കണ്ണൂർ:കണ്ണൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പന്ത്രണ്ടോളം ബിജെപി പ്രവർത്തകരുടെ പേരിൽ പോലീസ് നരഹത്യകുറ്റത്തിന് കേസെടുത്തു.പാനൂരിൽ ഇന്നലെ നടന്ന അക്രമത്തിൽ പതിനെട്ടോളം പേർക്ക് പരിക്കേറ്റിരുന്നു.ഇതിൽ പതിമൂന്നുപേരും സിപിഎം പ്രവർത്തകരാണ്.ഒരു ബിജെപി പ്രവർത്തകനും പോലീസുകാരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.അക്രമത്തിൽ പ്രതിഷേധിച്ച് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ പാനൂരിൽ പുരോഗമിക്കുകയാണ്.രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ നടക്കുന്ന ഹർത്താലിൽ നിന്നും വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.സ്ഥലത്തു പോലീസ് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
കണ്ണൂരിൽ സിപിഎം പ്രകടനത്തിന് നേരെ ബോംബേറ്
കണ്ണൂർ:കണ്ണൂർ പാനൂരിൽ സിപിഎം പ്രകടനത്തിന് നേരെ ബോംബേറ്.ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ പാനൂർ കൈവേലിക്കലിൽ നടന്ന സിപിഎം പ്രകടനത്തിന് നേരെയാണ് ബോംബേറുണ്ടായത്.സംഭവത്തിൽ പോലീസുകാർ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു.ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സിപിഎം പുത്തൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ അശോകൻ,ഭാസ്കരൻ,മോഹനൻ,ചന്ദ്രൻ,ബാലൻ എന്നിവർക്കും പാനൂർ സി ഐ ഉൾപ്പെടെ മൂന്നു പോലീസുകാർക്കും പരിക്കേറ്റു.സിപിഎം ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി കെട്ടിയ കൊടികളും ബോർഡുകളും കഴിഞ്ഞ ദിവസം അജ്ഞാതർ നശിപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സിപിഎം പ്രകടനവും പൊതു യോഗവും സംഘടിപ്പിച്ചത്.ഈ പ്രകടനത്തിനെതിരെയാണ് ബോംബേറുണ്ടായത്.ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സിപിഎം ആരോപിച്ചു.
വാഹനങ്ങൾ തടഞ്ഞ് സിപിഎം പ്രവർത്തകരെ ആക്രമിച്ചു
തലശ്ശേരി:ജോലികഴിഞ്ഞ് വാഹനങ്ങളില്‍ മടങ്ങുകയായിരുന്ന സി.പി.എം. പ്രവര്‍ത്തകരെ ഒരുസംഘം ആക്രമിച്ചു.ശനിയാഴ്ച രാത്രി ഏഴേകാലോടെ കക്കറയ്ക്കും ഡൈമണ്‍മുക്കിനുമിടയിലാണ് സംഭവം.ആക്രമണത്തിൽ പരിക്കേറ്റ ചുണ്ടങ്ങാപ്പൊയില്‍ ബിജിന്‍ഭവനില്‍ ബബിത്ത് (28), എരുവട്ടി പെനാങ്കിമൊട്ടയിലെ കാട്ടില്‍പറമ്പില്‍ സുജിത്ത് (36), തില്ലങ്കേരി പുതിയപുരയില്‍ ഹൗസില്‍ ബിജു (31), എരുവട്ടി കാപ്പുമ്മല്‍ പവിത്രത്തില്‍ ശ്യാംരൂപ് (24) എന്നിവരെ തലശ്ശേരി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.കാറില്‍ വരുമ്പോഴാണ് ബിജുവിന് നേരെ ആക്രമണമുണ്ടായത്.കണ്ണിനും തലയ്ക്കും മുഖത്തുമാണ് പരിക്ക്.കാറും അക്രമികൾ തകര്‍ത്തു.ബബിത്തിനെ ബൈക്ക് തടഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ചു.തലയ്ക്ക് ആഴത്തില്‍ മുറിവുണ്ട്.ഒന്നിച്ച് ബൈക്കില്‍ വരികയായിരുന്നു സുജിത്തും ശ്യാംരൂപും. ബൈക്കിന് പിന്നിലിരിക്കുകയായിരുന്ന സുജിത്തിന്റെ കാലിന് വെട്ടേറ്റു.ഇരുമ്പുവടികൊണ്ടുള്ള അടിയില്‍ കൈയെല്ല് പൊട്ടി. ശ്യാംരൂപിനും ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റാണ് പരിക്ക്.തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയാണ് ഇവര്‍ രക്ഷപ്പെട്ടത്. ബി.ജെ.പി.-ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് ആക്രമത്തിന് പിന്നിലെന്ന് സി.പി.എം. നേതൃത്വം ആരോപിച്ചു.
ഉഴവൂർ വിജയൻറെ മരണവുമായി ബന്ധപ്പെട്ട് സുൾഫിക്കർ മയൂരിക്കെതിരെ കേസെടുക്കാൻ ശുപാർശ
തിരുവനന്തപുരം:എൻ സി പി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂർ വിജയൻറെ മരണവുമായി ബന്ധപ്പെട്ട് പാർട്ടി നേതാവ് സുൾഫിക്കർ മയൂരിക്കെതിരെ കേസെടുക്കാൻ ക്രൈം ബ്രാഞ്ച് ശുപാർശ ചെയ്തു.മരണത്തിനു തൊട്ടുമുന്പായി സുൾഫിക്കർ മയൂരി ഉഴവൂരിനോട് അതിരൂക്ഷ പരാമർശങ്ങൾ ഉന്നയിച്ചു നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ ക്രൈം ബ്രാഞ്ച് കണ്ടെടുത്തിരുന്നു.പാർട്ടിയിലെ മറ്റൊരു നേതാവിനെ വിളിച്ചു ഉഴവൂരിനെ കുറിച്ച് മോശമായി സംസാരിച്ച സുൾഫിക്കർ ഉഴവൂരിനെ നേരിട്ട് വിളിച്ചും മോശമായി സംസാരിച്ചു. സുൽഫിക്കറിനെതിരെ വധഭീഷണി അടക്കമുള്ള കുറ്റങ്ങൾ ചുമത്തി എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്ന് ക്രൈം ബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.റിപ്പോർട് ഉടൻ സർക്കാരിന് കൈമാറുമെന്നാണ് സൂചന.
രാഷ്‌ട്രപതി ഇന്ന് കേരളത്തിൽ
തിരുവനന്തപുരം:രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും.കൊല്ലത്ത് അമൃതാനന്ദമയിയുടെ പിറന്നാളാഘോഷങ്ങളുടെ ഭാഗമായാണ് രാഷ്‌ട്രപതി കേരളത്തിലെത്തുന്നത്.രാവിലെ 9.30 ഓടെ തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിക്കും.തുടർന്ന് ഹെലികോപ്റ്ററിൽ കായംകുളം എൻ ടി പി സി ഹെലിപാഡിലെത്തി അവിടെ നിന്നും റോഡ് മാർഗം അമൃതാനന്ദമയി മഠത്തിലെത്തും.രാഷ്ട്രപതിയായ ശേഷം ആദ്യമായാണ് രാംനാഥ് കോവിന്ദ് കേരളത്തിലെത്തുന്നത്.
ഈ മാസം 13 ന് പെട്രോൾ പമ്പ് സമരം
ന്യൂഡൽഹി:ഈ മാസം 13 ന് പെട്രോൾ പമ്പ് സമരം.ദിവസേനയുള്ള ഇന്ധന വില നിശ്ചയിക്കൽ പിൻവലിക്കുക,പെട്രോളിയം ഉൽപ്പന്നങ്ങളെ ജി എസ് ടി യുടെ കീഴിൽ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പെട്രോൾ പമ്പ് ഉടമകൾ രാജ്യവ്യാപകമായി സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്.ആവശ്യങ്ങൾ അംഗീകരിച്ചില്ലങ്കിൽ ഈമാസം 27 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും പെട്രോളിയം വിതരണക്കാരുടെ സംഘടന അറിയിച്ചു.
സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി
ബെംഗളൂരു:സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ ബെംഗളൂരു സിവിൽ കോടതി കുറ്റമുക്തനാക്കി. ബെംഗളൂരുവിലെ പ്രമുഖ വ്യവസായി എം.കെ കുരുവിള നൽകിയ കേസിൽ നിന്നാണ് ഉമ്മൻ ചാണ്ടി കുറ്റവിമുക്തനാക്കപ്പെട്ടത്.കേസിൽ അഞ്ചാം പ്രതിയായിരുന്നു ഉമ്മൻ ചാണ്ടി.എന്നാൽ കുരുവിള നൽകിയ പരാതിയിൽ താൻ നേരിട്ട് കൈക്കൂലി വാങ്ങിയതായി ആരോപിച്ചിട്ടില്ലെന്നും അതിനാൽ കേസിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും കാണിച്ചു ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി.നേരത്തെ കേസിൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള പ്രതികൾ പിഴയടക്കണമെന്നു കോടതി വിധിച്ചിരുന്നു.എന്നാൽ തന്റെ ഭാഗം കേൾക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്നും കേസിൽ തന്റെ ഭാഗം കേൾക്കണമെന്നും ഉമ്മൻചാണ്ടി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.ഇത് കോടതി അംഗീകരിക്കുകയായിരുന്നു.തുർന്നാണ് ഉമ്മൻചാണ്ടി തന്നെ പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന ഹർജി നൽകിയത്.
സോളാർ കേസ്;ഉമ്മൻചാണ്ടിയുടെ ഹർജിയിൽ വിധി ഇന്ന്
ബെംഗളൂരു:സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഹർജിയിൽ ബെംഗളൂരു സിവിൽ കോടതി ഇന്ന് വിധി പറയും.ബെംഗളൂരുവിലെ വ്യവസായി എം.കെ കുരുവിളയാണ് പരാതി നൽകിയിരിക്കുന്നത്.400 കോടി രൂപയുടെ സോളാർ പദ്ധതിയുടെ പേരിൽ ഒന്നരക്കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി.കേസിൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള പ്രതികൾ പിഴയടക്കണമെന്നായിരുന്നു കോടതി ഉത്തരവിട്ടത്.എന്നാൽ ഈ നിർദേശത്തിനെതിരെ ഉമ്മൻ ചാണ്ടി കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു.തന്റെ വാദം കേൾക്കാതെയാണ് വിധിയെന്നും വിധി പുനഃപരിശോധിക്കണമെന്നുമുള്ള ഉമ്മൻചാണ്ടിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
സൗദിയിൽ തൊഴിൽ വിസ ഇനി ഒരുവർഷത്തേക്ക് മാത്രം
സൗദി:സൗദിയിൽ തൊഴിൽ വിസ ഇനി ഒരുവർഷത്തേക്ക് മാത്രം. നേരത്തെ രണ്ടു വർഷം കാലാവധി ഉണ്ടായിരുന്ന വിസയാണ് ഒരുവർഷമാക്കി ചുരുക്കിയത്.സൗദി സ്വകാര്യ മേഖലയിലേക്ക് അനുവദിക്കുന്ന തൊഴില്‍ വിസകളുടെ കാലാവധിയാണ് ഒരു വര്‍ഷമാക്കിയത്. സര്‍ക്കാര്‍ മേഖലയിലും വീട്ടുവേലക്കാര്‍ക്കും മാത്രമാണ് ഇനി രണ്ട് വര്‍ഷത്തെ വിസ അനുവദിക്കുക.വിദേശ ജോലിക്കാരുടെ എണ്ണം കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം.രാജ്യത്ത് വിസ അനുവദിക്കുന്നതും കുത്തനെ കുറച്ചിട്ടുണ്ട്.സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റേതാണ് തീരുമാനം.പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വിസ കാലാവധി വിഷയത്തില്‍ ഇതിനോട് എതിരാവുന്ന എല്ലാ നിയമങ്ങളും ദുര്‍ബലപ്പെടുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
മാനന്തവാടിയിൽ വൻ മയക്കുമരുന്നുവേട്ട
വയനാട്:വയനാട് മാനത്താവടിയിൽ വൻ മയക്കുമരുന്ന് വേട്ട.സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയടക്കം അഞ്ചുപേർ പോലീസ് പിടിയിലായി.ഒരു കിലോ ഹെറോയിനാണ് പ്രതികളിൽ നിന്നും പിടികൂടിയത്.ഉത്തർപ്രദേശ് സ്വദേശി അജയ് സിങ്,പയ്യന്നൂർ പീടികത്താഴെ മധുസൂദനൻ,കാഞ്ഞങ്ങാട് ബേക്കൽ കുന്നുമ്മൽ വീട്ടിൽ അശോകൻ,കാസർകോഡ് ചീമേനി കനിയന്തോൾ ബാലകൃഷ്ണൻ,കണ്ണൂർ ചെറുപുഴ ഉപരിക്കൽ വീട്ടിൽ ഷൈജു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.വയനാട് ജില്ലാ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാനന്തവാടിയിലെ എരുമത്തടം ലോഡ്ജ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ലഹരി വിൽപ്പന സംഘം പിടിയിലായത്.ദിവസവും വൈകുന്നേരത്തോടെ ഇവിടെ വൻ മയക്കുമരുന്ന് ഇടപാട് നടക്കുന്നുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് പോലീസ് എരുമത്തടം ലോഡ്ജിനു സമീപം കെണിയൊരുക്കുകയും പ്രതികളെ തന്ത്രപരമായി പിടികൂടുകയുമായിരുന്നു.മാനന്തവാടിയിൽ നടന്നത് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിലൊന്നാണെന്നു പോലീസ് പറഞ്ഞു.