ന്യൂഡൽഹി:പ്രവാസികളെ ഇന്ത്യയിൽനടത്തുന്ന വിവാഹങ്ങൾക്ക് ആധാർ നിർബന്ധമാക്കുന്നു. സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനുള്ള മാർഗമായിക്കൂടിയാണ് ആധാർ നിർബന്ധമാക്കുന്ന ശുപാർശയെന്നാണ് റിപ്പോർട്ട്. വിവാഹശേഷം ഭാര്യമാരെ ഉപേക്ഷിക്കുന്നത്, സ്ത്രീധന പീഡനം തുടങ്ങിയവ തടയുകയാണ് ലക്‌ഷ്യം.ഓഗസ്റ്റ് 30 ന് ഇത് സംബന്ധിച്ചുള്ള റിപ്പോർട് വിദേശകാര്യ മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു.ഇതോടൊപ്പം വിവിധ രാജ്യങ്ങളുമായി ഏർപ്പെട്ടിട്ടുള്ള കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറുകളിൽ മാറ്റം വരുത്തണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.യു ഐ ഡി എ ഐ പ്രവാസികളുടെ ആധാർ എൻറോൾമെൻറ് നടപടികളുമായി മുന്നോട്ട് പോവുകയാണ്.ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ, എൻആർഐ, പേഴ്സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ എന്നിവർക്കെല്ലാം ഇന്ത്യയിൽ വെച്ച് നടത്തുന്ന വിവാഹങ്ങൾക്ക് ആധാർ നിർബന്ധമാക്കും. വിവാഹശേഷം വിദേശത്തേക്ക് പോകുന്ന പലരെയും ഏതെങ്കിലും കുറ്റത്തിന് പിന്നീട് കണ്ടെത്തുന്നതിന് നിലവിൽ ബുദ്ധിമുട്ടാണ്.പലപ്പോഴും നോട്ടീസ് നല്കാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.ഇത് അവസാനിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
നടി ആക്രമിക്കപ്പെട്ട കേസിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം എന്നു തീരുമെന്ന് ഹൈക്കോടതി ആരാഞ്ഞു. കേസിലെ അന്വേഷണം സിനിമാ തിരക്കഥപോലെയാണോ എന്നും ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ എന്നും ചോദിച്ച കോടതി സുനിലിനെ ചോദ്യം ചെയ്യുന്നത് വാർത്തകൾ സൃഷ്ടിക്കാനാണോ എന്ന് സംശയം പ്രകടിപ്പിച്ചു.വാർത്തകൾ പരിധിവിട്ടാൽ ഇടപെടേണ്ടി വരുമെന്ന് വ്യക്തമാക്കിയ കോടതി ആരെയെങ്കിലും തൃപ്തിപ്പെടുത്താനാകരുത് ചോദ്യം ചെയ്യലെന്നും അറിയിച്ചു. കേസിന്‍റെ അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇതിനു ശേഷം ദിലീപിനെതിരായ കുറ്റപത്രം സമർപ്പിക്കുമെന്നും ബെഹ്റ കോടതിയിൽ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനും ദിലീപിന്‍റെ സുഹൃത്തുമായ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി പോലീസിനെ വിമർശിച്ചത്. നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 18 ലേക്ക് മാറ്റുകയും ചെയ്തു. ഇതിനു പുറമേ വെള്ളിയാഴ്ച പത്തുമണിക്കു മുൻപ് നാദിർഷ പോലീസിനു മുൻപാകെ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
ഐ എസ് ഭീകര സംഘടനയിൽ ചേർന്ന കണ്ണൂർ സ്വദേശി മരിച്ചു
കണ്ണൂർ:ഐ എസ്സിൽ ചേർന്ന മലയാളി മരിച്ചതായി റിപ്പോർട്ട്.കണ്ണൂർ കൂടാളിയിലെ സിജിൻ മരിച്ചതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.ഇസ്ലാമിക് സ്റ്റേറ്റ്സ് എന്ന ഭീകര സംഘടനയിൽ ചേർന്ന 14 മലയാളികൾ കൊല്ലപ്പെട്ടതായി കഴിഞ്ഞ മാസം സ്ഥിതീകരിച്ചിരുന്നു.കേരളാ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.സിറിയൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് ഇവരിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടത്.ഐ എസിന്റെ കേരളാ തലവൻ എന്നറിയപ്പെടുന്ന ഷജീർ മംഗലശ്ശേരിയും കൊല്ലപ്പെട്ടവരിലുണ്ടായിരുന്നു. മലയാളികളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും ആകർഷിക്കാനുമായി മലയാളത്തിൽ രണ്ട് വെബ്സൈറ്റുകൾ തുടങ്ങിയത് ഷജീറാണ്.ഇയാൾ അഡ്മിനായ അൻഫറുൽ ഖലീഫ,അൽ മുജാഹിദുൽ എന്നീ സൈറ്റുകൾ ഇപ്പോൾ പ്രവർത്തനരഹിതമാണ്.
പാലക്കാട് വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ
പാലക്കാട്:പാലക്കാട് വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആലത്തൂർ സ്റ്റേഷൻ പരിധിയിൽപെട്ട തോലന്നൂരിലാണ് സംഭവം.കോട്ടായിയിൽ പുളയ്‌ക്കൽ പറമ്പിൽ സ്വാമിനാഥൻ(72),ഭാര്യ പ്രേമകുമാരി(62) എന്നിവരാണ് കൊല്ലപ്പെട്ടത്. സ്വാമിനാഥനെ മൂർച്ചയുള്ള ആയുധം കൊണ്ട് കഴുത്തറുത്തും പ്രേമകുമാരിയെ കഴുത്തു ഞെരിച്ചും കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്.സംഭവ സമയത്ത് ഇവരുടെ മകന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു.ഇവർക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോലീസ് അന്വേഷണം ആരംഭിച്ചു.
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ) വർധിപ്പിച്ചു. ഒന്നുമുതൽ അഞ്ചു ശതമാനംവരെയാണ് വർധന. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര കാബിനറ്റ് യോഗത്തിലാണ് തീരുമാനം.ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന. തീരുമാനം 50 ലക്ഷം ജീവനക്കാർക്കും 61 ലക്ഷം പെൻഷൻകാർക്കും ഗുണം ചെയ്യും.
അധ്യാപികമാരുടെ മർദനമേറ്റ ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
കാസർകോഡ്:ഉത്തരക്കടലാസിൽ ചോദ്യങ്ങൾ ആവർത്തിച്ചതിനു അധ്യാപികമാരുടെ മർദനമേറ്റ ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.എന്നാൽ തങ്ങൾ മർദിച്ചിട്ടില്ലെന്നും ഡസ്റ്റർ കൊണ്ട് അടിക്കുക മാത്രമാണ് ചെയ്തതെന്നും അധ്യാപികമാർ പറയുന്നു.ഉപ്പള മണിമുണ്ടയിലെ അബ്ദുൽ ഖാദർ-മെഹറുന്നിസ ദമ്പതികളുടെ മകളും മണിമുണ്ടയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയുമായ ആയിഷ മെഹ്‌നാസ്(11) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഓണപ്പരീക്ഷയുടെ ഉത്തരക്കടലാസിൽ ചില ചോദ്യം അതേപടി എഴുതിവെച്ചതിനെ തുടർന്നാണ് കുട്ടിയെ രണ്ട് അധ്യാപികമാർ ചേർന്ന് ക്ലാസ്സിൽ വെച്ച് മർദിച്ചതെന്നാണ് ആക്ഷേപം.മർദ്ദനത്തെ തുടർന്ന് അബോധാവസ്ഥയിലായ വിദ്യാർത്ഥിനിയെ ബഹളം കേട്ടെത്തിയ മറ്റ് അധ്യാപികമാരാണ് ആദ്യം ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചത്.പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയെ ഡിസ്ചാർജ് ചെയ്തു വീട്ടിൽ കൊണ്ടുവന്നിരുന്നു.എന്നാൽ ചൊവ്വാഴ്ച പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.അതേസമയം സംഭവം നടന്ന സ്കൂളിന് അംഗീകാരമില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.സംഭവം ഒതുക്കി തീർക്കാൻ രാഷ്ട്രീയ ഇടപെടൽ നടന്നിരുന്നതായും ഇവർ ആരോപിക്കുന്നു.അതിനിടെ വീട്ടുകാർ പരാതിയില്ലെന്നും പോസ്റ്റ്മോർട്ടം വേണ്ടെന്നും പോലീസിനെ അറിയിച്ചിരുന്നു.എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ജില്ലാ ജഡ്ജിയുടെ നിർദേശപ്രകാരം മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.കുട്ടിക്ക് മർദനമേറ്റ സംഭവത്തിൽ പരാതി നൽകിയിട്ടും പോലീസ് അന്വേഷണം നടത്തിയില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.അതേസമയം മെഹ്നാസിന് അപസ്മാര രോഗമുള്ളതായി ബന്ധുക്കളും സ്കൂൾ അധികൃതരും പറയുന്നു.അദ്ധ്യാപിക ഡസ്റ്റർ കൊണ്ട് അടിക്കുകമാത്രമാണ് ചെയ്തതെന്നും മർദിച്ചിട്ടില്ലെന്നുമാണ് സ്കൂൾ അധികൃതർ നൽകുന്ന വിശദീകരണം
നഴ്സുമാരുടെ സമരം ഇരുപത്തിമൂന്നാം ദിനം; കൂടുതല്‍ പേരെ പിരിച്ചുവിടുമെന്ന് കെ.വി.എം ആശുപത്രി
ആലപ്പുഴ:മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ലംഘിച്ച് നഴ്സുമാരെ പിരിച്ചുവിട്ട ചേര്‍ത്തല കെ.വി.എം ആശുപത്രിക്കു മുൻപിൽ നഴ്സുമാരുടെയും രക്ഷിതാക്കളുടെയും മെഴുകുതിരി പ്രദക്ഷിണം. രണ്ടുമന്ത്രിമാര്‍ നേരിട്ട് ചര്‍ച്ച നടത്തിയിട്ടും പിരിച്ചുവിട്ട നേഴ്സുമാരെ തിരിച്ചെടുക്കാന്‍ ആശുപത്രി അധികൃതർ തയ്യാറായില്ല. കരാര്‍ അവസാനിക്കുന്നതിനനുസരിച്ച് കൂടുതല്‍ നഴ്സുമാരെ പിരിച്ചുവിടുമെന്നും ആശുപത്രി മാനേജ്‌മെന്റ്. ചേര്‍ത്തല കെ.വി.എം ആശുപത്രിയില്‍ നേഴ്സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ച ശേഷം തൊഴില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. സമരത്തില്‍ പങ്കെടുത്ത നഴ്സുമാര്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാവരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം പൂര്‍ണമായും ലംഘിക്കുന്ന നടപടി പിന്‍വലിച്ച് പിരിച്ചുവിട്ട രണ്ട് നഴ്സുമാരെ തിരിച്ചെടുക്കണമെന്ന ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചില്ല. തുടര്‍ന്നാണ് സമരം ചെയ്യുന്ന നഴ്സുമാരെ സന്ദര്‍ശിച്ച സംസ്ഥാന മന്ത്രിമാര്‍ തന്നെ ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തിയത്. ആദ്യം തോമസ് ഐസകും പിന്നീട് പി തിലോത്തമനും ചര്‍ച്ച നടത്തി. പക്ഷേ നിലപാടില്‍ നിന്ന് ആശുപത്രി മാനേജ്മെന്റ് പിറകോട്ടു പോയില്ലെന്ന് മാത്രമല്ല, കരാര്‍ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് 22 നേഴ്സുമാരെ പിരിച്ചുവിടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. വേണമെങ്കില്‍ ഇതില്‍ 4 പേരെ മാത്രം നിലനിര്‍ത്താമെന്നാണ് പി തിലോത്തമനുമായുള്ള ചര്‍ച്ചയില്‍ ആശുപത്രി മാനേജ്മെന്റ് മുന്നോട്ടുവെച്ച ഒത്തു തീര്‍പ്പ് ഫോര്‍മുല.പ്രാദേശികമായി നിരവധി സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒരു ഒത്തു തീര്‍പ്പ് വ്യവസ്ഥയ്ക്കും വഴങ്ങില്ലെന്ന നിലപാടാണ് ആശുപത്രി അധികൃതര്‍ ആവര്‍ത്തിക്കുന്നത്.
റോഡ് ശരിയല്ലെങ്കിൽ മന്ത്രിയെ നേരിട്ട് വിളിക്കാം
തിരുവനന്തപുരം:റോഡുകളെ പറ്റിയുള്ള പരാതി ഇനി മുതൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെ നേരിട്ട് വിളിച്ചു പറയാം.18004257771 എന്ന ടോൾ ഫ്രീ നമ്പറിൽ മാസത്തിലെ ആദ്യ ബുധനാഴ്ച വൈകുന്നേരം മൂന്നര മുതൽ നാലരവരെ മന്ത്രിയെ നേരിട്ട് വിളിക്കാം.അവധി ദിനങ്ങളിലൊഴികെ രാവിലെ ഒൻപതര മുതൽ രാത്രി ഏഴര വരെ ഉദ്യോഗസ്ഥരെയും പരാതി അറിയിക്കാം.പൊതുമരാമത്ത് വകുപ്പിന്റെ പരിഷ്‌ക്കരിച്ച പരാതി പരിഹാര സെൽ വ്യാഴാഴ്ച മന്ത്രി ഉൽഘാടനം ചെയ്യും.പരാതി സ്വീകരിച്ചാൽ വിളിച്ചയാളിന്റെ ഫോൺ നമ്പർ ഉൾപ്പെടെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർ എഴുതിവെയ്ക്കും.പരാതിയിലെ റോഡ് ഏത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കീഴിലാണോ അദ്ദേഹത്തിന് പരാതിക്കാരന്റെ ഫോൺ നമ്പർ നൽകും.ഈ ഉദ്യോഗസ്ഥൻ പരാതി പരിഹരിച്ച ശേഷം പരാതിക്കാരനെ വിളിച്ചറിയിക്കും. പരിഹാരം കാണാനായില്ലെങ്കിൽ കാരണവും അറിയിക്കും.കേരളത്തിലെ പതിനാറ് റോഡുകൾ നന്നാക്കാനായി കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് 215 കോടി രൂപ അനുവദിച്ചതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു.
ചെറിയ കുറ്റങ്ങളില്‍ കുട്ടികള്‍ക്കെതിരെ ഇനി മുതല്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്യില്ല
തിരുവനന്തപുരം:കുട്ടികള്‍ പ്രതികളാകുന്ന കേസുകളില്‍ ഇനി മുതല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ സര്‍ക്കുലര്‍.പകരം സോഷ്യല്‍ ബാക്ഗ്രൗണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നാണ് നിര്‍ദ്ദേശം.എസ്ബിആര്‍ രജിസ്ട്രര്‍ ചെയ്യുന്ന കേസില്‍ പ്രതിയാകുന്ന കുട്ടിക്ക് പോലീസ് സ്‌റ്റേഷനില്‍ വെച്ച് തന്നെ ജാമ്യം നല്‍കണമെന്നും ലോക്‌നാഥ് ബെഹ്‌റ പുറത്തിറക്കിയ സര്‍ക്കുലറിലുണ്ട്.കേന്ദ്ര കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ നിയമത്തിലെ സെക്ഷന്‍ 110 (1) അനുസരിച്ചാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ സുപ്രധാന സര്‍ക്കുലര്‍. ബലാത്സംഗത്തിലും, കൊലപാതക കേസിലും ഉള്‍പ്പെടുന്ന കുട്ടികള്‍ക്കെതിരെ മാത്രമേ ഇനി മുതല്‍ എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്യാവൂവെന്നാണ് നിര്‍ദ്ദേശം.മറ്റ് ഒരു കേസിലും ഉള്‍പ്പെടുന്ന കുട്ടികള്‍ക്കെതിരെ ഇനി മുതല്‍ എഫ് ഐ ആര്‍ രജിസ്റ്റർ ചെയ്യരുത്.2016ലെ ബാലനീതി ചട്ടം 1 പ്രകാരമാണ് എസ്ബിആര്‍ തയ്യാറാക്കേണ്ടത്. ഇത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു നല്‍കുകയും വേണം. എഎസ്‌ഐ റാങ്കില്‍ കുറയാത്ത പൊലിസ് ഉദ്യോഗസ്ഥനായിരിക്കണം എസ്ബിആര്‍ തയ്യാറാക്കേണ്ടതെന്ന കര്‍ശന നിര്‍ദ്ദേശവുമുണ്ട്. മുതിര്‍ന്ന ആളുകളുമായി ചേര്‍ന്ന് കുറ്റക്യത്യത്തില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്കെതിരെ നിലവിലുള്ള രീതിയില്‍ എഫ് ഐ ആര്‍ രജിസ്ട്രര്‍ ചെയ്യുന്നതിന് തടസമില്ലെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ചെറുകുറ്റക്യത്യത്തില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ ഭാവിക്ക് എഫ്‌ഐആര്‍ തടസമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കുലര്‍.
സ്വാശ്രയ മെഡിക്കൽ പ്രവേശനം;ഒരു വർഷത്തെ ബാങ്ക് ഗ്യാരന്റി വാങ്ങിയാൽ മതിയെന്ന് രാജേന്ദ്രബാബു കമ്മിറ്റി
തിരുവനന്തപുരം:സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ നിന്നും ഒരു വർഷത്തെ ബാങ്ക് ഗ്യാരന്റി മാത്രമേ വാങ്ങാവൂ എന്ന് ഫീസ് നിർണയ സമിതി അധ്യക്ഷൻ ജസ്റ്റിസ് രാജേന്ദ്രബാബു നിർദേശിച്ചു.പല സ്വാശ്രയ മെഡിക്കൽ കോളേജുകളും വിദ്യാർത്ഥികളിൽ നിന്നും രണ്ടും മൂന്നും വർഷത്തേക്കുള്ള ബാങ്ക് ഗ്യാരന്റി വാങ്ങുന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ നിർദേശം.സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയിരിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസമാകുന്നതാണ് നിർദേശം.വിദ്യാർത്ഥികളിൽ നിന്നും ഗ്യാരന്റിയായി ബ്ലാങ്ക് ചെക്കുകൾ വാങ്ങരുതെന്ന് കമ്മീഷൻ നിർദേശിച്ചു.ബ്ലാങ്ക് ചെക്കുകൾ വാങ്ങുന്നത് തലവരിയായി കണക്കാക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.ഇത്തവണത്തെ മെഡിക്കൽ കോഴ്സിന്റെ അന്തിമ ഫീസ് മൂന്നു മാസത്തിനകം നിർണയിക്കാൻ സുപ്രീം കോടതി രാജേന്ദ്രബാബു കമ്മിറ്റിയോട് നിർദേശിച്ചിട്ടുണ്ട്. അതിന്റെ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.ഇത്തവണത്തെ മെഡിക്കൽ പ്രവേശനത്തിന് അഞ്ചു ലക്ഷം രൂപ ഏകീകൃത ഫീസായി രാജേന്ദ്രബാബു കമ്മിറ്റി നേരത്തെ നിശ്ചയിച്ചിരുന്നു.എന്നാൽ ഇതിനെ മാനേജ്മെന്റുകൾ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുകയായിരുന്നു.