ഉത്തർപ്രദേശ്:ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ ട്രെയിന്‍ പാളം തെറ്റി മരിച്ചവരുടെ എണ്ണം 23 ആയി.10 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. നാനൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കലിംഗ – ഉദ്കല്‍ എക്സ്പ്രസാണ് പാളം തെറ്റിയത്. സംഭവത്തില്‍ റെയില്‍വേ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു.ഒഡിഷയിലെ പുരിയില്‍ നിന്ന് പുറപ്പെട്ട കലിംഗ – ഉദ്കല്‍ എക്സ്പ്രസാണ് മുസഫര്‍നഗറിന് 25 കിലോമീറ്റര്‍ അകലെ ഖട്ടവ്‌ലിയില്‍ പാളം തെറ്റിയത്. വൈകിട്ട് 5.50 നായിരുന്നു അപകടം. 10 ബോഗികളാണ് പാളം തെറ്റിയത്. 6 ബോഗികള്‍ പൂര്‍ണമായും പാളത്തില്‍ നിന്ന് തെന്നിമാറി. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനുള്ള സാധ്യതയുണ്ട്.അപകടകാരണം വ്യക്തമായിട്ടില്ല. സ്ഥിതിഗതികള്‍ വിലയിരുത്തി വരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സംഭവത്തില്‍ റെയില്‍വേ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് റെയില്‍വേമന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
വള്ളം മറിഞ്ഞ് മൂന്നുപേർ മരിച്ചു
കൊല്ലം:കായലിൽ വള്ളം മറിഞ്ഞ് മൂന്നുപേർ മുങ്ങി മരിച്ചു.കണ്ടച്ചിറ കായലിലാണ് സംഭവം.കണ്ടച്ചിറ സ്വദേശികളായ ടോണി,സാവിയോ,മോനിഷ് എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.കായലിൽ മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തിൽപെട്ടത്.മീൻ പിടിക്കുന്നതിനായി വല കായലിലേക്ക് എറിയുമ്പോൾ വള്ളം ഉലയുകയും മൂവരും നിലതെറ്റി വെള്ളത്തിൽ വീഴുകയുമായിരുന്നു.മൃതദേഹങ്ങൾ കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
യുപിയിൽ ട്രെയിൻ പാളം തെറ്റി അഞ്ചു മരണം
ലക്നോ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ ട്രെയിൻ പാളം തെറ്റി. പുരിയിൽനിന്നു ഹരിദ്വാർവഴി കലിംഗയ്ക്കു പോകുന്ന ഉത്കൽ എക്സ്പ്രസിന്‍റെ ആറു ബോഗികളാണ് പാളം തെറ്റിയത്. അഞ്ചുപേർ അപകടത്തിൽ മരച്ചതായാണ് പ്രാഥമിക വിവരം. 35 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അപകടം അട്ടിമറിയാണെന്ന് സംശയമുയർന്നതിനെ തുടർന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് സംഭവസ്ഥലത്തേക്കു തിരിച്ചു.മുസഫർനഗറിലെ കട്ടൗലിക്കുസമീപമായിരുന്നു അപകടം. ന്യൂഡൽഹിയിൽനിന്നു 100 കിലോമീറ്റർ മാത്രം അകലെയാണ് കട്ടൗലി. ജില്ലാ ഭരണകൂടം ഇവിടെ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളെ ഡൽഹിയിൽനിന്ന് അപകടമുണ്ടായ കട്ടൗലിയിലേക്ക് അയച്ചിട്ടുണ്ട്.
ഓക്സിജൻ ലഭിക്കാതെ ഡൽഹിയിലും നവജാതശിശു മരിച്ചു
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗോരഖ്പുരിനു പിന്നാലെ ഡൽഹിയിലും പ്രാണവായു ലഭിക്കാതെ നവജാത ശിശു മരിച്ചു. റാവു ടുല രാം ആശുപത്രിയിൽ തിങ്കളാഴ്ച ജനിച്ച കുട്ടിയാണ് മരിച്ചത്. ജനിച്ചയുടനെ കുട്ടിക്ക് ശ്വാസതടസം നേരിട്ടിരുന്നു. ഇതേതുടർന്നു കുട്ടിക്കു ഓക്സിജൻ നൽകാൻ ഡോക്ടർ ആവശ്യപ്പെട്ടു. എന്നാൽ യഥാസമയം ഓക്സിജൻ നൽകാൻ അധികൃതർക്കു സാധിച്ചില്ലെന്നും ഇതേതുടർന്നാണ് കുട്ടി മരിച്ചതെന്നും മാതാപിതാക്കൾ പറഞ്ഞു.ആശുപത്രിയിൽ ആവശ്യത്തിനുള്ള ഓക്സിജൻ സിലിണ്ടറുകൾ ഇല്ലാത്തതുമൂലമാണ് കുട്ടി മരിക്കാൻ ഇടയായതെന്നും കുട്ടിയുടെ പിതാവ് ബ്രിജേഷ് കുമാർ സിംഗ് പറഞ്ഞു. ഇതിനെതിരെ ഡൽഹി പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൊരഖ്പൂർ ദുരന്തം;ഒൻപത് കുട്ടികൾ കൂടി മരിച്ചു
ലഖ്‌നൗ:ഗോരഖ്പൂർ ആശുപത്രി ദുരന്തത്തിൽ ഒൻപതു കുട്ടികൾ കൂടി മരിച്ചു.ഇതോടെ ഓക്സിജൻ കിട്ടാത്തതിനെ തുടർന്ന് മരിച്ച കുട്ടികളുടെ എണ്ണം 105 ആയി.ഒൻപതുപേർ മരിച്ചതിൽ അഞ്ച് മരണങ്ങളും നവജാത ശിശുക്കളുടെ വാർഡിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് .ഇതിൽ രണ്ടുപേർ ജപ്പാൻ ജ്വരം ബാധിച്ചാണ് മരിച്ചത്.ശിശുരോഗ ചികിത്സ വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേരും മരിച്ചു.നവജാത ശിശുക്കൾ ഉൾപ്പെടെ ഇവിടെ ചികിത്സയിൽ കഴിയുന്ന ഭൂരിഭാഗം കുട്ടികളും ഗുരുതരവാസ്ഥയിലാണ് ഉള്ളത്. അതേസമയം ഗോരഖ്പൂർ ആശുപത്രിയിലുണ്ടായ ശിശു മരണങ്ങൾ സംബന്ധിച്ച് ആറാഴ്ചയ്ക്കകം സത്യവാഗ്മൂലം സമർപ്പിക്കാൻ യു.പി സർക്കാരിനോടും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്റ്റർ ജനറലിനോടും അലഹബാദ് ഹൈക്കോടതി നിർദേശിച്ചു.
കേരളത്തിൽ ബ്ലൂ വെയ്‌ൽ ഗെയിം സജീവം;ഇടുക്കിയിൽ നിന്നും യുവാവിന്റെ വെളിപ്പെടുത്തൽ
കൊച്ചി:കേരളത്തിൽ ബ്ലൂ വെയ്‌ൽ മരണം സ്ഥിതീകരിച്ചിട്ടില്ലെന്നും ഭയപ്പെടേണ്ടെന്നും ഡിജിപി ലോക്നാഥ് ബെഹ്‌റ പറയുമ്പോഴും ഈ ഗെയിം സംസ്ഥാനത്ത് ഇപ്പോഴും സജീവമായി തുടരുന്നതായി റിപ്പോർട്.ഇതിനിടെ ബ്ലൂ വെയ്‌ൽ ഗെയിമിന്റെ അപകടകരമായ നാലു ഘട്ടങ്ങൾ താൻ പിന്നിട്ടതായുള്ള ഒരു യുവാവിന്റെ വെളിപ്പെടുത്തലും പുറത്തു വന്നു.യുവാവിനെ പോലീസ് ചോദ്യം ചെയ്തു.ഈ ഗെയിമിൽ അകപ്പെട്ടാൽ പിന്നെ കളി അവസാനിക്കുന്നത് വരെ ഒരിക്കലും പുറത്തു കടക്കാനാകില്ലെന്നും ഒഴിവായാൽ ശിക്ഷ ലഭിക്കുമെന്നും യുവാവ് പറയുന്നു.ഇതിലൂടെ താൻ ആത്മഹത്യ ചെയ്യില്ലെന്നും അഡ്മിനെ തോൽപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും കേരളത്തിൽ പലരും ഈ ഗെയിം കളിക്കുന്നുണ്ടെന്നും ഇടുക്കിയിൽ നാലുപേർ കളിക്കുന്നതായും യുവാവ് വെളിപ്പെടുത്തി.കയ്യിൽ ബ്ലേഡ് കൊണ്ട് എഫ് 57 എന്നെഴുതാനായിരുന്നു തനിക്ക് ലഭിച്ച ആദ്യ ദൗത്യമെന്നു യുവാവ് പറയുന്നു.ആഴത്തിലല്ലാതെ ഞരമ്പ് മുറിക്കുക,പുലർച്ചെ പ്രേത സിനിമ കാണുക,മനസിന്റെ സമനില തെറ്റിക്കുന്ന ചിത്രങ്ങൾ കാണുക എന്നിവയായായിരുന്നു തനിക്ക് ലഭിച്ച ദൗത്യങ്ങളെന്നും ഇതൊക്കെ താൻ പിന്നിട്ടുവെന്നും യുവാവ് പറയുന്നു.വാട്സ് ആപ്പ് വഴിയാണ് തനിക്ക് ഗെയിം ലഭിച്ചതെന്നാണ് യുവാവ് പറയുന്നത്.ആത്മഹത്യ മൈൻഡ് ഉള്ളവർ മാത്രമാണ് ഇതിൽ അംഗങ്ങളെന്നും ഇയാൾ പറയുന്നുണ്ട്.ഗെയിമിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കിയാൽ ആത്മഹത്യ ചെയ്യണമെന്നാണ് യുവാവ് പറയുന്നത്.മനഃശാസ്ത്രം അറിയുന്ന ആളായതിനാൽ കളിക്കുന്ന ആളുടെ നീക്കം ഇയാൾക്ക് അറിയാമെന്നും യുവാവ് വെളിപ്പെടുത്തുന്നു.
സഹപാഠികൾ ഓടിച്ച കാറിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം:വർക്കല ചാവർകോട് സിഎച്ച്എംഎം കോളജിൽ ഫ്രഷേഴ്സ് ഡേയിൽ വിദ്യാർത്ഥികൾ ഓടിച്ച വാഹനം സ്കൂട്ടറിലിടിച്ച് അതേ കോളജിലെ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കടയ്ക്കാവൂർ സ്വദേശിനിയായ മീര മോഹൻ ആണ് ഇന്നു പുലർച്ചെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്.ഇന്നലെ രാവിലെ 11 മണിയോടു കൂടിയാണ് സംഭവം. എംസിഎ വിദ്യാർത്ഥി ആയ മീര മോഹൻ പ്രൊജക്ട് സമർപ്പിക്കാൻ എത്തിയതായിരുന്നു. കോളജിന് സമീപം കടയില്‍ കൂട്ടുകാരി ഫോട്ടോസ്റ്റാറ്റ് എടുക്കാൻ കയറിയപ്പോൾ ഇരുചക്രവാഹനത്തിൽ പുറത്ത് കാത്തുനിൽക്കുന്ന സമയത്താണ് അമിത വേഗതയിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത്.അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്നാണ് ആരോപണം. നാട്ടുകാർ കാറിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്തു. കാറിൽ ഉണ്ടായിരുന്ന 5 വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കാസറഗോഡ് കഞ്ചാവ് വേട്ട : യുവാവിനെ പെട്രോൾ പമ്പിൽ നിന്നും പിടികൂടി
കാസറഗോഡ് : കാസറഗോഡ് സി ഐ അബ്ദുൽ റഹീമിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സി ഐ യുടെ നേതൃത്വത്തിൽ ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിൽ പാലക്കുന്ന് സ്വദേശിയായ യുവാവിനെ കളനാട് നിന്നും പിടികൂടി. സ്കൂൾ ,കോളേജ് വിദ്യാർഥികൾക്കു നൽകാനുള്ള കഞ്ചാവുമായി വരികയായിരുന്ന പ്രതിയുടെ കൈവശം പിടിക്കപ്പെടുമ്പോൾ ഒരു കിലോയിലധികം കഞ്ചാവ് പ്ലാസ്റ്റിക് കവറിൽപൊതിഞ്ഞു നിലയിൽ പൊലീസ് കണ്ടെടുത്തു.
യാത്രക്കിടയിൽ ബൈക്കിൽ പെട്രോൾ നിറക്കാൻ വേണ്ടി പെട്രോൾ പമ്പിൽ കയറിയ യുവാവിനെ കാസറഗോഡ് നിന്നും പിന്തുടർന്ന് വരികയായിരുന്ന ഷാഡോ പോലീസ് സംഘം തന്ത്രപരമായി അറസ്റ്റ് ചെയ്യുകയായിരുന്നു.പോലീസിന്റെ പിടിയിലായതോടെ യുവാവ് അക്രമാസക്തനാവുകയും ഓടി രക്ഷപെടാൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും സാഹസികമായി പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. പൊലീസുകാരെ ആക്രമിച്ച രക്ഷപെടാൻ പ്രതി ശ്രമിക്കുന്നതിനിടെ ഷാഡോ പൊലീസ്കാർക്ക് പ്രതിയിൽനിന്നും കടിയും മർദ്ദനവും ഏൽക്കേണ്ടി വന്നു. ഷാഡോ പോലിസ് ഗ്രൂപ്പിൽ ഗോകുല, രാജേഷ്, സുനിൽകുമാർ, ഷിജിത്ത് എന്നിവരായിരുന്നു ഉണ്ടായിരുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ബേക്കൽ പോലീസ് സ്റ്റേഷനിൽ നിന്നും എസ് ഐ വിപിനും സംഘവും എത്തി പ്രതിയെ കാസറഗോഡ് സ്റ്റേഷനിലേക് കൈമാറി.
കാസറഗോഡ് ജില്ലയിൽ കഞ്ചാവ് വില്പനയും ഉപയോഗവും നിയന്ത്രണാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ ജില്ലാ പൊലീസ് അധികാരികൾ ജാഗരൂഗരായിരിക്കുകയാണ്.ജില്ലയുടെ പലഭാഗത്തായി നടത്തിവരുന്ന കഞ്ചാവ് വേട്ടയുടെ ഭാഗമായി കിട്ടുന്ന രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം മഞ്ചേശ്വരം കേന്ദ്രമാക്കി കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ അബൂബക്കർ സിദ്ദിഖ് എന്ന ഹാരിസിനെ കുമ്പള സി ഐ മനോജ് കുമാറും സംഘവും പിടികൂടിയിരുന്നു.
പ്രൈവറ്റ് ബസ് ഓപ്പറേറ്റർസ് കോൺഫെഡറേഷന്റെ സൂചന പണിമുടക്ക് തുടങ്ങി
തൃശൂർ:ബസ് ചാർജ് വർധന അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഒരു വിഭാഗം ബസുടമകൾ ഇന്ന് സൂചന പണിമുടക്ക് നടത്തുന്നു.വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്.ബസ് ഓപ്പറേറ്റേഴ്‌സ് കോഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.യാത്ര നിരക്ക് വർധന,ഇന്ധന വില വർദ്ധനവ്,സ്പെയർ പാർട്സുകളുടെ വിലക്കയറ്റം,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.സൂചന പണിമുടക്ക് കൊണ്ട് പരിഹാരമായില്ലെങ്കിൽ സെപ്റ്റംബർ 14 മുതൽ അനിശ്ചിതകാല സമരം നടത്താനാണ് സംഘടനാ തീരുമാനിച്ചിട്ടുള്ളത്.സ്വകാര്യ ബസുകളെ കൂടുതലായും ആശ്രയിക്കുന്ന കോഴിക്കോട്,കണ്ണൂർ,പാലക്കാട് ജില്ലകളെ സമരം കാര്യമായി ബാധിച്ചിട്ടുണ്ട്.സമരത്തിൽ പങ്കെടുക്കില്ല എന്ന് ബസ് ഓപ്പറേറ്റർസ് കോഓർഡിനേഷൻ കമ്മിറ്റി അറിയിച്ചിരുന്നു.
വിദ്യാർത്ഥികൾക്ക് മുന്നിൽ വെച്ച് അദ്ധ്യാപികയെ തീകൊളുത്തി
ബംഗളൂരു:ക്ലാസ്സിൽ വിദ്യാർത്ഥികൾക്ക് മുൻപിൽ വെച്ച് അദ്ധ്യാപികയെ തീ കൊളുത്തി.ബംഗളൂരു മഗെഡി താലൂക്കിലെ സ്കൂളിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.അമ്പതു ശതമാനത്തോളം പൊള്ളലേറ്റ കെ.ജി സുനന്ദ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.സുന്ദയുടെ ബിസിനസ് പങ്കാളിയായ രേണുകാരാധ്യയാണ് ബിസിനസ്സ് തകർന്നതിലെ മനോവിഷമം മൂലം അദ്ധ്യാപികയെ കുട്ടികളുടെ മുൻപിൽ വെച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.സുനന്ദ ക്ലാസ്സിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ രേണുകാരാദ്യ ബഹളം വെച്ച് കൊണ്ട് ക്ലാസ്സിലേക്ക് കയറി വരികയായിരുന്നു.ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോകാൻ രേണുകാരാധ്യയോട് അദ്ധ്യാപിക ആവശ്യപ്പെട്ടു.ഉടൻ തന്നെ ഇയാൾ തന്റെ കൈവശമുണ്ടായിരുന്ന കുപ്പിയിലെ മണ്ണെണ്ണ അദ്ധ്യാപികയുടെ ദേഹത്ത് ഒഴിച്ച് തീപ്പെട്ടിയുരച്ച് തീയിടുകയായിരുന്നു.കുട്ടികളുടെ നിലവിളി കേട്ടെത്തിയ മറ്റ് അദ്ധ്യാപകരാണ് സുനന്ദയെ ആശുപത്രിയിൽ എത്തിച്ചത്.ഇതിനിടെ അക്രമി ഓടി രക്ഷപ്പെട്ടു.ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.