തിരുവനന്തപുരം:ഓഖി ദുരന്തത്തിൽ മരിച്ച ആറുപേരുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു.ഇതിൽ മൂന്നുപേർ മലയാളികളാണ്.വിഴിഞ്ഞം സ്വദേശി ജെറോം,പൂന്തുറ സ്വദേശി ഡെൻസൺ,പുല്ലുവില സ്വദേശി സിറിൽ മിറാൻഡ എന്നിവരെയും മൂന്നു തമിഴ്‌നാട് സ്വദേശികളെയുമാണ് തിരിച്ചറിഞ്ഞത്.ഡി എൻ എ പരിശോധനയിലൂടെയാണ് ഇവരെ തിരിച്ചറിഞ്ഞത്.
മുഴപ്പിലങ്ങാട് ടോൾ ബൂത്തിന് സമീപം പെയിന്റ് ലോറിക്ക് തീപിടിച്ചു
മുഴപ്പിലങ്ങാട്:മുഴപ്പിലങ്ങാട് ടോൾ ബൂത്തിന് സമീപം പെയിന്റ് ലോറിക്ക് തീപിടിച്ചു. തീപിടുത്തതോടൊപ്പം സ്ഫോടന ശബ്ദം കേട്ടത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി.ലോറിയുടെ ടയർ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ശബ്ദം ഉണ്ടായത്.കണ്ണൂർ നിന്നും തലശേരിയിൽ നിന്നും വന്ന 4 യൂണിറ്റ് ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതസ്തംഭനമുണ്ടായി.ആർക്കും പരിക്കില്ല.
ഡോക്റ്റർമാരുടെ സമരം പിൻവലിച്ചു
ന്യൂഡൽഹി:ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ രാജ്യത്തെ ഡോക്റ്റർമാർ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു.മെഡിക്കൽ കമ്മിഷൻ ബിൽ ലോക്‌സഭയുടെ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണയ്ക്ക് വിട്ടതിനു പിന്നാലെയാണ് ഐഎംഎ സമരം പിൻവലിച്ചത്.ബജറ്റ് സമ്മേളനത്തിന് മുൻപ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു.ഇന്ന് രാവിലെ ആറുമണിമുതൽ ആരംഭിച്ച സമരം രോഗികളെ ദുരിതത്തിലാക്കിയിരുന്നു.സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സർക്കാർ ആശുപത്രിയിലെ ഡോക്റ്റർമാർ രാവിലെ ഒരുമണിക്കൂർ ജോലിയിൽ നിന്നും വിട്ടുനിന്നിരുന്നു.പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാണ് ബിൽ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിട്ടത്.
ബസ് യാത്രാനിരക്ക് പത്തുശതമാനം വർധിപ്പിക്കാൻ ശുപാർശ
തിരുവനന്തപുരം:സംസ്ഥാനത്ത് ബസ് യാത്ര നിരക്ക് പത്തുശതമാനം വർധിപ്പിക്കാൻ ജസ്റ്റിസ് എം.രാമചന്ദ്രൻ അധ്യക്ഷനായ കമ്മീഷൻ ശുപാർശ ചെയ്തു.മിനിമം ചാർജ് എട്ടു രൂപയാക്കാനും ശുപാർശയുണ്ട്.റിപ്പോർട്ട് ഗതാഗത വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.മിനിമം ചാർജ് പത്തുരൂപയാക്കാനും വിദ്യാർത്ഥികളുടെ നിരക്ക് 50 ശതമാനമായും ഉയർത്തണമെന്നുമാണ് ബസുടമകളുടെ ആവശ്യം.എന്നാൽ വിദ്യാർത്ഥികളുടെ നിരക്ക് വർധിപ്പിക്കണമെന്ന കമ്മീഷൻ ശുപാർശ സർക്കാരിന്റെ പരിഗണനയിലുള്ളതിനാൽ ഇതേകുറിച്ച് വീണ്ടും പറയുന്നില്ലെന്ന പരാമർശമാണ് പുതിയ റിപ്പോർട്ടിലുള്ളത്.നിരക്കുവർധന കെഎസ്ആർടിസിക്കും ബാധകമാണ്.റിപ്പോർട്ടിന്മേൽ സർക്കാർ വൈകാതെ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.ബസ് ചാർജ് വർധനയെ കുറിച്ച് പഠിക്കാൻ ഓഗസ്റ്റിലാണ് കമ്മീഷനെ നിയോഗിച്ചത്.പ്രവർത്തന ചിലവ്,സ്പെയർ പാർട്സ് വില,നികുതി, ഇൻഷുറൻസ്,ശമ്പള വർധന,എന്നിവ പരിഗണിച്ചാണ് നിരക്ക് ഉയർത്താൻ ശുപാർശ നൽകിയതെന്ന് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. 2014 ലാണ് അവസാനമായി ബസ് ചാർജ് കൂട്ടിയത്.
ഇന്ന് രാജ്യവ്യാപകമായി ഡോക്റ്റർമാർ പണിമുടക്കുന്നു
ന്യൂഡൽഹി:ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഡോക്റ്റർമാർ ഇന്ന് രാജ്യവ്യാപകമായി മെഡിക്കൽ ബന്ദ് നടത്തുന്നു.സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ഒപി പ്രവർത്തിക്കില്ല.രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണിവരെ അടിയന്തിര രക്ഷാപ്രവർത്തനങ്ങളും ഗുരുതര രോഗികൾക്കുള്ള പരിചരണ സേവനങ്ങളും ഒഴികെ ആശുപത്രി സംബന്ധമായ എല്ലാ സേവനങ്ങളും നിർത്തിവെയ്ക്കും. ഹോമിയോ,ആയുർവ്വേദം,യുനാനി തുടങ്ങിയ ഇതര ചികിത്സ പഠിച്ചവർക്ക് ബ്രിഡ്ജ് കോഴ്സിലൂടെ അലോപ്പതിയിലും ചികിത്സ ചെയ്യാൻ അനുമതി നൽകിയതും എംബിബിഎസ് പാസാകുന്നവർക്ക് നെക്സ്റ്റ് പരീക്ഷ എഴുതിയാൽ മാത്രമേ പ്രാക്ടീസ് ചെയ്യാനാകൂ എന്ന നിബന്ധനയും പിൻവലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.സംസ്ഥാനത്ത് കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിന്റെ ഭാഗമായി ഡോക്റ്റർമാർ കെജിഎംഒയുടെ നേതൃത്വത്തിൽ ഇന്ന് ഒരു മണിക്കൂർ ഒപി ബഹിഷ്‌ക്കരിക്കും.രാവിലെ ഒൻപതുമണി മുതൽ പത്തുമണി വരെയാണ് ഒപി ബഹിഷ്‌കരണം. സർക്കാർ ആശുപത്രികളിൽ ഒരുമണിക്കൂർ ഒപി ബഹിഷ്ക്കരണമാണ് പറയുന്നതെങ്കിലും പ്രവർത്തനം സ്തംഭിക്കാനാണ് സാധ്യത.
ഇരിക്കൂർ ബ്ലാത്തൂരിൽ അന്യസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി
ഇരിക്കൂർ:ഇരിക്കൂർ ബ്ലാത്തൂരിൽ അന്യസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി.ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. അസാമിൽ നിന്നും ചെങ്കൽപ്പണിക്കായി ബ്ലാത്തൂരിൽ എത്തിയ സോഹൻ റായിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.കൊലപാതകമാണെന്ന സൂചനയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിന്റെ പകർപ്പാവശ്യപ്പെട്ട് ദിലീപ് കോടതിയിലേക്ക്
കൊച്ചി:കൊച്ചിയിൽ നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിന്റെ പകർപ്പാവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കേസിലെ സുപ്രധാനമായ പല മൊഴികളും രേഖകളും പോലീസ് നൽകിയിട്ടില്ലെന്നും പോലീസിന്റെ നടപടി ബോധപൂർവ്വമാണെന്നുമാണ് ദിലീപിന്റെ അഭിഭാഷകൻ ആരോപിക്കുന്നത്. കുറ്റപത്രത്തിന്റെ പകർപ്പും അനുബന്ധ രേഖകളും രണ്ടാഴ്ച മുൻപ് കോടതി ദിലീപിന് നൽകിയിരുന്നു.എന്നാൽ ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡിന്റെ പകർപ്പ് നൽകിയിരുന്നില്ല.ഈ സാഹചര്യത്തിലാണ് ദൃശ്യങ്ങൾ കാണണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
കോഴിക്കോട്ട് നിന്നും ന്യൂ ഇയർ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന കാസർകോഡ് സ്വദേശി ബൈക്ക് അപകടത്തിൽ മരിച്ചു
നീലേശ്വരം:കോഴിക്കോട്ട് നിന്നും ന്യൂ ഇയർ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന കാസർകോഡ് സ്വദേശി ബൈക്ക് അപകടത്തിൽ മരിച്ചു.കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഓട്ടോയിലിടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞാണ് അപകടം നടന്നത്. നീലേശ്വരം കോട്ടപ്പുറത്തെ അബ്ദുൽ സലാം-നഫീസത്ത് ദമ്പതികളുടെ മകൻ നിയാസ്(19) ആണ് മരിച്ചത്.നിയസിന്റെ സുഹൃത്ത് ചായ്യോത്തെ ഇർഫാനെ(18) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് ഇരുവരും ന്യൂ ഇയർ ആഘോഷിക്കുന്നതിനായി കോഴിക്കോട്ടേക്ക് പുറപ്പെട്ടത്.ആഘോഷം കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം സംഭവിച്ചത്.
ഇരിട്ടിയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്
ഇരിട്ടി:കണ്ണൂർ ഇരിട്ടിയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിനു നേരെ ആക്രമണം. നടുവനാട് ശാരീരിക് ശിക്ഷൺ പ്രമുഖ് വിഷ്ണുവിന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. പുലർച്ചെ മൂന്നു മണിയോടെയായാണ് സംഭവം.ബോംബേറിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നിട്ടുണ്ട്.പോലീസും ബോംബ് സ്ക്വാർഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെ തുടർന്ന് സ്ഥലത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
കണ്ണൂരിൽ ബിജെപി പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ
കണ്ണൂർ:കണ്ണൂർ മാലൂരിൽ ബിജെപി പ്രവർത്തകരെ കാർ തടഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിലായി.ശിവപുരം ലോക്കൽ സെക്രെട്ടറി കേളോത്ത് ഗോവിന്ദൻ,മനോഹരൻ എന്നിവരാണ് അറസ്റ്റിലായത്.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഈ മാസം 19 ന് രാത്രിയാണ് ബിജെപി മട്ടന്നൂർ നിയോജകമണ്ഡലം പ്രെസിഡന്റടക്കം അഞ്ചുപേർക്ക് വെട്ടേറ്റത്.