ആലപ്പുഴ:അറുപത്തി അഞ്ചാമത് നെഹ്‌റു ട്രോഫി വള്ളംകളി ആലപ്പുഴ പുന്നമടക്കായലില്‍ ആരംഭിച്ചു. രാവിലെ 11 മണിയോടെ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഉച്ചയ്ക്ക് രണ്ടു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ജലമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്നാണ് ഓളപ്പരപ്പിലെ രാജാവിനെ തെരഞ്ഞെടുക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ പോരാട്ടം നടക്കുക.സ്റ്റാര്‍ട്ടിങ്ങ് ഫിനിഷിങ്ങ് സംവിധാനങ്ങളെല്ലാം കൂടുതല്‍ ശാസ്ത്രീയമായാണ് ഇത്തവണ തയ്യാറാക്കിയിട്ടുള്ളത്. നഗരത്തില്‍ ഉണ്ടാവുന്ന തിരക്ക് നിയന്ത്രിക്കാന്‍ രാവിലെ മുതല്‍ തന്നെ കര്‍ശനമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.നെഹറു ട്രോഫിയുടെ ചരിത്രത്തിൽ ഏറ്റവും കുടൂതൽ വള്ളങ്ങൾ പങ്കെടുക്കുന്ന ജലമേളയാണ് ഇത്തവണത്തേത്. മത്സര ഇനത്തിൽ 20ഉം പ്രദർശന മത്സരത്തിൽ നാലും ഉൾപ്പെടെ 24 ചുണ്ടൻ വളളങ്ങൾ പങ്കെടുക്കും. അഞ്ച് ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളവും 25 ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളവും ഒമ്പത് വെപ്പ് എ ഗ്രേഡ് വള്ളവും ആറ് വെപ്പ് ബി ഗ്രേഡ് വള്ളവും മൂന്ന് ചുരുളൻ വള്ളവും തെക്കനോടിയിൽ മൂന്നുവീതം തറ, കെട്ടു വള്ളവും മത്സരത്തിൽ മാറ്റുരയ്ക്കും.
ഉത്തർപ്രദേശിലെ ആശുപത്രിയിൽ ഓക്സിജൻ വിതരണം തടസപ്പെട്ടതിനെ തുടർന്ന് 30 കുട്ടികൾ മരിച്ചു
ഗോരഖ്‌പൂർ:ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലോക്സഭ മണ്ഡലമായ ഗോരഖ്‌പൂരിലെ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് 30 കുട്ടികൾ മരിച്ചു.അതേസമയം ഓക്സിജൻ ലഭിക്കാത്തതിനാലല്ല മരണം സംഭവിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.മരണം ആരോഗ്യ പ്രശ്നങ്ങൾ മൂലമാണെന്നാണ് സർക്കാർ വിശദീകരണം.ആശുപത്രിയിലേക്കുള്ള ഓക്സിജിന്‍ വിതരണം മുടങ്ങിയതാണ് കൂട്ടമരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഗൊരഖ്പൂര്‍ ജില്ലാ മജിസ്ട്രേറ്റ് രാജീവ് രൌട്ടേലയാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വിട്ടത്. ഗൊരഖ്പൂരിലെ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളജില്‍ ജപ്പാന്‍ ജ്വരബാധിതരായി ചികിത്സയിലായിരുന്നു കുട്ടികള്‍.ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം നിലച്ചതാണ് ദാരുണ സംഭവത്തിനിടയാക്കിയത്. ഓക്സിജന്‍ വിതരണം നടത്തുന്ന കമ്പനിക്ക് ആശുപത്രി അധികൃതര്‍ 64 ലക്ഷം രൂപ നല്‍കാനുണ്ടെന്നും ഇത് നല്‍കാത്തതിന്‍റെ പേരില്‍ ഓക്സിജന്‍ വിതരണം കമ്പനി നിര്‍ത്തുകയായിരുന്നു.യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടര്‍ച്ചയായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഗോരഖ്‌പൂർ മണ്ഡലത്തില്‍ നിന്നായിരുന്നു. അവിടെ തന്നെ ഉണ്ടായ സംഭവം യുപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ശനിയാഴ്ച മുതൽ നാലു ദിവസത്തേക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല
ന്യൂഡൽഹി:ഓഗസ്റ്റ് 12 മുതൽ നാലു ദിവസത്തേക്ക് രാജ്യത്തെ ബാങ്കുകൾ പ്രവർത്തിക്കില്ല.അടുപ്പിച്ചു നാലു അവധി ദിവസങ്ങൾ വരുന്നതിനാലാണിത്.രണ്ടാം ശനിയാഴ്ചയും ഞാറാഴ്ച്ചയും ബാങ്കുകൾക്ക് പൊതു അവധിയാണ്.ഇതിനു പുറമെ രണ്ടു പൊതു അവധി ദിവസങ്ങളും കൂടി വരുന്നതോടെ നാലു ദിവസം അടുപ്പിച്ച് ബാങ്കുകൾ അടഞ്ഞു കിടക്കും.ഓഗസ്റ്റ് 12 രണ്ടാം ശനി,ഓഗസ്റ്റ് 13 ഞായർ,ആഗസ്ത് 14 ജന്മാഷ്ടമി,ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം എന്നിവയാണ് അടുപ്പിച്ചു വരുന്ന നാലു അവധി ദിവസങ്ങൾ. ബാങ്കുകൾ അടഞ്ഞു കിടക്കുന്നതിനു പുറമെ നാലു ദിവസത്തേക്ക് എ ടി എമ്മുകളിലും പണം കമ്മിയായിരിക്കും.ബാങ്കിങ് ഇടപാടുകൾ നടത്താൻ ഇനി ബുധനാഴ്ചവരെ കാത്തിരിക്കണം.
ഉഴവൂര്‍ വിജയന്‍റെ മരണം: ദുരൂഹത അന്വേഷിക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
കോട്ടയം:ഉഴവൂര്‍ വിജയന്‍റെ മരണത്തിലെ ദുരൂഹത അന്വേഷിക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. എന്‍സിപിയുടെ കോട്ടയം ജില്ല കമ്മിറ്റിക്ക് വേണ്ടി പ്രവര്‍ത്തകയായ റജി സാംജി നല്‍കിയ പരാതിയിലാണ് തുടര്‍നടപടി സ്വീകരിക്കാന്‍ ഡിപിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. മരണത്തിന് മുന്‍പ് കേരള അഗ്രോ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ സുള്‍ഫിക്കര്‍ മയൂരി ഉഴവൂരിനെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് മരണത്തിലെത്തിച്ചതെന്നുമാണ് പരാതി.മരണത്തിന് മുന്‍പ് സുള്‍ഫിക്കര്‍ മയൂരി ഉഴവൂര്‍ വിജയനെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് കോട്ടയത്ത് എന്‍സിപി ജില്ലാ കമ്മിറ്റി ചേര്‍ന്നത്. യോഗത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ പക്ഷം നില്‍ക്കുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശമുണ്ടായി. തുടര്‍ന്ന് ഉഴവൂരിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പ്രമേയം പാസാക്കി. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ജില്ലാ കമ്മിറ്റി പരാതിയും നല്‍കുകയായിരുന്നു.
വാഹന ഇന്‍ഷുറന്‍സിന് പുക സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി:മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങല്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കരുതെന്ന് സുപ്രീംകോടതി. അന്തരീക്ഷ മലിനീകരണം തടയാനുള്ള നടപടികളുടെ ഭാഗമായാണ് കോടതി ഉത്തരവ്.മലിനീകരണ നിയന്ത്രണ അതോറിട്ടിയുടെ നിര്‍ദേശങള്‍ പരിഗണിച്ചാണ് സുപ്രീംകോടതി പുതിയ ഉത്തരവിട്ടിരിക്കുന്നത്. വാഹന ഇന്‍ഷുറന്‍സ് എടുക്കണമെങ്കില്‍ വാഹന ഉടമ മലിനീകരണം നിയന്ത്രിത അളവിലാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് കോടതി നിര്‍ദേശം.ഡല്‍ഹിയില്‍ ഓടുന്ന വാഹനങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ പരിശോധന കേന്ദ്രങ്ങളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു. എല്ലാ ഇന്ധന വില്‍പന ശാലകളോടനു ബന്ധിച്ചും പുക പരിശോധന കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് ഉറപ്പാക്കാന്‍ റോഡ് ഗതാഗത മന്ത്രാലയത്തിനും നിര്‍ദേശം നല്‍കി. ഇതിനായി നാലാഴ്ച സമയം നല്‍കിയിട്ടുണ്ട്.
വോട്ടേഴ്‌സ് ഐ ഡിയും ആധാറും തമ്മിൽ ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി:പാൻകാർഡിനും മൊബൈൽ കണക്ഷനും പുറകെ വോട്ടർ ഐ.ഡിയും ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി സഹമന്ത്രി പി.പി ചൗധരിയാണ് കഴിഞ്ഞ ദിവസം ലോക്സഭയെ ഇക്കാര്യം അറിയിച്ചത്.തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾക്കു കൂടുതൽ എളുപ്പമാകുമെന്ന വിലയിരുത്തലിലാണ് വോട്ടർ ഐ.ഡിയും ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുന്നത്.
ന്യൂസ് 18 ചാനൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
തിരുവനന്തപുരം:ന്യൂസ് 18 ചാനലിലെ വനിതാ മാധ്യമ പ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചു.അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനും അവതാരകനുമായ സനീഷിനെതിരെ ആരോപണം ഉന്നയിച്ചാണ് ആത്മഹത്യാശ്രമമെന്നാണ് റിപ്പോർട്.സനീഷ് അശ്ലീലം പറഞ്ഞെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി നേരത്തെ ഇവർ ചാനൽ മാനേജ്‌മെന്റിന് പരാതി നൽകിയിരുന്നു.എന്നാൽ പരാതിയിൽ നടപടിയില്ലാതെ തനിക്കു പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചതോടെയാണ് മാധ്യമ പ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ.ആലപ്പുഴ സ്വദേശിനിയായ മാധ്യമപ്രവർത്തകയാണ് ഉറക്കഗുളികകൾ അമിതമായി കഴിച്ചു ആത്മഹത്യക്കു ശ്രമിച്ചത്.ഇവർ തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.സനീഷിനെതിരെ ചാനലിന്റെ എഡിറ്റർ രാജീവ് ദേവരാജിനാണ് പെൺകുട്ടി പരാതി നൽകിയിരുന്നത്.എന്നാൽ നടപടിയെടുക്കാതെ രാജീവ് ഇത് പൂഴ്ത്തിവെച്ചു എന്നാണ് ആരോപണം.ഇതിനു ശേഷം അവധിയിലായിരുന്ന പെൺകുട്ടി ഇന്നലെ ഉച്ചയോടെ ഓഫീസിലെത്തി രാജീവിനെ കണ്ട് ദീർഘനേരം സംസാരിച്ചിരുന്നു.തുടർന്ന് വീട്ടിലെത്തിയതിനു ശേഷമാണ് ആത്മഹത്യാശ്രമം നടത്തിയത്.
പള്‍സര്‍ സുനി വിളിച്ചതും കത്തയച്ചതും അപ്പോള്‍ത്തന്നെ ബെഹ്റയെ അറിയിച്ചിരുന്നു: ദിലീപ്
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ പോലീസിനെ വെട്ടിലാക്കി ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ.പൾസർ സുനി തന്നെ വിളിച്ച കാര്യം ഡിജിപി ലോക്നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്നാണ് ദിലീപ് സമർപ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയിൽ പറയുന്നത്.ബെഹ്റയുടെ പേർസണൽ നമ്പറിലേക്ക് വിളിച്ച് താൻ കാര്യം അറിയിച്ചിരുന്നു.സുനിയുമായി നടത്തിയ ഫോൺ സംഭാഷണം അടക്കം ബെഹ്‌റയ്‌ക്ക് വാട്സ്ആപ് ചെയ്തു നൽകുകയും ചെയ്തെന്നാണ് ദിലീപ് ജാമ്യാപേക്ഷയിൽ അവകാശപ്പെടുന്നത്. ജയിലിൽനിന്നും പൾസർ സുനി ഫോൺ വിളിച്ചകാര്യം ദിലീപ് ആഴ്ചകളോളം മറച്ചുവെച്ചു എന്നായിരുന്നു പോലീസിന്റെ പ്രധാന വാദം.ഈ വാദങ്ങളെല്ലാം പൊളിക്കുന്ന വിവരങ്ങളാണ് ദിലീപ് ഇന്ന് ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരിക്കുന്നത്.
പാതയോര മദ്യനിരോധനം: വിധി മാറ്റില്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ദേശീയ പാതയോരങ്ങളിലെ മദ്യശാലകൾ പൂട്ടിയ ഉത്തരവിൽ മാറ്റമുണ്ടാകില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. വിധിയിൽ വ്യക്തത തേടി സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതി തീരുമാനം അറിയിച്ചത്. നേരത്തെ പുറപ്പെടുവിച്ച വിധിയിൽ കൂടുതൽ വ്യക്തതയുടെ ആവശ്യമില്ലെന്നും വിധി പുനപരിശോധിക്കില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു.സുപ്രീംകോടതി ഉത്തരവോടെ ദേശീയപാതയോരത്തെ മദ്യശാലകൾ ഇനി തുറക്കില്ലെന്ന് ഉറപ്പായി. പാതയോരങ്ങളിൽ നിന്നും 500 മീറ്റർ മാറി മാത്രമേ മദ്യശാലകൾ സ്ഥാപിക്കാവൂ എന്നും ഈ ദൂരപരിധി പാലിക്കാത്ത മദ്യശാലകൾ അടച്ചുപൂട്ടണമെന്നുമായിരുന്നു സുപ്രീംകോടതിയുടെ നേരത്തെയുള്ള വിധി.
തുടർച്ചയായ അഞ്ചാം തവണയും മട്ടന്നൂരിൽ ഇടതുമുന്നണി ഭരണം നിലനിർത്തി
മട്ടന്നൂർ:മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും ഇടത് മുന്നേറ്റം. 35 വാര്‍ഡുകളിലെയും ഫലപ്രഖ്യാപനം വന്നപ്പോള്‍ 28 എണ്ണത്തില്‍ ഇടത് സ്ഥാനാര്‍ഥികള്‍ വിജയികളായി. ഏഴ് വാര്‍ഡുകള്‍ മാത്രമാണ് യുഡിഎഫിന് നേടാനായത്. ബിജെപിക്ക് സീറ്റ് ലഭിച്ചില്ല.എന്നാൽ മൂന്നു വാർഡുകളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തി.കഴിഞ്ഞ വര്ഷം എൽഡിഎഫിന് 21 സീറ്റുകളും യുഡിഎഫിന് 13 സീറ്റുമാണ് ലഭിച്ചിരുന്നത്.