കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.രാവിലെ 11 നാണ് കോടതി നടപടികൾ ആരംഭിക്കുക.അറസ്റ്റിലായി 60 ദിവസം കഴിഞ്ഞതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ട് എന്നാകും പ്രതിഭാഗം വാദിക്കുക.എന്നാൽ കേസിൽ അന്വേഷണം തുടരുന്നതിനാലും നിർണായകമായ അറസ്റ്റുകൾ ശേഷിക്കുന്നതിനാലും ജാമ്യം നല്കരുതെന്നാകും പ്രോസിക്യൂഷൻ വാദിക്കുക.ഇത് രണ്ടാം തവണയാണ് ദിലീപ് ജാമ്യം തേടി അങ്കമാലി കോടതിയെ സമീപിക്കുന്നത്.നേരത്തെ അങ്കമാലി കോടതി ഒരുതവണയും ഹൈക്കോടതി രണ്ടു തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.നടിയുടെ നഗ്നദൃശ്യങ്ങൾ പകർത്താൻ ആവശ്യപ്പെട്ടുവെന്ന ആരോപണം മാത്രമാണ് ദിലീപിനെതിരെയുള്ളതു എന്നാണ് അഭിഭാഷകരുടെ വാദം.മറ്റ് ആക്ഷേപങ്ങൾക്കൊന്നും തെളിവ് നല്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല.ഈ സാഹചര്യത്തിൽ ദിലീപിന് ജാമ്യത്തിന് അർഹതയുണ്ടെന്നാണ് പ്രതിഭാഗത്തിന്റെ വാദം.എന്നാൽ ഇതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കും.ദിലീപ് പുറത്തിറങ്ങുന്നത് കേസിനെ പ്രതികൂലമായി ബാധിക്കും.കൂടാതെ കേസിലെ പ്രധാന തെളിവായ മൊബൈൽ ഫോൺ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും ഏറെയാണ്.തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന് സംശയിക്കപ്പെടുന്ന നാദിർഷയെ ചോദ്യം ചെയ്യാനാകാത്ത കാര്യവും അന്വേഷണ സംഘം കോടതിയെ ധരിപ്പിക്കും.
രാജസ്ഥാന്‍ സ്കൂളില്‍ രണ്ടാം ക്ലാസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ആറു വയസുകാരിയെ സര്‍ക്കാര്‍ സ്‌കൂളില്‍ കൂട്ട ബലാത്സംഗത്തിനിരയാക്കി. രാജസ്ഥാനിലെ ബാര്‍മെറിലെ കേന്ദ്രീയ വിദ്യാലയത്തിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് ബലാത്സംഗം ചെയ്തത്. സ്‌കൂളിലെ ശൗചാലയത്തിന് സമീപമുള്ള മുറിയിലെ മേശയില്‍ കെട്ടിയിട്ടായിരുന്നു ആക്രമണം.സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ സ്‌കൂളിലെ തൂപ്പുകാരാണ്. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. വ്യാഴാഴ്ചയായിരുന്നു സംഭവം.കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനിയെ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ക്രൂരത പുറത്തറിയുന്നത്. ജില്ലാ കളക്ടറും പോലീസ് മേധാവിയുമടക്കം സ്‌കൂളില്‍ സന്ദര്‍ശനം നടത്തി. സ്‌കൂള്‍ ജീവനക്കാരേയും അധികൃതരേയും ചോദ്യം ചെയ്തു വരികയാണ്.
ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു,ഇന്നുതന്നെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്നു നാദിർഷ,വേണ്ടെന്നു പോലീസ്
കൊച്ചി:ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് ഇന്ന് തന്നെ വേണമെങ്കിൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്നു നാദിർഷ പോലീസിനെ അറിയിച്ചു.ഇന്ന് നാലുമണിക്ക് ശേഷം എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നാണ് തരാം അറിയിച്ചത്.എന്നാൽ രാവിലെ ഹാജരായപ്പോൾ രക്തസമ്മർദത്തിലും രക്തത്തിലെ ഷുഗർ ലെവലിലും വ്യതിയാനം ഉണ്ടായതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ നാദിർഷയെ ചോദ്യം ചെയ്യാൻ വിളിക്കേണ്ടതില്ലെന്ന നിലപാടിലാണ് പോലീസ്.മെഡിക്കൽ സംഘത്തിന്റെ വിശദമായ റിപ്പോർട് ലഭിച്ചതിനു ശേഷം മാത്രമേ താരത്തിനെ കൂടുതൽ ചോദ്യം ചെയ്യാൻ ഇടയുള്ളൂ.കോടതിയുടെ നിർദേശപ്രകാരം ഇന്ന് രാവിലെ 9.45 ഓടെയാണ് നാദിർഷ ആലുവ പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യലിനായി ഹാജരായത്.തുടർന്ന് ചോദ്യം ചെയ്യൽ തുടരവെയാണ് നാദിർഷായുടെ രക്തസമ്മർദം ഉയർന്നത്.തുടർന്ന് ഡോക്റ്റർമാരെത്തി പരിശോധിക്കുകയും അവരുടെ നിർദേശ പ്രകാരം ചോദ്യം ചെയ്യൽ ഉപേക്ഷിക്കുകയുമായിരുന്നു.
ഡ്രൈവിംഗ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കാൻ നീക്കം
ന്യൂഡൽഹി:പാൻകാർഡിനു പിന്നാലെ ഡ്രൈവിംഗ് ലൈസൻസും ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ ആലോചിച്ചു വരികയാണെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കർ പ്രസാദ് പറഞ്ഞു.ഇക്കാര്യം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരിയുമായി ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.പാൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുവാനുള്ള തീരുമാനം സാമ്പത്തിക ക്രമക്കേടുകൾ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നു മന്ത്രി പറഞ്ഞു. അതേരീതിയിൽ ഡ്രൈവിംഗ് ലൈസൻസ് പാൻകാർഡുമായി ബന്ധിപ്പിക്കുന്നത് വ്യാജ ലൈസൻസുകൾ തടയുന്നതിനടക്കം സഹായിക്കും.പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ചോദ്യം ചെയ്തുകൊണ്ടുള്ള കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.അതിൽ തീരുമാനം വരുന്നതിനു മുൻപാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവിനെ വീടുകയറി ആക്രമിച്ചു;കൈകാലുകൾ തല്ലിയൊടിച്ചു,ജനനേന്ദ്രിയം മുറിച്ചു മാറ്റി
തിരുവനന്തപുരം:തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവിനെ വീടുകയറി ആക്രമിച്ചു. അക്രമണത്തിൽപരിക്കേറ്റ കെഎസ്ആർറ്റിസി ജീവനക്കാരനായ കോൺഗ്രസ് നേതാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോൺഗ്രസ്സ് മാറനല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറി കൂടിയായ സജി കുമാറിനെ രാത്രി 10.30ഓട് കൂടിയാണ് വീട്ടിൽ കയറി അക്രമിച്ചത്. സജി കുമാറിന്റെ കൈകാലുകൾ കമ്പി കൊണ്ട് അടിച്ചൊടിച്ചു. മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് സജി കുമാർ . സജിയുടെ ലിംഗം വെട്ടി പരിക്കേൽപ്പിച്ചുവെന്നും പരാതിയുണ്ട്.സ്കൂട്ടറിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്.വാതിൽ തകർത്ത് അകത്തു കടന്ന അക്രമികൾ സജികുമാറിനെ മർദിച്ചശേഷം കമ്പിപ്പാര കൊണ്ട് കൈകാലുകൾ അടിച്ചൊടിക്കുകയായിരുന്നു.സജികുമാറിനെ കൂടാതെ വീട്ടിൽ വൃദ്ധരായ മാതാപിതാക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.മാതാപിതാക്കളുടെ നിലവിളി കേട്ട് സമീപ വാസികൾ എത്തുമ്പോഴേക്കും അക്രമി സംഘം സ്ഥലം വിട്ടിരുന്നു. ആക്രമണത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.ആശുപത്രിയിൽ പ്രവേശിപ്പിച്ച സജികുമാറിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.പരിക്ക് ഗുരുതരമായതിനാൽ ഡോക്റ്റർമാരുടെ നിരീക്ഷണത്തിലാണ്.
വളപട്ടണം ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയിൽ
കണ്ണൂർ:വളപട്ടണം സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടത്തി ഒളിവിലായിരുന്ന പ്രതിയെ പിടികൂടി.ബാങ്കോക്കിൽ നിന്നും ഇന്റർപോളിന്റെ സഹായത്തോടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.കണ്ണൂർ തളിക്കാവ് സ്വദേശി കെ.പി മുഹമ്മദ് ജസീൽ(43) ആണ് പിടിയിലായത്.ഇന്നലെ പുലർച്ചെ നാലുമണിയോടെയാണ് ഇയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്.തുടർന്ന് കണ്ണൂർ ഡിവൈഎസ്പി ഓഫീസിലെത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തി.അന്വേഷണസംഘത്തിന്റെ ചുമതലയുള്ള കണ്ണൂർ ഡിവൈഎസ്പി പി.പി സദാനന്ദനാണ് ഇക്കാര്യം അറിയിച്ചത്.വളപട്ടണം സഹകരണ ബാങ്കിലെ അക്കൗണ്ടന്റായിരുന്നു ജസീൽ.മന്ന ശാഖാ മാനേജരുടെ ചുമതലയും ഇയാൾക്കായിരുന്നു. ഇക്കാലയളവിലാണ് ഇയാൾ കോടികളുടെ ക്രമക്കേട് നടത്തിയത്.2016 ലെ സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലാണ് തട്ടിപ്പിന്റെ യഥാർത്ഥ കണക്കുകൾ പുറത്തു വന്നത്.വളപട്ടണം ബാങ്കിൽ പണയം വെച്ച 76 ഇടപാടുകാരുടെ അഞ്ചുകിലോ സ്വർണം ഇയാൾ മറ്റു ബാങ്കുകളിൽ പണയം വെച്ചിരുന്നു.വ്യാജരേഖകൾ ചമച്ച് വായ്‌പ്പയിലും ക്രമക്കേട് നടത്തി.ജസീലിന്റെ ഭാര്യയും കോളേജ് അധ്യാപികയുമായ ടി.എം.വി മുംതാസിനെയടക്കം 22 പേരെ കേസുമായി ബന്ധപ്പെട്ട് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇയാളുടെ ബന്ധുക്കളടക്കം 26 പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്.പ്രതിയുടെ ഭാര്യാപിതാവ് ഉൾപ്പെടെ നാലുപേർ ഇനിയും പിടിയിലാകാനുണ്ട്.തട്ടിപ്പ് പുറത്തായതിന് ശേഷം ദുബായിലേക്ക് കടന്ന ഇയാൾ കുറേക്കാലമായി ബാങ്കോക്കിലാണ്.ഇവിടെ ആയുർവേദ സൗന്ദര്യവർദ്ധക ഉത്പന്നങ്ങളുടെ വിൽപ്പനയും റിയൽ എസ്റ്റേറ്റ് വ്യാപാരവും ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടവും നടത്തുകയായിരുന്നു ഇയാൾ എന്ന് പോലീസ് പറഞ്ഞു.കണ്ണൂർ ഡിവൈഎസ്പി പി.പി സദാനന്ദൻ ബാങ്കോക്ക് പൊലീസിന് ഇന്റർപോൾ വഴി ഇയാൾ നടത്തിയ തട്ടിപ്പിന്റെ വിശദമായ റിപ്പോർട് നൽകിയിരുന്നു.കൂടാതെ അവിടെയുള്ള വിവിധ മലയാളി സമാജങ്ങളുമായും ബന്ധപ്പെട്ടു.തുടർന്ന് സെപ്റ്റംബർ അഞ്ചിന് ഇന്റർപോൾ ഇയാളെ അറസ്റ്റ് ചെയ്ത് ബാങ്കോക്കിൽ തടവിലാക്കി.പിന്നീട് അവിടുത്തെ ഇന്ത്യൻ എംബസിയുമായി ഡിവൈഎസ്പി ബന്ധപ്പെടുകയും അവിടെ നിന്നും നെടുമ്പാശ്ശേരിയിൽ എത്തിക്കുകയും ചെയ്തു.കേന്ദ്ര രഹസ്യാന്വേഷണ സംഘം ചോദ്യം ചെയ്തതിനു ശേഷമാണ് ഇയാളെ കണ്ണൂരിലെത്തിച്ചത്.
ജില്ലയിലെ പാചകവാതക സമരം ഒത്തുതീർന്നു
കണ്ണൂർ:ജില്ലയിലെ പാചകവാതക തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർന്നു. കളക്റ്ററുടെ സാന്നിധ്യത്തിൽ ഏജൻസി ഉടമകളും തൊഴിലാളി യൂണിയനുകളും നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പുണ്ടായത്.തൊഴിലാളികൾക്ക് പരിധിയില്ലാതെ മൊത്ത ശമ്പളത്തിന്റെ 15.65 ശതമാനം ബോണസ് നല്കാൻ ധാരണയായതിനെ തുടർന്നാണ് സമരം ഒത്തുതീർന്നത്. മുടങ്ങിപ്പോയ പാചകവാതക വിതരണം ഇന്ന് മുതൽ പുനരാരംഭിക്കും.ഇരുപതു ശതമാനം ബോണസ് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് തൊഴിലാളികൾ സമരം ആരംഭിച്ചത്. എന്നാൽ ബോണസ് നിയമപ്രകാരമുള്ള 7000 രൂപ പരിധി നിശ്ചയിച്ച് 14.5 ശതമാനം നൽകാമെന്നായിരുന്നു ഉടമകളുടെ നിലപാട്.രണ്ടു വിഭാഗവും തീരുമാനത്തിൽ വിട്ടുവീഴ്ച ചെയ്യാത്തതിനെ തുടർന്ന് നേരത്തെ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു.പിന്നീട് പാചകവാതക ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കലക്റ്റർ പ്രശ്നത്തിൽ ശക്തമായി ഇടപെടുകയായിരുന്നു. മൊത്തം ശമ്പളത്തിന്റെ 15.65 ശതമാനം എന്ന നിർദേശം മുന്നോട്ട് വെച്ചത് കളക്റ്ററായിരുന്നു.ഇത് ഉടമകൾ അംഗീകരിച്ചു.ബോണസിനു പരിധി നിശ്ചയിക്കരുത് എന്ന തൊഴിലാളികളുടെ ആവശ്യം കൂടി അംഗീകരിച്ചതോടെ സമരം ഒത്തുതീർന്നു.കഴിഞ്ഞ വർഷം 16.5 ശതമാനം ബോണസായിരുന്നു നൽകിയത്.ഒരു ശതമാനത്തോളം കുറവ് ഇത്തവണ ഉണ്ടായെങ്കിലും തുകയിൽ കുറവ് വരുത്തിയില്ല.കഴിഞ്ഞ വർഷത്തേക്കാൾ ശമ്പളത്തിൽ വർധന ഉണ്ടായതിനാലാണിത്.
ബുള്ളറ്റ് ട്രെയിൽ പദ്ധതിക്കു തുടക്കം കുറിച്ചു
അഹമ്മദാബാദ്: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് തുടക്കം കുറിച്ചു. മുംബൈയേയും അഹമ്മദാബാദിനേയും ബന്ധിപ്പിച്ചു കൊണ്ടുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതി 2023ൽ പൂർത്തികരിക്കാനാണ് ഉദേശിക്കുന്നത്.508 കിലോമീറ്റർ പദ്ധതിക്ക് 1.10 ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ 81 ശതമാനം ചെലവ് ജപ്പാൻ വഹിക്കും. ഇത് 50 വർഷം കൊണ്ട് തിരിച്ചടയ്ക്കാൻ സാധിക്കുന്ന തരത്തിലാണ് ഇന്ത്യയും ജപ്പാനും തമ്മിലുള്ള കരാർ. ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ഏഴ് മണിക്കൂർ യാത്രയ്ക്ക് രണ്ട് മണിക്കൂർ മതിയാകും. മണിക്കൂറിൽ 320-350 കിലോമീറ്ററാണ് ട്രെയിന്‍റെ വേഗം.
പുല്ലൂർ-പെരിയ പഞ്ചായത്തിൽ വ്യാപക ആക്രമണം
പെരിയ:പുല്ലൂർ-പെരിയ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് ഓഫീസിനും പാർട്ടി നിയന്ത്രണത്തിലുള്ള മറ്റു സ്ഥാപനങ്ങൾക്കുമെതിരെ വ്യാപക ആക്രമണം.കോൺഗ്രസിന്റെ പുല്ലൂർ-പെരിയ മണ്ഡലം കമ്മിറ്റി ഓഫീസിനു തീയിട്ടു.കോൺഗ്രസ് ഓഫീസിന്റെ ജനലുകൾ അടിച്ചു തകർത്തു.ഓഫീസിനകത്തെ ഫർണിച്ചറുകളും നശിപ്പിച്ചിട്ടുണ്ട്.പെരിയ നെടുവോട്ടുപാറയിൽ പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിനു നേരെയും ആക്രമണം നടന്നു.ക്ലബ്ബിന്റെ ജനൽ ചില്ലുകൾ തകർത്തു.ക്ലബ്ബിനു സമീപത്തെ കൊടിമരവും പതാകയും തോരണങ്ങളും നശിപ്പിച്ച നിലയിലാണ്.പെരിയ കല്ല്യോട്ടെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള യുവജന വാദ്യകലാ സംഘത്തിന്റെ ഓഫീസിനു നേരെയും അക്രമമുണ്ടായി.ബുധനാഴ്ച അർധരാത്രിയോടെയാണ് അക്രമണമുണ്ടായതെന്നു കരുതുന്നു.വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.ആക്രമണങ്ങൾക്കു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.പെരിയയിലെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമണങ്ങളുമായി ബന്ധപ്പെട്ട് ബേക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.അക്രമം നടന്ന സ്ഥലങ്ങളിൽ പോലീസ് അതീവ ജാഗ്രത പാലിച്ചുവരികയാണ്.
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വധഭീഷണി
തിരുവനന്തപുരം:സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈന് വധഭീഷണി. കത്തിലൂടെയാണ് ഭീഷണി ലഭിച്ചത്. മനുഷ്യവിസർജ്ജവും തപാലിൽ ലഭിച്ചെന്നും കത്തുകളിൽ അസഭ്യവർഷമാണെന്നും ജോസഫൈൻ പറഞ്ഞു.സിനിമയിലെ വനിതാ കൂട്ടായ്മ അംഗങ്ങൾക്കും ഭീഷണിയുണ്ട്.നടി ആക്രമിക്കപ്പെട്ട കേസിൽ പി.സി ജോർജ് എംഎൽഎക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തിരുന്നു.ഇതിനു പിന്നാലെയാണ് ഭീഷണി ഉയർന്നിരിക്കുന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തപാലിലൂടെ തനിക്ക് നിരവധി ഭീഷണി കത്തുകളാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് ജോസഫൈൻ പറഞ്ഞു.കേസിൽ ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോകുന്നതിനാലാണ് ഇത്തരത്തിൽ വധഭീഷണി ഉയർന്നിരിക്കുന്നതെന്നാണ് കരുതുന്നത്.മനുഷ്യ വിസർജം ഉൾപ്പെടെ തപാലിൽ ലഭിച്ചു.ഭീഷണി ഉയർന്നത് ഉണ്ട് തളരില്ല.ശക്തമായി മുന്നോട്ട് പോകും.തനിക്ക് മാത്രമല്ല നടിക്ക് വേണ്ടി നിലകൊണ്ട നിരവധിപേർക്കും ഭീഷണിയുണ്ടെന്നും ജോസഫൈൻ കൂട്ടിച്ചേർത്തു.