അഴീക്കോട്:അഴീക്കോട് സിപിഎം-ബിജെപി സംഘർഷം.അക്രമത്തിൽ മൂന്നു സിപിഎം പ്രവർത്തകർക്ക് മർദനമേറ്റു.ഒരു ബിജെപി പ്രവർത്തകന്റെ വീടിനു നേരെ അക്രമം നടന്നു.കഴിഞ്ഞ ദിവസം രാത്രി നീർക്കടവ്-പയ്യാമ്പലം റോഡ് വഴി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സിപിഎം പ്രവർത്തകരായ ചാലിലെ അർജുൻ,അമൽ,ജിഷ്ണു എന്നിവരെ ഒരു സംഘം പിന്തുടർന്ന് മർദിക്കുകയായിരുന്നുവെന്നാണ് പരാതി.ബിജെപി പ്രവർത്തകരാണ് ഇതിന് പിന്നിലെന്ന് സിപിഎം ആരോപിക്കുന്നു.സംഭവം നടന്നു ഒരു മണിക്കൂറിനു ശേഷം അഴീക്കലിലെ ബിജെപി പ്രവർത്തകൻ വൈശാഖിന്റെ വീടിനു നേരെ ആക്രമണം നടന്നു. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.വളപട്ടണം പോലീസ് സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.
കോഴിക്കോട് വൻ കുഴൽപ്പണവേട്ട
കോഴിക്കോട്:കോഴിക്കോട് വൻ കുഴൽപ്പണവേട്ട.99 ലക്ഷം രൂപ പിടികൂടി.കസബ പോലീസ് സ്റ്റേഷൻ പരിസരത്തു നിന്നും കോഴിക്കോട് കമ്മീഷണറുടെ ആന്റി ഗുണ്ടാ സ്‌ക്വാഡാണ് കുഴൽപ്പണം പിടികൂടിയത്.സംഭവത്തിൽ മലപ്പുറം സ്വദേശികളായ സൽമാൻ,ശംസുദ്ധീൻ എന്നിവർ പിടിയിലായിട്ടുണ്ട്.
ഗെയിൽ പദ്ധതി;ഭൂമി വിട്ടുനല്കുന്നവർക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി
തിരുവനന്തപുരം:ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്കായി ഭൂമി വിട്ടു നല്കുന്നവർക്കുള്ള നഷ്ടപരിഹാര തുക ഇരട്ടിയാക്കി.മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനമായത്.പുതുക്കിയ ന്യായവിലയുടെ പത്തു മടങ്ങായി വിപണി വില നിജപ്പെടുത്തിയാകും നഷ്ടപരിഹാരം നൽകുക.പത്തു സെന്റിൽ താഴെ ഭൂമിയുള്ളവർക്ക് അഞ്ചു ലക്ഷം രൂപ അധികം നൽകാനും ധാരണയായി.മൊത്തം 116 കോടിയുടെ വർധനയാണ് ഭൂമിയുടെ നഷ്ടപരിഹാരത്തിൽ ഇതുമൂലമുണ്ടായിരിക്കുന്നത്.പത്തു സെന്റോ അതിൽ കുറവോ താഴെ ഭൂമിയുള്ളവരുടെ സ്ഥലത്ത് പൈപ്പിടാൻ ഉപയോഗിക്കുന്ന സ്ഥലം രണ്ടു മീറ്ററാക്കി ചുരുക്കും.അങ്ങനെയുള്ള സ്ഥലങ്ങളിൽ വീടുകൾ സംരക്ഷിക്കും.വീടുകൾ ഇല്ലാത്തിടത്ത് ഭാവിയിൽ വീടുകൾ വയ്ക്കാൻ പറ്റുന്ന തരത്തിൽ അലൈൻമെൻറ് ഒരു സൈഡിലൂടെ രണ്ടു മീറ്റർ വീതിയിൽ മാത്രം സ്ഥലം ഉപയോഗിക്കും.വീട് വെയ്ക്കാനുള്ള സ്ഥലം ബാക്കിയുള്ള സ്ഥലത്തിൽ അടയാളപ്പെടുത്തി ഭാവിയിൽ അനുമതിപത്രമായി ഉപയോഗിക്കാൻ കഴിയുന്ന രേഖ ഭൂവുടമയ്ക്ക് നൽകും.വിളകൾക്കുള്ള നഷ്ടപരിഹാരത്തിൽ നെല്ലിനുള്ള നഷ്ടപരിഹാരം തീരെ കുറവാണെന്ന പരാതിയെ തുടർന്ന് കണ്ണൂരിൽ നടപ്പിലാക്കിയ പാക്കേജ്(ഭൂമിയുടെ നഷ്ടപരിഹാരത്തിന് പുറമെ സെന്റിന് 3761 രൂപ) മറ്റെല്ലാ ജില്ലകളിലും നടപ്പിലാക്കാനും തീരുമാനമായി.
കണ്ണൂർ കൂത്തുപറമ്പിൽ സ്കൂൾ പരിസരത്തു നിന്നും ബോബുകൾ കണ്ടെത്തി
കൂത്തുപറമ്പ്:കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ സ്കൂൾ പരിസരത്തു നിന്നും ബോംബുകളും മാരകായുധങ്ങളും കണ്ടെത്തി.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും ബോംബ് സ്ക്വാർഡും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒൻപതാം ക്ലാസ്സിൽ തോറ്റാലും ഇനി മുതൽ സെ പരീക്ഷ
തിരുവനന്തപുരം: ഒൻപതാം ക്ലാസിൽ തോൽക്കുന്ന കുട്ടികൾക്കായി സേ പരീക്ഷ നടത്താൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവായി. സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍റെ ശിപാർശയെ ത്തുടർന്നാണ് നടപടി.ഇതനുസരിച്ച് ഒൻപതാം ക്ലാസ്സിൽ തോൽക്കുന്ന വിദ്യാർത്ഥികൾക്ക് മേയ് മാസത്തിൽ സേ പരീക്ഷ നടത്തി അർഹതപ്പെട്ടവർക്ക് ജൂണ്‍ മാസത്തിൽ തന്നെ പത്താം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകാമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറും നിർദേശിച്ചിരുന്നു.
റെസ്റ്റോറന്റുകളുടെ ജി എസ് ടി അഞ്ചു ശതമാനമാക്കി കുറച്ചു
ന്യൂഡൽഹി:ഹോട്ടൽ ഭക്ഷണത്തിനുള്ള ജി എസ് ടി അഞ്ചു ശതമാനമാക്കി കുറച്ചു.ഇതോടെ ഹോട്ടൽ ഭക്ഷണത്തിന് വില കുറയും .ഇന്നലെ ഗുവാഹത്തിയിൽ ചേർന്ന ജി എസ് ടി കൗൺസിലിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്.പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് നികുതി 28 ശതമാനമായി തുടരും.നവംബർ 15 മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും.ജി എസ് ടി നിരക്കിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നതോടെ 117 ഉത്പന്നങ്ങളുടെ നികുതി 28 ശതമാനത്തിൽ നിന്നും 18 ശതമാനമായി കുറച്ചിട്ടുണ്ട്.ഇനി മുതൽ 28 ശതമാനം നികുതി 50 ഉത്പന്നങ്ങൾക്ക് മാത്രമാകും ബാധകമാവുക. അതേസമയം ഇത്രയധികം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കുന്നത് രാജ്യത്തിൻറെ വാർഷിക വരുമാനത്തിൽ വർഷം 20,000 കോടി രൂപയുടെ കുറവുണ്ടാക്കിയേക്കും.അതിനാൽ നികുതി ഘടന മാറ്റുന്നതിന് സമയമെടുക്കുമെന്ന് ജി എസ് ടി നെറ്റ്‌വർക്ക് സംബന്ധിച്ച മന്ത്രിതല സമിതിയുടെ കൺവീനറും ബീഹാർ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോഡി പറഞ്ഞു.
ജല അതോറിറ്റി എംഡി ഷൈനാമോൾക്ക് അറസ്റ്റ് വാറണ്ട്
കൊച്ചി:ജല അതോറിറ്റി എംഡി ഷൈനാമോൾക്ക് അറസ്റ്റ് വാറണ്ട്.സംസ്ഥാന പോലീസ് മേധാവിക്കാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.ഈ മാസം പതിനഞ്ചിന് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കാനാണ് നിർദേശം.ജല അതോറിട്ടി കരാർ എടുത്തിട്ടുള്ള ചെന്നൈ ആസ്ഥാനമായുള്ള ഇ പി ഐ എൽ എന്ന കമ്പനിയാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഇളവ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഷൈനാമോൾ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.ജല അതോറിറ്റിയുടെ കരാർ ജോലിയേറ്റ കമ്പനിയായ ഇ പി ഐ എൽ ന് ലേബർ ചിലവ് പുതുക്കി നൽകാനുള്ള ഹൈക്കോടതി നിർദേശം പാലിക്കാത്തതിനാലാണ് ഷൈനാമോൾക്കെതിരെ കോടതി നടപടി സ്വീകരിച്ചത്.വർധിച്ചുവരുന്ന ചിലവുകൾ കണക്കിലെടുത്ത് കരാറുകാർക്ക് ലേബർ കൂലി പുതുക്കി നൽകണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.എന്നാൽ ഇതിനെതിരെ സംസ്ഥാന ജല അതോറിട്ടി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയെങ്കിലും തള്ളിപ്പോയി.എന്നിട്ടും കരാറുകാർക്ക് കൂലി പുതുക്കി നല്കാൻ ജല അതോറിട്ടി തയ്യാറായില്ല. ലേബർ ചാർജ് പുതുക്കി നൽകാമെന്ന് കമ്പനിയുമായുള്ള കരാറിൽ പറഞ്ഞിട്ടില്ലെന്നാണ് ജല അതോറിറ്റിയുടെ വാദം.ഇതിനെതിരെ എൻജിനീയറിങ് പ്രോജെക്ടസ് ഓഫ് ഇന്ത്യ ലിമിറ്റഡ് സീനിയർ മാനേജർ ശ്രീനേഷാണ് കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്.
മാവോയിസ്റ്റ് ആക്രമണ ഭീഷണി;കാസർകോഡ് ജില്ലയിൽ ജാഗ്രതാ നിർദേശം
കാസർകോഡ്:പോലീസ് സ്റ്റേഷനുകൾ ആക്രമിക്കാൻ മാവോയിസ്റ്റുകൾ പദ്ധതിയിടുന്നുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് കാസർകോഡ് ജില്ലയിൽ ജാഗ്രത നിർദേശം നൽകി.കാസർകോഡ് പോലീസ് സബ് ഡിവിഷൻ പരിധിയിലുള്ള ആദൂർ, ഹൊസ്ദുർഗ്,ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് എന്നീ സ്റ്റേഷനുകൾക്കാണ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്.ആക്രമണ ഭീഷണി കണക്കിലെടുത്ത് ഏതെങ്കിലും തരത്തിൽ അക്രമണമുണ്ടായാൽ നേരിടുന്നതിനായി രക്ഷാമതിൽ പണികഴിപ്പിച്ചിട്ടുണ്ട്.മാവോയിസ്റ്റ് നേതാക്കളായ കുപ്പുസ്വാമിയും ലതയും കഴിഞ്ഞ വർഷം നവംബർ 24 ന് നിലബൂർ വനത്തിൽ വെടിയേറ്റ് മരിച്ചതിന്റെ ഒന്നാം വാർഷിക ദിനമായ നവംബർ 24 നോ അതിനു മുൻപോ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നായിരുന്നു ഇന്റലിജൻസ് റിപ്പോർട്ട്.കാസർകോഡ് ജില്ലയേക്കാൾ കൂടുതൽ ആക്രമണ ഭീഷണി കണ്ണൂർ,വയനാട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകൾക്കാണ്.
മട്ടന്നൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു
മട്ടന്നൂർ:മട്ടന്നൂർ നെല്ലൂന്നിയിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു.ഇന്ന് രാവിലെ പത്തു മണിയോട് കൂടിയാണ് വെട്ടേറ്റത്.സൂരജ്,ജിതേഷ് എന്നിവർക്കാണ് വെട്ടേറ്റത്.കള്ള് ഷാപ്പ് ജീവനക്കാരനായ സൂരജിനെ ഷാപ്പിൽ കയറി വെട്ടുകയായിരുന്നു.അക്രമി സംഘം തിരിച്ചു പോകുന്ന വഴിയാണ് ജിതേഷിനെ വെട്ടിയത്.ഇരുവരെയും കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നാണ് സൂചന.
ചികിത്സയിലായിരുന്ന രോഗി ആശുപത്രിയിൽ കഴുത്തു മുറിച്ച് ആത്മഹത്യ ചെയ്തു
തളിപ്പറമ്പ്:ചികിത്സയിലായിരുന്ന രോഗി ആശുപത്രിയിൽ കഴുത്തു മുറിച്ച് ആത്മഹത്യ ചെയ്തു.തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുറ്റ്യേരി പുഴക്കര സ്വദേശി രാമചന്ദ്രന്റെ ഭാര്യ തങ്കമണിയാണ്(46) ആത്മഹത്യ ചെയ്തത്.ടൈഫോയിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു തങ്കമണി. സഹോദരിയായിരുന്നു തങ്കമണിയുടെ ഒപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നത്.പുലർച്ചയെ രണ്ടുമണിയോട് കൂടി ശുചിമുറിയിൽ കയറിയ തങ്കമണിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് സഹോദരി സരോജിനി ബഹളം വെച്ചതിനെ തുടർന്ന് ആശുപത്രി അധികൃതർ എത്തി വാതിൽ ബലമായി തുറന്നപ്പോഴാണ് തങ്കമണിയെ അകത്ത് രക്തത്തിൽ കുളിച്ച നിലയിൽ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്.തളിപ്പറമ്പ് കെഎസ്ഇബി കരാർ ജീവനക്കാരൻ രാമചന്ദ്രന്റെ ഭാര്യയാണ്.മക്കൾ:ശരത്ത്,ശ്രുതി.