കണ്ണൂർ: കുറുവ അവേരയിൽ ബിജെപി പ്രവർത്തകന്റെ വീടിനു നേരെ ആക്രമണം.മറ്റൊരു പ്രവർത്തകന്റെ സ്കൂട്ടർ തകർത്തു.അവേര കോളനിയിൽ ഇന്നു പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. ബിജെപി പ്രവർത്തകനായ ഹരീഷ് ബാബുവിന്‍റെ വീടിനു നേരേയാണ് ആക്രമണം നടന്നത്. കല്ലേറിൽ വീടിന്‍റെ രണ്ടു ജനൽ ചില്ലുകൾ തകർന്നു. കോളനിയിലെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിന്‍റെ സീറ്റ് കുത്തികീറിയ നിലയിലാണ്. അക്രമത്തിനു പിന്നിൽ സിപിഎമ്മാണെന്നു ബിജെപി ആരോപിച്ചു.ബിജെപി ജില്ലാ നേതാക്കൾ സ്ഥലം സന്ദർശിച്ചു.സംഭവത്തിൽ ഇന്നു വൈകുന്നേരം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു.സിറ്റി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
സോളാർ കേസിൽ പ്രത്യേക അന്വേഷണ കമ്മീഷനെ ഇന്ന് നിയമിക്കും
തിരുവനന്തപുരം:വിവാദമായ സോളാർ കേസിൽ തുടരന്വേഷണത്തിനായി വിജിലൻസ്, ക്രിമിനൽ അന്വേഷണ ഉത്തരവുകൾ ഇന്നിറങ്ങും.പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചാലുടൻ ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കൾക്കെതിരെ മാനഭംഗമടക്കമുള്ള കേസെടുക്കും.നിലവിലുള്ള അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം ചോദ്യം ചെയ്യലും അറസ്റ്റും പോലുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂ.എന്നാൽ സോളാർ കേസിൽ നിലവിൽ വിവിധ സ്റ്റേഷനുകളിലായി ഇരുപതിലേറെ കേസുകളുണ്ട്.വിചാരണയിലേക്ക് കടക്കാറായവ വീണ്ടും അന്വേഷിക്കാനാണ് നിർദേശം.അതിനാൽ ഈ കേസുകളുടെ കേസ് ഡയറി പരിശോധിച്ച ശേഷമായിരിക്കും എത്ര കേസുകൾ രജിസ്റ്റർ ചെയ്യാമെന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുക.ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും കേസ് അന്വേഷിക്കുക.എന്നാൽ നിലവിൽ ഇതിന്റെ ഉത്തരവ് ഇറങ്ങിയിട്ടില്ല.
പെട്രോൾ പമ്പ് സമരം പിൻവലിച്ചു
ന്യൂഡൽഹി:ദിവസേനയുള്ള ഇന്ധന വില പുതുക്കി നിശ്ചയിക്കലിൽ പ്രതിഷേധിച്ച് പെട്രോൾ പമ്പ് ഉടമകൾ നടത്താനിരുന്ന സമരം പിൻവലിച്ചു.ഒക്ടോബർ 13 ന് നടത്താനിരുന്ന സമരമാണ് പിൻവലിച്ചത്.
സോളാർ കമ്മീഷൻ റിപ്പോർട്ട്;ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം:സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഉമ്മന്‍ചാണ്ടിക്കും മൂന്ന് പേഴ്സണല്‍ സ്റ്റാഫിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്താണ് അന്വേഷണം നടത്തുക.സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ലഭിച്ച നിയമോപദേശം കണക്കിലെടുത്താണ് തീരുമാനം. മുഖ്യമന്ത്രിയും പിഎയും സരിത എസ് നായരെ സഹായിച്ചു. ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഹായിച്ചതായുള്ള കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്താനും തീരുമാനമായി.സരിത നായർ കത്തിൽ പേര് പരാമർശിച്ചവർക്കെതിരെ ബലാല്സംഗത്തിനും ലൈംഗിക പീഡനത്തിനും കേസെടുക്കും.കേസിൽ കൃത്യമായ അന്വേഷണം നടത്താത്ത അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും.ഉമ്മൻചാണ്ടിയും ഓഫീസ് ജീവനക്കാരായ ടെനി ജോപ്പൻ,ജിക്കുമോൻ ജേക്കബ്,സലിം രാജ് എന്നിവരും ഡൽഹിയിലെ സഹായിയായ കുരുവിളയും നിക്ഷേപകരെ കബളിപ്പിക്കുന്നതിനു സരിതയെയും ടീം സോളാറിനേയും സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രിസഭാ തീരുമാനങ്ങൾ അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.19.07.2013 ഇൽ സരിത നൽകിയ കത്തിൽ പരാമർശമുള്ള ഉമ്മൻ ചാണ്ടി,ആര്യാടൻ മുഹമ്മദ്,എ.പി അനിൽകുമാർ,അടൂർ പ്രകാശ്,ഹൈബി ഈഡൻ,കേന്ദ്രമന്ത്രി പളനി മാണിക്യം,എൻ.സുബ്രമണ്യം,ഐ.ജി പത്മകുമാർ,ജോസ്.കെ.മാണി,കെ.സി വേണുഗോപാൽ എന്നിവർക്കെതിരെ ബലാല്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെയും കേസെടുക്കാനും കമ്മീഷൻ ശുപാർശ നൽകിയിട്ടുണ്ട്.
വേങ്ങര ഉപതിരഞ്ഞെടുപ്പ് ഇന്ന്
മലപ്പുറം:വേങ്ങര ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി.ആറ് പഞ്ചായത്തുകളിലായി 165 പോളിംഗ്സ്റ്റേഷനുകളാണ് ഉള്ളത്.രാവിലെ ഏഴുമണിക്കാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. വൈകിട്ട് ആറ് മണിക്ക് വോട്ടെടുപ്പ് അവസാനിക്കും.കെ.എൻ.എ ഖാദർ(യു.ഡി.എഫ്),പി.പി ബഷീർ(എൽ ഡി എഫ് ,കെ.ജനചന്ദ്രൻ(എൻ ഡി എ) തുടങ്ങിയവരാണ് പ്രധാന സ്ഥാനാർത്ഥികൾ. എല്ലാ ബൂത്തുകളിലും വി.വി പാറ്റ് മെഷീൻ ഉപയോഗിക്കുന്നു എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്.കനത്ത സുരക്ഷയാണ് മണ്ഡലത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.ആകെ ഒരുലക്ഷത്തി എഴുപത്തിനായിരത്തി ആറ് വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.മുൻ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി രാജി വെച്ച ഒഴിവിലേക്കാണ് വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
തലശ്ശേരിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു
തലശ്ശേരി:തലശ്ശേരിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു.ഓട്ടോറിക്ഷ ഡ്രൈവർ ചുണ്ടങ്ങാപ്പൊയിൽ സ്വദേശി കെ.എം സുധീഷിനാണ് വെട്ടേറ്റത്.ഇയാളെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സുധീഷിനെ ഓട്ടോയിൽ നിന്നും പിടിച്ചിറക്കി ഇരുകാലുകളും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.
കണ്ണൂരിൽ ബിജെപി ഓഫീസിന് സമീപത്തു നിന്നും ആയുധങ്ങൾ കണ്ടെടുത്തു
കണ്ണൂർ:കണ്ണൂർ കവിത തീയേറ്ററിന് സമീപം പ്രവർത്തിക്കുന്ന ബിജെപി ഓഫീസിനു സമീപത്തു നിന്നും ആയുധങ്ങൾ കണ്ടെത്തി.രണ്ട് വടിവാളുകളും ആറ് ഇരുമ്പ് ദണ്ഡുകളുമാണ് കണ്ടെത്തിയത്. ശുചീകരണം നടത്തുന്നതിനിടെ കോർപറേഷൻ തൊഴിലാളികളാണ് ആയുധങ്ങൾ കണ്ടെത്തിയത്.ഇവർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിരിക്കുകയാണ്.
പെരുമ്പാവൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അദ്ധ്യാപിക മരിച്ചു
എറണാകുളം:പെരുമ്പാവൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അദ്ധ്യാപിക മരിച്ചു.15 വിദ്യാർത്ഥികൾക്കും മൂന്നു അദ്ധ്യാപകർക്കും പരിക്കേറ്റു.വേങ്ങൂർ സാന്തോം സ്കൂളിന്റെ ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിലിലിടിച്ച് മറിയുകയായിരുന്നു.പരിക്കേറ്റവരെ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്തെ ആദ്യത്തെ അത്യാധുനിക ജയിൽ തളിപ്പറമ്പിൽ സ്ഥാപിക്കും
തളിപ്പറമ്പ്:സംസ്ഥാനത്തെ ആദ്യത്തെ അത്യാധുനിക ജയിൽ തളിപ്പറമ്പിൽ സ്ഥാപിക്കും. ജയിലിനായി നിർദേശിക്കപ്പെട്ട സ്ഥലം റെവന്യൂ വിഭാഗം അളന്നു തിട്ടപ്പെടുത്തി ജയിൽ വിഭാഗത്തിന് കൈമാറി.കുറ്റ്യേരി വില്ലേജിൽ രണ്ടു സർവ്വേ നമ്പറുകളിലായി കിടക്കുന്ന 8.75 ഏക്കർ സ്ഥലമാണ് കണ്ണൂർ ജയിൽ സൂപ്രണ്ട് എൻ.എസ് നിർമ്മലാനന്ദന് കൈമാറിയത്. കേരളത്തിലെ മാതൃക ജയിലായിരിക്കും തളിപ്പറമ്പിൽ സ്ഥാപിക്കുക.അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടൊപ്പം തടവുകാർക്ക് കൂടുതൽ സൗകര്യങ്ങളും ഇവിടെ ഉണ്ടാകും.മേശയും കസേരകളും ഉള്ള ഡൈനിങ്ങ് ഹാൾ,ബാത്ത് അറ്റാച്ചഡ് സെല്ലുകൾ,സെല്ലുകളിൽ ഫാൻ തുടങ്ങിയ സൗകര്യമാണ് ഇവിടെ ഒരുക്കുക.300 പേരെ പാർപ്പിക്കാനുള്ള സൗകര്യമാണ് ഇവിടെ ഉള്ളത്.രണ്ടു നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന് ഏഴു മീറ്റർ ഉയരത്തിൽ ചുറ്റുമതിലും മതിലിനു മുകളിൽ വൈദ്യുതിവേലിയും ഉണ്ടായിരിക്കും.ഡൽഹിയിലെ തീഹാർ,തെലങ്കാനയിലെ ഹൈദരാബാദ് സെൻട്രൽ ജയിൽ എന്നിവിടങ്ങളിലുള്ള സൗകര്യങ്ങളാണ് ഇവിടെയും ഒരുക്കുക. 20 കോടി രൂപയാണ് പ്രാഥമിക ചിലവായി കണക്കാക്കുന്നത്.പയ്യന്നൂർ,തളിപ്പറമ്പ് കോടതിയിൽ നിന്നുള്ള തടവുകാർക്ക് പുറമെ ആറ് മാസം വരെ ശിക്ഷ വിധിക്കുന്നവരെയും ഇവിടെ പാർപ്പിക്കും.കണ്ണൂർ ജയിലിന്റെ മാതൃകയിൽ ഭക്ഷ്യോത്പന്ന നിർമാണ ശാലയും ഇവിടെ ആരംഭിക്കും.സെൻട്രൽ ജയിലിൽ ശിക്ഷ തടവുകാരെ മാത്രം പാർപ്പിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായിട്ടാണ് ജയിൽ ഇല്ലാത്ത എല്ലാ താലൂക്കിലും പുതിയ ജയിൽ നിർമിക്കാൻ തീരുമാനിച്ചത്.
ഗോരഖ്പൂർ ആശുപത്രിയിൽ വീണ്ടും ശിശുമരണം
ഗോരഖ്പൂർ:ഗോരഖ്പൂർ ബി ആർ ഡി മെഡിക്കൽ കോളേജിൽ വീണ്ടും ശിശുമരണം.24 മണിക്കൂറിനിടെ 16 കുട്ടികളാണ് ഇവിടെ മരണപ്പെട്ടത്.ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമാണ് ഗോരഖ്പൂർ.പത്തു നവജാത ശിശുക്കൾ ഉൾപ്പെടെയുള്ളവരാണ് മരണപ്പെട്ടത്.ജപ്പാൻജ്വരം മൂലമാണ് മരണം സംഭവിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഇതേ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാത്ത ഒരാഴ്ചക്കിടെ 63 കുട്ടികൾ മരണപ്പെട്ടിരുന്നു.എന്നാൽ ഇപ്പോൾ കുട്ടികൾ മരിച്ചത് ഓസ്ക്സിജൻ ലഭിക്കാത്തതിനാലോ ചികിത്സ ലഭിക്കാത്തതിനാലോ അല്ല എന്ന് അധികൃതർ വ്യക്തമാക്കി.രോഗം മൂർച്ഛിച്ചതിനു ശേഷമാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നു അതിനാലാണ് മരണം സംഭവിച്ചതെന്നും അധികൃതർ പ്രതികരിച്ചു.