ന്യൂഡൽഹി:സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാരുടെ പരസ്യ വിമർശനം. നിയമവ്യവസ്ഥയുടെ തലപ്പത്തെ പക്ഷപാതിത്വം ജനാധിപത്യം അപകടത്തിലാക്കുമെന്ന് വാർത്താസമ്മേളനം വിളിച്ചു ചേർത്ത് നാല് ജഡ്ജിമാർ തുറന്നടിച്ചു. ജസ്റ്റിസുമാരായ ജെ.ചെലമേശ്വർ,രഞ്ജൻ ഗോഗോയ്, മദൻ.ബി.ലോക്കൂർ,കുര്യൻ ജോസഫ് എന്നിവരാണ് കോടതി നടപടികൾ നിർത്തിവെച്ച് ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയിൽ വാർത്താസമ്മേളനം നടത്തിയത്.സുപ്രീം കോടതിയിൽ കുറച്ചു കാലങ്ങളായി ശരിയല്ലാത്ത കാര്യങ്ങൾ നടക്കുന്നതായി മുതിർന്ന ജഡ്ജിമാർ വിളിച്ചുപറഞ്ഞത് രാഷ്ട്രീയ,നിയമ മേഖലകളെ ഞെട്ടിച്ചിരിക്കുകയാണ്.കോടതിയുടെ പ്രവർത്തനങ്ങളിലെ താളപ്പിഴകൾ ചൂണ്ടിക്കാട്ടിയിട്ടും ചീഫ് ജസ്റ്റിസ് നടപടി എടുത്തില്ലെന്നും അതുകൊണ്ടുതന്നെ ഏറെ വേദനയോടെയാണ് മാധ്യമങ്ങളെ കാണുന്നതെന്നുമുള്ള ആമുഖത്തോടെയാണ് ജഡ്‌ജിമാർ മാധ്യമ പ്രവർത്തകരെ കണ്ടത്.നാല് ജഡ്ജിമാരും ചേർന്ന് ചീഫ് ജസ്റ്റിസിനെഴുതിയ ഏഴുപേജുള്ള കത്തും പുറത്തുവിട്ടു. സമാനതകളില്ലാത്ത ഈ സാഹചര്യം രാജ്യത്തെ ആശയക്കുഴപ്പത്തിലാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി നിയമമന്ത്രി രവിശങ്കർ പ്രസാദുമായി കൂടിക്കാഴ്ച നടത്തി.പരമോന്നത നീതിപീഠത്തിലെ ഭിന്നിപ്പിന്റെ ആഴവും പ്രത്യാഘാതങ്ങളും വിലയിരുത്തിയെങ്കിലും പ്രത്യക്ഷമായി ഇടപെടേണ്ടതില്ലെന്നാണ് സർക്കാരിന്റെ തീരുമാനം.ഇത് നീതിന്യായ സംവിധാനത്തിന്റെ ആഭ്യന്തര കാര്യമാണെന്നും പ്രശ്നങ്ങൾ ജുഡീഷ്യറി തന്നെ സ്വയം പരിഹരിക്കുമെന്നും നിയമ സഹമന്ത്രി പി.പി ചൗധരി പറഞ്ഞു.കേസുകൾ പരിഗണിക്കുന്ന ബെഞ്ച് നിശ്ചയിക്കുന്നതിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര യുക്തിരാഹിത്യവും കീഴ്വഴക്ക ലംഘനവുമാണ് കാട്ടുന്നതെന്നും മുതിർന്ന ജഡ്ജിമാരെ വിശ്വാസത്തിലെടുക്കുന്നില്ലെന്നുമാണ് പരാതി.കേസുകൾ ഏത് ബെഞ്ച് കേൾക്കണമെന്ന് തീരുമാനിക്കാനുള്ള പരമാധികാരം തനിക്കാണെന്ന് കഴിഞ്ഞ നവംബറിൽ മെഡിക്കൽ കോഴക്കേസിലെ വിവാദ വിധിക്കു ശേഷം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തുറന്നടിച്ചതോടെയാണ് ജഡ്ജിമാർക്കിടയിലെ അവിശ്വാസം പരസ്യമായി തുടങ്ങിയത്.
ആലപ്പുഴയിൽ സ്കൂളിലെ ശുചിമുറിയുടെ മതിലിടിഞ്ഞു വീണ് രണ്ടാംക്ലാസ് വിദ്യാർത്ഥി മരിച്ചു
ആലപ്പുഴ:ആലപ്പുഴയിൽ സ്കൂളിലെ ശുചിമുറിയുടെ മതിലിടിഞ്ഞു വീണു രണ്ടാംക്ലാസ് വിദ്യാർത്ഥി മരിച്ചു.ആലപ്പുഴ തലവടി ചൂട്ടുമാലിൽ എൽപി സ്കൂളിലാണ് സംഭവം.സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി മുണ്ടച്ചിറയിൽ ബൻസന്റെയും ആൻസാമ്മയുടെയും മകൻ സെബാസ്റ്റ്യൻ ആണ് മരിച്ചത്.കാലപ്പഴക്കം വന്ന് ദ്രവിച്ച ഭിത്തിയാണ് അപകടം വരുത്തിവച്ചത്.
കണ്ണൂർ നടുവനാട് സിപിഐഎം ഓഫീസിനു നേരെ ആക്രമണം
കണ്ണൂർ:കണ്ണൂർ നടുവനാട് സിപിഐഎം ബ്രാഞ്ച് ഓഫീസിനു നേരെ ആക്രമണം.ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം പ്രവർത്തകർ ആരോപിച്ചു.ഇന്ന് പുലർച്ചെ നാലുമണിയോട് കൂടിയാണ് ആക്രമണം ഉണ്ടായത്.ഓഫീസ് അക്രമികൾ പൂർണ്ണമായും അടിച്ചു തകർത്തു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കൂത്തുപറമ്പിൽ എസ്‌ഡിപിഐ പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ:കൂത്തുപറമ്പ് വട്ടോളിയിൽ എസ്‌ഡിപിഐ പ്രവർത്തകന് വെട്ടേറ്റു.കണ്ണവം ലത്തീഫിയ സ്കൂൾ വാൻ ഡ്രൈവറായ അയൂബിനാണ് വെട്ടേറ്റത്.ഇന്ന് വൈകുന്നേരമാണ് വെട്ടേറ്റത്.വാനിൽ കുട്ടികളെ ഇറക്കി മടങ്ങിവരുമ്പോൾ വാൻ തടഞ്ഞു നിർത്തിയാണ് ആക്രമിച്ചത്.പരിക്കേറ്റ അയൂബിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരാഴ്ച മുൻപും അയൂബിനു നേരെ കണ്ണവത്തുവെച്ച് വധശ്രമം ഉണ്ടായിരുന്നു.എസ്‌ഐ കെ.വി ഗണേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലാവ്‌ലിൻ കേസ്;പിണറായി വിജയന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡൽഹി:ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീം കോടതി നോട്ടീസ്. സിബിഐ നല്‍കിയ അപ്പീലിലാണ് നോട്ടീസ്.കുറ്റവിമുക്തരാക്കിയ മറ്റ് രണ്ട് പേര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.മുന്‍ ജോയിന്‍റ് സെക്രട്ടറി എ.ഫ്രാന്‍സിസ് , ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍ എന്നിവർക്ക് നോട്ടീസ് അയക്കാനാണു സുപ്രീം കോടതി തീരുമാനം.ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സിബിഐ കോടതി വിധി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.ലാവ്‌ലിൻ കേസിൽ മൂന്നു പ്രതികൾ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിയും സുപ്രീം കോടതി സ്റ്റേ ചെയ്തു. മുൻ കെഎസ്ഇബി ഉദ്യാഗസ്ഥരായ കസ്തൂരിരംഗ അയ്യർ, ആർ. ശിവദാസൻ, കെ.ജി. രാജശേഖരൻ എന്നിവരുടെ വിചാരണയ്ക്കാണ് സ്റ്റേ. ഇവർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി നടപടി. കേസിൽ പിണറായി വിജയൻ, മോഹനചന്ദ്രൻ, ഫ്രാൻസീസ് എന്നിവരുടെ പങ്കിനു മതിയായ തെളിവുകളുണ്ടെന്നും പ്രഥമദൃഷ്ട്യാ ഗൂഢാലോചനയ്ക്കു തെളിവുണ്ടെന്നും സിബിഐ അറിയിച്ചു.
തിരുവനന്തപുരത്ത് മത്സരയോട്ടത്തിനിടെ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
തിരുവനന്തപുരം:തിരുവനന്തപുരം വെള്ളയമ്പലത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.കോഴിക്കോട് സ്വദേശി അജ്മൽ (27) ആണ് മരിച്ചത്. മത്സരയോട്ടമാണ് അപകടകാരണമെന്നാണ് കരുതുന്നത്.അമിതവേഗതയിലായിരുന്ന ബൈക്ക് ബസ്സിലിടിച്ച് അജ്മലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.രണ്ടു ബൈക്കുകൾ തമ്മിലാണ് മത്സരയോട്ടം നടത്തിയതെന്നാണു പോലീസ് പറയുന്നത്. നവംബറിൽ രാജ്ഭവനുമുന്നിൽ മത്സരയോട്ടം നടത്തിയ കാർ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചിരുന്നു.
കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി
കോഴിക്കോട്:സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് തുടർച്ചയായി പന്ത്രണ്ടാം തവണയും കിരീടം നേടിയതിനെ തുടർന്ന് ജില്ലയിലെ സ്കൂളുകൾക്ക് നാളെ കലക്റ്റർ അവധി പ്രഖ്യാപിച്ചു.കേരള സിലബസ്സ് പഠിപ്പിക്കുന്ന സ്കൂളുകൾക്ക് മാത്രമാണ് അവധിയെന്നു കലക്റ്റർ അറിയിച്ചു.895 പോയിന്റ് നേടിയാണ് കോഴിക്കോട് ഒന്നാംസ്ഥാനത്തെത്തിയത്.
സംസ്ഥാന സ്കൂൾ കലോത്സവം;കോഴിക്കോടിന് കലാകിരീടം
തൃശൂർ:അൻപത്തിയെട്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് ജില്ലയ്ക്ക് കലാകിരീടം.പാലക്കാട് ഉയർത്തിയ ശക്തമായ വെല്ലുവിളികളെ തള്ളി 895 പോയിന്‍റോടെയാണ് കോഴിക്കോട് നേട്ടം കൈവരിച്ചത്.893 പോയിന്‍റുകളുമായി പാലക്കാട് രണ്ടാം സ്ഥാനം കരസ്ഥമാക്കി. 875 പോയിന്റ് നേടിയ മലപ്പുറത്തിനാണ് മൂന്നാം സ്ഥാനം.തുടർച്ചയായ പന്ത്രണ്ടാം തവണയാണ് കോഴിക്കോട് കലാകിരീടം നേടുന്നത്.865 പോയിന്റ് നേടി കണ്ണൂർ നാലാംസ്ഥാനത്താണ്. ആതിഥേയരായ തൃശൂർ 864 പോയിന്റ് നേടി അഞ്ചാമതെത്തി. ആദ്യദിവസം മുതൽ കോഴിക്കോട് തന്നെയായിരുന്നു പോയിന്റ് പട്ടികയിൽ മുന്നിട്ട് നിന്നത്.കോഴിക്കോടിന് വേണ്ടി സിൽവർ ഹിൽസ് ഹയർ സെക്കണ്ടറി സ്കൂളും പാലക്കാടിന് വേണ്ടി ആലത്തൂർ ബിഎസ്എസ് ഗുരുകുലം സ്കൂളുമാണ് കൂടുതൽ പോയിന്റ് നേടിയത്.
പ്ലാസ്റ്റിക്ക് പതാകകൾ നിരോധിക്കാൻ കേന്ദ്ര തീരുമാനം
ന്യൂഡൽഹി:രാജ്യത്ത് പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിർമിച്ച പതാകകൾ നിരോധിക്കാൻ കേന്ദ്ര തീരുമാനം.പ്ലാസ്റ്റിക്ക് പതാകകൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ഫ്ലാഗ് കോഡ് നിർബന്ധമായും പാലിക്കണമെന്നുമാണ് കേന്ദ്രത്തിന്റെ പുതിയ ഉത്തരവിൽ പറയുന്നത്.ദേശീയ പതാക രാജ്യത്തിന് പുത്തൻ പ്രതീക്ഷകളും പ്രചോദനമേകുന്നതുമാണ്.അതിനു അർഹിക്കുന്ന ബഹുമാനം നൽകണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. പ്ലാസ്റ്റിക്ക് പതാകകൾ നിരോധിച്ചുകൊണ്ട് കേന്ദ്ര സർക്കാർ 2002 ഇൽ ഉത്തരവിറക്കിയിരുന്നെങ്കിലും വീണ്ടും പ്ലാസ്റ്റിക്ക് പതാകകൾ വിപണിയിൽ സജീവമാകുകയായിരുന്നു. ഇതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ പുതിയ നിർദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
അൻപത്തിയെട്ടാമത് സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം
തൃശൂർ:അൻപത്തിയെട്ടാമത് കേരളാ സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം.49 മത്സര ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോൾ 874 പോയിന്റുമായി കോഴിക്കോടാണ് ഒന്നാം സ്ഥാനത്ത്.868 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്.855 പോയിന്റ് നേടിയ മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്.നാടോടി നൃത്തവും മിമിക്രിയുമാണ് ഇന്ന് നടക്കാനുള്ള മത്സരങ്ങൾ.പ്രധാന വേദിയായ നീർമാതളത്തിൽ വൈകിട്ട് നാലുമണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്യും.മന്ത്രിമാരടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും.