കൊച്ചി:ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് ലക്ഷദ്വീപിൽ കുടുങ്ങിയ 67 പേരുകൂടി കൊച്ചിയിലെത്തി. ആറുബോട്ടുകളിലായാണ് ഇവർ തീരത്തെത്തിയത്.ഇവരിൽ പതിനൊന്നു പേർ മലയാളികളും ബാക്കിയുള്ളവർ തമിഴ്‌നാട് സ്വദേശികളുമാണ്.ചുഴലിക്കാറ്റിൽപ്പെട്ട് ലക്ഷ്ദ്വീപിൽ അകപ്പെട്ട ഇവർ അവിടെ ആശുപത്രികളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലുമായി കഴിയുകയായിരുന്നു. എന്നാൽ കടൽ ശാന്തമായതോടെ ഇവരിൽ ആരോഗ്യമുള്ളവരെ കൊച്ചിയിലേക്ക് കയറ്റിവിടുകയാണ് ലക്ഷദ്വീപ് അധികൃതർ.സ്വന്തം ബോട്ടുകളിൽ തന്നെയാണ് ഇവർ തീരമണഞ്ഞത്.ഇവരിൽ അവശരായവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഓഖി ദുരന്തത്തിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മൽസ്യത്തൊഴിലാളികളുമായി വ്യോമസേനയും കോസ്റ്റ് ഗാർഡും തിരച്ചിലിനായി പുറപ്പെട്ടു. ചെറുബോട്ടുകളിൽ പോയ 95 പേരെ കൂടി ഇനിയും രക്ഷപ്പെടുത്താനുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്.എന്നാൽ തിരുവനന്തപുരത്തു നിന്നും പോയ 285 പേർ ഇനിയും തിരിച്ചെത്താനുണ്ടെന്ന് ലത്തീൻ കത്തോലിക്കാ സഭ പറയുന്നു.
നോയിഡ ഇരട്ട കൊലപാതകം;അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ 15 കാരൻ അറസ്റ്റിൽ
നോയിഡ: ഡൽഹിക്ക് സമീപം ഗ്രേയിറ്റർ നോയിഡയിലെ ഫ്ലാറ്റിൽ അമ്മയെയും പ്രായപൂർത്തിയാകാത്ത മകളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പതിനഞ്ചുകാരൻ മകൻ അറസ്റ്റിലായി.ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.പിസ കട്ടർ ഉപയോഗിച്ചാണ് താൻ കൊലപാതകം നടത്തിയതെന്നും അമ്മ വഴക്കുപറഞ്ഞതിലുള്ള പ്രതികാരമാണ് കൊലപാതകമെന്നും ഇയാൾ പറഞ്ഞു.കഴിഞ്ഞ ചൊവ്വാഴ്ചയാണ് നോയിഡയ്ക്ക് സമീപം ഗൗർ പട്ടണത്തിലെ ഫ്ലാറ്റിൽ അഞ്ജലി അഗർവാൾ (40), മകൾ കനിഹ (12) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പിന്നാലെ മകനെ സ്ഥലത്തു നിന്നും കാണാതാവുകയായിരുന്നു. ഭാര്യയെ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് ഭർത്താവ് സമീപത്ത് താമസിച്ചിരുന്ന ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളും അയൽവാസികളും എത്തിയപ്പോൾ ഫ്ലാറ്റ് പുറത്തുനിന്നും പൂട്ടിയ നിലയിലാണ് കണ്ടെത്തിയത്. പിന്നീട് ഇവർ വിവരം അറിയിച്ചതനുസരിച്ച് പോലീസ് എത്തി വാതിൽ തകർത്ത് ഫ്ലാറ്റിൽ കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇവരുടെ മകനെ വെള്ളിയാഴ്ച വൈകിട്ട് ഉത്തർപ്രദേശിലെ മുഗൾസരായിയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവിടെ നിന്നും പതിനഞ്ചുകാരൻ പിതാവിന്‍റെ മൊബൈൽ ഫോണിലേക്ക് വിളിച്ചതോടെ പോലീസ് സ്ഥലം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.വീട്ടിൽ നിന്നും പണം കൈക്കലാക്കി ഒരു ബാഗുമായി മുങ്ങിയ കൗമാരക്കാരൻ ആദ്യം പഞ്ചാബിലെ ലുധിയാനയിലേക്കാണ് പോയത്. പിന്നീട് ചണ്ഡിഗഡിലും ഷിംലയിലും എത്തി. ഷിംലയിൽ നിന്നും വീണ്ടും ചണ്ഡിഗഡിൽ എത്തിയ ശേഷം റാഞ്ചിക്ക് പോയി. ഇവിടെ നിന്നാണ് യുപിയിലെ മുഗുൾസാരായിയിൽ എത്തിയത്.സംഭവത്തിൽ വിശദമായ അന്വേഷണം പോലീസ് തുടരുകയാണ്.
പാനൂരിൽ ഗെയിൽ പൈപ്പ്ലൈൻ പദ്ധതിയുടെ പൈപ്പിടൽ നാട്ടുകാർ തടഞ്ഞു
കണ്ണൂർ:പാനൂരിൽ ഗെയിൽ പൈപ്പ്ലൈൻ പദ്ധതിയുടെ പൈപ്പിടൽ നാട്ടുകാർ തടഞ്ഞു.അറിയിപ്പ് നൽകാതെ പണി തുടങ്ങിയെന്ന് ആരോപിച്ചാണ് നാട്ടുകാർ പണി തടഞ്ഞത്.64 കിലോമീറ്റർ ദൂരത്തേക്കുള്ള പൈപ്പിടൽ ജോലിയാണ് നാട്ടുകാർ നിർത്തിവെയ്പ്പിച്ചത്.പൈപ്പിടൽ നടക്കുന്ന സ്ഥലത്തേക്ക് നാട്ടുകാർ പ്രതിഷേധമാർച്ചും സംഘടിപ്പിച്ചു.എന്നാൽ മാർച്ച് പോലീസ് തടഞ്ഞു.
ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങളിൽ നിന്നും സംഭാവന തേടും
തിരുവനന്തപുരം:ഓഖി ദുരിതബാധിതരുടെ ദുരിതാശ്വാസത്തിനായി പ്രത്യേക ഫണ്ട് ഉണ്ടാക്കാൻ സർക്കാർ തീരുമാനിച്ചു.ഇതിലേക്ക് പൊതുജനങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായി.രാഷ്ട്രീയ പാർട്ടികളും സ്ഥാപനങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ഒരു ദിവസത്തെ വേതനമെങ്കിലും എല്ലാ ജീവനക്കാരും സംഭാവന നൽകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.ദുരിതബാധിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും മൽസ്യബന്ധനത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനും വീട് നിർമിക്കുന്നതിനും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.ഓഖി ദുരന്തത്തിൽ കൂടുതൽ കേന്ദ്ര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ കാണും. ഡല്‍ഹിയില്‍ രാജ്‌നാഥ് സിങ്ങിന്‍റെ വസതിയിൽ വൈകിട്ട് അഞ്ചരയ്ക്കാണ് കുടിക്കാഴ്ച. ഓഖിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കണം, 500 കോടിയുടെ അടിയന്തര സാമ്പത്തിക പാക്കേജ് അനുവദിക്കണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ഉന്നയിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം 25 ലക്ഷം രൂപയായി ഉയർത്തണമെന്ന സർവ്വകക്ഷിയോഗത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുന്ന കാര്യവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.തീരദേശ പോലീസിൽ 200 പേരെ നിയമിക്കുന്നതിൽ ഇവർക്ക് മുൻഗണന നൽകും.കടൽക്ഷോഭം കാരണം കടലിൽ പോകാൻ കഴിയാത്ത കുടുംബങ്ങൾക്ക് ആഴ്ചയിൽ 2000 രൂപ നൽകും.ദുരന്തത്തിൽ മാനസികാഘാതം നേരിട്ട കുട്ടികൾക്ക് കൗൺസിലിംഗ് നൽകും.അടുത്ത വാർഷിക പരീക്ഷയ്ക്കായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകാനും തീരുമാനമായി.
ജീവനക്കാരില്ലാത്തതിനെ തുടർന്ന് സംസ്ഥാനത്ത് എട്ടു ട്രെയിനുകൾ റദ്ദാക്കുന്നു
തിരുവനന്തപുരം:ആവശ്യത്തിന് ജീവനക്കാരില്ല എന്ന കാരണത്താൽ ശനിയാഴ്ച മുതൽ രണ്ടു മാസത്തേക്ക് സംസ്ഥാനത്ത് എട്ടു ട്രെയിനുകൾ റദ്ദാക്കുന്നു.മെമു, പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. പാത അറ്റകുറ്റപ്പണിക്കായി പ്രത്യേക ട്രെയിനുകൾ ഓടിക്കുന്നതിനു ലോക്കോ പൈലറ്റുമാരെ ലഭ്യമാക്കാനാണു മെമു, പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുന്നത്. കായകുളം പാതയിൽ ട്രാക്ക് റിന്യുവൽ മെഷീൻ ഉപയോഗിച്ചാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്.കൊല്ലം-എറണാകുളം മെമു (രാവിലെ 7.45), എറണാകുളം-കൊല്ലം മെമു (രാവിലെ 5.50), കൊല്ലം-എറണാകുളം മെമു (രാവിലെ 11.10), എറണാകുളം-കൊല്ലം മെമ്മു (ഉച്ചയ്ക്ക് 2.40), എറണാകുളം-കായംകുളം പാസഞ്ചർ (12.00), കായകുളം-എറണാകുളം പാസഞ്ചർ (ഉച്ചയ്ക്ക് 1.30), കായകുളം-എറണാകുളം പാസഞ്ചർ (വൈകിട്ട് 5.10), എറണാകുളം-കായകുളം പാസഞ്ചർ (10.05) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.
ബേപ്പൂർ തുറമുഖത്ത് ബോട്ട് മറിഞ്ഞു;അഞ്ച് മൽസ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു
കോഴിക്കോട്:ബേപ്പൂർ തുറമുഖത്തിന് സമീപം ശക്തമായ തിരമാലയിൽപ്പെട്ട ബോട്ട് മറിഞ്ഞു.തീരത്തുനിന്നും മൂന്നു നോട്ടിക്കൽ മൈൽ അകലെ ഇന്ന് പുലർച്ചെ നാലുമണിയോടുകൂടിയാണ് ജലദുർഗയെന്ന മൽസ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന അഞ്ചു മൽസ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.ശക്തമായ കാറ്റടിച്ചതിനെ തുടർന്ന് ബോട്ട് മറിയുകയായിരുന്നു.സമീപത്തെ ബോട്ടത്തിലുണ്ടായിരുന്നവരാണ് ഇവരെ രക്ഷിച്ചത്.ഇവർ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തി പ്രാപിക്കുന്നു;കേരളത്തിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിക്കുന്നു.ഇതിന്റെ ഫലമായി കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.തമിഴ്‌നാട്,ആന്ധ്രാ,ഒഡിഷ ഭാഗത്തേക്ക് മത്സ്യബന്ധനത്തിനായി പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ടിരിക്കുന്ന ന്യൂനമർദം അതിന്യൂനമർദമായി മാറാമെങ്കിലും ചുഴലിക്കാറ്റിനുള്ള സാധ്യത ഇനിയും സ്ഥിതീകരിച്ചിട്ടില്ല. ന്യൂനമർദം ഇപ്പോൾ മച്ചിലിപ്പട്ടണത്തിന് 875 കിലോമീറ്റർ തെക്കുകിഴക്കായാണ് കാണുന്നത്.ഇത് ശനിയാഴ്ച രാവിലെയോടെ ആൻഡ്രയുടെ വടക്കും ഒഡിഷയുടെ തെക്കും തീരങ്ങളിലെത്തുമെന്നാണ് പ്രവചനം.കേരളത്തിലെത്തുമ്പോൾ ഇതിന്റെ തീവ്രത അല്പം കുറയാനും ഇടയുണ്ട്.അമേരിക്കയിലെ കാലാവസ്ഥ ഏജൻസിയായ ജോയിന്റ് ടൈഫൂൺ വാണിങ് സെന്ററും ചുഴലിക്കാറ്റും ശക്തമായ മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.എന്നാൽ ഇത് കേരളത്തെ കാര്യമായി ബാധിക്കാൻ ഇടയില്ലെങ്കിലും മണിക്കൂറിൽ 40 കിലോമീറ്ററിലേറെ വേഗതയുള്ള കാറ്റുവീശുമെന്നതിനാൽ കേരളതീരത്തും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ഓഖി ചുഴലിക്കാറ്റ്;കോഴിക്കോട്-ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും 30 പേരെ കണ്ടെത്തി
തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിൽപ്പെട്ട രണ്ടു ബോട്ടുകളും 30 മൽസ്യത്തൊഴിലാളികളെയും കണ്ടെത്തി.കോഴിക്കോടുത്തീരത്തുനിന്നും 15 പേരെയും ലക്ഷദ്വീപ് തീരത്തുനിന്നും 15 പേരെയുമാണ് കണ്ടെത്തിയത്.അതേസമയം തീരസേനയും മറൈൻ എൻഫോഴ്സും നടത്തിയ തിരച്ചിൽ ഇന്ന് മൂന്നു മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ആലപ്പുഴ, കൊച്ചി പുറങ്കടലിൽനിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തിയാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്.
തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ 10 മരണം;5 പേർ ഗുരുതരാവസ്ഥയിൽ
ചെന്നൈ:തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ 10 പേർ മരിച്ചു.മധുര തിരുച്ചിറപ്പള്ളി ദേശീയപാതയിലാണ് അപകടമുണ്ടായത്.അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.നാഗർകോവിൽ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.ഇവർ തിരുപ്പതിയിലേക്ക് പോവുകയായിരുന്നു.നിർത്തിയിട്ടിരുന്ന ബോർവെൽ ലോറിക്കുപിന്നിൽ ഇവർ സഞ്ചരിച്ചിരുന്ന ട്രാവലർ ഇടിക്കുകയായിരുന്നു.
മലപ്പുറം പാസ്പോർട്ട് ഓഫീസ് അടച്ചുപൂട്ടുന്നതിനുള്ള തീരുമാനം മരവിപ്പിച്ചു
മലപ്പുറം:മലപ്പുറം പാസ്പോർട്ട് ഓഫീസ് അടച്ചുപൂട്ടുന്നതിനുള്ള തീരുമാനം മരവിപ്പിച്ചു.കേന്ദ്ര വിദേശകര്യ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.ഇതുവരെ പ്രവർത്തിച്ചിടത്തു തന്നെ ഇനിയും തുടരാനാണ് ഉത്തരവ്.ഒരുമാസത്തേക്ക് കൂടി കെട്ടിടമുടമയുമായുള്ള കരാർ തുടരാനും ഉത്തരവിൽ ആവശ്യപ്പെടുന്നു. കോഴിക്കോട്ടെ പാസ്പോർട്ട് ഓഫീസുമായി ലയിപ്പിക്കുന്നതിന്‍റെ ഭാഗമായി മലപ്പുറത്തെ ഓഫീസ് കഴിഞ്ഞമാസം അടച്ചുപൂട്ടാൻ തീരുമാനിച്ചിരുന്നു. ഇതോടെ ആവശ്യക്കാർ ഇനി കോഴിക്കോട് കേന്ദ്രത്തെ ആശ്രയിക്കേണ്ട അവസ്ഥയിലേക്കു കാര്യങ്ങളെത്തി.ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ഉത്തരവ്.