കൊച്ചി: പ്രശസ്ത സംവിധായകൻ ഐ.വി.ശശി(69) അന്തരിച്ചു. ചെന്നൈയിലെ സാലിഗ്രാമത്തിലുള്ള വസതിയിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് അന്ത്യം സംഭവിച്ചത്.കുറച്ചു നാളായി അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.ഭാര്യയും നടിയുമായ സീമയാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്.1968-ൽ എ.ബി.രാജിന്‍റെ “കളിയല്ല കല്ല്യാണം’ എന്ന സിനിമയിൽ കലാസംവിധായകനായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ ചലച്ചിത്ര ജീവിതത്തിന്‍റെ തുടക്കം. ഛായാഗ്രഹ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് സഹസംവിധായകനായും അദ്ദേഹം പ്രവർത്തിച്ചു. ആദ്യചലച്ചിത്രം ഇരുപത്തിഏഴാം വയസ്സിൽ സംവിധാനം ചെയ്തു. എന്നാൽ, ആദ്യം സംവിധാനം ചെയ്തതായി അറിയപ്പെടുന്ന ചലച്ചിത്രം 1975ൽ പുറത്തിറങ്ങിയ ഉത്സവം ആണ്.കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിയായ ഐ.വി ശശി മദ്രാസ് സ്കൂൾ ഓഫ് ആർട്സിൽ നിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയ ശേഷമാണ് സിനിമയിലെത്തുന്നത്. ഇതിനിടെ ഒട്ടേറെ പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ദേശീയ പുരസ്‌കാരങ്ങളും സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.2014 ഇൽ ജെ.സി ഡാനിയൽ പുരസ്‌ക്കാരവും നേടി.
വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിച്ച സംഭവം;ആശുപത്രി ചികിത്സ നിഷേധിച്ചതായി പോലീസ്
കൊല്ലം:സ്വകാര്യ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും വിദ്യാർത്ഥിനി ചാടി മരിച്ച സംഭവത്തിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രി വിദ്യാത്ഥിനിക്ക് ചികിത്സ നിഷേധിച്ചതായി പോലീസ്. അപകടം നടന്നയുടനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗൗരിയെ പ്രവേശിപ്പിച്ചിരുന്നത്.എന്നാൽ അവിടെ നാലുമണിക്കൂറോളം ചികിത്സ ലഭിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.മാത്രമല്ല കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത് സ്കൂൾ മാനേജ്‌മെന്റിന്റെ തന്നെ അധീനതയിലുള്ള സ്വകാര്യ ആശുപത്രിയിലാണെന്ന് ആരോപണമുണ്ട്.ആ സമയത്ത് കുട്ടിക്ക് സംസാരിക്കാൻ സാധിച്ചിരുന്നു.എന്നാൽ കുട്ടിക്ക് പറയാനുള്ളത് എന്താണെന്ന് പോലീസിനെയോ വീട്ടുകാരെയോ അറിയിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല.ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒന്നരമണിക്കൂറിനു ശേഷം തലയ്ക്ക് മുറിവുപറ്റിയെന്നു മാത്രമാണ് ബന്ധുക്കളെ അറിയിച്ചത്.പിന്നീട് ബന്ധുക്കൾ ഇടപെട്ട് മാധ്യമങ്ങളെ അറിയിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തപ്പോഴാണ് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റാൻ തയ്യാറായത്.അനന്തപുരി ആശുപത്രിയിൽ എത്തിച്ചപ്പോൾ മൂന്നുമണിക്കൂർ വൈകിപ്പോയെന്നാണ് അവിടെയുള്ളവർ അറിയിച്ചത്. ഗൗരിക്ക് തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു.ആന്തരിക രക്തസ്രാവവും ഹൃദയാഘാതവുമാണ് മരണകാരണമെന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലെ ഡോക്റ്റർമാർ പറഞ്ഞു.വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഗൗരി സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടിയത്.
സംസ്ഥാന സ്കൂൾ കായികമേള;എറണാകുളം ജില്ല ചാമ്പ്യന്മാർ
കോട്ടയം:അറുപത്തൊന്നാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ 258 പോയിന്റുമായി എറണാകുളം ജില്ല ഒന്നാമതെത്തി.184 പോയിന്റ് നേടിയ പാലക്കാട് ജില്ലാ രണ്ടാംസ്ഥാനത്തും 110 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തും എത്തി.75 പോയിന്റ് നേടിയ കോതമംഗലം മാർ ബേസിൽ സ്കൂളാണ് സ്കൂളുകളിൽ ഒന്നാമതെത്തിയത്.63 പോയിന്റുമായി കോഴിക്കോട് പുല്ലൂരാംപാറ സ്കൂൾ രണ്ടാമതും 57 പോയിന്റുമായി പാലക്കാട് പറളി സ്കൂൾ മൂന്നാമതുമെത്തി.
തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് നടൻ ദിലീപ്
കൊച്ചി:ജാമ്യത്തിൽ ഇറങ്ങിയത് മുതൽ താൻ സുരക്ഷാ ഭീഷണി നേരിടുന്നതായി നടൻ ദിലീപ്.എന്നാൽ സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ ഏർപ്പെടുത്തിയിട്ടില്ലെന്നും ഇവരുമായി കൂടിയാലോചന മാത്രമാണ് നടന്നതെന്നും താരം വ്യക്തമാക്കി.സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ ഏർപ്പെടുത്തിയതിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് പോലീസ് നൽകിയ നോട്ടീസിൽ വിശദീകരണം നൽകവെയാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷാ ഏജൻസിയിലെ ജീവനക്കാരുടെ പേരും തിരിച്ചറിയൽ രേഖകളും അവർ ആയുധ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ,സുരക്ഷാ ഏജൻസിയുടെ ലൈസൻസ് തുടങ്ങിയ വിവരങ്ങൾ ആവശ്യപ്പെട്ട് അന്വേഷണസംഘം ഞായറാഴ്ചയാണ് ദിലീപിന് നോട്ടീസ് നൽകിയത്.കൂടാതെ ദിലീപ് സ്വകാര്യ ഏജൻസിയെ സമീപിച്ചതിൽ ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
സ്കൂൾ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നും ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു
കൊല്ലം:കൊല്ലത്ത് സ്കൂൾ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നും ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഗൗരിയാണ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.അതേസമയം വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയ സംഭവത്തിൽ സ്കൂളിലെ രണ്ട് അധ്യാപികമാർക്കെതിരെ പോലീസ് ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തിരുന്നു. സിന്ധു,ക്രെസന്റ് എന്നീ അദ്ധ്യാപികമാർക്കെതിരെയാണ് കേസ്.കഴിഞ്ഞ ദിവസം സ്കൂളിൽ വെച്ച് സഹപാഠിയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് കുട്ടിയെ അദ്ധ്യാപികമാർ സ്റ്റാഫ് റൂമിൽ വിളിച്ചു വരുത്തി എല്ലാവരുടെയും മുൻപിൽ വെച്ച് ശകാരിച്ചിരുന്നു.ഇതിനു പിന്നാലെയാണ് കുട്ടി കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടിയത്.കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് അധ്യാപികമാർക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്കൂളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾ തിരുവനന്തപുരത്തു നടക്കും.
സ്വകാര്യ ഏജൻസിയുടെ സുരക്ഷ;ദിലീപിന് പോലീസിന്‍റെ നോട്ടീസ്
കൊച്ചി:സ്വകാര്യ ഏജൻസിയുടെ സുരക്ഷാ ഏർപ്പെടുത്തിയതിനു നടൻ ദിലീപിന് പോലീസ് നോട്ടീസ് അയച്ചു.സായുധസേനയുടെ സംരക്ഷണം എന്തിനെന്നു വ്യക്തമാക്കണമെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.സുരക്ഷാ സേനയുടേയും അവരുടെ കൈവശമുള്ള ആയുധങ്ങളുടെയും വിശദാംശങ്ങളും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന തണ്ടർ ഫോഴ്സ് എന്ന ഏജൻസിയാണ് ദിലീപിന് സുരക്ഷ ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ഏജൻസിയിലെ മൂന്നു പേരെ ഇതിനകംതന്നെ ദിലീപിന്‍റെ സുരക്ഷയ്ക്കായി നിയോഗിച്ചതായാണു ലഭ്യമാകുന്ന വിവരം. തണ്ടർ ഫോഴ്സിന്‍റെ പ്രതിനിധികൾ ആലുവ കൊട്ടാരക്കടവിനു സമീപമുള്ള ദിലീപിൻറെ വീട്ടിൽ എത്തിയതിനെത്തുടർന്നാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തായത്.സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയുടെ സഹായം തേടിയെന്ന കാര്യത്തിൽ സ്ഥിരീകരണം നൽകാൻ ദിലീപോ അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങളോ ഇതുവരെ തയാറായിട്ടില്ല. ശനിയാഴ്ച അന്വേഷണ സംഘത്തിന്‍റെ ആവശ്യപ്രകാരം കൊട്ടാരക്കര പോലീസ് തണ്ടർഫോഴ്സിന്‍റെ വാഹനം കസ്റ്റഡിയിലെടുത്തു പരിശോധിച്ചിരുന്നു. പോലീസ് വാഹനം പിടിച്ചപ്പോൾ സംഘത്തിന്‍റെ കൈവശം കൈത്തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.
മിനിമം വേതനം നൽകിയില്ലെങ്കിൽ ഒരുലക്ഷം രൂപ പിഴയീടാക്കും
കണ്ണൂർ:വിവിധ തൊഴിൽ മേഖലയിൽ ജോലിചെയ്യുന്നവർക്ക് സർക്കാർ നിശ്ചയിച്ച മിനിമം കൂലി നൽകിയില്ലെങ്കിൽ ഈടാക്കാവുന്ന പിഴ 500 രൂപയിൽ നിന്നും ഒരു ലക്ഷം രൂപയാക്കി ഉയർത്തി.മിനിമം വേതനം സംബന്ധിച്ച നിയമത്തിൽ നിയമസഭാ പാസാക്കിയ ഭേദഗതി ബില്ലിന് രാഷ്‌ട്രപതി കഴിഞ്ഞ ദിവസം അംഗീകാരം നൽകി.മിനിമം വേതനവും മിനിമം വേതന നിയമം അനുശാസിക്കുന്ന മറ്റാനുകൂല്യങ്ങളും സംബന്ധിച്ചുള്ള പരാതികൾ വർഷങ്ങളായി കെട്ടിക്കിടക്കുകയാണ്.പരാതി പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിക്കുവാനുള്ള അധികാരം ഡെപ്യൂട്ടി ലേബർ കമ്മീഷണറിൽ നിന്നും എടുത്തുമാറ്റിയതോടെയാണിത്.എന്നാൽ പുതിയ ഉത്തരവനുസരിച്ച് ലേബർ കമ്മീഷണർക്ക് ഈ അധികാരം തിരികെ ലഭിക്കും.പിഴ തുക ഈടാക്കാനായി ജപ്തിനടപടിക്കും നിർദേശിക്കാം.ഉത്തരവ് പാലിക്കാത്ത സ്ഥാപന ഉടമയ്‌ക്കെതിരെ കോടതിയെ സമീപിക്കുകയും ചെയ്യാം.തൊഴിലാളികളുടെ രേഖകൾ സൂക്ഷിക്കാതിരിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് അസി.ലേബർ ഓഫീസർമാർക്ക് കേസെടുക്കാം. ഒരു തൊഴിലാളിക്ക് 2000 രൂപ എന്ന നിരക്കിൽ രണ്ടുലക്ഷം രൂപ വരെ ഇതിന് പിഴയീടാക്കാം.
വിദ്യാർത്ഥി രാഷ്ട്രീയത്തിനെതിരെ വിമർശനവുമായി വീണ്ടും ഹൈക്കോടതി
കൊച്ചി:വിദ്യാർത്ഥി രാഷ്ട്രീയത്തിനെതിരെ വിമർശനവുമായി വീണ്ടും ഹൈക്കോടതി. കോട്ടയം മാന്നാനം കെ.ഇ കോളേജിൽ പ്രിൻസിപ്പലിനെ ഉപരോധിച്ച വിദ്യാർത്ഥികളെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് കോടതി പോലീസിനോട് ആരാഞ്ഞു.സ്റ്റഡി ലീവായതിനാൽ വിദ്യാർഥികൾ കോളേജിൽ എത്താത്തതാണ് അറസ്റ്റ് വൈകാൻ കാരണമെന്നു പോലീസ് അറിയിച്ചു.എന്നാൽ പൊലീസിന് എന്ത് കൊണ്ട് വിദ്യാർത്ഥികളെ വീട്ടിൽ ചെന്ന് അറസ്റ്റ് ചെയ്തുകൂടാ എന്ന് ഹൈക്കോടതി ചോദിക്കുകയുണ്ടായി.പോലീസ് നൽകിയ മറുപടി തൃപ്തികരമല്ല.വീട്ടിൽ ചെന്ന് അറസ്റ്റ് ചെയ്ത് ഉചിതമായ ജാമ്യവ്യവസ്ഥയിൽ വിദ്യാർത്ഥികളെ ജാമ്യത്തിൽ വിടാവുന്നതേയുള്ളൂ. അങ്ങനെയെങ്കിൽ വിദ്യാർഥികൾ കോളേജിൽ ചെയ്യുന്നത് എന്തൊക്കെയാണെന്ന് രക്ഷിതാക്കൾ അറിയുമെന്നും കോടതി പറഞ്ഞു.കോളേജിൽ പഠനം തസ്സപ്പെടാതെ നോക്കണമെന്ന മുൻ ഉത്തരവ് പോലീസ് പാലിച്ചില്ലെന്ന് കാണിച്ച് പ്രിൻസിപ്പൽ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.ഉത്തരവ് പാലിക്കുന്നതിൽ പോലീസ് വീഴ്ച വരുത്തി എന്നും കോടതി കണ്ടെത്തി.പഠനവും രാഷ്ട്രീയവും ഒന്നിച്ചു കൊണ്ടുപോകാനാകില്ലെന്നും രാഷ്ട്രീയം കോളേജിന് പുറത്തു മതി എന്നും കോടതി ഓർമിപ്പിച്ചു.മാന്നാനം കെ.ഇ കോളേജിൽ 2014 ഇൽ ഹൈക്കോടതി പോലീസ് സംരക്ഷണം നിർദേശിച്ചിരുന്നു.എന്നാൽ 2017 ഒക്ടോബർ നാലിന് ഉച്ചയ്ക്കാണ് എസ എഫ് ഐ പ്രവർത്തകരടക്കമുള്ളവരുടെ അറ്റെൻഡൻസ് കുറവ് വകവെച്ചുനൽകാൻ സർവകലാശാലയ്ക്ക് ശുപാർശ നൽകണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പലിനെ ഖരാവോ ചെയ്തത്.ഇതിൽ കോളേജ് അധികൃതർ പോലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടു.എന്നാൽ പോലീസിന്റെ സാന്നിധ്യത്തിലും വിദ്യാർഥികൾ ഖരാവോ തുടർന്ന്.ഇതിനെതിരെയാണ് ഹർജി സമർപ്പിച്ചത്.
പാലയാട് സർവകലാശാല ക്യാംപസിൽ കെഎസ്‌യു-എസ്എഫ്ഐ സംഘർഷം,കെഎസ്‌യു വനിതാ നേതാവിന്റെ പല്ലിടിച്ചിളക്കി
തലശ്ശേരി:കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാംപസിൽ കെഎസ്‌യു-എസ്എഫ്ഐ സംഘർഷം.പെൺകുട്ടികൾ ഉൾപ്പെടെ ഒൻപതുപേർക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റ കെഎസ്‌യു പ്രവർത്തകരും രണ്ടാം വർഷ നിയമവിദ്യാർത്ഥികളുമായ ഗുരുവായൂർ ചിറ്റിലപ്പള്ളി സ്വദേശിനി സി.ജെ സോഫി(19),കാഞ്ഞങ്ങാട് സ്വദേശി ഉനൈസ്(19),ഇരിട്ടി സ്വദേശി ജോയിൽ(19) എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെഎസ്‌യു തൃശൂർ ജില്ലാ സെക്രെട്ടറിയും പാലയാട് ക്യാംപസ് യുണിറ്റ് സെക്രെട്ടറിയുമായ സോഫിയുടെ മുൻവശത്തെ പല്ല് ഇളകിയ നിലയിലാണ്.അക്രമികൾ മരക്കഷ്ണം കൊണ്ട് മുഖത്തടിച്ചപ്പോഴാണ് പല്ല് ഇളകിയതെന്നു സോഫി പറഞ്ഞു.കെഎസ്‌യു യുണിറ്റ് പ്രസിഡന്റായ ഉനൈസിന്റെ പരിക്ക് ഗുരുതരമായതിനാൽ ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.അക്രമം തടയാനെത്തിയ അമൽ റാസിഖ്,സലിൽ എന്നീ വിദ്യാർത്ഥികൾക്കും പരിക്കേറ്റതിനെ തുടർന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്എഫ്ഐ പ്രവർത്തകരും ഒന്നാംവർഷ നിയമവിദ്യാർത്ഥികളുമായ പ്രിയേഷ്,മിഥുൻ,രണ്ടാം വർഷ നിയമവിദ്യാർത്ഥികളായ സിൻസി,ആദർശ് എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കെഎസ്‌യു പ്രവർത്തകരുടെ പരാതിയിൽ ഒൻപത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് ധർമടം പോലീസ് കേസെടുത്തു. എസ്എഫ്ഐക്കെതിരെ ക്ലാസ്സിലെ ബെഞ്ചിൽ എഴുതി എന്നാരോപിച്ച് കഴിഞ്ഞ ദിവസം കെഎസ്‌യു പ്രവർത്തകരായ ഫവാസ്,ഷാസ് എന്നിവരെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചിരുന്നു.ഇതിൽ പ്രതിഷേധിക്കാൻ കൂട്ടംകൂടി നിന്ന കെഎസ്‌യു പ്രവർത്തകർക്ക് നേരെയാണ് ഇന്നലെ വീണ്ടും ആക്രമണമുണ്ടായത്.സംഭവത്തെ തുടർന്ന് പാലയാട് ക്യാംപസ് നിയമവിഭാഗം പഠന കേന്ദ്രം പത്തുദിവസത്തേക്ക് അടച്ചു.
നാഗപട്ടണത്ത് കെട്ടിടം തകർന്നു വീണ് എട്ടുപേർ മരിച്ചു
തമിഴ്‍നാട്:നാഗപട്ടണത്ത് കെട്ടിടം തകർന്നു വീണ് എട്ടുപേർ മരിച്ചു.നാഗപട്ടണം ജില്ലയിലുള്ള ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്.പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം നടന്നത്.നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. കെട്ടിടത്തിൽ ഉറങ്ങുകയായിരുന്ന ട്രാൻസ്‌പോർട് ബസ് ജീവനക്കാർക്കാണ് പരിക്കേറ്റത്.കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടകാരണമെന്നാണ് വിലയിരുത്തൽ.