വിജയ് മല്ല്യ അറസ്റ്റിൽ

keralanews vijay malya arrested

ലണ്ടൻ:മദ്യ വ്യവസായി വിജയ് മല്യയെ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ലണ്ടനിലെ വീട്ടില്‍ വെച്ചാണ് മല്യയെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. കളളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്.ലണ്ടനില്‍ വെച്ച് ഇത് രണ്ടാം തവണയാണ് മല്യ അറസ്റ്റിലാകുന്നത്. നേരത്തെ അറസ്റ്റിലായെങ്കിലും ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.വായ്പാതിരച്ചടക്കാനാവാത്തതിനെ തുടർന്ന് ഇന്ത്യയില്‍ നിന്ന്  മുങ്ങിയ മല്യ വര്‍ഷങ്ങളായി ലണ്ടനില്‍ താമസിച്ച് വരികയായിരുന്നു.അദ്ദേഹത്തെ വിട്ടുതരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.വിവിധ ബാങ്കുകളില്‍ നിന്നായി ഏകദേശം 9,000കോടിയുടെ വായ്പയാണ് അദ്ദേഹത്തിന്റെ പേരിലുളളത്.

ദിലീപിന് ജാമ്യം

keralanews bail for dileep

കൊച്ചി:നടിയെ അക്രമിച്ചകേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന് കോടതി ജാമ്യം അനുവദിച്ചു.ദിലീപ് സമർപ്പിച്ച ജാമ്യഹർജിയിൽ കഴിഞ്ഞ ആഴ്ച വാദം പൂർത്തിയായിരുന്നു.കേസ് വിധിപറയാനായി ഇന്നത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു.നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി രണ്ടുതവണയും ഹൈക്കോടതി രണ്ടു തവണയും ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. കേസിൽ അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ദിലീപിന് ജാമ്യം നൽകണമെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.86 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ദിലീപ് പുറത്തിറങ്ങുന്നത്.ജയിലിൽ നിന്നിറങ്ങുന്ന ദിലീപിന് വമ്പൻ സ്വീകരണമാണ് ആരാധകർ ഒരുക്കിയിരിക്കുന്നത്.കർശന ഉപാധികളോടെയാണ് ദിലീപിന് ഇത്തവണ ജാമ്യം അനുവദിച്ചിരിക്കുന്നത്.പാസ്പോർട്ട് കെട്ടിവെയ്ക്കണം,ഒരുലക്ഷം രൂപ ബോണ്ട് കെട്ടിവെയ്ക്കണം, അന്വേഷണ ഉദ്യോഗസ്ഥർ വിളിപ്പിക്കുമ്പോൾ ഹാജരാകണം,തെളിവ് നശിപ്പിക്കരുത് എന്നിവയാണ് ഉപാധികൾ.

മീസിൽസ്-റൂബെല്ല പ്രതിരോധ പരിപാടിക്ക് ഇന്ന് തുടക്കം

keralanews measles rubella vaccination program will start today

കണ്ണൂർ: സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ മീസിൽസ് -റുബെല്ല പ്രതിരോധ പരിപാടിക്ക് ഇന്ന് തുടക്കമാവും. മീസിൽസ് (അഞ്ചാംപനി), റുബെല്ല (ജർമൻ മീസിൽസ്) എന്നീ മാരക രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ഒൻപതു മാസം മുതൽ 15 വയസ് വരേയുള്ള എല്ലാ കുട്ടികൾക്കും ഒരു ഡോസ് മീസിൽസ് റുബെല്ല വാക്സിൻ നൽകും.നേരത്തെ കുത്തിവയ്പ് എടുത്ത കുട്ടികൾക്കും ഈ അധിക ഡോസ് നൽകണം.വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന്  രാവിലെ 9.30ന് സെന്‍റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ മേയർ ഇ.പി.ലത നിർവഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് അധ്യക്ഷനാവും. ജില്ലാ കളക്ടർ മിർ മുഹമ്മദ് അലി മുഖ്യാതിഥിയാവും.

ഗൗരി ലങ്കേഷ് വധം;പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി കർണാടക ആഭ്യന്തര മന്ത്രി

keralanews gouri lankesh murder got hint about the accused

ബെംഗളൂരു:പ്രമുഖ മാധ്യമ പ്രവർത്തക  ഗൗരി ലങ്കേഷിന്റെ കൊലയാളികളെ സംബന്ധിച്ച് സൂചന ലഭിച്ചതായി കർണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഢി പറഞ്ഞു.കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും തെളിവുകൾ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.സെപ്റ്റംബർ ആറിനാണ് പ്രമുഖ മാധ്യമ പ്രവർത്തകയായ ഗൗരി ലങ്കേഷ് ബെംഗളൂരു രാജേശ്വരി നഗറിലെ വസതിയിൽ വെടിയേറ്റ് മരിച്ചത്.കേസുമായി ബന്ധപ്പെട്ട് ഗൗരിയുടെ സഹോദരൻ ഇന്ദ്രജിത് ലങ്കേഷിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.ഗൗരിയും സഹോദരനും തമ്മിൽ സ്വത്തു തർക്കം നിലനിന്നിരുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണിത്.

മഥുരയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി

keralanews malayalee nurse found dead in madhura

മഥുര:മഥുരയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കുന്നത്തുകാൽ സ്വദേശിനി എസ്.സൂര്യയാണ് മരിച്ചത്.താമസ സ്ഥലത്ത് അബോധാവസ്ഥയിൽ  കണ്ടെത്തി എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.എന്നാൽ ഞായറാഴ്ച രാവിലെ മരിച്ചു എന്ന് അറിയിക്കുകയായിരുന്നു.സൂര്യ ആത്മഹത്യ ചെയ്തു എന്നാണ് അറിയിച്ചത്.എന്നാൽ സൂര്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.കൂടെ ജോലി ചെയ്യുന്ന കൊട്ടാരക്കര സ്വദേശിയായ ഒരു നഴ്‌സുമായി സൂര്യക്ക് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ഇതാകാം മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.ഇതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കും

keralanews election in 14 district co operative banks will be held in december

കണ്ണൂർ:സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കും.ഇതിന്റെ ഭാഗമായി മലപ്പുറം ഒഴികെയുള്ള ജില്ലാ സഹകരണ ബാങ്കുകൾ പൊതുയോഗം വിളിച്ച് നിയമസഭാ പാസാക്കിയ ഭേദഗതി അംഗീകരിച്ചു.പ്രാഥമിക സഹകരണ സംഘങ്ങൾ,സഹകരണ റൂറൽ ബാങ്കുകൾ,ലൈസൻസുള്ള സഹകരണ അർബൻ ബാങ്കുകൾ എന്നിവയ്ക്ക് മാത്രമായി വോട്ടവകാശം പരിമിതപ്പെടുത്തുന്നതാണ് ഭേദഗതി.നിലവിൽ വനിതാ സൊസൈറ്റികൾ,സ്കൂൾ സഹകരണ സൊസൈറ്റികൾ,കൺസ്യുമർ സംഘങ്ങൾ,മാർക്കറ്റിങ് സംഘങ്ങൾ തുടങ്ങിയവയ്ക്ക് വോട്ടവകാശമുണ്ട്.ഇവരെ ഒഴിവാക്കിയശേഷമുള്ള വോട്ടർ പട്ടിക അടുത്ത ദിവസം പ്രസിദ്ധപ്പെടുത്തും.മലപ്പുറം ഒഴികെയുള്ള എല്ലാ ബാങ്കുകളും നേടാമെന്നതാണ് എൽ ഡി എഫ് പ്രതീക്ഷിക്കുന്നത്.മലപ്പുറത്ത് പ്രാഥമിക ബാങ്കുകളിലും ഭൂരിപക്ഷം യുഡിഎഫിനായതിനാലാണ് ഭേദഗതി പാസാക്കാൻ കഴിയാതിരുന്നത്.കേരളാ ബാങ്ക് രൂപീകരിക്കുന്ന സാഹചര്യത്തിൽ ജില്ലാ സഹകരണ ബാങ്കുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്നായിരുന്നു ആദ്യം സർക്കാർ തീരുമാനിച്ചിരുന്നത്.എന്നാൽ കേരളാ ബാങ്ക് നിലവിൽ വരാൻ ഇനിയും ഒരു വർഷം കൂടി വേണം.ഡിസംബറിൽ തിരഞ്ഞെടുപ്പ് നടത്തി അധികാരത്തിലെത്തുന്ന ഭരണസമിതിക്ക് കേരളാ ബാങ്ക് വരുന്നതോടെ ഒഴിവാക്കേണ്ടി വരും.

സർക്കാർ ഓഫീസുകളിലെ പാർട്ട് ടൈം,താൽക്കാലിക ജീവനക്കാർക്കും ഇനി മുതൽ സൗജന്യ റേഷൻ

keralanews free ration for part time and temporary employees at govt offices

തിരുവനന്തപുരം:സർക്കാർ ഓഫീസുകളിലെ പാർട്ട് ടൈം,താൽക്കാലിക ജീവനക്കാർക്കും ഇനി മുതൽ സൗജന്യ റേഷൻ നല്കാൻ തീരുമാനം.ഒരു ലക്ഷത്തോളം ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.ഇതിൽ ഏറെപ്പേരും നേരത്തെ ബിപിഎൽ പട്ടികയിൽ ഉണ്ടായിരുന്നവരാണ്. മാസവരുമാനം 25000 രൂപയിൽ താഴെ ഉള്ളവർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഇവർക്ക് നാലുചക്ര വാഹനമോ ആയിരം ചതുരശ്ര അടിക്ക് മുകളിലുള്ള വീടോ ഉണ്ടാകാൻ പാടില്ല.ക്ലാസ് ഫോർ തസ്തികയിൽ നിന്ന് വിരമിച്ച പെൻഷൻ വാങ്ങുന്നവരെയും 5000 രൂപയ്ക്ക് താഴെ പെൻഷൻ വാങ്ങുന്നവരെയും 10000 രൂപയ്ക്ക് താഴെ സ്വാതന്ത്യ പെൻഷൻ വാങ്ങുന്നവരെയുമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തുക.

കാസർകോഡ് കാനറാ ബാങ്ക് എ ടി എമ്മിൽ വൻ കവർച്ച ശ്രമം

keralanews robbery attempt in kasarkode canara bank atm

കാസർകോഡ്:കാസർകോഡ് പെരിയയിൽ കാനറാ ബാങ്ക് എ ടി എമ്മിൽ വൻ കവർച്ച ശ്രമം.16 ലക്ഷത്തോളം രൂപ കവർച്ച ചെയ്യപ്പെട്ടതായാണ് ബാങ്ക് അധികൃതർ പറയുന്നത്.എന്നാൽ പണം നഷ്ട്ടപ്പെട്ടിട്ടില്ല എന്നാണ് പോലീസിന്റെ വാദം.ബാങ്ക് രേഖകൾ പ്രകാരം 20 ലക്ഷം രൂപ എ ടി എമ്മിൽ നിറച്ചിരുന്നു.ഇതിൽ നാലു ലക്ഷം രൂപ ഉപഭോക്താക്കൾ പിൻവലിച്ചിരുന്നു.ബാക്കി പണം ക്യാഷ് ബോക്സിൽ ഉണ്ടെന്നാണ് കരുതുന്നത്.വിദഗ്ദ്ധ സംഘം പരിശോധന നടത്തിയാൽ മാത്രമേ പണം കവർച്ച ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാവുകയുള്ളൂ.മോഷ്ട്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവി യിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്.മുഖംമൂടി ധരിച്ച രണ്ടുപേരാണ് ദൃശ്യങ്ങളിൽ ഉള്ളത്.സംഭവസ്ഥലത്തു വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തി വരികയാണ്.

മുക്കത്ത് പരിസ്ഥിതി പ്രവര്‍ത്തകനെ ടിപ്പര്‍ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമം

keralanews attempt to kill environmental activist in mukkam

കോഴിക്കോട്:കോഴിക്കോട് മുക്കത്ത് പരിസ്ഥിതി പ്രവര്‍ത്തകനെ ടിപ്പര്‍ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമമെന്ന് പരാതി. മരഞ്ചാട്ടി സ്വദേശി പുതിയാട്ടുകുണ്ടില്‍ ബഷീറിനെയാണ് ടിപ്പര്‍ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ മരഞ്ചാട്ടിയിലെ അംഗന്‍വാടിക്ക് മുന്നില്‍ വെച്ചാണ് ബഷീറിനെ ടിപ്പര്‍ ഇടിപ്പിച്ച് പരിക്കേല്‍പിച്ചത്.ഓടികൊണ്ടിരുന്ന ടിപ്പറിന്‍റെ വാതില്‍ തുറന്ന് നടന്ന് പോവുകയായിരുന്ന ബഷീറിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.റോഡില്‍ വീണ ബഷീറിനെ പിന്നില്‍ വന്ന ടിപ്പര്‍ ലോറിയിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്.ഇയാളെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.അപകടത്തിൽ ബഷീറിന്‍റെ നാലുപല്ലുകള്‍ നഷ്ടപ്പെട്ടു.മുക്കം മേഖലയിൽ പ്രവർത്തിക്കുന്ന അനധികൃത ക്വാറികള്‍ക്കെതിരെ നിരന്തരം സമരരംഗത്തുള്ള പരിസ്ഥിതി പ്രവര്‍ത്തകനാണ്  ബഷീര്‍.ക്വാറികള്‍ക്കെതിരെ സമരം നടത്തിയാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ബഷീറിന്‍റെ സുഹൃത്തുക്കള്‍ പറയുന്നു.

ഇന്ന് വിജയദശമി;ആയിരക്കണക്കിന് കുരുന്നുകൾ ഇന്ന് അറിവിന്റെ ആദ്യാക്ഷരം നുണയുന്നു

keralanews vijayadashami today

തിരുവനന്തപുരം:ഇന്ന് വിജയദശമി.അറിവിന്റെ ആദ്യാക്ഷരം നുണഞ്ഞ് ആയിരക്കണക്കിന് കുരുന്നുകൾ അക്ഷമുറ്റത്തേക്ക് പിച്ചവെച്ചു കയറുന്ന ദിനം.കേരളത്തിലങ്ങോളമിങ്ങോളം ലക്ഷക്കണക്കിന് കുരുന്നുകൾ വിവിധ സ്ഥലങ്ങളിലായി ഹരിശ്രീ കുറിക്കും.സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരാണ് അക്ഷര വെളിച്ചം പകർന്നു കൊടുക്കുന്നത്.കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും തിരൂർ തുഞ്ചൻ പറമ്പിലുമെല്ലാം നിരവധി കുട്ടികളാണ് ഹരിശ്രീ കുറിക്കാനായി എത്തുന്നത്.നാവിൽ സ്വർണ്ണമോതിരം കൊണ്ടും അരിയിൽ ചൂണ്ടുവിരൽ കൊണ്ടും ഹരിശ്രീ ഗണപതയെ നമ: എന്നെഴുതി കുട്ടികൾ അക്ഷര ലോകത്തേക്ക് ചുവടുവെയ്ക്കും.