ഇരിട്ടി:ഇരിട്ടി മാടത്തിയിൽ റോഡ് പണിക്കിടെ മണ്ണിടിഞ്ഞു വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു.പശ്ചിമബംഗാൾ സ്വദേശി രവി പാണ്ഡെ ആണ് മരിച്ചത്.മാടത്തി ക്രിസ്ത്യൻ പള്ളിക്ക് സമീപമാണ് അപകടം നടന്നത്.മണ്ണിനടിയിൽപെട്ട മറ്റു മൂന്നുപേരെ രക്ഷപ്പെടുത്തി.പള്ളിയുടെ കൊടിമരവും മറിഞ്ഞുവീണു.റോഡ് നിർമാണത്തിനായി കലുങ്ക് പൊളിക്കുമ്പോഴാണ് അപകടം ഉണ്ടായത്.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം:നബിദിനം പ്രമാണിച്ച് സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ നാളെ അവധി പ്രഖ്യാപിച്ചു.നാളത്തെ അവധിക്ക് പകരം ഏതെങ്കിലും ഒരു ശനിയാഴ്ച പ്രവൃത്തിദിവസം ആയിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. അതേസമയം കേരളാ സർവകലാശാല നാളെ നടത്താനിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ല.
ഓഖി ചുഴലിക്കാറ്റ് കേരളതീരത്തേക്ക്;കനത്ത ജാഗ്രത നിർദേശം
തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റ് കേരളാ തീരത്തേക്ക്.കാലാവസ്ഥ നിരീക്ഷണകേന്ദ്രം കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി.കന്യാകുമാരിക്ക് 170 കിലോമീറ്റര്‍ തെക്ക് കിഴക്കുള്ള തീവ്രന്യൂന മര്‍ദ്ദം വടക്കു പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങുകയും കേരള തീരത്തേക്ക് ചുഴലിക്കാറ്റ് കടക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത് ഇന്ന് വൈകിട്ടോടു കൂടി ചുഴലിക്കാറ്റ് ശക്തമാകുമെന്നാണ് അറിയിപ്പ്. ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. മഴയുടെ തീവ്രത തെക്കന്‍ ജില്ലകളായ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി , കോട്ടയം ജില്ലകളില്‍ ആകും കൂടുതല്‍ അനുഭവപ്പെടുക. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും വൈകിട്ട് ആറിനും ഏഴിനും ഇടക്ക് ശബരി മലയിലേക്കുള്ള യാത്ര ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. കാനന പാതയിലൂടെ സന്നിധാനത്തേക്കുള്ള യാത്ര ഒഴിവാക്കുക, പുഴയില്‍ കുളിക്കാനിറങ്ങരുത് തുടങ്ങി കനത്ത ജാഗ്രതാ നിര്‍ദേശമാണ് കലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കുന്നത്.
നടനും മിമിക്രി താരവുമായ അബി അന്തരിച്ചു
എറണാകുളം:പ്രശസ്ത നടനും മിമിക്രി താരവുമായ അബി(56) അന്തരിച്ചു.അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.രക്തത്തിൽ പ്ലേറ്റ്ലറ്റ്സ് കുറയുന്ന അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അബി.ഇന്ന് രാവിലെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.അമിതാഭ് ബച്ചൻ അഭിനയിച്ചിട്ടുള്ള പരസ്യങ്ങൾക്ക് മലയാളത്തിൽ ഡബ്ബ് ചെയ്തിരുന്നത് അബി ആയിരുന്നു.കലാഭവനിലൂടെ മിമിക്രി രംഗത്തെത്തിയ അബി അൻപതിലേറെ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.താത്ത എന്ന ഹാസ്യകഥാപാത്രത്തിന്റെ ഉപജ്ഞാതാവും അബി ആണ്.യുവ നടൻ ഷെയ്ൻ നിഗം മകനാണ്.
തെക്കൻ കേരളത്തിൽ കനത്ത മഴ;നെയ്യാർ ഡാമിന്റെ ഷട്ടർ തുറന്നു
തിരുവനന്തപുരം:തെക്കൻ കേരളത്തിൽ കനത്ത മഴ.മഴ നാളെവരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.കന്യാകുമാരിക്ക് സമീപം രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചതാണ് മഴ ശക്തിപ്പെടാൻ കാരണം.കഴിഞ്ഞ ദിവസം രാത്രി മുതലാണ് തെക്കൻ കേരളത്തിൽ മഴ ശക്തിപ്പെട്ടത്.7 മുതൽ 11 സെന്റിമീറ്റർ വരെ മഴപെയ്യുമെന്നാണ് അറിയിപ്പ്.മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. പലയിടങ്ങളിലും കടൽ പ്രക്ഷുബ്ധമായതിനാൽ മൽസ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി ജില്ലകളിൽ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തിരുവനന്തപുരം നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു.ഡാമിന്റെ തീരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.തിരുവനന്തപുരം ജില്ലയുടെ വിവിധപ്രദേശങ്ങളിൽ കനത്ത കാറ്റിലും മഴയിലും പലയിടത്തും മരങ്ങൾ വീണതിനെ തുടർന്ന് ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. Read more
കൺസെഷൻ തർക്കം;ബസ് ജീവനക്കാരൻ വിദ്യാർത്ഥികളെ കുത്തിപ്പരിക്കേൽപ്പിച്ചു
അരൂർ:ബസിൽ കയറ്റാത്തത് ചോദ്യം ചെയ്ത വിദ്യാർത്ഥികളെ ജീവനക്കാരൻ കുത്തിപ്പരിക്കേൽപ്പിച്ചു.എറണാകുളം-നെട്ടൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ക്‌ളീനറാണ് വിദ്യാർത്ഥികളെ ആക്രമിച്ചത്.മരട് ഐടിഐയിലെ വിദ്യാർത്ഥികളായ ജിഷ്ണു ജ്യോതിഷ്,ഗൗതം, അഭിജിത് എന്നിവർക്കാണ് കുത്തേറ്റത്.ഇവരെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസ് കൺസെഷൻ സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വിദ്യാർത്ഥികളെ ആക്രമിച്ച ബസ് ജീവനക്കാരെയും ബസും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എ.കെ ആന്റണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി:ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുൻ പ്രതിരോധ മന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ എ.കെ ആന്റണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആന്റണിയെ ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.അടുത്ത 24 മണിക്കൂർ അദ്ദേഹം നിരീക്ഷണത്തിലായിരിക്കുമെന്നു ആശുപത്രി അധികൃതർ വ്യക്തമാക്കി.
സിപിഎം പ്രവർത്തകന് കുത്തേറ്റു
നീലേശ്വരം:സിപിഎം പ്രവർത്തകന് കുത്തേറ്റു.ഗുരുതരമായി പരിക്കേറ്റ സിപിഎം ബ്രാഞ്ച് സെക്രെട്ടറി വിദ്യാധരനെ നീലേശ്വരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.ചൊവ്വാഴ്ച രാത്രി മടിക്കൈക്കടുത്ത് കാട്ടിപൊയിലിലാണ് സംഭവം.അതേസമയം സംഭവത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്നും വ്യക്തി വിരോധമാണ് അക്രമത്തിനു കാരണമെന്നും പോലീസ് പറഞ്ഞു.
ഷെഫിൻ ജഹാന് ഹാദിയയെ കാണാൻ അനുമതി ലഭിച്ചു
സേലം:ഷെഫിൻ ജഹാന് ഹാദിയയെ കാണാൻ അനുമതി ലഭിച്ചു.ഷെഫിന് ഹാദിയയെ ക്യാമ്പസിനുള്ളിൽ വെച്ച് കാണാമെന്ന് കോളേജ് ഡീൻ അറിയിച്ചു.പോലീസിന്റെ സാന്നിധ്യത്തിലാകും സന്ദർശനം അനുവദിക്കുക.തന്റെ അനുമതിയോടെ ഷെഫിൻ ജഹാനുൾപ്പെടെ ആരെയും ഹാദിയയ്ക്ക് കാണാവുന്നതാകുമെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി.ഹാദിയയ്ക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാനുള്ള അനുമതിയില്ല.മെഡിക്കൽ പഠനം പൂർത്തിയാക്കുന്നതിനായി ഹാദിയയെ കോളേജ് ഹോസ്റ്റലിലെത്തിച്ചിരുന്നു.കോളേജിലും പരിസരങ്ങളിലും കനത്ത സുരക്ഷയാണ് തമിഴ്‌നാട് പോലീസ് ഒരുക്കിയത്.ഹോസ്റ്റലിലും കോളേജിലും മുഴുവൻ സമയ സുരക്ഷയുണ്ടാകും.എന്നാൽ തനിക്ക് മുഴുവൻ സമയ സുരക്ഷ വേണ്ടെന്നു ഹാദിയ പറഞ്ഞു.പക്ഷെ തല്ക്കാലം പോലീസ് കൂടെയുണ്ടാകുമെന്നു കോളേജ് അധികൃതർ വ്യക്തമാക്കി.
തിരുവനന്തപുരത്ത് ദമ്പതികളെ ദുരൂഹസാഹചര്യത്തിൽ വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം:തിരുവനന്തപുരത്ത് ദമ്പതികളെ ദുരൂഹസാഹചര്യത്തിൽ വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി.നാലാഞ്ചിറയ്ക്ക് സമീപമുള്ള വാടക വീട്ടിലാണ് സംഭവം.എറണാകുളം സ്വദേശികളായ റോയ്(45),ഭാര്യ ഗ്രേസ്(41) എന്നിവരെയാണ് ഇന്നലെ രാത്രി പതിനൊന്നരയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും എത്തുമ്പോഴേക്കും രണ്ടുപേരുടെയും ശരീരം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.നാലാഞ്ചിറ പണയപ്പള്ളി റോഡിലെ നൂറ്റിഇരുപതാം നമ്പർ വീട്ടിലെ മുകളിലത്തെ നിലയിലാണ് ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്.താഴത്തെ നിലയിൽ വീട്ടുടമസ്ഥനാണ് താമസിക്കുന്നത്.മണ്ണന്തലയിൽ ഒരു സ്വകാര്യ ജോബ് കൺസൾട്ടൻസി സ്ഥാപനം നടത്തുകയായിരുന്നു റോയ്.ഇതുവഴി ഇയാൾക്ക് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായും മെഡിക്കൽ കോളേജ് സ്റ്റേഷനിൽ റോയിക്കെതിരെ കേസുണ്ടെന്നും പോലീസ് പറയുന്നു.അപകടം നടക്കുന്നതിനു തൊട്ടുമുൻപ് ഷാഡോ പോലീസ് ഇവരുടെ താമസസ്ഥലത്തെത്തി വിവരം തിരക്കിയിരുന്നതായി സമീപവാസികൾ പറയുന്നു.പോലീസ് ഇവിടെനിന്നും മടങ്ങിയതിന്റെ തൊട്ടുപിന്നാലെ വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നതുകണ്ട നാട്ടുകാർ ഉടനെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.പാചകവാതക സിലിണ്ടറിൽ നിന്നാണ് തീപടർന്നതെന്നും പോലീസ് പറഞ്ഞു.