കോഴിക്കോട്:കോഴിക്കോട് കടലുണ്ടി പുഴയിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു.പറയന്റവിട വീട്ടിൽ അനീഷ്,വള്ളിക്കുന്ന് എണ്ണാകുളത്തിൽ നികേഷ് എന്നിവരാണ് മരിച്ചത്.കടലുണ്ടി വാവുത്സവം കാണാൻ സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു രണ്ടുപേരും.പുഴയിൽ ഫൈബർ ബോട്ടിൽ യാത്ര ചെയ്യവേ ബോട്ട് മറിയുകയായിരുന്നു.രണ്ടുപേർക്ക് മാത്രം കയറാൻ പറ്റിയ ബോട്ടിൽ ആറുപേർ കയറിയതാണ് ബോട്ട് മറിയാൻ കാരണം.ബോട്ടിലുണ്ടായിരുന്ന മറ്റു നാലുപേരെ മൽസ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തുകയായിരുന്നു.മരിച്ച രണ്ടുപേർക്കും നീന്തൽ അറിയില്ലായിരുന്നു.മൃതദേഹനാണ് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നടൻ ദിലീപ് വ്യാജ ചികിത്സാരേഖ ഉണ്ടാക്കിയതായി പോലീസ്
കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപ് വ്യാജ ചികിത്സാരേഖ ഉണ്ടാക്കിയതായി റിപ്പോർട്ട്.ദിലീപിന്റെ ആവശ്യപ്രകാരമാണ് ഇത്തരത്തിൽ രേഖയുണ്ടാക്കിയതെന്ന് ഡോക്റ്റർ പൊലീസിന് മൊഴിനൽകി.നാലു ദിവസം ചികിത്സ നേടിയതായി മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടത്.പക്ഷെ ഇതേസമയം ദിലീപ് സിനിമ ചിത്രീകരണത്തിൽ ആയിരുന്നെന്നു പോലീസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡോക്റ്ററിന്റെയും നഴ്സിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തി.നടി ആക്രമിക്കപ്പെട്ട സമയത്ത് ആശുപത്രിയിലായിരുന്നു എന്ന് വരുത്തി തീർക്കാനായിരുന്നു ദിലീപിന്റെ നീക്കം.
മലമാനിന്റെ ഇറച്ചിയുമായി നായാട്ടുസംഘം പിടിയിലായി
ഇരിട്ടി:മലമാനിന്റെ ഇറച്ചിയുമായി നായാട്ടുസംഘം പിടിയിലായി.ആറളം പഞ്ചായത്തിലെ വിയറ്റ്നാം പരിപ്പ്‌തോടിൽ നിന്നാണ് ഒരു ക്വിന്റൽ മലമാനിന്റെ ഇറച്ചിയുമായി നാലംഗ സംഘത്തെ വനംവകുപ്പ് അധികൃതർ പിടികൂടിയത്.ഇവരിൽ നിന്നും ലൈസൻസില്ലാത്ത ഒരു തോക്കും പിടിച്ചെടുത്തു.ഇവർ ഇറച്ചി കടത്തിയ ഓട്ടോയും കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം ആറളം ഫാമിൽ നിന്നും മലമാനിന്റെ അവശിഷ്ട്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നായാട്ടു സംഘത്തെ കണ്ടെത്താൻ വനം വകുപ്പ്,കൊട്ടിയൂർ,ആറളം വന്യജീവി സങ്കേതങ്ങളുടെ സംയുക്ത പരിശോധനയിലാണ് നായാട്ടു സംഘം പിടിയിലായത്.ആറളംവനത്തിൽ വെച്ചാണ് തോക്കുപയോഗിച്ച് ഇവർ മലമാനിനെ വെടിവെച്ചത്.ഇതിനു ശേഷം ഇതിനെ ചെറു കഷണങ്ങളാക്കി ഓട്ടോറിക്ഷയിൽ കൊണ്ടുപോകുമ്പോഴാണ് വനം വകുപ്പ് അധികൃതർ പിടികൂടിയത്.സംഘത്തിലുണ്ടായിരുന്ന അഞ്ചുപേരിൽ ഒരാൾ ഓടി രക്ഷപ്പെട്ടു.എടപ്പുഴയിലെ ജോസഫ് മാത്യു,പുത്തൻപുരയ്ക്കൽ ഷിജു ജോർജ്,കുന്നേക്കമണ്ണിൽ വിനോദ് ആന്റണി,ആറളം പുതിയങ്ങാടിയിലെ കെ.ജി ഷൈജു എന്നിവരാണ് പിടിയിലായത്.ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മലമാനിന്റെ അറുത്തുമാറ്റിയ തലയും മറ്റ് ശരീരാവശിഷ്ടങ്ങളും പരിപ്പുതൊട്ടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും കണ്ടെടുത്തു.
തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ നാല് മലയാളികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു
തമിഴ്നാട്:കടലൂരിന് സമീപം രാമനാഥത്തു കാറപകടത്തിൽ നാലു മലയാളികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു.ഇവർ സഞ്ചരിച്ച കാർ ഇന്നലെ പുലർച്ചെ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ പ്രകാശ്,സഹോദരൻ പ്രദീപ്,പ്രകാശിന്റെ ഭാര്യ പ്രിയ,ജോഷി,തമിഴ്നാട് സ്വദേശികളായ മിഥുൻ,ശരവണൻ,ഡ്രൈവർ ശിവ എന്നിവരാണ് മരിച്ചത്.പ്രകാശ് ചെന്നൈ ബിൽറൂത് ആശുപത്രിയിൽ റേഡിയോളോജിസ്റ്റും പ്രിയ ചിന്താമണി ആശുപത്രിയിൽ നഴ്സുമാണ്.പ്രകാശിന്റെ അമ്മയുടെ സഹോദരിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു ഇവർ.
ഒഡീഷയിൽ പടക്ക നിർമാണശാലയിൽ തീപിടുത്തം;എട്ടു പേർ മരിച്ചു
ഭുവനേശ്വർ: ഒഡിഷയിലെ ബാലസോറെ ജില്ലയിൽ അനധികൃത പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരു കുട്ടിയുൾപ്പെടെ എട്ടു പേർ മരിച്ചു. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ആറു പേരുടെ നില ഗുരുതരമാണ്.ലൈസൻസില്ലാതെ പ്രവർത്തിച്ച പടക്ക നിർമാണശാലയിലാണ് ദുരന്തം ഉണ്ടായത്. പടക്ക നിർമാണശാല ഉടമയുടെ മകനും സ്ഫോടനത്തിൽ മരിച്ചു.സ്ഫോടനം നടക്കുമ്പോൾ 12 തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത്.ബുധനാഴ്ച രാവിലെ റൂർക്കലയിലും പുരിയിലും സമാനമായ അപകടമുണ്ടായി. റൂർക്കലയിലെ പടക്കശാലയിലുണ്ടായ അഗ്നിബാധയിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുരിയിലെ പിപ്പിലിയിലുണ്ടായ ദുരന്തത്തിൽ ഒരാൾ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു.ഇവരുടെ കാഴ്ച ശക്തി നഷ്ട്ടപ്പെട്ടു.
കീഴാറ്റൂരില്‍ വയല്‍ ഒഴിവാക്കി ബൈപ്പാസ് നിർമിക്കാൻ ധാരണ
കണ്ണൂർ:വയൽ നികത്തി ബൈപ്പാസ് നിർമിക്കുന്നതിനെതിരെ ജനകീയ സമരം നടന്ന കീഴാറ്റൂരില്‍ വയല്‍ ഒഴിവാക്കി ബൈപ്പാസ് നിര്‍മ്മിക്കാന്‍ ധാരണ.കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.തീരുമാനം ദേശീയപാത അതോറിറ്റിയെ അറിയിക്കും.അന്തിമ തീരുമാനം എടുക്കേണ്ടത് ദേശീയപാത അതോറിറ്റി ആണ്.തീരുമാനത്തിൽ പൂര്‍ണ തൃപ്തി ഇല്ല,എങ്കിലും നിർദേശം അംഗീകരിക്കുന്നതായി സമരസമിതി അറിയിച്ചു.വിദഗ്ധ സംഘം ഇന്ന് കീഴാറ്റൂരില്‍ സന്ദര്‍ശനം നടത്തി.വയല്‍ ഒഴിവാക്കികൊണ്ടുള്ള ബദല്‍ മാര്‍ഗങ്ങള്‍ ആരായുന്നതിനായാണ് പൊതുമരാമത്ത് മന്ത്രിയുടെ നിര്‍ദേശപ്രകാരം വിദഗ്ധ സംഘത്തെ നിയോഗിച്ചത്. പ്രദേശത്ത് സന്ദര്‍ശനം നടത്തിയശേഷം സമരസമിതി നേതാക്കള്‍ അടക്കമുള്ളവരുമായി കലക്ടറേറ്റില്‍ സംഘം നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയിലെത്തിയത്.
ജില്ലാ ബാങ്ക് ശാഖയിലെ മുക്കുപണ്ട തട്ടിപ്പ് കേസ്;പ്രതി ഷഡാനനനെ പോലീസ് അറസ്റ്റ് ചെയ്തു
തളിപ്പറമ്പ്:ജില്ലാ സഹകരണ ബാങ്ക് തളിപ്പറമ്പ് ശാഖയിലെ മുക്കുപണ്ട തട്ടിപ്പുകേസിലെ പ്രതി ബാങ്ക് അപ്രൈസർ ഷഡാനനനെ പോലീസ് അറസ്റ്റ് ചെയ്തു.തട്ടിപ്പു കേസിൽ പോലീസ് അന്വേഷണം ആരംഭിച്ച ശേഷം ഒളിവിൽ കഴിയുകയായിരുന്നു ഷഡാനനൻ.തളിപ്പറമ്പ് ശാഖയിലെ മാനേജരും അസിസ്റ്റന്റ് മാനേജറുമടക്കം മൂന്നുപേർ പ്രതിയായ കേസിൽ ആദ്യം അറസ്റ്റിലാകുന്ന ആളാണ് ഷഡാനൻ.ഒളിവിൽ കഴിയുന്നതിനിടെ കയ്യിലുണ്ടായിരുന്ന പണം തീർന്നതിനെ തുടർന്ന് ഇയാൾ കണ്ണൂർ ജില്ലാ ബാങ്കിൽ നിന്നും തനിക്ക് കിട്ടാനുള്ള പണത്തിനായി എത്തിയതായിരുന്നു.മേലുദ്യോഗസ്ഥൻ സ്ഥലത്തില്ലെന്നു മനസ്സിലായ ഇയാൾ തിടുക്കത്തിൽ പോകാൻ ശ്രമിക്കുന്നതിനിടെ ബാങ്കിലെ മറ്റു ജീവനക്കാർ ഇയാളെ തിരിച്ചറിഞ്ഞു.തുടർന്ന് ജീവനക്കാർ ഇയാളെ തടഞ്ഞു വെയ്ക്കുകയും പോലീസിൽ വിവരമറിയിക്കുകയും ആയിരുന്നു.സ്ഥലത്തെത്തിയ തളിപ്പറമ്പ് സിഐ പി.കെ സുധാകരൻ ഇയാളെ അറസ്റ്റ് ചെയ്തു.അതേസമയം മുക്കുപണ്ട തട്ടിപ്പ് അറിഞ്ഞിരുന്നില്ല എന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.അസിസ്റ്റന്റ് മാനേജർ രമ പറഞ്ഞതുപോലെ എല്ലാം ചെയ്തുവെന്നും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.ഇയാളെ പോലീസ് പിന്നീട് കോടതിയിൽ ഹാജരാക്കി.പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ എം.എസ്.എഫ് യുണിറ്റ് സെക്രെട്ടറിക്ക് വെട്ടേറ്റു
തളിപ്പറമ്പ്:തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ എം.എസ്.എഫ് യുണിറ്റ് സെക്രെട്ടറിക്ക് വെട്ടേറ്റു.നദീർ പെരിങ്ങത്തൂരിനാണ് ഇന്നലെ വൈകുന്നേരം ക്‌ളാസ് കഴിഞ്ഞു മടങ്ങവേ വെട്ടേറ്റത്.എസ്എഫ്ഐ തളിപ്പറമ്പ് ഏരിയ സെക്രട്ടറി പ്രജീഷ് ബാബുവും സുഹൃത്തുമാണ് അക്രമം നടത്തിയതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.പുറത്ത് പരിക്കേറ്റ നദീറിനെ തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ 11 ന് കോളേജ് തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ ക്ക് ലഭിച്ച അസോസിയേഷന്റെ ഉൽഘാടനത്തിന് പുറത്തു നിന്നും ആളുകൾ വന്നിരുന്നു.ഇത് എംഎസ്എഫ് പ്രവർത്തകർ തടഞ്ഞിരുന്നു.ഇതിനെ തുടർന്ന് അസോസിയേഷന്റെ ഉൽഘാടനം ഉപേക്ഷിച്ചിരുന്നു.ഇതാണ് അക്രമത്തിനു കാരണമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്
ന്യൂഡൽഹി:മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്.നേരത്തെ വിലക്ക് നീക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയായിരുന്നു.ബിസിസിഐ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ കുറ്റപത്രം ഈയാഴ്ച സമർപ്പിക്കും
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരായ കുറ്റപത്രം ഈയാഴ്ച സമർപ്പിക്കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക.കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും നിയമവിദഗ്ദ്ധരും പങ്കെടുക്കുന്ന യോഗം ചേരും.ഇതിനു ശേഷമായിരിക്കും കുറ്റപത്രം സമർപ്പിക്കുക.ദിലീപിന് ജാമ്യം ലഭിച്ചത് കൊണ്ട് കുറ്റപത്രം സമർപ്പിക്കുന്നത് വൈകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് നീട്ടിക്കൊണ്ടുപോകില്ലെന്നും ഈ ആഴ്ച തന്നെ സമർപ്പിക്കുമെന്നും ആലുവ റൂറൽ എസ്.പി എ.വി ജോർജ് പറഞ്ഞു. കേസിൽ സമഗ്രമായ കുറ്റപത്രം തന്നെയാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്.ഇരുപതിലേറെ നിർണായക തെളിവുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും, കുറ്റസമ്മത മൊഴികൾ,സാക്ഷിമൊഴികൾ,രഹസ്യമൊഴികൾ, ഫോറൻസിക് റിപ്പോർട്ടുകൾ, നേരിട്ടുള്ള തെളിവുകൾ,സാഹചര്യ തെളിവുകൾ,സൈബർ തെളിവുകൾ എന്നിവ പട്ടികയാക്കി പ്രത്യേക ഫയലുകളാക്കിയാണ് കുറ്റപത്രമായി സമർപ്പിക്കുന്നത്.ഇതുവരെ പോലീസ് വെളിപ്പെടുത്താത്ത വിവരങ്ങളും കുറ്റപത്രത്തിൽ ഉണ്ടാകുമെന്നാണ് സൂചന.കുറ്റപത്രം സമർപ്പിച്ചാലും അന്വേഷണം തുടരുമെന്നും നിർണായക തെളിവായ മൊബൈൽ ഫോണിന് വേണ്ടിയുള്ള അന്വേഷണം തുടരുമെന്നും അന്വേഷണ സംഘം കോടതി മുൻപാകെ വ്യക്തമാക്കും.കേസിന്റെ പ്രാധാന്യവും പ്രതികൾ സാക്ഷികളെ സ്വാധീനിക്കാനുള്ള സാഹചര്യവും കണക്കിലെടുത്ത് വിചാരണ പൂർത്തിയാക്കാൻ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന ശുപാർശയും സർക്കാരിന് മുൻപാകെ ഡിജിപി സമർപ്പിക്കും.