മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മദനിക്ക് സുപ്രീം കോടതിയുടെ അനുമതി
ന്യൂഡൽഹി:മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പി.ഡി.പി നേതാവ് മദനിക്ക് സുപ്രീം കോടതിയുടെ അനുമതി .മദനി നൽകിയ ഹർജി പരിഗണിച്ചാണ് കോടതി തീരുമാനം.മദനിക്ക് വിവാഹത്തിൽ പങ്കുടുക്കാൻ അനുമതി നൽകാനാവില്ലെന്ന് കർണാടക സർക്കാർ ശക്തമായി വാദിച്ചിരുന്നു.വിവാഹത്തിൽ പങ്കെടുക്കാൻ വരുന്നതിന്റെ ചിലവ് വഹിക്കാൻ കഴിയില്ലെന്നും സർക്കാർ നിലപാടെടുത്തു.സുരക്ഷയ്ക്ക് വേണ്ടി വരുന്ന ചെലവ് വഹിക്കാൻ തങ്ങൾ തയ്യാറാണെന്ന് മദനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചതോടെയാണ് വിഷയത്തിൽ തീരുമാനമായത്.സുരക്ഷാ ചെലവ് വഹിക്കാൻ തയ്യാറാണെന്ന മദനിയുടെ വാദം അംഗീകരിച്ചാണ് കോടതി വിവാഹത്തിൽ പങ്കെടുക്കാൻ അനുവാദം നൽകിയത്.വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഓഗസ്റ്റ് ഏഴു മുതൽ പതിനാലു വരെ കേരളത്തിൽ താമസിക്കാനാണ് മദനിക്ക് സുപ്രീം കോടതി അനുവാദം നൽകിയിരിക്കുന്നത്.ഓഗസ്റ്റ് ഒൻപതിന് തലശ്ശേരിയിൽ വെച്ചാണ് വിവാഹം.
അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ അണികളെ ബോധവൽക്കരിക്കും
തിരുവനന്തപുരം:തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി – ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. അക്രമങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ ധാരണയായി. രണ്ട് പാര്‍ട്ടികളുടെയും അണികള്‍ക്ക് നിര്‍ദേശം നല്‍കും. തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ദൌര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗസ്ത് ആറിന് സര്‍വകക്ഷിയോഗം ചേരാനും യോഗത്തില്‍ ധാരണയായി.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എംഎല്‍എ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സമാധാനശ്രമങ്ങള്‍ക്ക് ബിജെപി നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചു.
കോട്ടയത്ത് സി.ഐ.ടി.യു.ഡി.വൈ.എഫ്.ഐ ഓഫീസുകൾക്കു നേരെ ആക്രമണം
കോട്ടയം:സംസ്ഥാനത്തു ആക്രമണം തുടരുന്നു.കോട്ടയത്ത് സി.ഐ.ടി.യു.ഡി.വൈ.എഫ്.ഐ ഓഫീസുകൾക്കു നേരെ ആക്രമണം.സംഘമായി എത്തിയ അക്രമികൾ ഓഫീസുകൾ അടിച്ചു തകർത്തു.രാത്രിയോടെ കോട്ടയത്തെ ആർ.എസ്.എസ് ജില്ലാ കാര്യാലയത്തിന് നേരെ കല്ലെറിഞ്ഞിരുന്നു.ബൈക്കിലെത്തിയ രണ്ടുപേരാണ് കല്ലെറിഞ്ഞതെന്നാണ് ഓഫീസിലുള്ളവരുടെ മൊഴി.ഇതിനു പിന്നാലെയാണ് സി.ഐ.ടി.യു ഓഫീസ് അടക്കമുള്ളവയ്ക്കു നേരെ കല്ലേറുണ്ടായത്.തിരുവനന്തപുരത്തു ആർ.എസ്.എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു ബിജെപി ആഹ്വാനം നൽകിയ ഹർത്താലിനിടെ ആയിരുന്നു കോട്ടയത്തും സംഘർഷം.
ഗുജറാത്ത് തീരത്തു നിന്നും 3500 കോടി രൂപയുടെ ഹെറോയിൻ പിടികൂടി
അഹമ്മദാബാദ്:ഗുജറാത്ത് തീരത്തു നിന്നും പനാമ രെജിസ്ട്രേഷനുള്ള കപ്പലിൽ നിന്നും 3500 കോടി രൂപ വിലമതിക്കുന്ന 1500 കിലോഗ്രാം മയക്കുമരുന്ന് തീര സംരക്ഷണ സേന പിടികൂടി.കപ്പലിലെ എട്ടു ജീവനക്കാരെയും കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.എം.വി ഹെന്റി എന്ന് പേരുള്ള കപ്പലാണ് മൂന്നു ദിവസം നീണ്ടുനിന്ന നീക്കത്തിനൊടുവിൽ പിടിച്ചെടുത്തത്.ഇത് ഇറാനിൽ നിന്നും എത്തിയതാണെന്നു ഉദ്യോഗസ്ഥർ വ്യക്തമാക്കി.ഗുജറാത്തിലെ അലാങ് വഴി മയക്കുമരുന്ന് രാജ്യത്തേക്ക് എത്തിക്കാനുള്ള നീക്കമാണ് രഹസ്യ വിവരത്തെ തുടർന്ന് തീര സംരക്ഷണ സേന പരാജയപ്പെടുത്തിയത്.
തിരുവനന്തപുരത്ത് നിരോധനാജ്ഞ മൂന്നു ദിവസത്തേക്ക് കൂടി നീട്ടി
തിരുവനന്തപുരം:രാഷ്ട്രീയ അക്രമങ്ങളെ തുടർന്ന് തിരുവനന്തപുരത്തു നിരോധനാജ്ഞ മൂന്നു ദിവസം കൂടി നീട്ടി.പോലീസ് ആക്ട് പ്രകാരം പ്രകടങ്ങളും പൊതുയോഗങ്ങളും നടത്താൻ പാടില്ല.തിരുവനന്തപുരം സിറ്റി പോലീസിന്റേതാണ് ഉത്തരവ്.ഓഗസ്റ്റ് രണ്ടു വരെ ഉത്തരവ് നിലനിൽക്കും.അക്രമങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി.പ്രകോപനം ഉണ്ടാക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ ഫോട്ടോകൾ,വീഡിയോകൾ,പ്രസ്താവനകൾ എന്നിവ ഷെയർ ചെയ്യുന്നവർക്കെതിരെ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു.വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ,ഫേസ്ബുക് പോസ്റ്റുകൾ എന്നിവ പോലീസിന്റെ നിരീക്ഷണത്തിലാണ്.
തലസ്ഥാനത്ത് ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു
തിരുവനന്തപുരം:ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗറിൽ ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു.ബൈക്കിലും ഓട്ടോറിക്ഷയിലുമായി എത്തിയ പതിനഞ്ചംഗ സംഘമാണ് ആർ.എസ്.എസ് കാര്യവാഹക് കുന്നിൽ വീട്ടിൽ രാജേഷിനെ(34) വെട്ടിക്കൊലപ്പെടുത്തിയത്.ഇയാളുടെ ഇടതു കൈ പൂർണ്ണമായും വേർപെട്ടിരുന്നു.വലതു കൈ മുറിഞ്ഞു തൂങ്ങിയ അവസ്ഥയിലുമായിരുന്നു. രണ്ടു കാലുകൾക്കും ഗുരുതരമായി വെട്ടേറ്റിരുന്നു.ശനിയാഴ്ച രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം.വിനായക് നഗറിലുള്ള കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വരുമ്പോൾ കടയുടെ മുൻപിലിട്ടു അക്രമിസംഘം യുവാവിനെ വെട്ടുകയായിരുന്നു.സ്ഥലത്തു ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം അക്രമി സംഘം യുവാവിന്റെ കൈ വെട്ടിമാറ്റി അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു.ഇരു കാലുകളിലും ശരീരത്തിലും നിരവധി വെട്ടേറ്റ യുവാവിനെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു .ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല.
പി.യു ചിത്രയെ അത്‌ലറ്റിക്ക് മീറ്റില്‍ മത്സരിപ്പിക്കണമെന്ന് കേന്ദ്രകായിക മന്ത്രി
ന്യൂ ഡൽഹി:പിയു ചിത്രയെ അത്‌ലറ്റിക്ക് മീറ്റില്‍ മത്സരിപ്പിക്കണമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍. അത്‌ലറ്റിക്ക് ഫെഡറേഷന്‍ പ്രസിഡന്റിനോട് മന്ത്രി ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടു. ഹൈക്കോടതി വിധിയെ ബഹുമാനിക്കണമെന്നും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ അനുകൂല വിധി ഉണ്ടായിട്ടും ചിത്രയെ മീറ്റിന് അയക്കാത്ത ദേശീയ അത് ലറ്റിക് ഫെഡറേഷന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയിരുന്നു.ഓഗസ്റ്റ് നാലിനാണ് ലണ്ടനിൽ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് തുടക്കമാകുന്നത്.ഇതിൽ പങ്കെടുക്കുന്നതിനുള്ള ഇന്ത്യൻ ടീം നേരത്തെ യാത്ര തിരിച്ചിരുന്നു.ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതിയും അവസാനിച്ചിരുന്നു.അത്ലറ്റിക് ഫെഡറേഷന്റെ ശക്തമായ ഇടപെടലിലൂടെ മാത്രമേ ചിത്രയ്ക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുമായിരുന്നുള്ളൂ.എന്നാൽ അതിനു വേണ്ടി ഒരു ശ്രമവും നടത്താനാവില്ലെന്ന നിലപാടിലാണ് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ.
ചിത്രക്ക് മീറ്റില്‍ പങ്കെടുക്കാനാകില്ലെന്ന് അത്‍ലറ്റിക് ഫെഡറേഷന്‍
തിരുവനന്തപുരം:പി യു ചിത്രക്ക് ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാനാകില്ലെന്ന് അത്‍ലറ്റിക് ഫെഡറേഷന്‍. ഹൈക്കോടതി വിധി തങ്ങളുടെ വാദം കേള്‍ക്കാതെയാണ്. ലോക അത്‌ലറ്റിക് മീറ്റ് എന്‍ട്രിക്കുള്ള സമയപരിധി കഴിഞ്ഞു. ഇക്കാര്യങ്ങള്‍ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കുമെന്ന് അത്‍ലറ്റിക് ഫെഡറേഷന്‍ വ്യക്തമാക്കി.ലണ്ടനില്‍ നടക്കുന്ന ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ടീമില്‍ പി യു ചിത്രയെ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. 1500 മീറ്റര്‍ മത്സരത്തില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. ചിത്ര നല്‍കിയ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്.
ദിലീപിന്റെ മാനേജർ അപ്പുണ്ണി ഇന്ന് കീഴടങ്ങിയേക്കും
കൊച്ചി:നടിയെ തട്ടികൊണ്ടുപോയ കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ സഹായി അപ്പുണ്ണി എന്ന് വിളിക്കുന്ന എ.എസ് സുനിൽ കുമാർ ഇന്ന് കീഴടങ്ങാൻ സാധ്യത.കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണിത്.ഹർജിക്കാരൻ പൊലീസിന് മുൻപാകെ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.ചോദ്യം ചെയ്യൽ നിയമപ്രകാരമാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.നിലവിൽ അപ്പുണ്ണി പ്രതിയല്ലെങ്കിലും ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ കൂടുതൽ നടപടിയുണ്ടാകുമെന്നുമാണ് സർക്കാർ നിലപാട്.