ബെംഗളൂരു:കനത്ത മഴയിൽ ബെംഗളൂരുവിൽ അഞ്ചുപേർ മരിച്ചു.മഴക്കെടുതി മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ അടിയന്തിര സഹായം നല്കാൻ കർണാടക സർക്കാർ ഉത്തരവിട്ടു.വെള്ളം കയറി മുങ്ങിക്കൊണ്ടിരുന്ന കാറിൽ നിന്നും ഒരു വനിതയെ രക്ഷിച്ചിട്ടുണ്ട്.വെള്ളിയാഴ്ച്ച വൈകിട്ട് മുതൽ ഈ പ്രദേശത്തു കനത്ത മഴയാണ് ലഭിച്ചത്.മഴമൂലം നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
എസ്എഫ്ഐ നേതാക്കളെ ആക്രമിച്ച കേസിൽ എംഎസ്എഫ് പ്രവർത്തകൻ അറസ്റ്റിൽ
കണ്ണൂർ:ശ്രീകണ്ഠപുരത്ത് എസ്എഫ്ഐ നേതാക്കളെ ആക്രമിച്ച കേസിൽ എംഎസ്എഫ് പ്രവർത്തകൻ കസ്റ്റഡിയിൽ. ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ് വിദ്യാർഥിയായ ഫവാസി (19) നെയാണ് ശ്രീകണ്ഠപുരം എസ്ഐ ഇ.നാരായണന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് പുലർച്ചെ ചെങ്ങളായിയിൽ വെച്ച് പിടികൂടിയത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്എഫ്ഐ നേതാക്കൾക്കെതിരെ അക്രമം നടന്നത്. എസ്എഫ്ഐ ശ്രീകണ്ഠപുരം ഏരിയ പ്രസിഡന്‍റ് കെ.എ. സഹീർ (23), സെക്രട്ടറി എ. ശ്രീജിത്ത് (24) എന്നിവർക്ക് നേരെയാണ് അക്രമം നടന്നത്.
ഗൗരി ലങ്കേഷ് വധം;മൂന്നു പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു
ബെംഗളൂരു:പ്രമുഖ മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ മൂന്നു പ്രതികളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു.ഇവരിൽ രണ്ടുപേരുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു.ഗൗരി ലങ്കേഷിന്റെ വീടിനു പുറത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.മൂന്ന് ചിത്രങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.ഇതിൽ രണ്ടു ചിത്രങ്ങൾ ഒരാളുടെതന്നെയാണ്.പ്രതിയെ കുറിച്ച് ലഭിച്ച വ്യത്യസ്തങ്ങളായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ട് ചിത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ബെംഗളൂരുവിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് രേഖാചിത്രങ്ങൾ പുറത്തു വിട്ടത്. കൊലപാതകത്തിന് മുൻപ് പ്രതികളിലൊരാൾ ഗൗരിയുടെ വീടിനു സമീപം നിരീക്ഷണം നടത്തിയിരുന്നു.ഇതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ഉടൻ തന്നെ പുറത്തു വിടും.പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് സർക്കാർ പത്തുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.സെപ്റ്റംബർ അഞ്ചിന് രാത്രിയാണ് മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വീടിനു വെളിയിൽ വെച്ച് വെടിയേറ്റ് മരിച്ചത്.
കോളേജ് ക്യാമ്പസുകളിൽ ഇനി മുതൽ സമരം വേണ്ടെന്ന് ഹൈക്കോടതി
കൊച്ചി:കോളേജ് ക്യാമ്പസുകളിൽ സമരമോ സത്യാഗ്രഹമോ ധർണയോ നടത്താൻ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി.പഠനം തടസ്സപ്പെടുത്തുന്ന വിധത്തിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെ താൽക്കാലികമായി പുറത്താക്കാൻ പ്രിൻസിപ്പലിനും മറ്റ് അധികാരികൾക്കും അവകാശമുണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠിക്കാനുള്ളതാണെന്നും അവിടെ സമരത്തിന് സ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി.വിദ്യാർത്ഥി സമരത്തെ തുടർന്ന് പോലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവ് നടപ്പായില്ലെന്ന് പരാതിപ്പെട്ട പൊന്നാനി എംഇഎസ് കോളേജ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.കോളേജുകൾക്കകത്തും പുറത്തും സമരപന്തലുകൾ സ്ഥാപിച്ചാൽ അവ പൊളിച്ചു നീക്കണമെന്നും കോടതി പോലീസിനോട് നിർദേശിച്ചു. നിയമാനുസൃതം ലഭിക്കില്ലെന്ന് ഉറപ്പുള്ള കാര്യങ്ങൾക്കു വേണ്ടിയാണ് വിദ്യാർഥികൾ സമരങ്ങളും ധർണകളും നടത്തുന്നത്.കോടതിയിലോ ബന്ധപ്പെട്ട അധികാരികളിൽ നിന്നോ അവകാശങ്ങൾ നേടിയെടുക്കുന്നതിന് ശ്രമിക്കാതെ സമരങ്ങളും മറ്റും നടത്തുന്നത് ന്യായീകരിക്കാനാകില്ലെന്നും കോടതി ഉത്തരവിൽ പറഞ്ഞു.
ഫിലിപ്പീൻസ് തീരത്ത് കപ്പൽ മുങ്ങി ഇന്ത്യക്കാരായ 11 ജീവനക്കാരെ കാണാതായി
ടോക്യോ:പസഫിക് സമുദ്രത്തിൽ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് ഫിലിപ്പീൻസ് തീരത്ത് കപ്പൽ മുങ്ങി.കപ്പലിലുണ്ടായ ഇന്ത്യക്കാരായ പതിനൊന്ന് ജീവനക്കാരെ കാണാതായി.ഹോങ്കോങ്ങിൽ രജിസ്റ്റർ ചെയ്ത എമറാൾഡ് സ്റ്റാർ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്.കപ്പലിൽ 26 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്.അപകടത്തിൽപെട്ട കപ്പലിന് സമീപത്തുകൂടി സഞ്ചരിച്ച മറ്റൊരു കപ്പലിലെ ജീവനക്കാരാണ് 15 ജീവനക്കാരെ രക്ഷപ്പെടുത്തിയത്.കപ്പൽ പൂർണ്ണമായും മുങ്ങിയെന്ന് ജപ്പാൻ കോസ്റ്റ് ഗാർഡ് വക്താവ് അറിയിച്ചു.മൂന്നു ബോട്ടുകളും രണ്ടു വിമാനങ്ങളും കാണാതായ ഇന്ത്യക്കാർക്ക് വേണ്ടി തിരച്ചിൽ നടത്തുന്നുണ്ട്.
നാദാപുരത്ത് ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്
കോഴിക്കോട്:നാദാപുരത്ത് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്.നാദാപുരം താലൂക്ക് ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്.പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.പരിക്കേറ്റവരെ സമീപത്തുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബേപ്പൂർ തുറമുഖത്ത് ബോട്ട് മുങ്ങി കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു
കോഴിക്കോട്: ബേപ്പൂർ തുറമുഖത്ത് ബോട്ട് മുങ്ങി കാണാതായ നാലു തൊഴിലാളികളിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അപകടത്തിൽപ്പെട്ട ബോട്ടിനുള്ളിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.മൃതദേഹങ്ങൾ പുറത്തെടുക്കാൻ കോസ്റ്റ്ഗാർഡ് മത്സ്യത്തൊഴിലാളികളുടെ സഹായം തേടിയിട്ടുണ്ട്. മറ്റു രണ്ടു പേർക്കായി തെരച്ചിൽ തുടരുകയാണ്. കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല.ബുധനാഴ്ച രാത്രിയാണ് ബേപ്പൂർ തുറമുഖത്തു നിന്നും 50 നോട്ടിക്കൽ മൈൽ അകലെ അപകടം നടന്നത്.മുനമ്പത്തു നിന്നും മൽസ്യബന്ധനത്തിനെത്തിയ ബോട്ട് അജ്ഞാത കപ്പൽ ഇടിച്ച് തകരുകയായിരുന്നു.കുളച്ചൽ സ്വദേശി ആന്റോയുടെ ഉടമസ്ഥതയിലുള്ള ഇമ്മാനുവൽ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.തമിഴ്നാട് കുളച്ചൽ സ്വദേശികളായ ബോട്ടുടമ ആന്റോ,രമ്യാസ്,തിരുവനന്തപുരം സ്വദേശികളായ ജോൺസൻ,പ്രിൻസ് എന്നിവരെയാണ് കാണാതായത്.അപകടം നടന്ന ഉടൻ തമിഴ്നാട് സ്വദേശികളായ കാർത്തിക്,സേവ്യർ എന്നിവരെ ഒരു മൽസ്യബന്ധനബോട്ടും കോസ്റ്റ് ഗാർഡും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.
ആലുവയിൽ ലോറിയിടിച്ച് മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു
ആലുവ:ആലുവയിൽ ലോറിയിടിച്ച് മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു.അർധരാത്രി മെട്രോ നിർമാണത്തിനിടെ ഗതാഗതം നിയന്ത്രിച്ചിരുന്നവരെയാണ് ലോറി ഇടിച്ചത്.രണ്ടുപേർ സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.ഒരാൾ ഇന്ന് രാവിലെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.മറ്റൊരാളുടെ നില അപകടകരമായി തുടരുന്നു. ടാങ്കർ ലോറിയാണ് ഇടിച്ചതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.ഇടിച്ച ലോറി നിർത്താതെ പോയി.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.അപകടത്തിൽപെട്ട നാലുപേരും ഉത്തർപ്രദേശ് സ്വദേശികളാണ്.
ബേപ്പൂർ തുറമുഖത്ത് ബോട്ടുമുങ്ങി നാലുപേരെ കാണാതായി
കോഴിക്കോട്:ബേപ്പൂർ തുറമുഖത്ത് ബോട്ടുമുങ്ങി നാലുപേരെ കാണാതായി.രണ്ടുപേരെ രക്ഷപ്പെടുത്തി.ബേപ്പൂരിൽ നിന്നും 50 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് മുങ്ങിയത്.മുനമ്പത്ത് നിന്നും പുറപ്പെട്ട ഇമ്മാനുവല്‍ എന്ന മത്സ്യബന്ധന ബോട്ടാണ് മുങ്ങിയത്.
ആരുഷി കൊലക്കേസിൽ മാതാപിതാക്കളെ കുറ്റവിമുക്തരാക്കി
അലഹബാദ്:പ്രമാദമായ ആരുഷി കൊലക്കേസിൽ മാതാപിതാക്കളെ കുറ്റവിമുക്തരാക്കി. അലഹബാദ് ഹൈക്കോടതിയുടേതാണ് വിധി.കേസിൽ ആരുഷിയുടെ മാതാപിതാക്കളെ സിബിഐ കുറ്റക്കാരായി പ്രഖ്യാപിച്ചിരുന്നു.ഇതിനെതിരെ ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തൽവാറും നൂപുർ തൽവാറും നൽകിയ അപ്പീലിലാണ് വിധി.2013 ഇൽ ആരുഷിയുടെ മാതാപിതാക്കളെ കുറ്റക്കാരാക്കി ഗാസിയാബാദ് പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. 2008 മെയിലാണ് 14 കാരിയായ ആരുഷിയെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.തൊട്ടടുത്ത ദിവസം തന്നെ വീട്ടുവേലക്കാരനായ ഹേംരാജിന്റെ മൃതദേഹവും വീട്ടിലെ ടെറസിൽ കണ്ടെത്തുകയായിരുന്നു.മകളും വീട്ടുവേലക്കാരനും തമ്മിലുള്ള അവിഹിത ബന്ധം അറിഞ്ഞ പിതാവ് ആരുഷിയെയും വേലക്കാരൻ ഹേംരാജിനെയും കൊലപ്പെടുത്തി എന്നതായിരുന്നു കേസ്.