കണ്ണൂർ:കണ്ണൂർ ജില്ല സഹകരണ ബാങ്ക് തളിപ്പറമ്പ് ശാഖയിലെ മുക്കുപണ്ട തട്ടിപ്പു കേസുമായി ബന്ധപ്പെട്ട പ്രധാന പ്രതി പോലീസ് പിടിയിലായി.ബാങ്കിലെ അസിസ്റ്റന്റ് മാനേജർ ടി.വി രമയാണ് പിടിയിലായത്.വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ചെറുകുന്നിലെ വീട്ടിലെത്തിയ ഇവർ അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എസ്.ഐ ബിനു മോഹന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.മൂന്നാഴ്ചയായി ഇവർ ഒളിവിലായിരുന്നു.ബാങ്കിലെ ഇടപാടുകാരുടെ സ്വർണ്ണാഭരണങ്ങൾക്ക് പകരം മുക്കുപണ്ടം വെച്ചു എന്നതായിരുന്നു ഇവർക്കെതിരെയുള്ള കേസ്.കേസിലെ മറ്റൊരു പ്രതി അപ്രൈസർ ഷഡാനനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.
കണ്ണൂർ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി
കണ്ണൂർ:കണ്ണൂർ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി.യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭാ കമ്മിറ്റിക്ക് പുതിയ പ്രസിഡന്റിനെ നിയമിച്ചതാണ് പൊട്ടിത്തെറിക്ക് വഴിവെച്ചത്.യൂത്ത് കോൺഗ്രസ് കണ്ണൂർ പാര്ലമെന്റ് മണ്ഡലം കമ്മിറ്റി പ്രെസിഡന്റായി ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രെട്ടറിയായ ജോഷി കണ്ടത്തിലിനെ നിയമിച്ചിരുന്നു. ഇതിനെ തുടർന്ന് മൂന്നു യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രെട്ടറിമാർ രാജി വെച്ചു.യൂത്ത് കോൺഗ്രസ് അഴീക്കോട് നിയോജകമണ്ഡലം ജനറൽ സെക്രെട്ടറിമാരായ നിസാർ മുല്ലപ്പള്ളി,നബീൽ വളപട്ടണം,നികേത് നാറാത്ത് എന്നിവരാണ് സംസ്ഥാന പ്രസിഡന്റിന് രാജിക്കത്ത് നൽകിയത്. പ്രസിഡന്റായിരുന്ന റിജിൽ മാക്കുറ്റിയെ സസ്‌പെൻഡ് ചെയ്തതിനെ തുടർന്ന് പ്രസിഡന്റ് സ്ഥാനം മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയായിരുന്നു.കേന്ദ്ര സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിൽ പരസ്യമായി മാടിനെ അറുത്ത സംഭവത്തിൽ റിജിൽ മാക്കുറ്റിയെയും ജോഷി കണ്ടത്തിലിനെയും അഴീക്കോട് നിയജക മണ്ഡലം പ്രസിഡന്റ് ശറഫുദ്ധീൻ കാട്ടാമ്പള്ളിയേയും ജസ്റ്റിസൻ ചാണ്ടിക്കൊള്ളിയെയും പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു.എന്നാൽ വിശദീകരണങ്ങളുടെ അടിസ്ഥാനത്തിൽ ജോഷിയുടെ സസ്‌പെൻഷൻ പാർട്ടി പിൻവലിച്ചിരുന്നു. എന്നാൽ ഒരേ സമരത്തിൽ റിജിലിനൊപ്പം പാർട്ടി നടപടി നേരിട്ടയാളാണ് ജോഷിയെന്നും റിജിലിന്റെയും ഷറഫുദീന്റെയും ജസ്റ്റിസൻറെയും സസ്‌പെൻഷൻ പിൻവലിക്കാതെ ജോഷിയെ പുതിയ പ്രസിഡന്റായി നിയമിച്ചതുമാണ് പ്രശ്നങ്ങൾക്ക് കാരണം.
കണ്ണൂരിൽ എബിവിപി പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ:കണ്ണൂരിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന എബിവിപി പ്രവർത്തകന് വെട്ടേറ്റു.എബിവിപി കണ്ണൂർ നഗർ ഖജാൻജി ഒറ്റത്തെങ്ങിലെ അക്ഷയ്‌ക്കാണ്(19) വെട്ടേറ്റത്.കൂടെയുണ്ടായിരുന്ന നീർക്കടവിലെ ആദർശിന്(20) മർദനമേറ്റു.ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി പത്തരയോടെ കണ്ണൂർ മുനീശ്വരൻകോവിലിനു മുൻപിലുള്ള ടാക്സി സ്റ്റാൻഡിന്റെ പരിസരത്തുവെച്ചായിരുന്നു ആക്രമണം.ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞു നിർത്തി ഒരുസംഘം ആക്രമിക്കുകയായിരുന്നു. സിപിഎം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു.സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിലെ സ്കൂളുകളിൽ ഇന്ന് എബിവിപി പഠിപ്പുമുടക്കും.
ഐഎസ് ബന്ധം;കണ്ണൂരിൽ രണ്ട് പേർകൂടി പിടിയിലായി
കണ്ണൂർ:ഭീകര സംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന മുഖ്യ സൂത്രധാരകൻ അടക്കം രണ്ടുപേർ കൂടി കണ്ണൂരിൽ അറസ്റ്റിൽ. തലശേരി സ്വദേശികളായ ഹംസ (57), കെ. മനാഫ് (45) എന്നിവരെയാണ് കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഐഎസിന്‍റെ പരിശീലനം ലഭിച്ച മുണ്ടേരി കൈപ്പക്കയിൽ ബൈത്തുൽ ഫർസാനയിലെ മിഥ്‌ലാജ് (26), ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി.അബ്ദുൾ റസാഖ് (34), മുണ്ടേരി പടന്നോട്ട്മെട്ടയിലെ എം.വി. റാഷിദ് (24) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.കേരളത്തിൽ നിന്ന് ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലെ മുഖ്യ ഏജന്‍റ് ഹംസയാണെന്ന് പോലീസ് പറഞ്ഞു. താലിബാൻ ഹംസ എന്നറിയപ്പെടുന്ന ഇയാൾ 20 വർഷമായി ദുബായിലാണ് താമസം. ഇസ്‌ലാമിക് സ്റ്റേറ്റിന്‍റെ അന്താരാഷ്ട്ര നേതൃത്വവുമായി അടുത്തബന്ധം ഇയാൾക്കുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. ബിരിയാണി ഹംസ എന്ന പേരിലും അറിയപ്പെടുന്ന ഇയാളാണ് പലരെയും സിറിയയിലേക്ക് അയക്കാനുള്ള പദ്ധതി തയാറാക്കുന്നത്. തീവ്ര ഇസ്‌ലാം ചിന്താഗതികളും ജിഹാദി സന്ദേശങ്ങളും യുവാക്കളിൽ അടിച്ചേൽപ്പിച്ചതും ഹംസയാണ്. അൽമുജാഹിർ എന്ന പേരിൽ വെബ്സൈറ്റും ഇതിനായി ഉപയോഗപ്പെടുത്തി.അറസ്റ്റിലായ മനാഫ് ഐഎസിൽ ചേരുവാൻ സിറിയയിലേക്ക് പോകുന്നവഴി മംഗലാപുരത്ത് വച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ പിടിയിലായിരുന്നു. പിന്നീട് ഇയാളെ നാട്ടിലേക്ക് തിരിച്ചയച്ചെങ്കിലും ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കുന്നത് തുടർന്നു വരുന്നതിനിടെയാണ് വീണ്ടും അറസ്റ്റിലായത്.
ഐ.എസ് ബന്ധം;മലയാളിയെ എൻഐഎ കസ്റ്റഡിയിൽ വിട്ടു
കണ്ണൂർ:ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന മലയാളിയെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.തുർക്കിയിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചയച്ചതിനെ തുടർന്ന് ജൂലൈയിൽ ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിലായ കണ്ണൂർ സ്വദേശി മുഹമ്മദ് ഇസ്മായിൽ മൊഹിയുദ്ധീൻ എന്ന ഷാജഹാൻ വെള്ളുവ ക്കണ്ടിയെയാണ് ചോദ്യം ചെയ്യലിനായി എൻഐഎ യുടെ കസ്റ്റഡിയിൽ വിട്ടത്.നാലു ദിവസത്തേക്കാണ് കസ്റ്റഡി.വ്യാജപ്പേരിൽ ഇന്ത്യൻ പാസ്പോർട്ട് സംഘടിപ്പിച്ച ഇയാൾ തുർക്കിയിലേക്കും സിറിയയിലേക്കും പോയതായാണ് ആരോപണം.കഴിഞ്ഞ വർഷം ജൂണിൽ ഭാര്യയോടൊപ്പം തുർക്കിയിലേക്ക് പോയ ഇയാൾ അവിടെ നിന്നും ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സിറിയയിലേക്ക് കടക്കാൻ ശ്രമിക്കവേ തുർക്കി അധികൃതർ പിടികൂടി ഇന്ത്യയിലേക്ക് അയക്കുകയായിരുന്നു.
സർക്കാർ ആനുകൂല്യങ്ങൾക്ക് ആധാർ നിർബന്ധമാക്കുന്നതിനുള്ള സമയപരിധി നീട്ടി
ന്യൂഡൽഹി:സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആധാർ നിർബന്ധമാക്കുന്നതിനുള്ള സമയപരിധി നീട്ടി.2018 മാർച്ച് 31 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്.നേരത്തെ ഇത് 2017 ഡിസംബർ 31 വരെയായിരുന്നു.സുപ്രീം കോടതിയിൽ ആധാർ സംബന്ധിച്ചുള്ള കേസ് പരിഗണിക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്.ആധാർ ഇല്ലാത്തവർക്ക് ആനുകൂല്യങ്ങൾ നഷ്ട്ടപ്പെടില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. വിവിധ സേവനങ്ങൾക്ക് ആധാർ നിർബന്ധിതമാക്കിയതിനെതിരായുള്ള എല്ലാ ഹർജികളും കോടതി ഒക്ടോബർ 30 നു പരിഗണിക്കും.
ജില്ലയിലെ ഭൂവുടമകളുടെ ഭൂമി സംബന്ധിച്ച വിവരങ്ങൾ കംപ്യൂട്ടർവൽക്കരിക്കും
കണ്ണൂർ:ജില്ലയിലെ ഭൂവുടമകളുടെ ഭൂമി സംബന്ധിച്ച വിവരങ്ങൾ കംപ്യൂട്ടർവൽക്കരിക്കും.ഇനി മുതൽ ഭൂമി സംബന്ധമായ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല. ഇതിനായി ഒരു ഏകീകൃത സംവിധാനം നിലവിൽ വരുന്നു.ഭൂമി സംബന്ധിച്ച വിവരങ്ങൾ കമ്പ്യൂട്ടർ വൽക്കരിക്കുന്നതിന്റെ ഭാഗമായുള്ള വിവര ശേഖരണത്തിന്റെ ഉൽഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു.ഭൂമി സംബന്ധിച്ചുള്ള വിവരങ്ങൾ നൽകുന്നതിനുള്ള അപേക്ഷ ഫോറം കലക്റ്റർ മിർ മുഹമ്മദലി മന്ത്രിക്ക് കൈമാറി.ഭൂനികുതി ഓൺലൈനായി അടയ്ക്കുന്നതിന്റെ ജില്ലാതല ഉൽഘാടനവും മന്ത്രി നിർവഹിച്ചു.വിവര ശേഖരണത്തിന്റെ ആദ്യഘട്ടത്തിൽ ജില്ലയിലെ നാലു താലൂക്കുകളിലെ രണ്ടു വീതം വില്ലേജുകളിൽ പ്രത്യേക ക്യാമ്പുകളും സംഘടിപ്പിക്കും.നാറാത്ത്,വലിയന്നൂർ,പെരന്തളം, പെരിന്തട്ട,പന്ന്യന്നൂർ,പാനൂർ, കീഴൂർ,തില്ലങ്കേരി എന്നീ വില്ലേജുകളിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുക.പങ്കെടുക്കുന്നവർ വില്ലേജ് ഓഫീസുകളിൽ നിന്നും ലഭിക്കുന്ന സൗജന്യ അപേക്ഷ ഫോമുകൾ പൂരിപ്പിച്ചു നൽകണം.ഇതിനൊപ്പം ഭൂനികുതി അടച്ച രശീതിയുടെ പകർപ്പും സമർപ്പിക്കണം.ക്യാമ്പിലേക്ക് വരുമ്പോൾ ഭൂമിയുടെ ഒറിജിനൽ രേഖയും(രേഖ പണയത്തിലാണെങ്കിൽ സാക്ഷ്യപ്പെടുത്തിയ പകർപ്പ്),ആധാർ കാർഡും കൊണ്ടുവരണം.ഒരു വില്ലേജിലെ ഒരു ദേശത്തിന്റെ പരിധിയിൽ ഒരാൾ കൈവശം വെയ്ക്കുന്ന എല്ലാ ഭൂമിയുടെയും വിവരങ്ങൾ ഒരു അപേക്ഷയിൽ ഉൾപ്പെടുത്തണം.
ഷെറിൻ മാത്യൂസ് മരിച്ചത് നിർബന്ധിച്ച് പാൽ കുടിപ്പിച്ചതുമൂലമുണ്ടായ ശ്വാസതടസ്സത്തെ തുടർന്ന്
യു.എസ്:യു എസ്സിലെ ടെക്‌സാസിൽ കാണാതായ ഷെറിൻ മാത്യൂസ് എന്ന കുട്ടി മരിച്ചത് നിർബന്ധിച്ച് പാൽ കുടിപ്പിച്ചതുമൂലമുണ്ടായ ശ്വാസതടസ്സത്തെ തുടർന്നാണെന്നു കുട്ടിയുടെ വളർത്തച്ഛൻ വെസ്ലി മാത്യൂസിന്റെ വെളിപ്പെടുത്തൽ.പാൽ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി.തുടർന്ന് അബോധാവസ്ഥയിലായ കുട്ടി മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാൾ മൊഴി നൽകി.പുതിയ വെളിപ്പെടുത്തലിനെ തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു .പാൽ കുടിക്കാത്തതിനാൽ കുട്ടിയെ പുറത്തു നിർത്തിയിരുന്നു എന്നും കുറച്ചുനേരം കഴിഞ്ഞു നോക്കിയപ്പോൾ കുട്ടിയെ കാണാതായി എന്നുമാണ് വെസ്ലി ആദ്യം പൊലീസിന് മൊഴി നൽകിയത്.ഹൂസ്റ്റണിൽ വെസ്ലിയും കുടുംബവും താമസിക്കുന്ന സ്ഥലത്തു നിന്നും ഒരുകിലോമീറ്റർ അകലെനിന്നും ഷെറിന്റെത് എന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയിരുന്നു.മൃതദേഹത്തിൽ കുട്ടിക്ക് ക്രൂരമായ പീഡനങ്ങൾ ഏറ്റതിന്റെ അടയാളങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു.മൂന്നാഴ്ച മുൻപാണ് വെസ്ലി മാത്യു-സിനി ദമ്പതികളുടെ മകൾ ഷെറിനെ കാണാതായത്.ബീഹാറിലെ അനാഥാലയത്തിൽ നിന്നും ഇവർ എടുത്തു വളർത്തിയ കുട്ടിയാണ് ഷെറിൻ.
തളിപ്പറമ്പിലെ മുൻ സഹകരണ ഡെപ്യൂട്ടി രജിസ്ട്രാറുടെ മരണം;അഭിഭാഷകയും ഭർത്താവും അറസ്റ്റിൽ
കണ്ണൂർ:തളിപ്പറമ്പിലെ മുൻ സഹകരണ ഡെപ്യൂട്ടി റെജിസ്ട്രർ പി.ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് അഭിഭാഷകയും ഭർത്താവും അറസ്റ്റിൽ.തൃശൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.മനപ്പൂർവ്വമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയാണ് അറസ്റ്റ്.ബാലകൃഷ്ണന്റെ സംരക്ഷണാവകാശം ഏറ്റെടുത്തു സ്വത്തുക്കൾ തട്ടിയെടുത്ത കേസിൽ ഇരുവരും നേരത്തെ അറസ്റ്റിലായിരുന്നു.ഈ കേസിൽ ജാമ്യത്തിൽ കഴിയവെയാണ് വീണ്ടും പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കോഴിക്കോട് അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു
കോഴിക്കോട്:തൊണ്ടയാട്-രാമനാട്ടുകര ബൈപാസിൽ അജ്ഞത വാഹനം ബൈക്കിലിടിച്ചു ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു.കിനാലൂർ മഠത്തിൽ കോവിലകം ഭാസ്കരന്റെ മകൻ വൈഷ്ണവ്(22),സുഹൃത്ത് കിനാലൂർ തോടത്തിൽ ഹൗസിൽ ശിവദാസന്റെ മകൻ വിപിൻദാസ്(24) എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെ 2.45 ന് മാമ്പുഴ പാലത്തിനു സമീപത്താണ് അപകടം നടന്നത്.ഇവർ സഞ്ചരിച്ച ബൈക്കിൽ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു.ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു.പരിക്കേറ്റ ഇവരെ മറ്റു വാഹനങ്ങളിലെ യാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്.വിപിൻദാസിന്റെ അമ്മയുടെ തൃശ്ശൂരുള്ള വീട്ടിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം.