മലപ്പുറം:തൃശൂർ-കോഴിക്കോട് ദേശീയ പാതയിൽ വളാഞ്ചേരി വട്ടപ്പാറ വളവിൽ ടാങ്കർ ലോറി മറിഞ്ഞു.ബുധനാഴ്ച രാത്രി ഏഴരയോടെ കൊച്ചിയിലേക്ക് പാചകവാതകം കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്.ടാങ്കറിൽ നിന്നും വാതകം ചോരുന്നുണ്ടെന്ന ആശങ്കയെ തുടർന്ന് പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിച്ചു വരികയാണ്.വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് തൃശൂർ-കോഴിക്കോട് ഹൈവേയിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
കാലിത്തീറ്റ കുംഭകോണം;മൂന്നാമത്തെ കേസിലും ലാലു കുറ്റക്കാരൻ;അഞ്ചു വർഷം തടവ്
റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസിലും ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. റാഞ്ചിയിലെ സിബിഐ കോടതിയാണ് ഈ കേസിലും ലാലു കുറ്റക്കാരനാണെന്നു വിധിച്ചത്. മുൻ ബീഹാർ മുഖ്യമന്ത്രി ജഗനാത് മിശ്രയും കേസിൽ കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കി.കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് ലാലുവിനെതിര രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ ലാലു പ്രസാദ് യാദവിന് കോടതി അഞ്ചു വർഷം തടവ് വിധിച്ചു.റാഞ്ചി കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ലാലുവിന്‍റെ മകൻ തേജസ്വി യാദവ് പറഞ്ഞു.നേരത്തെ ആദ്യ രണ്ടു കേസുകളിൽ ലാലു കുറ്റക്കാരനാണെന്ന് കണ്ട് കോടതി ശിക്ഷ വിധിച്ചിരുന്നു.രണ്ടാമത്തെ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ലാലുവിന്റെ ജാമ്യാപേക്ഷ ജാർഖണ്ഡ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.900 കോടി രൂപയുടെ തട്ടിപ്പ് നടന്ന കാലിത്തീറ്റ കുംഭകോണത്തിലെ ആറു കേസുകളിലാണ് ലാലു പ്രതിയായിട്ടുള്ളത്.
സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക് തുടങ്ങി
തിരുവനന്തപുരം:ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മോട്ടോർ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന വാഹനപണിമുടക്ക് തുടങ്ങി.രാവിലെ ആറുമുതൽ വൈകുന്നേരം ആറുമണി വരെയാണ് പണിമുടക്ക്.ഓട്ടോ,ടാക്സി,സ്വകാര്യ ബസ്,ലോറി,ടാങ്കർ ലോറി,എന്നിവയ്‌ക്കൊപ്പം കെഎസ്ആർടിസി ബസുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.സ്പെയർ പാട്സുകൾ വിൽക്കുന്ന കടകൾ, വർക്ക് ഷോപ്പുകൾ എന്നിവയും അടച്ചിടും. കേരള സർവകലാശാല, എംജി സർവകലാശാല, ആരോഗ്യസർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. അതേസമയം പിഎസ്സി പരീക്ഷകൾക്കു മാറ്റമില്ല.
മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു; പണിമുടക്കിൽ നിന്നും പിന്മാറില്ലെന്ന് കെഎസ്ആർടിസി
തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ നടക്കുന്ന പണിമുടക്കിൽ നിന്നും പിന്മാറില്ലെന്ന് കെഎസ്ആർടിസി.മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ചാണ് നാളെ വാഹനാപണിമുടക്ക് നടത്തുന്നത്.രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് പണിമുടക്ക്.പെട്രോൾ,ഡീസൽ വില കുറയ്ക്കാൻ പെട്രോളിയം കമ്പനികൾക്ക് നിർദേശം നൽകുക,നേരത്തെ വർധിപ്പിച്ച എക്‌സൈസ് തീരുവ വേണ്ടന്നു വയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ചാലപ്പുറം സ്വദേശി സജീവ് കുമാറിനെയാണ്(46) ഇന്ന് പുലർച്ചെ നെഫ്രോളജി വിഭാഗം ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മധുരയിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു
മധുര:മധുരയിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു.കൊല്ലം പള്ളിമുക്ക് സ്വദേശികളായ അബ്ദുൽ റഹീം.അബ്ദുൽ റഹ്‌മാൻ എന്നിവരാണ് മരിച്ചത്.സലിം,കരീം എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.ഇന്ന് പുലർച്ചെ നാഗൂരിൽ നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്.നാഗൂരിലെ പള്ളിയിലേക്ക് തീർത്ഥാടനത്തിനായി പോയതായിരുന്നു ഇവർ.അപകട വിവരമറിഞ്ഞ് ബന്ധുക്കൾ മധുരയിലേക്ക് തിരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് എബിവിപി ആഹ്വാനം ചെയ്തു
തിരുവനന്തപുരം:കണ്ണൂരിൽ എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജനുവരി 22 തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് എബിവിപി ആഹ്വാനം നൽകി.പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുക,ശ്യാമപ്രസാദിന്റെ കൊലപാതകക്കേസ് എൻഐഎ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാഭ്യാസ ബന്ദ്.വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോട് കൂടിയാണ് എബിവിപി പ്രവർത്തകനും കാക്കയങ്ങാട് ഗവ.ഐടിഐ വിദ്യാർത്ഥിയുമായ ശ്യാമപ്രസാദിനെ ഒരു സംഘം ആളുകൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്.സംഭവത്തിൽ നാല് എസ്‌ഡിപിഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കാസർകോഡ് പൊയിനാച്ചിയിൽ നിയന്ത്രണം വിട്ട ലോറി ഓട്ടോയിലിടിച്ച് അമ്മയും മകളും മരിച്ചു
കാസർകോഡ്:കാസർകോഡ് പൊയിനാച്ചിയിൽ നിയന്ത്രണം വിട്ട ലോറി ഓട്ടോയിലിടിച്ച് അമ്മയും മകളും മരിച്ചു.ചട്ടംചാൽ മണ്ഡലിപ്പാറയിൽ രാജന്റെ ഭാര്യ ശോഭ(32),മകൾ വിസ്മയ(13)എന്നിവരാണ് മരിച്ചത്.രാജനെയും ഓട്ടോ ഡ്രൈവർ ഖാദറിനെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെ നാലര മണിയോടെയായിരുന്നു സംഭവം. ബഡിചാലിൽ നിന്നും പുല്ലൂരിലേക്ക് വരികയായിരുന്ന ഓട്ടോയിൽ കാഞ്ഞങ്ങാട് ഭാഗത്തും നിന്നും വന്ന ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.ഇടിച്ച ശേഷം ഇതേ ലോറി തന്നെ ഓട്ടോയുടെ മുകളിലേക്ക് മറിഞ്ഞു.പോലീസും നാട്ടുകാരും അഗ്നിശമന സേനയും ചേർന്നാണ് യാത്രക്കാരെ പുറത്തെടുത്തത്.
കണ്ണവം മേഖലയിൽ അഞ്ച് എസ്‌ഡിപിഐ പ്രവർത്തകരുടെ വീടിനു നേരെ ആക്രമണം
കൂത്തുപറമ്പ്:കണ്ണവം മേഖലയിൽ അഞ്ച് എസ്‌ഡിപിഐ പ്രവർത്തകരുടെ വീടിനു നേരെ ആക്രമണം.കഴിഞ്ഞ ദിവസം കാക്കയങ്ങാട് എബിവിപി പ്രവർത്തകൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഈ മേഖലയിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു.ഇതിനെ തുടർന്നാണ് വീടുകൾക്ക് നേരെ ആക്രമണം നടന്നത്.അക്രമികൾ വീട്ടുപകരണങ്ങളും ബൈക്കും ഉള്‍പ്പെടെ അടിച്ചുതകര്‍ത്തു. ആലപ്പറമ്പ് പതിനേഴാം മൈലിലെ സൈനബയുടെ വടക്കേതോട്ടത്തില്‍ ഹൗസിനു നേരെ ഒരു സംഘം ആക്രമണം നടത്തി.വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഫര്‍ണിച്ചറുകളും തകര്‍ത്തു.വടക്കേ തോട്ടത്തില്‍ റഹ്മത്തിന്റെ വീടിനു നേരെ നടന്ന അക്രമത്തില്‍ വീടിന്റെ വാതില്‍ തകർക്കുകയും ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും ചെയ്തു.സൈനബയുടെ സഫ്നാസ് മന്‍സിലില്‍ അക്രമം നടത്തിയ സംഘം എ.സി.യും ഫര്‍ണിച്ചറുകളും തകര്‍ത്തു. വടക്കേ തോട്ടത്തില്‍ അബ്ബാസിന്റെ വീടിനു നേരെയും അക്രമം നടന്നു.അക്രമത്തില്‍ ഫര്‍ണിച്ചറുകളും സ്‌കൂട്ടറും തകര്‍ത്തിട്ടുണ്ട്.എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അന്‍സിറിന്റെ വീട്ടില്‍ നടന്ന അക്രമത്തില്‍ ജനല്‍ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് തലശ്ശേരി എ.എസ്.പി തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം കണ്ണവം മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
ബുധനാഴ്ചത്തെ വാഹന പണിമുടക്കിൽ കെഎസ്ആർടിസിയും പങ്കെടുക്കും
തിരുവനന്തപുരം:ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബുധനാഴ്ച സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ചിരിക്കുന്ന വാഹന പണിമുടക്കിൽ കെഎസ്ആർടിസിയിലെ ഇടതു സംഘടനകളും പങ്കെടുക്കുമെന്ന് അറിയിച്ചു.ഇത് സംബന്ധിച്ച് നോട്ടീസ് സിഐടിയു,എഐടിയുസി സംഘടനകൾ നൽകി.ബുധനാഴ്ച രാവിലെ ആറുമണിമുതൽ വൈകുന്നേരം ആറു മണിവരെ നടക്കുന്ന പണിമുടക്കിൽ സ്വകാര്യ ബസുകൾ,ഓട്ടോറിക്ഷകൾ, ചരക്ക്-ടാങ്കർ ലോറികൾ തുടങ്ങിയവയാണ് പങ്കെടുക്കുന്നത്.