും സുനിയുടെ ശരീര സ്രവങ്ങൾ ;ഫോറൻസിക് റിപ്പോർട്ട് പുറത്ത്
കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായകമായ ശാസ്ത്രീയ തെളിവുകളും പൊലീസിന് ലഭിച്ചു.നടിയെ ആക്രമിച്ചത് പൾസർ സുനി തന്നെയാണെന്ന് തെളിയിക്കുന്ന ഫോറൻസിക് റിപ്പോർട്ടുകളാണ് പുറത്തുവന്നത്.ആക്രമിക്കപ്പെട്ട ദിവസം നടി ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്നും സുനിയുടെ ശരീര സ്രവങ്ങൾ പൊലീസിന് ലഭിച്ചു.ഇക്കാര്യം തെളിയിക്കുന്ന റിപ്പോർട്ടാണ് ഫോറൻസിക് വിഭാഗം പൊലീസിന് കൈമാറിയിരിക്കുന്നത്.ഇത് കേസന്വേഷണത്തിൽ ഏറെ നിർണായകമാണ്.സുനിയല്ലാതെ മറ്റാരും നടിയെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല എന്ന വിലയിരുത്തലിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.
കണ്ണൂരിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ:തലശ്ശേരി നായനാർ റോഡിൽ സി.പി.എംപ്രവർത്തകന് വെട്ടേറ്റു.എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് രമ്യയുടെ ഭർത്താവും ഓട്ടോ ഡ്രൈവറുമായ സുരേഷ് ബാബുവിനാണ് വെട്ടേറ്റത്.ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നടിയെ ആക്രമിച്ച കേസ്;അറസ്റ്റ് ഉടൻ ഉണ്ടായേക്കും
കൊച്ചി:കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്ന് സൂചന.നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.ഇതിന്റെ ആധികാരികത ഉറപ്പാക്കാനുള്ള പരിശോധനയിലാണ് പോലീസ്.നടി ഉപദ്രവിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പുഴയിലെറിഞ്ഞെന്നും അഭിഭാഷകനെ ഏല്പിച്ചു എന്നൊക്കെയാണ് സുനി ആദ്യം പറഞ്ഞിരുന്നത്.എന്നാൽ പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ മെമ്മറി കാർഡ് തന്റെ കൂട്ടുപ്രതി വഴി കാവ്യാ മാധവന്റെ കാക്കനാട്ടുള്ള വ്യാപാരസ്ഥാപനത്തിൽ ഏല്പിച്ചു എന്ന് സുനി മൊഴി നൽകി.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഈ സ്ഥലങ്ങളിലൊക്കെ പരിശോധന നടത്തിയിരുന്നു.മെമ്മറി കാർഡ് കണ്ടെത്തിയതായി പോലീസ് പറഞ്ഞിട്ടില്ല.എന്നാൽ ദൃശ്യങ്ങൾ പോലീസിന് കിട്ടിയതായി സമ്മതിക്കുന്നുണ്ട്.കേസന്വേഷണം വേഗത്തിലാക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ നിർദേശിച്ചു.കേസ് ഡയറി പരിശോധിച്ച അദ്ദേഹം അന്വേഷണം ഇഴയുന്നതിൽ അതൃപ്തി രേഖപ്പെടുത്തി.അന്വേഷണ ചുമതല ദിനേന്ദ്ര കശ്യപിനും മേൽനോട്ടം എ.ഡി.ജി.പി ബി.സന്ധ്യക്കുമായിരിക്കും.തെളിവുകൾ ലഭിച്ചാൽ പ്രതിസ്ഥാനത്തു ഏത് ഉന്നതനായാലും അറസ്റ്റ് ചെയ്യാം എന്നും പോലീസ് മേധാവി നിർദ്ദേശിച്ചു.
യൂത്ത് ലീഗ് നേതാവിനെ കുത്തി പരിക്കേൽപിച്ചു
കാസർഗോഡ്:വ്യാപാരിയായ യൂത്ത് ലീഗ് നേതാവിന് കുത്തേറ്റു.കടയിൽ അതിക്രമിച്ചു കടന്ന അക്രമി സംഘം കട അടിച്ചു തകർക്കുകയും ചെയ്തു.അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് ഉച്ചയ്ക്ക് ഒന്നരമണിയോടെ മൊഗ്രാൽ പുത്തൂരാണ് സംഭവം.മുസ്ലിം യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ജോ.സെക്രട്ടറിയും ഗ്യാലക്സി ലൈറ്റ് ആൻഡ് സൗണ്ട് ഉടമയുമായ ഇബ്രാഹിമിനാണ് കുത്തേറ്റത്.ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കത്തിയുൾപ്പെടെയുള്ള മാരകായുധങ്ങളുമായി കടയിലെത്തിയ സംഘം ഇബ്രാഹിമിനെ കത്തികൊണ്ട് കുത്തുകയായിരുന്നു.പോലീസ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.
കാവ്യയുടെ സ്ഥാപനത്തിലെ റെയ്ഡ് മെമ്മറി കാർഡ് കണ്ടെടുക്കാൻ
കൊച്ചി: കാവ്യയുടെ സ്ഥാപനത്തിൽ ഇന്നലെ പോലീസ് റെയ്ഡ് നടത്തിയത് മെമ്മറി കാർഡ് കണ്ടെടുക്കാൻ.മെമ്മറി കാർഡ് കാവ്യയുടെ സ്ഥാപനത്തിൽ ഏല്പിച്ചെന്ന പൾസർ സുനിയുടെ മൊഴിയെ തുടർന്നാണ് റെയ്ഡ്.കൂട്ട് പ്രതിയായ വിജീഷാണ് മെമ്മറി കാർഡ് കൈമാറിയതെന്നാണ് സുനി പോലീസിന് മൊഴി നൽകിയിരിക്കുന്നത്.മെമ്മറി കാർഡിൽ ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങൾ. ഇതിനെ തുടർന്ന് ഇന്നലെ കാവ്യയുടെ വീട്ടിലും റെയ്ഡ് നടത്താൻ പോലീസ് ശ്രമിച്ചിരുന്നു.എന്നാൽ വീട്ടിൽ ആളില്ലാത്തതിനാൽ റെയ്ഡ് നടത്താൻ സാധിച്ചില്ല.
കായംകുളത്ത് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം
ആലപ്പുഴ:കായംകുളത്ത് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം.കായംകുളം റെയിൽവേ സ്റ്റേഷന് സമീപത്തു വെച്ച് ചെന്നൈ മെയിൽ കടന്നു പോകേണ്ട പാലത്തിനു കുറുകെ വലിയ ഇരുമ്പു ദണ്ഡ് എടുത്തുവെച്ചായിരുന്നു അട്ടിമറി ശ്രമം നടന്നത്.എന്നാൽ ട്രെയിൻ കയറി ഇരുമ്പു ദണ്ഡ് പല കഷ്ണങ്ങളായി മുറിഞ്ഞു പോയതിനാൽ വൻദുരന്തം ഒഴിവായി.റയിൽവെയുടെ ഇലക്ട്രിക്ക് സാധനങ്ങൾ സൂക്ഷിക്കുന്ന പെട്ടിയാണിതെന്നാണ് പ്രാഥമിക നിഗമനം.സ്ഥലത്തു റെയിൽവേ ഉദ്യോഗസ്ഥരും പോലീസും എത്തി പരിശോധനകൾ നടത്തി.
കള്ളപ്പണം വെളുപ്പിച്ചു;സംസ്ഥാനത്തെ ആറ് സഹകരണ ബാങ്കുകൾക്കെതിരെ സി.ബി.ഐ കേസെടുത്തു
കൊല്ലം: കൊല്ലത്തെ ആറ് സഹകരണ ബാങ്കുകൾക്കെതിരെ കള്ളപ്പണം വെളുപ്പിച്ചു എന്ന പരാതിയിൽ സി.ബി.ഐ കേസെടുത്തു. കുലശേഖരപുരം, ചാത്തന്നൂർ,പന്മന,കടക്കൽ, പുതിയകാവ്,മയ്യനാട് എന്നിവിടങ്ങളിലെ സഹകരണ ബാങ്കുകൾക്കെതിരെയാണ് കേസ്.നോട്ട് നിരോധന കാലയളവില്‍ ആര്‍.ബി.ഐ ഏര്‍പ്പെടുത്തിയ പരിധികള്‍ ലംഘിച്ച് കോടികള്‍ നിക്ഷേപം സ്വീകരിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് സി.ബിഐ കണ്ടെത്തിയത്.ആറ് ബാങ്ക് സെക്രട്ടറിമാരെയും പ്രതികളാക്കിയാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്.പന്മന, ചത്തന്നൂര്‍ ശാഖകളിലാണ് ഏറ്റവും കൂടുതല്‍ ക്രമക്കേട് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ബാങ്കുകളില്‍ സി.ബി.ഐ പരിശോധനയും നടത്തിയിരുന്നു.