ഗോരഖ്പൂർ:അദ്ധ്യാപിക ക്രൂരമായി ശിക്ഷിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേ സെന്റ് ആന്റണി കോൺവെന്റ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി നവനീത് പ്രകാശ് ആണ് ആത്മഹത്യ ചെയ്തത്.’ഇത് പോലെ ക്രൂരമായി ആരെയും ശിക്ഷിക്കരുത്’ എന്ന് കുറിപ്പ് എഴുതി വെച്ചാണ് കുട്ടി ആത്മഹത്യ ചെയ്തത്.സെപ്റ്റംബർ 15 ന് സ്കൂളിൽ പരീക്ഷയെഴുതാൻ പോയ കുട്ടി വീട്ടിൽ വന്നതുമുതൽ അസ്വസ്ഥനായിരുന്നു എന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.തന്നെ അദ്ധ്യാപിക മൂന്നു മണിക്കൂറോളം ബെഞ്ചിന് മുകളിൽ കയറ്റി നിർത്തിയിരുന്നെന്നും തന്നോട് മോശമായി പെരുമാറിയിരുന്നെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.സ്കൂളിനും അധ്യാപികയ്ക്കും എതിരെ രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്.സ്കൂൾ അധികൃതർ വിഷയത്തിൽ ഇത് വരെ പ്രതികരിച്ചിട്ടില്ല.
മലബാർ സിമന്റ് അഴിമതി;വി.എം രാധാകൃഷ്‌ണന്റെ സ്വത്തുക്കൾ കണ്ടുകെട്ടി
പാലക്കാട്:മലബാർ സിമന്റ്സ് അഴിമതി കേസിൽപ്പെട്ട വി.എം രാധാകൃഷ്‌ണന്റെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി.കോഴിക്കോട്,വയനാട് എന്നീ ജില്ലകളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.2004-08 കാലഘട്ടത്തിൽ സമ്പാദിച്ച 23 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.മലബാർ സിമെന്റ്സിന് ലാമിനേറ്റഡ് ബാഗ് വാങ്ങിയതിൽ ക്രമക്കേടുമായി ബന്ധപ്പെട്ട് രാധാകൃഷ്ണൻ,മകൻ നിതിൻ എന്നിവരുൾപ്പെടെ പതിനൊന്നു പേർക്കെതിരെ വിജിലൻസ് തൃശൂർ വിജിലൻസ് കോടതിയിൽ കഴിഞ്ഞ വർഷം കുറ്റപത്രം സമർപ്പിച്ചിരുന്നു. മുംബൈ ആസ്ഥാനമായുള്ള റഷീദ് പാക്കേജ് എന്ന സ്ഥാപനത്തിൽ നിന്നാണ് ലാമിനേറ്റഡ് ബാഗുകൾ ഇറക്കുമതി ചെയ്തത്.ബാഗൊന്നിന് പത്തു രൂപ എന്ന ക്രമത്തിലായിരുന്നു ഇറക്കുമതി. ഇതിൽ 2.25 കോടി രൂപ രാധാകൃഷ്‌ണൻ കൈപറ്റിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്.
ആധാർ നമ്പർ നൽകാത്തവർക്ക് ഇനി മുതൽ റേഷൻ ഇല്ല
തിരുവനന്തപുരം:ആധാർ നമ്പർ നൽകാത്ത ഉപഭോക്താക്കൾക്ക് ഇനി മുതൽ റേഷൻ നൽകില്ലെന്ന് അധികൃതർ.ഈ മാസം മുപ്പതു വരെയാണ് ആധാർ നൽകാനുള്ള അവസാന സമയം.ഇതിനുള്ളിൽ ആധാർ നമ്പർ നൽകാത്തവർക്ക് റേഷൻ നൽകേണ്ടെന്നാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ തീരുമാനം.ആധാർ നമ്പർ രേഖപ്പെടുത്തി അതിന്റെ സാധുത ഉറപ്പ് വരുത്തി മാത്രമേ റേഷൻ സാധനങ്ങൾ നൽകാവൂ എന്ന കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.സംസ്ഥാനത്ത് ഇതിനോടകം തന്നെ റേഷൻ കടകളിൽ നിന്നും എല്ലാവരുടെയും ആധാർ നമ്പർ സ്വീകരിച്ചിട്ടുണ്ട്. ആധാർ ലഭ്യമാക്കിയവരുടെ പട്ടിക എല്ലാ റേഷൻ കടകളിലും ലഭ്യമാക്കും.റേഷൻ കാർഡിൽ ഉൾപെട്ടവരുടെ ആധാർ നമ്പർ ശേഖരിക്കുന്നതിലൂടെ പൊതുവിതരണ മേഖലയിലെ സുതാര്യത ഉറപ്പാക്കാനും ഇത് വഴി റേഷൻ സാധനങ്ങളുടെ ചോർച്ചയും ദുരുപയോഗവും തടയാനാകുമെന്നാണ് അധികൃതർ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിന് നേരെ ആക്രമണം
ആലപ്പുഴ:ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ഓഫീസിനു നേരെ ആക്രമണം.ഓഫീസിനു പുറത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകൾ അടിച്ചു തകർത്തു.ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ആക്രമണം നടന്നതെന്നാണ് കരുതുന്നത്.അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.സംഭവം നടക്കുമ്പോൾ ആലപ്പുഴ ബ്യുറോയിലെ റിപ്പോർട്ടറും ഡ്രൈവറും മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.അന്വേഷണം ആരംഭിച്ചു.
റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ശമ്പളം ബോണസായി നൽകും
ന്യൂഡൽഹി:റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ശമ്പളം ബോണസായി നൽകാനുള്ള ശുപാർശയ്ക്ക് ക്യാബിനെറ്റ് അംഗീകാരം.നോൺ ഗസറ്റഡ് റെയിൽവേ ജീവനക്കാർക്കാണ് ബോണസ് ലഭിക്കുകയെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്‌റ്റിലി പറഞ്ഞു.12.3 ലക്ഷം ജീവനക്കാർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക.റെയിൽവേ ജീവനക്കാർക്ക് ഉത്സവബത്തയായി അനുവദിച്ചിട്ടുള്ള തുക ദസറ,ദുർഗ പൂജ തുടങ്ങിയ ആഘോഷങ്ങൾക്ക് മുൻപായി നൽകാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
ഒക്ടോബർ മൂന്നുമുതൽ മീസിൽസ്-റൂബെല്ല വാക്‌സിനുകൾ നൽകി തുടങ്ങും
കണ്ണൂർ:രാജ്യത്തെ ഒൻപതു മാസം മുതൽ പതിനഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് ഒക്ടോബർ മൂന്നുമുതൽ മീസിൽസ്-റൂബെല്ല വാക്‌സിനുകൾ നൽകി തുടങ്ങും.ഇതിനായി ജില്ലയിലെ സ്കൂളുകളിൽ ക്യാമ്പുകൾ സംഘടിപ്പിക്കും.സ്കൂളുകളിൽ നിന്നും കുത്തിവെയ്‌പ്പെടുക്കാൻ സാധിക്കാത്ത കുട്ടികൾക്കായി പിന്നീടുള്ള ആഴ്ചകളിൽ മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ വെച്ച് വാക്‌സിനേഷൻ നൽകും.ജില്ലയിൽ 5,93,129 കുട്ടികൾക്കാണ് വാക്‌സിനേഷൻ നൽകുന്നത്. ഡോക്റ്റർമാരുടെ നേതൃത്വത്തിൽ അധ്യാപകരുടെ സഹകരണത്തോടെ സ്കൂളുകളിൽ വെച്ചാണ് കുത്തിവെയ്‌പ്പ്നൽകുക.ഇതിനായി ഡോക്റ്റർമാർക്കുള്ള ട്രെയിനിങ് പൂർത്തിയായി. അധ്യാപകർക്കുള്ള പരിശീലനം ഈ മാസം അവസാനം പൂർത്തിയാകും.
മുംബൈയിൽ കനത്ത മഴ;വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മുംബൈ:മുംബൈയിൽ കനത്ത മഴ.40 മുതൽ 130 മില്ലി മീറ്റർ വരെ രേഖപ്പെടുത്തിയ മഴയിൽ പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിലായി.മഴയെ തുടർന്ന് മുംബൈ നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇന്ന് ഒരു റൺവേ തുറന്നതായി റിപ്പോർട്ടുകളുണ്ട്.ഇന്നലെ 7 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു.183 യാത്രക്കാരുമായി പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയത് ആശങ്കയ്ക്കിടയാക്കി.അടുത്ത 24 മണിക്കൂറിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.റെയിൽവേ ട്രാക്കുകളിലും വെള്ളം കയറിയ നിലയിലാണ്.അഞ്ചോളം ട്രെയിനുകളും റദ്ദാക്കി.പല ട്രെയിനുകളും നിയന്ത്രിത വേഗപരിധിയിലാണ് ഓടുന്നത്.
കണ്ണൂർ വിമാനത്താവളം 2018 സെപ്റ്റംബറിൽ പൂർത്തിയാകും
തിരുവനന്തപുരം:കണ്ണൂർ വിമാനത്താവളം അടുത്ത വർഷം സെപ്റ്റംബറിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.മസ്കറ്റ് ഹോട്ടലിൽ കണ്ണൂർ വിമാനത്താവളത്തിന്റെ എട്ടാമത് വാർഷിക പൊതു യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആഭ്യന്തര,അന്താരാഷ്ട്ര വിമാനക്കമ്പനികൾ കണ്ണൂരിൽ നിന്നും സർവീസ് നടത്താൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.വിമാനത്താവളത്തിലെ റൺവേയുടെ നീളം 3050 മീറ്ററിൽ നിന്നും 4000 മീറ്ററാക്കും.ഇതിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്.ഇതോടെ കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി കണ്ണൂർ മാറും.നിലവിൽ 84 തസ്തികകളിൽ നിയമനം നടത്തി.ബാക്കിയുള്ള തസ്തികകളിൽ നിയമം നടത്തൽ പുരോഗമിക്കുകയാണ്. വിമാനത്താവളത്തിനായി സ്ഥലമേറ്റെടുത്തപ്പോൾ വീട് നഷ്ട്ടപ്പെട്ടവർക്കായി 41 തസ്തികകൾ നീക്കിവെക്കും.റൺവേയുടെയും സെയ്ഫ്റ്റി ടെർമിനലിന്റെയും നിർമാണം മഴ കഴിഞ്ഞതിന് ശേഷം ആരംഭിക്കും.2018 ജനുവരിയിൽ പണി പൂർത്തിയാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കണ്ണൂരിൽ 25 കിലോ കഞ്ചാവുമായി യുവതി പിടിയിൽ
കണ്ണൂർ:കണ്ണൂരിൽ 25 കിലോ കഞ്ചാവുമായി യുവതി പിടിയിൽ.തെലങ്കാന സ്വദേശിയായ ഷൈലജയാണ്(32) കോടികൾ വിലമതിക്കുന്ന കഞ്ചാവുമായി കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ പിടിയിലായത്.കണ്ണപുരം എസ്.ഐ ടി.വി ധനഞ്ജയദാസും സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്.റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഓട്ടോ സ്റ്റാൻഡിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട യുവതിയെ പോലീസ് ചോദ്യം ചെയ്യുകയും തുടർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു.കഞ്ചാവ് മൊത്ത കച്ചവടത്തിനായി എത്തിച്ചതാണെന്നാണ് യുവതി പറയുന്നത്.
ഒക്ടോബർ ഒന്ന് മുതൽ ബാങ്കുകളിലും ആധാർ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിക്കും
തിരുവനന്തപുരം:ഒക്ടോബർ ഒന്ന് മുതൽ ബാങ്കുകളിലും ആധാർ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിക്കും.രാജ്യത്തെ എല്ലാ ബാങ്കുകളും പത്തു ശാഖകൾക്ക് ഒന്ന് എന്ന നിലയിൽ ആധാർ കേന്ദ്രങ്ങൾ തുടങ്ങണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടു.സഹകരണ ബാങ്കുകൾക്ക് ഇത് ബാധകമല്ല.റിസേർവ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണമില്ലാത്തതിനാലാണിത്.പുതിയ ആധാർ എടുക്കൽ,പഴയതിൽ തെറ്റ് തിരുത്തൽ,പുതിയ വിവരങ്ങൾ കൂട്ടിച്ചേർക്കൽ തുടങ്ങിയ സേവനങ്ങൾ ബാങ്ക് കേന്ദ്രത്തിൽ ലഭ്യമാകും.ഇത് സംബന്ധിച്ച് റിസേർവ് ബാങ്ക് സർക്കുലർ പുറത്തിറക്കി.പത്തിലൊരു ശാഖയിൽ ഈ മാസം മുപ്പതിനകം ആധാർ കേന്ദ്രം പ്രവർത്തനക്ഷമമാക്കണമെന്നാണ് സർക്കുലർ.ഇത് ഉറപ്പാക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.