കോഴിക്കോട്:കോഴിക്കോട് പുതിയാപ്പയിൽ സ്കൂൾ കുട്ടികളുമായി പോയ വിനോദയാത്രാസംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് നിരവധിപേർക്ക് പരിക്ക്.ഇന്ന് ഉച്ചയ്ക്ക് മൂന്നരമണിയോടെയായിരുന്നു അപകടം.പുതിയാപ്പക്കടുത്തുവെച്ച് നിയന്ത്രണം വിട്ട ബസ് വഴിയരികിലെ വീട്ടിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കണ്ണൂർ പയ്യന്നൂർ ഷേണായീസ് സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.രണ്ടു ബസ്സുകളിലായാണ് വിദ്യാർഥികൾ കോഴിക്കോട് ബീച്ച് കാണാനെത്തിയത്.ഇതിൽ അഞ്ചാം ക്ലാസ്സിലും എട്ടാം ക്ലാസ്സിലും പഠിക്കുന്ന വിദ്യാർഥികൾ സഞ്ചരിച്ച ഗ്രീൻബേർഡ് എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.42 കുട്ടികളാണ് ബസിലുണ്ടായിരുന്നത്.പരിക്കേറ്റ എട്ടുപേരുടെ നില അല്പം ഗുരുതരമാണ്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.മറ്റുള്ളവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.ബസ്സ് ഇടിച്ചുകയറിയ വീട്ടിലുണ്ടായിരുന്ന ഗർഭിണിയായ സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്.ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജിഷ്ണു പ്രണോയിയുടെ സ്മാരകം പൊളിച്ചുനീക്കണമെന്ന് സബ് കളക്റ്ററുടെ ഉത്തരവ്
തൃശൂർ:പാമ്പാടി നെഹ്‍റു കോളജിന് സമീപം സ്ഥാപിച്ച ജിഷ്ണു പ്രണോയിയുടെ സ്മാരകം പൊളിച്ചു നീക്കാന്‍ സബ് കലക്ടറുടെ ഉത്തരവ്.സിപിഐയുടെ പരാതിയിലാണ് സബ് കലക്റ്റർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.എഐടിയുസി ഓഫീസിനോട് ചേര്‍ന്ന് നിര്‍മിച്ച സ്മാരകം രാഷ്ട്രീയ സംഘര്‍ഷത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി സിപിഐ നല്‍കിയ പരാതിയിലാണ് തൃശൂര്‍ സബ്കലക്ടര്‍ രേണു രാജിന്റെ ഉത്തരവ്.സ്മാരകം പൊളിച്ചു നീക്കാന്‍ സബ് കലക്ടര്‍ പഴയന്നൂര്‍ എസ്ഐയോട് ആവശ്യപ്പെട്ടു. ഉത്തരവ് പ്രകാരം സ്മാരകം പൊളിച്ചു നീക്കാന്‍ എസ്എഫ്ഐ ഭാരവാഹികളോട് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഇതിന് കൂട്ടാക്കിയില്ല. പൊളിച്ചു നീക്കിയില്ലെങ്കില്‍ പൊലീസ് പൊളിച്ചു നീക്കുമെന്ന് വിദ്യാര്‍ത്ഥികളെ അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് മുക്കത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കോഴിക്കോട്:കോഴിക്കോട് മുക്കത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.മലപ്പുറം മങ്കട സ്വദേശി മുബഷീർ സഖാഫി(26) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് അപകടം നടന്നത്.ഇടിയുടെ ആഘാതത്തിൽ ബൈക്ക് കത്തിനശിച്ചു.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.ബൈക്കിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് സൂചന.
ശനിയാഴ്ച നടത്താനിരുന്ന മോട്ടോർ വാഹന പണിമുടക്ക് പിൻവലിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ശനിയാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന മോട്ടോർ വാഹന പണിമുടക്ക് പിൻവലിച്ചു.നിർദിഷ്ട മോട്ടോർവാഹന നിയമ ഭേദഗതി ബിൽ പാർലമെന്റിന്റെ പരിഗണനയ്ക്ക് വരാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിൻവലിക്കുന്നതെന്ന് കോൺഫെഡറേഷൻ ഓഫ് ട്രാൻസ്‌പോർട് വർക്കേഴ്സ് ഫെഡറേഷൻ അറിയിച്ചു.ബിൽ ഈ മാസം അഞ്ചിന് പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് സമരമെന്നാണ് സംഘാടകർ അറിയിച്ചത്.നിയമ ഭേദഗതി നടപ്പു സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു.
കണ്ണൂരിലെ ആർഎസ്എസ് നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി:കണ്ണൂരിലെ ആർഎസ്എസ് നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.കണ്ണൂരിലെ സിപിഎമ്മിന്‍റെ കൊലപാതക രാഷ്‌ട്രീയത്തെക്കുറിച്ചും അക്രമത്തെക്കുറിച്ചും അന്വേഷിക്കാൻ ആർഎസ്എസ് നേതാക്കളെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.അണ്ടല്ലൂരിലെ സന്തോഷ്, പയ്യന്നൂരിലെ ബിജു തുടങ്ങിയ പ്രവര്‍ത്തകരെ സിപിഎം ഭരണത്തിന്‍റെ മറവില്‍ കൊലപ്പെടുത്തുകയും പ്രവർത്തകരെ ആക്രമിക്കുകയും ചെയ്യുന്നതിനാല്‍ രാഷ്ട്രീയപ്രവര്‍ത്തനം സാധ്യമല്ലെന്നും ജീവിക്കാന്‍ സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജില്ലയിലെ ഒരു ആർഎസ്എസ് പ്രവർത്തകൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലയിലെ ആർഎസ്എസ് നേതാക്കൾ പ്രധാനമന്ത്രി വിളിപ്പിച്ചത്.ആർഎസ്എസ് നേതാക്കളായ വത്സൻ തില്ലങ്കേരി സുരേഷ് ബാബു, അഡ്വ.ജയപ്രകാശ്, അഡ്വ. കെ.കെ ബൽറാം എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
പുതിയ പത്തുരൂപ നോട്ട് റിസർവ് ബാങ്ക് ഉടൻ പുറത്തിറക്കും
ന്യൂഡൽഹി:മഹാത്മാഗാന്ധി സീരീസിൽപ്പെട്ട പുതിയ പത്തുരൂപ നോട്ട് റിസർവ് ബാങ്ക് ഉടൻ പുറത്തിറക്കും.ചോക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള നോട്ടിൽ കൊണാർക്ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും പതിച്ചിട്ടുണ്ട്.കഴിഞ്ഞയാഴ്ചയാണ് സർക്കാർ പുതിയ പത്തുരൂപ നോട്ടിന്റെ ഡിസൈന് അംഗീകാരം നൽകിയത്.കള്ളനോട്ടുകളുടെ ക്രയവിക്രയം തടയുന്നതിന്റെ സർക്കാരിന്റെ പദ്ധതികളുടെ ഭാഗമായാണ് റിസർവ് ബാങ്ക് മൂല്യം കുറഞ്ഞ നോട്ടുകൾ പുറത്തിറക്കുന്നത്.
മോട്ടോർ വാഹന നിയമഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് ശനിയാഴ്ച വാഹന പണിമുടക്ക്
തിരുവനന്തപുരം:മോട്ടോർ വാഹന നിയമഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് ശനിയാഴ്ച വാഹന പണിമുടക്ക്.രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് പണിമുടക്ക്.ഓട്ടോറിക്ഷ,ലൈറ്റ് മോട്ടോർ വാഹനങ്ങൾ,ലോറി,സ്വകാര്യ-കെഎസ്ആർടിസി ബസുകൾ,ഓട്ടോമൊബൈൽ വർക്ക് ഷോപ്പുകൾ,സ്പെയർപാർട്സ് വിൽപ്പന സ്ഥാപനങ്ങൾ എന്നിവ പണിമുടക്കുമെന്നു മോട്ടോർ വ്യവസായ സംരക്ഷണ സമിതി അറിയിച്ചു.മോട്ടോർ വാഹന ഭേദഗതി ബിൽ നിയമവിരുദ്ധമാണെന്നും സർക്കാർ ഈ നീക്കത്തിൽ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടാണ് സമരം.
മുംബൈയിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ നാലുപേർ മരിച്ചു;ഏഴുപേർക്ക് പരിക്ക്
മുംബൈ:മുംബൈ നഗരത്തിൽ ബഹുനിലകെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ നാലുപേർ മരിച്ചു.ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.പരിക്കേറ്റവരെ കൂപ്പർ,മുകുന്ദ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.മാറോളിലെ മൈമൂൺ കെട്ടിടത്തിൽ ഇന്നലെ അർധരാത്രിയോടെയാണ് അപകടം നടന്നത്.ഒന്നിലേറെ അഗ്നിശമനസേന യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.ഒരാഴ്ച മുൻപ് മുംബൈയിലെ കമല മില്ലിലുണ്ടായ തീപിടുത്തത്തിൽ 14 പേർ മരിച്ചിരുന്നു.നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ആർ.ബാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സലകുമാരി അന്തരിച്ചു
കൊല്ലം:കേരളാ കോൺഗ്രസ് ബി അധ്യക്ഷൻ ആർ.ബാലകൃഷ്ണ പിള്ളയുടെ ഭാര്യയും കെ.ബി ഗണേഷ്‌കുമാർ എംഎൽഎയുടെ അമ്മയുമായ വത്സലകുമാരി(70) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഇന്ന് രാവിലെയാണ് വത്സലകുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ബിന്ദു,ഉഷ എന്നിവരാണ് മറ്റു മക്കൾ. സംസ്ക്കാരം നാളെ.
ശബരിമല ക്ഷേത്രത്തിന്റെ പേരുമാറ്റി ശ്രീധർമ്മശാസ്താ ക്ഷേത്രം എന്നാക്കുന്നു;തീരുമാനം ഇന്നുണ്ടായേക്കും
പത്തനംതിട്ട:ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും ശ്രീധർമ്മശാസ്താ ക്ഷേത്രം എന്നാക്കാൻ തീരുമാനം.ഇക്കാര്യം അംഗീ കരിക്കുന്നതിനായി ദേവസ്വം ബോർഡിന്റെ യോഗം ഇന്ന് ചേരും. പ്രയാർ ഗോപാലകൃഷ്ണൻ അധ്യക്ഷനായ മുൻ ദേവസ്വം ബോർഡിന്റെ കാലത്താണ് ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രം എന്നതിന് പകരം ശബരിമല ശ്രീ അയ്യപ്പക്ഷേത്രം എന്ന പേര് സ്വീകരിച്ചത്.പേരുമാറ്റിയ നടപടിക്കെതിരെ പലകോണുകളിൽ നിന്നും പ്രതിഷേധമുയർന്നിരുന്നു. പ്രയാറിന്റെ മാത്രം താൽപ്പര്യപ്രകാരമാണ് പെരുമാറ്റിയതെന്നും ആരോപണമുയർന്നിരുന്നു.എന്നാൽ ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസ് അനുകൂലമാകുന്നതിനു പെരുമാറ്റം ആവശ്യമാണെന്നായിരുന്നു പ്രയാറിന്റെ വിശദീകരണം.അയ്യപ്പൻ നിത്യബ്രഹ്മചാരിയാണെന്നും അയ്യപ്പക്ഷേത്രം ശബരിമലയിൽ മാത്രമാണെന്നും അന്ന് വിശദീകരിച്ചിരുന്നു.എന്നാൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് വിലക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.തുടർന്നുള്ള നിയമ നടപടികളിലും ഔദ്യോഗിക രേഖകളിലും ശബരിമല ക്ഷേത്രത്തിന്റെ പേര് ധർമശാസ്താ ക്ഷേത്രം എന്നായിരിക്കും.