പാനൂർ:പാനൂരിന് സമീപം കണ്ണംവെള്ളിയിൽ സിപിഎം-ബിജെപി സംഘർഷം.സംഘർഷത്തിൽ നാല് സിപിഎം പ്രവർത്തകർക്കും ഒരു ബിജെപി പ്രവർത്തകനും വെട്ടേറ്റു.ബിജെപി പ്രവർത്തകൻ കണ്ണംവെള്ളിയിലെ മൂത്തേടത്ത് റോജിൻ(19),സിപിഎം പ്രവർത്തകരായ കണ്ണംവെള്ളിയിലെ റിജിൽ,ശ്രീരാഗ്,വിബിൻ,ഷൈൻ എന്നിവർക്കാണ് വെട്ടേറ്റത്.പരിക്കേറ്റ ബിജെപി പ്രവർത്തകനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും സിപിഎം പ്രവർത്തകരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കണ്ണംവെള്ളി കല്ലുള്ളപുനത്തിൽ മടപ്പുരയുടെ പരിസരത്താണ് സംഘർഷം നടന്നത്.ഇവിടെ ഉത്സവത്തിനെത്തിയതാണ് ഇവർ.ഏതാനും ദിവസങ്ങളായി പാനൂർ മേഖലയിൽ സിപിഎം-ബിജെപി സംഘർഷം നിലനിൽക്കുകയാണ്. ഇതിന്റെ തുടർച്ചയാണ് ഇന്നലെ നടന്ന ആക്രമണം.
ജിഷ വധക്കേസ്;കോടതി വിധി ഇന്ന്
കൊച്ചി:പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ കോടതി ഇന്ന് നിർണായക വിധി പറയും.ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് വിധി പ്രസ്ഥാപിക്കുക.കേസിൽ വാദം ഇന്നലെ പൂർത്തിയായിരുന്നു.പ്രതി അമീറുൽ ഇസ്ലാം കുറ്റവാളിയാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ബലാൽസംഗം,കൊലപാതകം,വീട്ടിൽ അതിക്രമിച്ചു കടക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രതി ചെയ്തതായി കോടതി കണ്ടെത്തി.വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നാണ് കോടതിയുടെ കണ്ടെത്തൽ. ശാസ്ത്രീയമായി ശേഖരിച്ച അഞ്ചു തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതി അമീറുൽ ഇസ്ലാം കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.പെരുമ്പാവൂരിലുള്ള ജിഷയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ജിഷയെ അതി ക്രൂരമായി ബലാൽസംഗം ചെയ്ത ശേഷം കൊലപ്പെടുത്തി എന്നതാണ് കേസ്.
കീച്ചേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പൂജാരി ക്ഷേത്രക്കുളത്തിൽ വീണു മരിച്ചു
കണ്ണൂർ:കീച്ചേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പൂജാരി ക്ഷേത്രക്കുളത്തിൽ വീണു മരിച്ചു.തളിപ്പറമ്പ് സ്വദേശി ജയരാജനാണ്(41) മരിച്ചത്.ഇന്നലെ സന്ധ്യയ്ക്ക് ഉപക്ഷേത്രത്തിൽ വിളക്കുകൊളുത്തിയ ശേഷം കുളക്കടവിനു സമീപത്തു കൂടി നടന്നു പോകുമ്പോൾ കുളത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു. പൂജാരിയെ കാണാതെ വന്നപ്പോൾ നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽമരിച്ച നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.വളപട്ടണം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
ഓഖി ദുരന്തം;എട്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി
തിരുവനന്തപുരം:ഓഖി ചുഴലികാറ്റിൽപ്പെട്ട് മരിച്ച എട്ടുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി.കോസ്റ്റ് ഗാർഡും മറൈൻ എൻഫോഴ്‌സ്‌മെന്റും ചേർന്ന് നടത്തിയ തിരച്ചിലിൽ കോഴിക്കോട് പുറംകടലിലാണ് ഇവ കണ്ടെത്തിയത്..ഇതോടെ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 55 ആയി.ഇതുവരെ ആര് മൃതദേഹങ്ങൾ കരയ്‌ക്കെത്തിച്ചു.മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത അവസ്ഥയിലാണുള്ളത്.ഇവ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.ആളെ തിരിച്ചറിയുന്നതിനായി ഡി എൻ എ പരിശോധന നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ജിഷ വധക്കേസ്;അമീറുൽ കുറ്റക്കാരൻ;ശിക്ഷ നാളെ പ്രഖ്യാപിക്കും
കൊച്ചി:ജിഷ വധക്കേസിൽ ഏകപ്രതി അമീറുൽ ഇസ്ലാം കുറ്റക്കാരനാണെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു.പ്രതിക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. കൊലപാതകം,ബലാൽസംഗം,തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അമീറുലിനെതിരെ ചുമത്തിയിരിക്കുന്നത്.പ്രതിക്ക് പറയാനുള്ളത് കൂടി കേട്ട ശേഷമായിരിക്കും ശിക്ഷ പ്രഖ്യാപിക്കുക.കഴിഞ്ഞ ഏപ്രിൽ 28നു വൈകിട്ട് 5.30നും ആറിനുമിടയിൽ പെരുമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നാണു കേസ്. ഇതു തെളിയിക്കാൻ പോലീസ് ഡിഎൻഎ പരിശോധനാ റിപ്പോർട്ടുകൾ, കൊലയ്ക്കുപയോഗിച്ച ആയുധം, പ്രതിയെ പരിശോധിച്ച ഡോക്ടറുടെ മൊഴി, ജിഷയുടെ അയൽവാസിയായ ശ്രീലേഖയുടെ മൊഴി എന്നിവയാണു ഹാജരാക്കിയത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നുള്ള 100 സാക്ഷികളുടെയും പ്രതിഭാഗത്തെ അഞ്ച് സാക്ഷികളുടേയും വിസ്താരം പൂര്‍ത്തിയാക്കിയാണ് എണറാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് വിധി പറഞ്ഞത്. സാഹചര്യതെളിവുകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ കേസിലെ ഏകപ്രതിയായ അമീറുല്‍ ഇസ്ലാമിനെതിരെ കുറ്റം ആരോപിച്ചിരിക്കുന്നത്.
കണ്ണൂർ പെരിങ്ങത്തൂരിൽ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് 3 പേർ മരിച്ചു
കണ്ണൂർ:കണ്ണൂർ പെരിങ്ങത്തൂരിൽ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് 3 പേർ മരിച്ചു.രാവിലെ ആറുമണിയോടുകൂടിയാണ് അപകടം നടന്നത്.പെരിങ്ങത്തൂർ പാലത്തിന്റെ കൈവരി തകർത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു.ബസ് ജീവനക്കാരൻ കതിരൂർ വെട്ടുമ്മൽ സ്വദേശി ജിത്തു എന്ന ജിതേഷ്(35),ബസ് യാത്രക്കാരായ പ്രജിത്ത്(32),പ്രേമലത (52) എന്നിവരാണ് മരിച്ചത്.ബെംഗളൂരുവിൽ നിന്നും നാദാപുരത്തേക്ക് പോവുകയായിരുന്ന ലാമ ബസാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ മുഴുവൻ ഇറക്കിയ ശേഷം ബസ് തലശ്ശേരി ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.അപകട സമയത്ത് താനടക്കം ആറു യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് ഡ്രൈവർ പറയുന്നത്.ബസിലെ ക്‌ളീനറാണ് മരിച്ച ജിതേഷ്.ബസ് അപകടത്തിൽപ്പെടാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.തലശ്ശേരി,പാനൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
രാഹുൽ ഗാന്ധി എഐസിസിയുടെ പതിനാറാമത് അധ്യക്ഷൻ
ന്യൂഡൽഹി:രാഹുൽ ഗാന്ധിയെ എഐസിസിയുടെ പതിനാറാമത് അധ്യക്ഷനായി തിരഞ്ഞെടുത്തു.തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്.നെഹ്‌റു കുടുംബത്തിൽ നിന്നുള്ള ആറാമത്തെ അധ്യക്ഷനാണ് രാഹുൽഗാന്ധി.എതിരില്ലാതെയാണ് രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തത്.2013 മുതലുള്ള സമ്മർദത്തെ തുടർന്നാണ് രാഹുൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത്.ഇക്കഴിഞ്ഞ നവംബറിൽ നടന്ന എഐസിസി സമ്മേളനത്തിൽ രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് നിർദേശിക്കുന്ന പ്രമേയം പാസാക്കിയിരുന്നു.16ന് സോണിയ ഗാന്ധി എഐസിസിയെ അഭിസംബോധന ചെയ്യുന്നതിനു പിന്നാലെ രാഹുൽ അധ്യക്ഷസ്ഥാനം ഏറ്റെടുക്കും. 19 വർഷത്തിന് ശേഷമാണ് അധ്യക്ഷസ്ഥാന മാറ്റം കോൺഗ്രസില്‍ നടക്കുന്നത്.
അഴീക്കോട് ഒലാടതാഴയിൽ വീടുകൾക്ക് നേരെ ആക്രമണം
അഴീക്കോട്:ഒലാടതാഴയിൽ ഡിവൈഎഐ പ്രവർത്തകർക്ക് നേരെ നടന്ന അക്രമത്തിന് പിന്നാലെ വീടുകൾക്ക് നേരെയും ആക്രമണം നടന്നു.സംഘർഷത്തിന്റെ തുടച്ചയായി ഉപ്പായിച്ചാലിലെ എസ്‌ഡിപിഐ പ്രവർത്തകരായ അബ്ദുൽ ലത്തീഫ്,റിഷാൽ എന്നിവരുടെ വീടുകൾ എറിഞ്ഞു തകർത്തു.സിപിഐഎം പ്രവർത്തകൻ മൈലാടത്തടത്ത് ഫഹദിന്റെ വീടിനു നേരെയും അക്രമമുണ്ടായി.അക്രമത്തിൽ ഫഹദിന്റെ വീടിന്റെ ചില്ലുകൾ തകർന്നു.ആക്രമണങ്ങളിൽ പ്രതിഷേധിച്ച് അഴീക്കോട് നോർത്തിൽ സിപിഐഎം ഇന്ന് ഹർത്താലിന് ആഹ്വാനം നൽകിയിട്ടുണ്ട്.രാവിലെ ആറു മുതൽവൈകുന്നേരം ആറുമണിവരെയാണ് ഹർത്താൽ.വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അഴീക്കോട് ഒലാടതാഴയിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു
കണ്ണൂർ:അഴീക്കോട് ഒലാടതാഴയിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു.മിഥുൻ,റെനീസ് എന്നിവർക്കാണ് വെട്ടേറ്റത്.ഇവരെ ആദ്യം കണ്ണൂരിലെ സ്വകാര്യ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.ആക്രമണത്തിന് പിന്നിൽ എസ്‌ഡിപിഐ പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.
പൊള്ളാച്ചിയിൽ കാർ കനാലിലേക്ക് മറിഞ്ഞ് നാല് മലയാളികൾ മരിച്ചു
പാലക്കാട്:മലയാളികൾ സഞ്ചരിച്ചിരുന്ന കാർ കനാലിലേക്ക് മറിഞ്ഞ് നാലുപേർ മരിച്ചു.അങ്കമാലി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.മൂന്നുപേരുടെ മൃതദേഹം രാവിലെ തന്നെ കനാലിൽ നിന്നും കണ്ടെടുത്തിരുന്നു.വിശദമായ തിരച്ചിലിൽ വൈകുന്നേരത്തോടെ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെ മരിച്ചവരുടെ എണ്ണം നാലായി.മൂന്നാറിൽ നിന്നും പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന അഞ്ചംഗ മലയാളി സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണവിട്ട കാർ കനാലിലേക്ക് മറിയുകയായിരുന്നു.നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരാളെ മാത്രമാണ് രക്ഷിക്കാൻ കഴിഞ്ഞത്.അങ്കമാലി സ്വദേശികളായ ജിതിൻ ജോയ്,ജാക്സൺ,അമൽ,ലിജോ എന്നിവരാണ് മരിച്ചത്.പരിക്കേറ്റ ആൽഫിയെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.