രണ്ടാം ക്ലാസുകാരന്റെ കൊലപാതകം;സ്കൂൾ പ്രിൻസിപ്പലും അദ്ധ്യാപകരും അറസ്റ്റിൽ
ഗുഡ്ഗാവ്:ഗുഡ്ഗാവിലെ റിയാൻ ഇന്റർനാഷണൽ സ്കൂളിൽ ഏഴുവയസ്സുകാരനെ കഴുത്തറത്തുകൊന്ന കേസിൽ സ്കൂളിന്റെ പ്രിൻസിപ്പാലിനെയും ഏതാനും അധ്യാപകരെയും പോലീസ് അറസ്റ്റ് ചെയ്തു.മറ്റു അദ്ധ്യാപകരെ ചോദ്യം ചെയ്തു വരികയാണ്.പ്രിൻസിപ്പലിനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.സ്കൂളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും പാലിച്ചിരുന്നില്ലെന്നു അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.കൂടുതൽപേരെ അറസ്റ് ചെയ്യാനുള്ള സാഹചര്യം പോലീസ് തള്ളിക്കളയുന്നില്ല.നാളെ വരെ സ്കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.സ്കൂളിൽ നിരവധി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും തന്നെ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല.പോലീസിന്റെ സർട്ടിഫിക്കറ്റോ വേണ്ടത്ര പരിശോധനയോ ഇല്ലാതെയാണ് ഡ്രൈവര്മാരെയും മറ്റും നിയമിച്ചതെന്നും അന്വേഷണസംഘം റിപ്പോർട്ടിൽ പറയുന്നു.റിയാൻ ഇന്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രത്യുമ്നനെ വെള്ളിയാഴ്ചയാണ് സ്കൂളിലെ ശുചിമുറിയിൽ കഴുത്തറുത്തു കൊന്ന നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ സ്കൂൾ ബസ് കണ്ടക്റ്റർ അശോകിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈൽ നമ്പറുകൾ അസാധുവാക്കുമെന്ന് കേന്ദ്രം
ന്യൂഡൽഹി: ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈൽ നമ്പറുകളും 2018 ഫെബ്രുവരിക്ക് ശേഷം അസാധുവാക്കുമെന്ന് കേന്ദ്ര സർക്കാർ. ക്രിമിനലുകൾ, തട്ടിപ്പുകാർ, ഭീകരർ എന്നിവരെ ടെലികോം സേവനദാതാക്കളുടെ കൈവശമുള്ള ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത് നടപ്പാക്കിലാക്കുന്നതെന്നുമാണ് കേന്ദ്രസർക്കാരിന്‍റെ വിശദീകരണം.കേന്ദ്രസർക്കാർ നിർദേശപ്രകാരം ആധാർ കാർഡുമായി മൊബൈൽ നമ്പർ ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ടെലികോം കമ്പനികൾ ഇമെയിൽ വഴിയും എസ്എംഎസുകൾ വഴിയും പരസ്യങ്ങൾ വഴിയും ഉപയോക്താക്കളെ വിവരമറിയിച്ചിരുന്നു.
ശോഭായാത്രയ്ക്ക് ബദലായി സിപിഎം ഘോഷയാത്ര;കണ്ണൂരിൽ സംഘർഷ സാധ്യത
കണ്ണൂർ:ശ്രീകൃഷ്‌ണജയന്തി ദിനത്തിൽ ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്രയ്ക്ക് ബദലായി സിപിഎം ഘോഷയാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ കണ്ണൂരിൽ സംഘർഷ സാധ്യത.സെപ്റ്റംബർ പന്ത്രണ്ടിനാണ് ശ്രീകൃഷ്ണജയന്തി ആഘോഷം.ബാലഗോകുലത്തിന്റെ നേതൃത്വത്തിലാണ് ബിജെപി ശോഭായാത്ര സംഘടിപ്പിക്കുന്നത്.മഹത്ജന്മങ്ങൾ മാനവനന്മയ്ക്ക് എന്ന പേരിലാണ് സിപിഎം ഉം അതേദിവസം ഘോഷയാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ശോഭായാത്രയ്ക്ക് ബദലായി ഘോഷയാത്ര സംഘടിപ്പിക്കാനുള്ള സിപിഎം ന്റെ നീക്കം സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നാണ് ആർ.എസ്.എസ് പറയുന്നത്.കണ്ണൂരിലെ സമാധാനം തകർന്നാൽ സിപിഎമ്മും പോലീസും മാത്രമായിരിക്കും ഉത്തരവാദികളെന്നും ആർ.എസ്.എസ് നേതാക്കൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ബാലഗോകുലത്തിന്റെ ശോഭായാത്ര തടസ്സപ്പെടുത്താൻ സിപിഎം ശ്രമിക്കുന്നുവെന്ന ആർ.എസ്.എസിന്റെ ആരോപണം വസ്തുത വിരുദ്ധമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ പ്രതികരിച്ചു
തളിപ്പറമ്പിൽ ക്വാറിയിൽ നിന്നും വൻ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു
തളിപ്പറമ്പ്:നിയമവിരുദ്ധമായി പ്രവർത്തിച്ചു വന്ന കരിങ്കൽ ക്വാറിയിൽ റെയ്ഡ് നടത്തി വൻ തോതിൽ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു.സംഭവത്തിൽ ക്വാറിയിൽ ഉണ്ടായിരുന്ന നിടിയേങ്ങ പയറ്റുചാലിലെ സജി ജോൺ,കുടിയാന്മലയിലെ ബിനോയ് ദേവസ്യ എന്നിവരെ അറസ്റ്റ് ചെയ്തു.ശ്രീകണ്ഠപുരം പയറ്റുചാലിൽ പ്രവർത്തിച്ചിരുന്ന കണ്ണൂർ ക്രഷറിലാണ് ഇന്നലെ വൈകുന്നേരം റെയ്ഡ് നടന്നത്.380 ജെലാറ്റിൻ സ്റ്റിക്കുകൾ,405 ഡിറ്റണേറ്ററുകൾ,732 മീറ്റർ ഫ്യൂസ് വയറുകൾ,മണ്ണിൽ കുഴിച്ചിട്ട നിലയിലുള്ള 19 ഫ്യൂസ് വയർ ഘടിപ്പിച്ച ഡിറ്റണേറ്ററുകൾ,രണ്ടു ജെസിബികൾ,മൂന്നു കംപ്രസ്സർ പിടിപ്പിച്ച ട്രാക്റ്ററുകൾ,പ്ലാസ്റ്റിക് ബാരലുകൾ എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്.ക്വാറി ഉടമകളായ മയ്യിലിലെ ജാബിദ്,നാസർ എന്നിവരുടെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്.ഇവർ ഒളിവിലാണ്.യാതൊരുവിധ നിയമപരമായ രേഖകളുമില്ലാതെ വൻതോതിൽ സ്ഫോടകവസ്തുക്കൾ ശേഖരിച്ചാണ് ഇവിടെ ക്വാറി പ്രവർത്തിച്ചിരുന്നത്.നിരവധി പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.തമിഴ്‌നാട്ടിൽ നിന്നും കർണാടകയിലെ കുടകിൽ നിന്നുമാണ് വൻതോതിൽ സ്ഫോടകവസ്തുക്കൾ ക്വാറികളുടെ മറവിൽ ഒഴുകിയെത്തുന്നതെന്നു വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.
ബെംഗളൂരുവിൽ വിനോദയാത്രയ്ക്ക് പോയ ബസ് മറിഞ്ഞ് രണ്ട് മലയാളി വിദ്യാർത്ഥിനികൾ മരിച്ചു
ബെംഗളൂരു:മലയാളി വിദ്യാർത്ഥികളായ വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ടു വിദ്യാർത്ഥിനികൾ മരിച്ചു.കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ നിന്നും വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപെട്ടത്.കർണാടകയിലെ ചിക്കമംഗ്ലൂരുവിലാണ് അപകടം നടന്നത്.മുണ്ടക്കയം സ്വദേശിനി മെറിൻ സെബാസ്റ്റ്യൻ,വയനാട് സുൽത്താൻ ബത്തേരി സ്വദേശിനി ഐറിൻ എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.വിദ്യാർഥികൾ സഞ്ചരിച്ച ബസ് മാഗടി അണക്കെട്ടിലേക്ക് മറിയുകയായിരുന്നു.അപകടം നടക്കുമ്പോൾ ചെറിയ മഴയുണ്ടായിരുന്നു.റോഡിൽ തെന്നിയ ബസ് നിയന്ത്രണം വിട്ട് മൂന്നു തവണ മലക്കം മറിഞ്ഞു ഡാമിലേക്ക് പതിക്കുകയായിരുന്നു. ഡാമിൽ വെള്ളമില്ലായിരുന്നു.ബസിനടിയിൽ പെട്ടാണ് പല വിദ്യാർത്ഥികൾക്കും പരിക്കേറ്റത്.ബസിനടിയിൽപെട്ട മെറിനും ഐറിനും സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു.മുപ്പതോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്.ഇതിൽ പത്തുപേരുടെ നില ഗുരുതരമാണ്.അഞ്ചാം തീയതിയാണ് ഇവർ വിനോദയാത്രയ്ക്ക് പുറപ്പെട്ടത്. മടങ്ങാനിരിക്കവെയാണ് അപകടം നടന്നത്.മൂന്നാം വർഷ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ് മരിച്ച മെറിനും ഐറിനും.പരിക്കേറ്റവരെ ചിക്കമംഗളൂരുവിലെ സർക്കാർ ആശുപത്രിയിലും ഹാസ്സനിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു
പരിയാരത്ത് മിനിലോറി ബസ്‌സ്റ്റോപ്പിലേക്ക് ഇടിച്ചു കയറിയ അപകടത്തിൽ ഒരാൾ മരിച്ചു
പരിയാരം:പരിയാരത്ത് മിനിലോറി നിയന്ത്രണം വിട്ട് ബസ്‌സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കൂത്തുപറമ്പ് സ്വദേശി അസു(65) ആണ് മരിച്ചത്.വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു അപകടം.തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച അസുവിന്റെ വലതുകാൽ മുറിച്ചു മാറ്റിയിരുന്നു.ഇന്ന് പുലർച്ചെ ഒരുമണിയോടെ ആയിരുന്നു മരണം.തലശ്ശേരി ഷെമി ഹോസ്പിറ്റലിൽ മാനേജരായിരുന്ന അസു നാട്ടിലേക്ക് മടങ്ങാനായി പരിയാരം മെഡിക്കൽ കോളേജ് ബസ്റ്റോപ്പിൽ ബസ് കാത്തുനിൽക്കവെയാണ് അപകടം നടന്നത്.
ഒരു കോടി രൂപയുടെ കുഴൽപ്പണം പിടികൂടി
പെരിന്തൽമണ്ണ:ഒരു കോടി രൂപയുടെ കുഴൽപ്പണവുമായി പെരിന്തൽമണ്ണയിൽ രണ്ടുപേർ പോലീസിന്റെ പിടിയിലായി.മലപ്പുറം മൊറയൂർ സ്വദേശി മുഹമ്മദ് ബഷീർ,മഞ്ചേരി കിഴിശ്ശേരി സ്വദേശി മുജീബ് റഹ്മാൻ എന്നിവരാണ് പിടിയിലായത്.രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് പിടികൂടിയത്.തമിഴ്‌നാട്ടിൽ നിന്നും പണവുമായി ഒരു സംഘം വരുന്നുണ്ടെന്നു വിവരത്തിന്റെ അടിസ്ഥാനത്തിൽ അങ്ങാടിപ്പുറത്തു പോലീസ് പരിശോധന നടത്തുകയായിരുന്നു.പോലീസിനെ കണ്ട് വാഹനം നിർത്താതെ പോയ ഇവരെ പിന്തുടർന്ന് പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷനിൽ വെച്ച് പിടികൂടുകയായിരുന്നു.
നാദിർഷായുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 13 ലേക്ക് മാറ്റി
കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി പതിമൂന്നാം തീയതിയിലേക്ക് മാറ്റി.അതെ സമയം അറസ്റ്റ് തടയണമെന്ന നാദിർഷായുടെ ആവശ്യം കോടതി തള്ളി. മൊഴിയിലെ പൊരുത്തക്കേടുകൾ കാരണം കഴിഞ്ഞ ദിവസമാണ് വീണ്ടും ചോദ്യം ചെയ്യാനായി പോലീസ് നാദിർഷയെ വിളിപ്പിച്ചത്.തുടർന്ന് നെഞ്ചുവേദന മൂലം നാദിർഷ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായി.പോലീസ് ഭീഷണിപ്പെടുത്തുകയാണെന്നും കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ശ്രീവൽസം ഗ്രൂപ് മാനേജർ രാധാമണിയുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി
ഹരിപ്പാട്:ശ്രീവൽസം ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന രാധാമണിയുടെ ഭർത്താവിനെ മരിച്ചനിലയിൽ കണ്ടെത്തി.ഹരിപ്പാട് സ്വദേശി കൃഷ്ണനാണ് മരിച്ചത്.വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം.ഹരിപ്പാട് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.നേരത്തെ ആദായനികുതി വകുപ്പ് ഇവരുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.