കണ്ണൂർ:അഴീക്കോട് മുസ്ലിം ലീഗ് എംഎൽഎ കെ.എം ഷാജിയുടെ വീടിനു നേരെ ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് വീടിനു നേരെ അക്രമം അഴിച്ചു വിട്ടത്.കല്ലേറിൽ വീടിനു മുൻവശത്തെ രണ്ട് ജനൽ ചില്ലുകൾ തകർന്നു.സംഭവ സമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ ആർക്കും പരിക്കില്ല.വളപട്ടണം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.വയനാട് സ്വദേശിയാണ് കെ.എം ഷാജി.അഴീക്കോട് മണ്ഡലത്തിൽ ചില പരിപാടികളിൽ പങ്കെടുത്ത് കോഴിക്കോട്ടേക്ക് തിരിച്ച ഉടനെയാണ് അക്രമം നടന്നത്
സ്വാശ്രയ മെഡിക്കൽ പ്രവേശനം; സ്പോട്ട് അഡ്മിഷൻ തുടങ്ങി
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്കുള്ള അലോട്ട്മെന്‍റ് നടപടികൾ പൂർത്തിയായതിനു ശേഷം ഒഴിവു വന്നിട്ടുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ തുടങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓൾഡ് ഓഡിറ്റോറിയത്തിലാണ് സ്പോട്ട് അഡ്മിഷൻ നടക്കുന്നത്. എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്ക് മാത്രമാണ് സ്പോട്ട് അഡ്മിഷൻ നടക്കുന്നത്.സ്വാശ്രയ മെഡിക്കൽ ഫീസ് വർധനയ്ക്കെതിരായ പ്രതിഷേധത്തിനും പ്രവേശനം സംബന്ധിച്ച ആശയക്കുഴപ്പങ്ങൾക്കുമിടെയാണ് അഡ്മിഷൻ നടക്കുന്നത്. അഞ്ചു ലക്ഷം രൂപ ഫീസും ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരന്‍റിയും ഉൾപ്പെടെ 11 ലക്ഷമാണ് വിദ്യാർഥികൾക്ക് പ്രവേശനത്തിനു വേണ്ടത്. സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ ബാങ്ക് ഗ്യാരന്‍റിയുമായി ബന്ധപ്പെട്ട കടുത്ത ആശങ്കകൾ നിലനിൽക്കുന്നതിനിടെ നിരവധി വിദ്യാർഥികൾ സീറ്റുപേക്ഷിച്ച് മടങ്ങിപ്പോയിരുന്നു. ഫീസ് കുത്തനെയുയർത്തിയ സുപ്രീം കോടതി വിധിക്കെതിരേ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും കഴിഞ്ഞ രണ്ടു ദിവസവും അലോട്ട്മെന്‍റ് നടക്കുന്ന കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധമുയർത്തിയിരുന്നു.അതിനിടെ വിധി വന്നതിനു പിന്നാലെ ചില കോളജുകൾ ബോണ്ടിനു പകരം ബാങ്ക് ഗ്യാരണ്ടി ആവശ്യപ്പെട്ടതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. ബാങ്ക് ഗ്യാരണ്ടിയുടെ പേരു പറഞ്ഞ് വിദ്യാർഥികളെ മടക്കി അയച്ചതിനു ശേഷം ആ സീറ്റുകൾ സ്പോട്ട് അഡ്മിഷനിൽ വൻ തുകയ്ക്കു വിൽക്കുന്നതിനു വേണ്ടിയാണെന്നും പ്രവേശനം ഉപേക്ഷിച്ചു മടങ്ങിപ്പോയ ചില വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ആരോപിച്ചിരുന്നു.
ആധാർ നിർബന്ധമാക്കുന്നതിനുള്ള സമയപരിധി നീട്ടി
ന്യൂഡൽഹി:സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ആധാർ നിർബന്ധമാക്കാനുള്ള അവസാന തീയതി ഡിസംബർ 31 ലേക്ക് നീട്ടിയതായി കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു.നേരത്തെ ഇത് സെപ്റ്റംബർ 30 ആയിരുന്നു.ആധാറിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് അറ്റോർണി ജനറൽ പുതിയ തീയതി കോടതിയിൽ അറിയിച്ചത്.അതേസമയം ആധാർ നിർബന്ധമാക്കാനുള്ള സർക്കാർ ഉത്തരവ് തടയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
‘മാഡം’ കാവ്യാമാധവൻ തന്നെയെന്ന് പൾസർ സുനിയുടെ വെളിപ്പെടുത്തൽ
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യാ മാധവൻ തന്നെയെന്ന് പൾസർ സുനി.എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് സുനി മാധ്യമങ്ങൾക്ക് മുൻപിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.ആരാണ് മാഡം എന്ന ചോദ്യത്തിന് കാവ്യാമാധവനാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്നായിരുന്നു സുനിയുടെ മറുപടി.
കനത്ത മഴ തുടരുന്നു;മുംബൈയിൽ അഞ്ചു മരണം
മുംബൈ:കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മുംബൈയിൽ അഞ്ചുപേർ മരിച്ചു.മുംബൈയിൽ വെള്ളപ്പൊക്കത്തിൽ വീട് ഇടിഞ്ഞു വീണു രണ്ടു കുട്ടികളുൾപ്പെടെ മൂന്നുപേരും താനെയിൽ ഒരു സ്ത്രീയും ഒരു പെൺകുട്ടിയുമാണ് മരിച്ചത്.അടുത്ത ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അവശ്യ സർവീസ് സേനാവിഭാഗങ്ങളല്ലാതെ ആരും പുറത്തിറങ്ങരുതെന്നും മഹാരാഷ്ട്ര സർക്കാർ നിർദേശം നൽകി.2005 ന് ശേഷം മുംബൈയിൽ ലഭിക്കുന്ന ഏറ്റവും ശക്തമായ കാലാവസ്ഥയാണ് ഇതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്.മുംബൈയിൽ നിന്നുള്ള ലോക്കൽ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു.രാജ്യാന്തര സർവീസുകൾ ഉൾപ്പെടെ നിരവധി വിമാനങ്ങൾ സമയം വൈകി. സിയോൺ,ദാദർ,മുംബൈ സെൻട്രൽ,കുർള,അന്തേരി,സാകിനാക തുടങ്ങിയ സ്ഥലങ്ങൾ വെള്ളത്തിനടിയിലാണ്.ദേശീയ ദുരന്ത നിവാരണ സേനയും നാവികസേനാ അധികൃതരും പൂർണ്ണ സജ്ജരാണ്.
സ്വാശ്രയ പ്രവേശനത്തിൽ സീറ്റ് നഷ്ടപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധിയുടെ പേരിൽ സീറ്റ് നഷ്ടപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.അഞ്ചു ലക്ഷം ഫീസിന് പുറമെ ആറുലക്ഷം രൂപ ബാങ്ക് ഗ്യാരന്റി നൽകണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം.സ്വാശ്രയ മെഡിക്കൽ കോളേജുകൾ നാടിൻറെ സ്ഥാപങ്ങളാണെന്നും അവിടെ പഠിക്കാൻ വരുന്നത് നമ്മുടെ കുട്ടികളാണെന്നു കരുതി മാനേജ്മെന്റുകൾ പെരുമാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു .കേരള ക്രിസ്ത്യൻ പ്രൊഫഷണൽ കോളേജ് മാനേജ്‌മെന്റിന് കീഴിലുള്ള നാലു മെഡിക്കൽ കോളേജുകളും പരിയാരം മെഡിക്കൽ കോളേജും നേരത്തെ നിശ്ചയിച്ച ഫീസിൽ കുട്ടികളെ പഠിപ്പിക്കാമെന്നു സമ്മതിച്ചിട്ടുണ്ട്.ബാങ്ക് ഗ്യാരന്റി പ്രശ്നത്തിൽ വിദ്യാർത്ഥികൾക്കുള്ള പ്രയാസം പരിഹരിക്കുന്നതിന് ബാങ്കുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്.കൊളാറ്ററൽ സെക്യൂരിറ്റിയും തേർഡ് പാർട്ടി ഗ്യാരന്റിയും മാർജിൻ മണിയും ഒഴിവാക്കണമെന്ന് ബാങ്കുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അവർ സഹകരിക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്തി പറഞ്ഞു.
സ്വാശ്രയ മെഡിക്കൽ പ്രവേശനം;എസ്.സി,എസ്.ടി വിദ്യാർത്ഥികളുടെ ഫീസ് സർക്കാർ വഹിക്കും
തിരുവനന്തപുരം:നീറ്റ് ലിസ്റ്റിൽ നിന്നും സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിക്കുന്ന എസ്.സി,എസ്.ടി വിദ്യാർത്ഥികളുടെ ഫീസ് സർക്കാർ വഹിക്കുമെന്ന് പട്ടികജാതി, പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലൻ അറിയിച്ചു.സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഫീസുമായി ബന്ധപ്പെട്ട ഒരു ആശങ്കയും പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഉണ്ടാകേണ്ടതില്ലെന്നു മന്ത്രി വ്യക്തമാക്കി.സർക്കാരോ കോടതിയോ നിശ്ചയിക്കുന്ന ഫീസ് ഏതായാലും നീറ്റ് ലിസ്റ്റിൽ നിന്നും പ്രവേശനം ലഭിക്കുന്ന കുട്ടികൾക്ക് സർക്കാർ നൽകും.അതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത സർക്കാർ വഹിക്കും.തുടർന്ന് നടക്കുന്ന സ്പോട് അഡ്മിഷനിൽ പ്രവേശനം ലഭിക്കുന്നവർക്കും ഈ സഹായം ലഭിക്കും.കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഫീസിന്റെ പേരിൽ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചാൽ അത്തരം മാനേജ്മെന്റുകൾക്കെതിരെ സർക്കാർ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും.
വയനാട്ടിൽ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു
കൽപ്പറ്റ:പടിഞ്ഞാറത്തറ നായ്‌മൂലയിൽ മണ്ണിടിച്ചിൽ.മണ്ണിനടിയിൽപെട്ട രണ്ടുപേരിൽ ഒരാൾ മരിച്ചു.മുട്ടിൽ സ്വദേശി ഹസ്സൻകുട്ടിയാണ് മരിച്ചത്.മുണ്ടേരി സ്വദേശിയായ ഉണ്ണിയെ പരിക്കുകളോടെ ആശുപത്രിയിൽപ്രവേശിപ്പിച്ചു.സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
ദിലീപിന് ജാമ്യമില്ല
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു.ആദ്യം അങ്കമാലി കോടതിയും പിന്നീട് ഹൈക്കോടതിയും ദിലീപിന് നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു.പുതിയ വാദങ്ങളും ആരോപണങ്ങളും ഉൾക്കൊള്ളുന്ന പുതിയ ജാമ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക വിധി വന്നിരിക്കുന്നത്.കേസ് അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ജാമ്യം നൽകിയാൽ ദിലീപ് പുറത്തിറങ്ങി സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.ഈ വാദം മുഖവിലയ്‌ക്കെടുത്തുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്.
ദിലീപിന്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.അറസ്റ്റിലായി അൻപതാം ദിവസമാണ് ദിലീപിന്റെ അപേക്ഷയിൽ കോടതി ഇന്ന് വിധി പറയുന്നത്.രാവിലെ 10.30 ഓടെ വിധി പറയുമെന്നാണ് സൂചന.ദിലീപിന് ജാമ്യം കിട്ടിയാൽ റോഡ് ഷോ അടക്കമുള്ള വിപുലമായ പരിപാടികളാണ് താരത്തിന്റെ ഫാൻസ് അസോസിയേഷനുകൾ പ്ലാൻ ചെയ്തിരിക്കുന്നത്.