നാദിർഷയുടെയും കാവ്യാ മാധവന്റെയും മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

keralanews the anticipatory bail application of nadirsha and kavya madhavan will consider today

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനും നാദിർഷയും സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.പൾസർ സുനിയുമായി കാവ്യക്ക് നേരത്തെ പരിചമുണ്ടെന്നുള്ള സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് കണ്ടാണ് കാവ്യ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയത്.ദിലീപിനെതിരെ മൊഴി നൽകണമെന്ന് അന്വേഷണ സംഘം നിർബന്ധിക്കുന്നുവെന്നും അല്ലാത്തപക്ഷം അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും കാണിച്ചാണ് നാദിർഷ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുള്ളത്.കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.സുനിയുടെ ക്രിമിനൽ പശ്ചാത്തലം മുഴുവൻ വ്യക്തമാക്കുന്ന റിപ്പോർട്ടും അന്വേഷണ സംഘം ഇന്ന് കോടതിയിൽ ഹാജരാക്കും.

മിഠായി വാങ്ങാൻ പോവുകയായിരുന്ന ആറുവയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു

keralanews six year old boy died after being hit by train

മംഗളൂരു:മിഠായി വാങ്ങാൻ പോവുകയായിരുന്ന ആറുവയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു.മംഗളൂരു മഹകാളിപട്പുവിലെ അൻവർ-ഷമീമ ദമ്പതികളുടെ മകൻ മുഹമ്മദ് ഹുസൈൻ ഹാഫിലാണ് മരിച്ചത്‌. കടയിൽനിന്നു മിഠായി വാങ്ങിവരുന്ന വഴി മഹകാളിപട്പുവിലെ റെയിൽവേ ഗേറ്റിന്  സമീപം പാളം മുറിച്ചു കിടക്കുകയായിരുന്ന ഹാഫിലിനെ എക്സ്പ്രസ് ട്രെയിൻ ഇടിക്കുകയായിരുന്നു.സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്തു.വീടിനു തൊട്ടടുത്തുള്ള കടയിൽ മിഠായി വാങ്ങാനാണ് ഹാഫിലും സഹോദരനും കൂട്ടുകാരും പുറത്തിറങ്ങിയത്.എന്നാൽ കട അടച്ചിരുന്നതിനാൽ പാളം മുറിച്ചു കടന്ന് മറ്റൊരു കടയിലേക്ക് പോവുകയായിരുന്നു.സഹോദരനും കൂട്ടുകാരും പാളം മുറിച്ചു കടന്ന് മറുഭാഗത്തെത്തിയിരുന്നു. പുറകിലായിരുന്ന ഹാഫിൽ ട്രെയിൻ വരുന്നതറിയാതെ പാളത്തിലൂടെ കടക്കാൻ ശ്രമിക്കുമ്പോൾ ട്രെയിൻ ഇടിക്കുകയായിരുന്നു.തെറിച്ചു വീണ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കണ്ണൂർ ജില്ലാ ബാങ്കിന്റെ തളിപ്പറമ്പ് ശാഖയിൽ 40 ലക്ഷം രൂപയുടെ തട്ടിപ്പ്

keralanews scam of 40lakh rupees in kannur district bank thaliparamba branch

തളിപ്പറമ്പ്:കണ്ണൂർ ജില്ലാ ബാങ്കിന്റെ തളിപ്പറമ്പ് മെയിൻ ബ്രാഞ്ചിൽ നാല്പതുലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ്.ഇതുമായി ബന്ധപ്പെട്ട് ബാങ്കിന്റെ സീനിയർ മാനേജർ ഇ.ചന്ദ്രൻ,മാനേജർ കെ.രമ,അപ്രൈസർ കെ.ഷഡാനനൻ എന്നിവരെ ജില്ലാ ബാങ്ക് ജനറൽ മാനേജർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.ഞാറ്റുവയലിലെ ഹസൻ എന്നയാൾ ബാങ്കിൽ പണയം വെച്ച സ്വർണ്ണം തിരിച്ചെടുത്തപ്പോൾ മുക്കുപണ്ടം നൽകിയെന്നാണ് ആദ്യം ആരോപണം ഉയർന്നത്.തുടർന്ന് ഇന്നലെ ബാങ്ക് അവധിയായിരുന്നിട്ടും ജനറൽ മാനേജരുടെ നിർദേശ പ്രകാരം ഉന്നത ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നാല്പതു ലക്ഷം രൂപയുടെ മുക്കുപണ്ടങ്ങൾ പണയം വെച്ചതായി കണ്ടെത്തിയത്.സ്വർണ്ണപണയത്തിന്റെ ചുമതലയുണ്ടായിരുന്ന രമയും ഷഡാനനനും ചേർന്നാണ് മുക്കുപണ്ട തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.കൂടുതലായും ഷഡാനനന്റെ ഭാര്യയുടെ പേരിലാണെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.ഒൻപതേകാൽ പവന്റെ സ്വർണ്ണമാലയാണ് ഹസൻ ബാങ്കിൽ പണയം വെച്ചത്.കഴിഞ്ഞ ദിവസം പണമടച്ച് മാല തിരിച്ചുവാങ്ങി.വീട്ടിലെത്തിയപ്പോൾ റഷീദിന്റെ ഭാര്യ ആഭരണം പരിശോധിച്ചപ്പോളാണ് ഡിസൈനിലും തൂക്കത്തിലും വ്യത്യാസമുള്ളതായി കണ്ടെത്തിയത്.തുടർന്ന് പരിശോധിച്ചപ്പോളാണ് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്.ബാങ്കിലെത്തി വിവരം പറഞ്ഞപ്പോൾ തങ്ങളുടെ ഭാഗത്തു നിന്നും തെറ്റൊന്നും പറ്റിയിട്ടില്ലെന്നും ബാങ്കിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് തങ്ങളുടെ സ്വർണമാണെന്ന് ഉറപ്പുവരുത്തണമെന്നും വീട്ടിൽ കൊണ്ടുപോയി മണിക്കൂറുകൾക്കു ശേഷം പരാതി ഉന്നയിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് അധികൃതർ.തുടർന്ന് സ്വർണം പണയം വെച്ചവർ പോലീസിൽ പരാതിനൽകാൻ ഒരുങ്ങിയപ്പോഴാണ് ഒത്തുതീർപ്പുമായി ബാങ്ക് അധികൃതർ രംഗത്തെത്തിയത്.തുടർന്ന് നടന്ന ചർച്ചയിൽ രണ്ടരലക്ഷം രൂപ സ്വർണ്ണം പണയം വെച്ചവർക്ക് നൽകാമെന്ന് ബാങ്ക് അധികൃതർ സമ്മതിച്ചു.ബാങ്ക് അസിസ്റ്റന്റ് മാനേജരുടെ പേരിലുള്ള ചെക്ക് പരാതിക്കാർക്ക്‌ നൽകുകയും വെള്ളിയാഴ്ച പണം കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്.സസ്‌പെൻഡ് ചെയ്തവർക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുക്കുമെന്ന് തളിപ്പറമ്പ് സിഐ പി.കെ സുധാകരൻ പറഞ്ഞു.

മലപ്പുറം പാസ്പോർട്ട് ഓഫീസ് കോഴിക്കോട് ഓഫീസുമായി ലയിപ്പിക്കാൻ നീക്കം

keralanews attempt to merge malappuram passport office with kozhikode office

കോഴിക്കോട്:മലപ്പുറം റീജിയണൽ പാസ്പോർട്ട് ഓഫീസ് കോഴിക്കോട് ഓഫീസുമായി ലയിപ്പിക്കാൻ നീക്കം.നിലവിൽ ഒരു റീജിയണൽ പാസ്പോർട്ട് ഓഫീസും ഒരു പാസ്പോര്ട്ട് സേവാകേന്ദ്രവുമാണ് മലപ്പുറത്ത് പ്രവർത്തിക്കുന്നത്.ഇവിടെ നിന്നും  പാസ്പോർട്ട് ഓഫീസ് മാറ്റി പാസ്പോര്ട്ട് സേവാകേന്ദ്രം മാത്രം നിലനിർത്തുന്ന  വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ മുസ്ലിം ലീഗും പ്രവാസി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. മലപ്പുറം,പാലക്കാട് ജില്ലകളിൽ നിന്നുള്ള വിദേശത്തു ജോലി ചെയ്യുന്നവരും തീർത്ഥാടകരും ആശ്രയിക്കുന്നത് മലപ്പുറം പാസ്പോര്ട്ട് ഓഫീസിനെയാണ്.ദിനം പ്രതി എഴുനൂറോളം അപേക്ഷകളാണ് ഇവിടെ സ്വീകരിക്കുന്നത്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള ജില്ലയാണ് മലപ്പുറം.പാസ്പോർട്ട് പുതുക്കുന്നവർക്കും തീർത്ഥാടനത്തിന് പോകുന്നവർക്കും ഏറെ പ്രയാസമുണ്ടാക്കുന്നതാണ് പുതിയ നീക്കം.അതേസമയം ഓഫീസിന്റെ തുടർ പ്രവർത്തനത്തിനുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് ഓഫീസ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. മലപ്പുറം ഓഫീസ് വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.കോഴിക്കോടുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയാൽ വാടകയിനത്തിലുള്ള ബാധ്യത ഒഴിവായി കിട്ടുമെന്നും പാസ്പോര്ട്ട് ഓഫീസർ ജി.ശിവകുമാർ പറഞ്ഞു.എന്നാൽ ഭൂമി കണ്ടെത്താനും സ്വന്തം കെട്ടിടം നിർമിക്കാനുമുള്ള എല്ലാ സഹായങ്ങളും മുസ്ലിം ലീഗിന്റെ ഭാഗത്ത്നിന്നും ഉണ്ടാകുമെന്ന് യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രെട്ടറി കെ.ടി അഷ്‌റഫ് പറഞ്ഞു.ഒന്നേകാൽ ലക്ഷം രൂപയാണ് മലപ്പുറം പാസ്പോർട്ട് ഓഫീസിന്റെ വാടക.ഓഫീസ് പൂട്ടുന്ന മുറയ്ക്ക് ഇവിടെയുള്ള 38 ജീവനക്കാരെയും കോഴിക്കോടേക്ക് മാറ്റുമെന്നാണ് സൂചന.

കീഴാറ്റൂർ സമരം;സുരേഷ് കീഴാറ്റൂരിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി

keralanews keezhattoor strike suresh keezhattoor was arrested and shifted to hospital

തളിപ്പറമ്പ്:ദേശീയപാത ബൈപാസ്സിന് വേണ്ടി നെൽവയൽ നികത്താനുള്ള നീക്കത്തിനെതിരേ സിപിഎം ശക്തികേന്ദ്രമായ തളിപ്പറമ്പ് കീഴാറ്റൂരില്‍ വയൽക്കിളികൾ എന്ന സംഘടനയുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാരസമരം നടത്തിവന്ന സമരനായകന്‍ സുരേഷ് കീഴാറ്റൂരിനെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്കു മാറ്റി.പകരം കര്‍ഷകത്തൊഴിലാളിയായ നമ്പ്രാടത്ത് ജാനകി(69) നിരാഹാര സമരം ആരംഭിച്ചു.ബൈപാസ്സിന് വേണ്ടി മണ്ണിട്ട് നികത്താനിരിക്കുന്ന വയലിൽ സമരപന്തൽ കെട്ടി സെപ്റ്റംബർ പത്തിനാണ് സുരേഷ് കിഴാറ്റൂര് സത്യാഗ്രഹം ആരംഭിച്ചത്.പന്ത്രണ്ടു ദിവസമായി നിരാഹാരം തുടരുന്ന സുരേഷിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് എസ്ഐ പി.എ.ബിനുമോഹന്‍റെ നേതൃത്വത്തില്‍ പോലീസ് സംഘം ഡോക്ടറുമായെത്തി പരിശോധന നടത്തി അറസ്റ്റ് ചെയ്ത് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.തളിപ്പറമ്പ് തഹസിൽദാർ എം.മുരളിയുടെ സാന്നിധ്യത്തിലായിരുന്നു അറസ്റ്റ്. പിന്നീട് കര്‍ഷകത്തൊഴിലാളിയായ നമ്പ്രാടത്ത് ജാനകി രണ്ടാംഘട്ട നിരാഹാരം ആരംഭിച്ചു.സുരേഷ് കീഴാറ്റൂരിനെ അറസ്റ്റ് ചെയ്തു മാറ്റും മുമ്പ് തന്നെ സമരം തുടരേണ്ട അടുത്ത വ്യക്തിയാരെന്ന് വയല്‍കിളി കൂട്ടായ്മ ആലോചനകള്‍ നടത്തുന്നതിനിടയിലാണ് വയലിനെ സംരക്ഷിക്കാനുള്ള സമരത്തില്‍ ഞാന്‍ നിരാഹാരമിരിക്കുമെന്ന പ്രഖ്യാപനവുമായി ഇവര്‍ രംഗത്തുവന്നത്. ചെറുപ്പക്കാരായ നിരവധി പ്രവര്‍ത്തകര്‍ സ്വയം സന്നദ്ധരായി രംഗത്തുവന്നുവെങ്കിലും കര്‍ഷക തൊഴിലാളിയായ നമ്പ്രാടത്ത് ജാനകി പിന്മാറാൻ തയ്യാറായിരുന്നില്ല.തുടർന്ന് സമരാനുകൂലികൾ ഇവരെ ചുവപ്പുമാലയണിയിച്ചു സ്വീകരിച്ചു.

മരണ സർട്ടിഫിക്കറ്റിനും ഇനി മുതൽ ആധാർ നിർബന്ധം

keralanews adhaar compulsary for death certificate

തിരുവനന്തപുരം:മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഇനി മുതൽ ആധാർ നിർബന്ധം. സംസ്ഥാന ജനന-മരണ രജിസ്ട്രാർ ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി.ഒക്ടോബർ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും.സംസ്ഥാനത്തെ എല്ലാ നഗരസഭ,ഗ്രാമപഞ്ചായത്ത്, കോർപറേഷനുകൾ എന്നിവയ്ക്ക് ഇത് സംബന്ധിച്ച സർക്കുലർ വെള്ളിയാഴ്ച ലഭിച്ചു.മരണ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുമ്പോൾ മറ്റു വിവരങ്ങൾക്കൊപ്പം മരിച്ചയാളുടെ ആധാർ നമ്പർ രേഖപ്പെടുത്തണമെന്നാണ് നിർദേശം.മരണപ്പെട്ട വ്യക്തിക്ക് ആധാർ ഇല്ലെങ്കിൽ സർട്ടിഫിക്കറ്റിന്‌ അപേക്ഷിക്കുന്നയാൾ തന്റെ അറിവിൽ ഇയാൾക്ക് ആധാർ ഇല്ലെന്നുള്ള സത്യപ്രസ്താവന സമർപ്പിക്കണം.സർട്ടിഫിക്കറ്റിന്‌ അപേക്ഷ നല്കുന്നയാളുടെ ആധാർ നമ്പറും അപേക്ഷയോടൊപ്പം വാങ്ങാനും നിർദേശമുണ്ട്.

ഓ​ൺ​ലൈ​ൻ ട്രെ​യി​ൻ ടി​ക്ക​റ്റ് ബു​ക്കിം​ഗ് ഏ​ഴ് ബാ​ങ്കു​ക​ളു​ടെ ഡെ​ബി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് മാ​ത്രം

keralanews use only seven banks debit card for railway ticket booking

ന്യൂഡൽഹി:ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ഏഴ് ബാങ്കുകളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് മാത്രം.ടിക്കറ്റ് ബുക്കിങ്ങിനു ഉപഭോക്താക്കളിൽ നിന്നും കൺവീനിയന്സ് ചാർജ് ഈടാക്കുന്നത് സംബന്ധിച്ച് തർക്കമാണ് നിയന്ത്രണത്തിന് വഴിവെച്ചത്.ഇന്ത്യൻ ഓവർസീസ് ബാങ്ക്,കാനറാ ബാങ്ക്,യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ,ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ ബാങ്കുകളുടെ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് മാത്രമേ ഐആർസിടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂ.ബാങ്കുകളെ ഒഴിവാക്കിയ നടപടി പിൻവലിക്കുന്നത് സംബന്ധിച്ച് റെയിൽവേ, ഐആര്‍സിടിസി അധികൃതരുമായി ചർച്ച നടത്തുമെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ അറിയിച്ചു.

കോഴിക്കോട് കളക്റ്ററേറ്റിൽ തീപിടുത്തം

keralanews fire broke out in kozhikode collectorate

കോഴിക്കോട്:കോഴിക്കോട് കളക്റ്ററേറ്റിൽ തീപിടുത്തം.ആർ ഡി ഓ ഓഫീസിന് മുകളിലത്തെ നിലയിലുള്ള തപാൽ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ആളപായമൊന്നും റിപ്പോർട് ചെയ്തിട്ടില്ല.അഗ്‌നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.തപാൽ വകുപ്പിന്റെ ഒട്ടേറെ രേഖകൾ കത്തിനശിച്ചതായി റിപ്പോർട്ടുകളുണ്ട്.

കളക്റ്ററേറ്റിലെ കവർച്ച;പിടിയിലായവർ മുൻപും മോഷണക്കേസിൽ അറസ്റ്റിലായവർ

keralanews robbery in kannur collectorate the accused arrested

കണ്ണൂർ:കണ്ണൂർ കളക്റ്ററേറ്റിലെ കവർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോഴിക്കോട് കൂടരഞ്ഞി കൂലത്തുംകടവ് ഒന്നാംതൊടി കെ.പി.ബിനോയ് (35), പേരാവൂർ പഴയ ടാക്കീസിനു സമീപം കെ.യു.മാത്യു എന്ന ഓന്ത് മാത്യു (50) എന്നിവർ മുൻപും കണ്ണൂർ കോടതിയിലെ കന്റീനിലും കോഴിക്കോട് കോടതിയിലും കവർച്ച നടത്തിയതിനു നേരത്തേ ജയിലിൽ കഴിഞ്ഞിട്ടുള്ളവരാണെന്ന് പോലീസ് പറഞ്ഞു.അടുത്തകാലത്തു ജയിലിൽ നിന്നിറങ്ങിയവരുടെ പട്ടികയും പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണു മോഷ്ടാക്കളെ പിടികൂടിയത്. ജയിലിൽ വച്ചാണു ഇവർ  പരിചയപ്പെട്ടത്. അടുത്തിടെയാണു രണ്ടുപേരും ജയിലിൽ നിന്നിറങ്ങിയത്. സംഭവദിവസം രാത്രി റെയിൽവേ സ്റ്റേഷനു സമീപത്തെ സിസിടിവി ക്യാമറയിൽ മത്തായിയുടെ ചിത്രം പതിഞ്ഞിരുന്നതായും പൊലീസ് പറഞ്ഞു.നഗരത്തിലെ തിയറ്ററിൽ സിനിമ കണ്ട ശേഷമാണ് ഇവർ മോഷണം ആസൂത്രണം ചെയ്തത്.കളക്റ്ററേറ്റിന് സമീപത്തുള്ള പെട്രോൾ പമ്പിൽ മോഷണം നടത്താനാണ് ഇവർ ആദ്യം തീരുമാനിച്ചത്.എന്നാൽ പെട്രോൾ പമ്പിലും സമീപത്തും ആളുകളും വാഹനങ്ങളുടെ വെളിച്ചവും ഉണ്ടായിരുന്നതിനാൽ തീരുമാനം മാറ്റി മതിൽ മതിൽ ചാടിക്കടന്ന് ഇരുവരും കലക്ടറേറ്റിൽ എത്തുകയായിരുന്നു. മോഷണത്തിനു ശേഷം മാനന്തവാടിയിൽ തങ്ങിയ ഇവർ രണ്ടു ദിവസം മുൻപാണു കണ്ണൂരിൽ തിരിച്ചെത്തിയത്.

മൂന്ന് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ്‌ പ്രവേശനം;സുപ്രീം കോടതി വിധി ഇന്ന്

keralanews admission in three medical colleges supreme court verdict today

ന്യൂഡൽഹി:കേരളത്തിലെ മൂന്ന് സ്വാശ്രയ  മെഡിക്കൽ കോളേജുകളിലെ എംബിബിഎസ്‌ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധി ഇന്ന്.അടൂർ മൌന്റ്റ് സിയോൺ,തൊടുപുഴ അൽ അസ്ഹർ,വയനാട് ഡി എം എന്നീ കോളേജുകളിലെ പ്രവേശനം സംബന്ധിച്ചുള്ള വിധിയാണ് സുപ്രീം കോടതി ഇന്ന് പറയുക.പ്രവേശന നടപടികളിലെ വസ്തുതകൾ പരിശോധിച്ച് നിലവിൽ കേസ് പരിഗണിക്കുന്ന രണ്ടംഗ ബെഞ്ചിന് തീരുമാനം എടുക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.ഓഗസ്റ്റ് 31 ന് ശേഷമുള്ള പ്രവേശനം അംഗീകരിക്കേണ്ടതില്ല എന്നാണ് ചീഫ് ജസ്റ്റിസ് ബെഞ്ച് എടുത്തിരിക്കുന്ന തീരുമാനം.എന്നാൽ വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് പ്രവേശനം അംഗീകരിക്കണം എന്ന നിലപാടാണ് സംസ്ഥാന സർക്കാർ മുന്നോട്ട് വെയ്ക്കുന്നത്.