മുംബൈ: 1993ലെ മുംബൈ സ്ഫോടന കേസിൽ താഹിർ മെർച്ചന്‍റ്, ഫിറോസ് ഖാൻ എന്നിവർക്കു വധശിക്ഷ. പ്രത്യേക ടാഡ കോടതിയുടേതാണു വിധി. അധോലോക നായകൻ അബു സലിം, കരിമുള്ള ഖാൻ എന്നിവരെ കോടതി ജീവപര്യന്തം തടവിനു വിധിച്ചു. ഇരുവർക്കും രണ്ടു ലക്ഷം രൂപ പിഴ വിധിച്ചിട്ടുണ്ട്. റിയാസ് സിദ്ദിഖിക്ക് പത്തു വർഷം തടവാണു വിധിച്ചിട്ടുള്ളത്.കേസിൽ അബുസലിം അടക്കം ആറുപേർ കുറ്റക്കാരാണെന്ന് പ്രത്യേക ടാഡ കോടതി കണ്ടെത്തിയിരുന്നു. 257 പേരുടെ മരണത്തിനും 713 പേരുടെ പരിക്കിനും ഇടയാക്കിയ സ്ഫോടന പരമ്പര ഉണ്ടായി 24 വർഷങ്ങൾക്കുശേഷമാണ് വിധി.ഗൂഢാലോചന, കൊലപാതകം, ഭീകരപ്രവർത്തനം എന്നിവയാണു പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. കനത്ത സുരക്ഷയിലാണ് കോടതി വിധി പ്രസ്താവം നടത്തുന്നത്. 1993 മാർച്ച് 12ന് നടന്ന സ്ഫോടനം, 1992 ഡിസംബർ ആറിന് അയോധ്യയിലെ ബാബ്റി മസ്ജിദ് തകർത്തതിനു പിന്നാലെയുണ്ടായ വർഗീയ കലാപത്തിന് പ്രതികാരമായാണ് നടത്തിയതെന്ന് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്ഫോടനത്തിന്‍റെ മുഖ്യസൂത്രധാരനായ യാക്കൂബ് മേമനെ രണ്ടുവർഷം മുന്പു തൂക്കിലേറ്റി.കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന അബ്ദുൽ ക്വയൂമിനെ തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തനാക്കി. രണ്ടു ഘട്ടമായി നടത്തിയ കേസിന്‍റെ വിചാരണയുടെ ആദ്യഘട്ടത്തിൽ 100 പേരെ ശിക്ഷിച്ചിരുന്നു.
ഗൗരി ലങ്കേഷ് വധം;അന്വേഷണം ഇന്റെലിജൻസ് ഐജിക്ക്
ബെംഗളൂരു:മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇന്റെലിജൻസ് ഐജി ബി.കെ സിംഗിന്റെ നേതൃത്വത്തിൽ അന്വേഷിക്കും.ഗൗരി ലങ്കേഷ് സമൂഹമാധ്യമങ്ങളിലൂടെ നേരിട്ട ഭീഷണികളെ കുറിച്ചും നക്സലൈറ്റുകൾക്കിടയിലെ പ്രവർത്തനം വിരോധത്തിന് കാരണമായോ എന്നും അന്വേഷണ സംഘം പരിശോധിക്കും.പ്രതികൾ നേരത്തെയും വീടിനു മുൻപിൽ എത്തിയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്.പരിശോധനയ്ക്കയച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നും കൂടുതൽ തെളിവുകൾ ലഭിക്കും എന്ന പ്രതീക്ഷയും പോലീസിനുണ്ട്.ഗൗരി പതിവായി സഞ്ചരിക്കുന്ന ബസവനഗുഡി മുതൽ രാജേശ്വരി നഗർ വരെയുള്ള ഭാഗത്തെ പരമാവധി സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും.ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ എഴുതിയതിന് സമൂഹ മാധ്യമങ്ങളിൽ കൂടി ഗൗരിക്കുനേരെ ഭീഷണി ഉയർന്നിരുന്നു.ഇത് ഗൗരി ലങ്കേഷിനോടുള്ള പകയ്ക്ക് കാരണമായോ എന്നും അന്വേഷിക്കും.
രണ്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനാനുമതി സുപ്രീം കോടതി റദ്ദാക്കി
ന്യൂഡൽഹി:രണ്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനാനുമതി സുപ്രീം കോടതി റദ്ദാക്കി.ഹൈക്കോടതി നൽകിയ പ്രവേശനാനുമതിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.അടൂർ മൗണ്ട് സിയോൺ,ഡി.എം വയനാട് എന്നീ കോളേജുകളുടെ പ്രവേശനാനുമതിയാണ് റദ്ദാക്കിയത്.മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം ഇല്ലാത്തതിനാലാണ് മെഡിക്കൽ പ്രവേശനം റദ്ദാക്കി സുപ്രീം കോടതി ഉത്തരവിട്ടത്.തൊടുപുഴ അൽ അസ്ഹർ കോളേജിന്റെയും പ്രവേശനാനുമതി കഴിഞ്ഞ ദിവസം കോടതി റദ്ദാക്കിയിരുന്നു.പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് ഈ മൂന്നു കോളേജുകളുടെയും പുനഃപരിശോധനാ ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച തന്നെ പരിഗണിക്കും.
പെരുമ്പാവൂരിൽ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു
പെരുമ്പാവൂർ:പെരുമ്പാവൂരിൽ അടച്ചിട്ട പാറമടയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു.കളമശ്ശേരി സ്വദേശികളായ വിനായകൻ,ശ്രാവൺ എന്നിവരാണ് മരിച്ചത്. വിദ്യാർത്ഥികളായ നാലംഗസംഘം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു സംഭവം.ഒരാളെ രക്ഷപ്പെടുത്തി.ഇവർക്കൊപ്പമുണ്ടായിരുന്ന അഭിജിത് എന്ന കുട്ടിയെ കാണാതായി.അഭിജിത്തിന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.ഉച്ചയോടെയാണ് ഇവർ കുളിക്കാനെത്തിയത്. വിദ്യാർത്ഥികളുടെ നിലവിളികേട്ട് നാട്ടുകാരാണ് ആദ്യം സംഭവസ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തത്.ഏറെക്കാലമായി അടഞ്ഞു കിടക്കുന്ന പാറമടയാണിത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടർന്ന് ആഴത്തിലുള്ള വെള്ളക്കെട്ടാണ് ഇവിടെ രൂപപ്പെട്ടിരുന്നത്.അപകടമറിയാതെ ഇവിടെ കുളിക്കാനിറങ്ങിയതാണ് രണ്ടുപേരുടെ മരണത്തിനിടയാക്കിയത്.
പയ്യാമ്പലത്തു കാണാതായ കുട്ടിയെ കണ്ടെത്താനായില്ല
നടൻ ദിലീപ് വീട്ടിലെത്തി അച്ഛന്റെ ശ്രാദ്ധ ചടങ്ങിൽ പങ്കെടുത്തു
ആലുവ:നടൻ ദിലീപ് കനത്ത പോലീസ് കാവലിൽ വീട്ടിലെത്തി അച്ഛന്റെ ശ്രദ്ധചടങ്ങിൽ പങ്കെടുത്തു മടങ്ങി.രാവിലെ എട്ടു മണി മുതൽ പത്തുമണി വരെയാണ് കോടതി ദിലീപിന് ഇളവ് അനുവദിച്ചത്.ആലുവ നദീതീരത്തിനു സമീപമുള്ള വീട്ടിൽ വെച്ചാണ് ചടങ്ങുകൾ നടത്തിയത്. അമ്മയ്ക്കും മകൾക്കും സഹോദരങ്ങൾക്കുമൊപ്പമാണ് ദിലീപ് ചടങ്ങിൽ പങ്കെടുത്തത്.ചടങ്ങിന് ശേഷം പത്തു മണിയോടെ ദിലീപിനെ തിരികെ ആലുവ സബ്ജയിലിലേക്ക് കൊണ്ടുപോയി. അന്വേഷണം നിർണായക ഘട്ടത്തിൽ എത്തിനിൽക്കേ ദിലീപിനെ പുറത്തേക്ക് വിടരുതെന്ന പ്രോസിക്യൂഷൻ വാദം തള്ളിയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ അനുവാദം നൽകിയത്.മാധ്യമങ്ങളോട് സംസാരിക്കരുത്, പുറത്തിറങ്ങുന്നതിനുള്ള ചിലവുകൾ സ്വയം വഹിക്കണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ദിലീപിന് അനുമതി നൽകിയത്.
മന്ത്രിസഭാ പുനഃസംഘടന;നിര്‍മല സീതാരാമന്‍ പ്രതിരോധമന്ത്രി, കണ്ണന്താനത്തിന് ടൂറിസം
ന്യൂഡൽഹി:ഒന്‍പത് പുതുമുഖങ്ങളെ കൂടി ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിച്ചു. നിര്‍മല സീതാരാമനടക്കം നാലു മന്ത്രിമാരെ ക്യാബിനറ്റ് മന്ത്രിമാരായും ഉയര്‍ത്തി. അല്‍ഫോണ്‍സ് കണ്ണന്താനം മോദി മന്ത്രിസഭയിലെ കേരളത്തില്‍ നിന്നുള്ള ആദ്യ പ്രതിനിധിയായി. നിര്‍മല സീതാരാമന് പ്രതിരോധ വകുപ്പാണ് നല്‍കിയിരിക്കുന്നത്. ഇന്ധിരാ ഗാന്ധിക്ക് ശേഷം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യ വനിതാ മന്ത്രി കൂടിയാവുകയാണ് നിര്‍മല സീതാരാമന്‍.സഹമന്ത്രിമാരില്‍ അവസാനക്കാരനായാണ് നിലവില്‍ പാരലമെന്റ് അംഗമല്ലാത്ത അല്‍ഫോണ്‍സ് കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മോദി സര്‍ക്കാരിലെ കേരളത്തില്‍ നിന്നുള്ള ആദ്യകേന്ദ്രമന്ത്രിയായി അപ്രതീക്ഷിതമായാണ് കണ്ണന്താനത്തിന്റെ കടന്ന് വരവ്. രാവിലെ പത്തരയോടെ ആരംഭിച്ച ചടങ്ങില്‍ ക്യാബിനറ്റ് മന്ത്രിമാരായി സ്ഥാനകയറ്റം ലഭിച്ചവരാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ധര്‍മേന്ദ്ര പ്രധാന്‍ (നൈപുണ്യ വികസനം), പിയൂഷ് ഗോയല്‍ (റെയില്‍വേ), നിര്‍മല സീതാരാമന്‍ (പ്രതിരോധം), മുക്താര്‍ അബ്ബാസ് നഖ്‍വി എന്നിവരാണ് പുതിയ ക്യാബിനറ്റ് മന്ത്രിമാര്‍.തുടര്‍ന്ന് പുതുമുഖങ്ങളായി 9 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ശിവ പ്രതാപ് ശുക്ല (ധനകാര്യം), അശ്വിനി കുമാര്‍ ചബേ(ആരോഗ്യം, കുടുംബക്ഷേമം), വീരേന്ദ്രകുമാര്‍, അനന്ത്കുമാര്‍ ഹെഗഡെ, രാജ് കുമാര്‍ സിങ്, ഹര്‍ദീപ് സിങ് പൂരി, ഗജേന്ദ്ര സിങ് ശെഖാവത്ത് (കൃഷി), സത്യപാല്‍ സിങ്(മനുഷ്യവിഭവശേഷി) എന്നിവരാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പുറമെ മന്ത്രിമാരായി ചുമതലയേറ്റത്.
കണ്ണൂരിലേക്കുള്ള രാസവസ്തു കലർന്ന പാൽ പിടികൂടി
പാലക്കാട്:മീനാക്ഷിപുരത്തെ പാൽ പരിശോധന കേന്ദ്രത്തിൽ നിന്നും വീണ്ടും രാസവസ്തു കലർത്തിയ പാൽ പിടികൂടി.ഇരുപതോയൊമ്പതാം തീയതി പിടികൂടിയ കവർ പാലിൽ ഹൈഡ്രജൻ പെറോക്‌സൈഡിന്റെ അംശം കണ്ടെത്തിയിരുന്നു.ഇത്തവണ കാർബണേറ്റിന്റെ അംശമാണ് കണ്ടെത്തിയത്.പാൽ പിരിയാതിരിക്കാൻ അലക്കുകാരം ചേർത്തതാണെന്നാണ് കരുതുന്നത്. ശനിയാഴ്ച പുലർച്ചെ ക്ഷീരവികസന വകുപ്പിന്റെ മീനാക്ഷിപുരത്തെ സ്ഥിരം പരിശോധന കേന്ദ്രത്തിലെത്തിയ ടാങ്കറിലെ സാമ്പിളിലാണ് കാർബണേറ്റിന്റെ അംശം കണ്ടെത്തിയത്.ദിണ്ടിക്കലിൽ നിന്നും കണ്ണൂരിലേക്കുള്ളതായിരുന്നു പാൽ.അമ്മാൻ ഡയറി ഫുഡ്സ് എന്ന പേരിലുള്ള സ്ഥാപനത്തിൽ നിന്നുള്ളതായിരുന്നു പാൽ.തുടർന്ന് പാൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറി.ഇവർ സാമ്പിളെടുത്ത് പരിശോധനയ്ക്കായി കാക്കനാട്ടെ പരിശോധന കേന്ദ്രത്തിലേക്കെത്തിച്ചു.പാൽ ദിവസങ്ങളോളം കേടുകൂടാതിരിക്കുന്നതിനായി കാസ്റ്റിക് സോഡാ ചേർക്കുന്ന പതിവുണ്ട്.ഇത് കുട്ടികളുടെ ദഹന വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.
നിയന്ത്രണംവിട്ട വാൻ കടയിലേക്ക് ഇടിച്ചു കയറി രണ്ടുപേർ മരിച്ചു
കൊല്ലം:ആയൂരിനടുത്ത് ഫർണിച്ചർ കടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി കടയ്ക്കുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടുപേർ മരിച്ചു.രാത്രി രണ്ടുമണിയോടെയായിരുന്നു അപകടം. കടയിലെ ജീവനക്കാരായ ഹരി,ശശി എന്നിവരാണ് മരിച്ചത്.മറ്റുരണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇവരെ തിരുവന്തപുരത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാവ്യ ജയിലിലെത്തി ദിലീപിനെ കണ്ടു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ ജയിലിലെത്തി കണ്ടു. ദിലീപിനെ പാർപ്പിച്ചിരിക്കുന്ന ആലുവ സബ് ജയിലിൽ വൈകിട്ട് നാലോടെയായിരുന്നു കൂടിക്കാഴ്ച. ദിലീപിന്‍റെ മകൾ മീനാക്ഷിയും കാവ്യയുടെ അച്ഛനും കാവ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു.ദിലീപിന്റെ സുഹൃത്തും നടനുമായ നാദിർഷായും ഇന്ന് ദിലീപിനെ ജയിലെത്തി കണ്ടു.നാദിർഷ വന്നുപോയ ശേഷമായിരുന്നു കാവ്യ ജയിലിലെത്തിയത്. കേസിൽ അറസ്റ്റിലായ ശേഷം 50 ഓളം ദിവസമായി ദിലീപ് ജയിലിലാണ്. മൂന്ന് തവണ ദിലീപ് ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി നിരസിക്കുകയായിരുന്നു. അറസ്റ്റിന് ശേഷം ആദ്യമായാണ് ദിലീപ് മകളെയും ഭാര്യയെയും കാണുന്നത്. നേരത്തെ അമ്മയും സഹോദരൻ അനൂപും ജയിലിലെത്തി ദിലീപിനെ സന്ദർശിച്ചിരുന്നു.