മധുര മീനാക്ഷി ക്ഷേത്രത്തിനു സമീപം വൻ തീപിടുത്തം;നിരവധി കടകൾ കത്തി നശിച്ചു

keralanews fire broke out near madhura meenakshi temple

ചെന്നൈ:മധുര മീനാക്ഷി ക്ഷേത്രത്തിനു സമീപമുണ്ടായ വൻ തീപിടുത്തത്തിൽ നിരവധി കടകൾ കത്തിനശിച്ചു.ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിനടുത്തുള്ള 35 ഓളം കടകളാണ് അഗ്നിക്കിരയായത്.രാത്രി 10.30 ഓടു കൂടിയാണ് അപകടം നടന്നത്.ക്ഷേത്രത്തിന്റെ ആയിരംകാൽ മണ്ഡപത്തിന്റെ മേൽക്കൂര ഭാഗികമായി നശിച്ചു.അഗ്നിശമസേനയെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി.സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും നാശനഷ്ടത്തെ കുറിച്ച് ഇപ്പോൾ പറയാനാകില്ലെന്നും മധുര കലക്റ്റർ കെ.വീരരാഘവ റാവു പറഞ്ഞു.തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.

തീരദേശ വികസനത്തിന് 2000 കോടിയുടെ പാക്കേജ്; സ്ത്രീ സുരക്ഷയ്ക്കും സാമൂഹ്യസേവനത്തിനും ഊന്നൽ നൽകി പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ്

keralanews the package of rs2000crore for coastal development pinarayis third budget with focus on womens safety and social service

തിരുവനന്തപുരം:ഓഖി ദുരന്തത്തിൽ തകർന്ന തീരദേശത്തിന്റെ സമഗ്ര വികസനത്തിനായി 2000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചും ആരോഗ്യസംരക്ഷണത്തിന് ഊന്നൽ നൽകിയും പിണറായി സർക്കാരിന്‍റെ മൂന്നാം ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു. തീരദേശത്ത് സൗജന്യ വൈ ഫൈ, ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രത്യേക പദ്ധതി, തീരദേശത്തിന്‍റെ 50 മീറ്റർ പരിധിയിലുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് 150 കോടി, മത്സ്യ മേഖലയ്ക്ക് 600 കോടി തുടങ്ങി തീരപ്രദേശത്തെ ക്ഷേമത്തിന് സർക്കാർ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു.കൂടാതെ സംസ്ഥാനത്തെ സ്ത്രീസുരക്ഷയ്ക്കായി 50 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു.അതിക്രമങ്ങളെ അതിജീവിക്കുന്നവരെ സഹായിക്കാന്‍ 3 കോടി രൂപ വകയിരുത്തും.എല്ലാ ജില്ലകളിലും വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകള്‍ സ്ഥാപിക്കുന്നതിനായി 25 കോടി രൂപ മാറ്റി വെയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന ബജറ്റ് ഇന്ന്

keralanews state budget today

തിരുവനന്തപുരം:പിണറായി വിജയൻ സർക്കാരിന്റെ മൂന്നാമത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് അവതരിപ്പിക്കും.ചരക്ക് സേവന നികുതി നടപ്പാക്കിയതിനു ശേഷമുള്ള ആദ്യ ബജറ്റാണു ധനമന്ത്രി ടി.എം. തോമസ് ഐസക് ഇന്നു രാവിലെ ഒൻപതിന് അവതരിപ്പിക്കുന്നത്. സാമ്പത്തിക അച്ചടക്കങ്ങൾ പാലിക്കുന്നതിന് വേണ്ടിയുള്ള നയങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ ചെലവു ചുരുക്കൽ നിർദേശങ്ങളും ബജറ്റിലുണ്ടാകും.ബജറ്റ് പ്രസംഗം രാത്രി തന്നെ പൂർത്തിയാക്കിയ ധനമന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തുള്ള വരുമാന വർധനയുടെ ഭാഗമായി ഫീസുകൾ,ഭൂനികുതി,പിഴകൾ,കെട്ടിടനികുതി,ഭൂമിയുടെ ന്യായവില,തുടങ്ങിയവ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണു പുറത്തുവരുന്ന വിവരം. കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുന്നതിനും മത്സ്യത്തൊഴിലാളി മേഖലയുടെ സമഗ്ര പുരോഗതിക്കായുള്ള പാക്കേജുകൾ ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് സൂചന.

എ.കെ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

keralanews a k saseendran take oath as minister again

തിരുവനന്തപുരം:ഫോൺ കെണി വിവാദത്തെ തുടർന്ന് രാജിവെച്ച എ.കെ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.ഗവർണ്ണർ പി.സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പിണറായി മന്ത്രിസഭയിൽ എൻസിപിയുടെ ഏക പ്രതിനിധിയാണ് എ.കെ ശശീന്ദ്രൻ.ഫോൺ വിളി വിവാദവുമായി ബന്ധപ്പെട്ട കേസിൽ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയതിനു പിന്നാലെയാണ് ശശീന്ദ്രന് വീണ്ടും മന്ത്രിസ്ഥാനത്തേക്കുള്ള വഴിതുറന്നത്.കഴിഞ്ഞ വർഷം മാർച്ചിലാണ്‌ ഫോൺകെണി വിവാദത്തെ തുടർന്ന് ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെച്ചത്.തുടർന്ന് തോമസ് ചാണ്ടി മന്ത്രിയായി.എന്നാൽ കായൽകയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തെ തുടർന്ന് തോമസ് ചാണ്ടിക്കും രാജിവെയ്‌ക്കേണ്ടി വന്നു.ഇക്കഴിഞ്ഞ ജനുവരി 27 നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കേസിൽ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്.കേസ് പിൻവലിക്കുകയാണെന്നുള്ള പരാതിക്കാരിയുടെ ഹർജി അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി നടപടി.

നടി സനുഷയ്ക്ക് നേരെ ട്രെയിനിൽ ആക്രമണ ശ്രമം;തമിഴ്‌നാട് സ്വദേശി പിടിയിൽ

keralanews attack attempt against actress sanusha tamilnadu native arrested

കൊച്ചി:തീവണ്ടി യാത്രയ്ക്കിടെ നടി സനുഷയ്ക്ക് നേരെ ആക്രമണ ശ്രമം.ബുധനാഴ്ച രാത്രി മാവേലി എക്സ്പ്രെസ്സിൽ യാത്ര ചെയ്യവെയാണ്‌ സംഭവം.രാത്രിയോടെ ട്രെയിനിൽ അടുത്ത ബെർത്തിൽ ഉണ്ടായിരുന്ന യാത്രക്കാരനാണ് അപമാനിക്കാൻ ശ്രമിച്ചതെന്ന് നടി വ്യക്തമാക്കി.അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈപിടിച്ച് വെച്ച് ബഹളം വെച്ചെങ്കിലും ആരും സഹായിക്കാൻ തയ്യാറായില്ലെന്ന് സനുഷ പറഞ്ഞു.ഒടുവിൽ ട്രെയിനിൽ തന്നെ ഉണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണിയും മറ്റൊരു യാത്രക്കാരനും മാത്രമാണ് നടിയുടെ സഹായത്തിന് എത്തിയത്.ട്രെയിൻ വടക്കാഞ്ചേരി സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. റെയിൽവെ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് തൃശൂർ സ്റ്റേഷനിൽ നിന്നും പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.തമിഴ്‌നാട് സ്വദേശി ആന്റോ ബോസ് എന്നയാളാണ് അറസ്റ്റിലായത്.മാനഭംഗ ശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ബസ് ചാർജ് വർധിപ്പിക്കേണ്ടി വരും:മുഖ്യമന്ത്രി

keralanews bus charge to be increased cm

തിരുവനന്തപുരം:സംസ്ഥാനത്തു ബസ് യാത്ര നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി. ഇന്ധന വിലവർദ്ധനവ് മോട്ടോർ വ്യവസായ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.ബസ് ചാർജ് കൂട്ടണമെന്ന ആവശ്യം ബസ്സുടമകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം താനുമായി നടത്തിയ ചർച്ചയിൽ നിരക്കുവർധന ഇല്ലാതെ പിടിച്ചു നിൽക്കാനാകില്ലെന്നാണ് ബസുടമകൾ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമകൾ ജനുവരി 31 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് പറഞ്ഞിരുന്നു.എന്നാൽ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനം ഉടൻ എടുക്കുമെന്ന ഉറപ്പിനെ തുടർന്ന് സമരം പിൻവലിക്കുകയായിരുന്നു. മിനിമം ചാർജ് പത്തുരൂപയാക്കുക, വിദ്യാർത്ഥികളുടെ യാത്ര നിരക്ക് അഞ്ചുരൂപയായും നിലവിലുള്ള നിരക്കിന്റെ  അമ്പതു ശതമാനമായും പുനർനിർണയിക്കുക, വർധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകൾ മുന്നോട്ട് വെച്ചിരിക്കുന്നത്.

സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ മർദിച്ചു കൊന്നു

keralanews youth was beaten to death for questioning an auto driver who misbehaved with his sister

തൃശൂർ:സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ മർദിച്ചു കൊന്നു. ഇരിങ്ങാലക്കുട സ്വദേശി പുതുക്കാട്ടിൽ സുജിത് വേണു ഗോപാലാണ്(26) മരിച്ചത്.മർദനമേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന സുജിത് ചൊവ്വാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ആറുമണിയോടുകൂടി ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിന് സമീപത്തായിരുന്നു സംഭവം.സുജിത്തിന്റെ ഇളയച്ഛന്റെ മകളെ ഓട്ടോ ഡ്രൈവറായ മിഥുൻ നിരന്തരം ശല്യം ചെയ്യുന്നതിനെ സുജിത് ചോദ്യം ചെയ്തിരുന്നു. സഹോദരിയെ ശല്യപ്പെടുത്തുന്നത് ആവർത്തിക്കരുതെന്നും സുജിത് മിഥുനോട് ആവശ്യപ്പെട്ടു.എന്നാൽ തന്നെ ചോദ്യം ചെയ്തതിൽ പ്രകോപിതനായ മിഥുൻ ഇരുമ്പുവടി ഉപയോഗിച്ച് സുജിത്തിനെ ക്രൂരമായി മർദിക്കുകയായിരുന്നു.മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ആദ്യം താലൂക്ക് ആശുപത്രിയിലും നില ഗുരുതരമായതിനെ തുടർന്ന് പിന്നീട് സഹകരണ ആശുപതിയിലും പ്രവേശിപ്പിച്ചു.എന്നാൽ രണ്ടു ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ സുജിത് ചൊവ്വാഴ്ച പുലർച്ചെ മരണത്തിനു കീഴടങ്ങി.സംഭവത്തിന് ശേഷം മിഥുൻ ഒളിവിൽ പോയിരിക്കുകയാണ്.ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ശ്രീജിത്ത് സമരം അവസാനിപ്പിച്ചു

keralanews the strike of sreejith ended

തിരുവനന്തപുരം:അനുജന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രെട്ടെറിയേറ്റ് പടിക്കൽ നടത്തി വന്ന സമരം പിൻവലിച്ചു.ഇന്ന് രാവിലെ സിബിഐ മുൻപാകെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് സമരം പിൻവലിക്കുന്നതായി ശ്രീജിത്ത് അറിയിച്ചത്.സമരം എത്തേണ്ടിടത്ത് എത്തിയിരിക്കുന്നു, ഇനിയും സമരം ചെയ്യേണ്ട ആവശ്യമില്ല,സിബിഐ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.ഇന്ന് രാവിലെ പത്തുമണിയോട് കൂടിയാണ് ശ്രീജിത്തിന്റെയും അമ്മ രമണിയുടെയും മൊഴി സിബിഐ രേഖപ്പെടുത്തിയത്.

ശ്രീജിവിന്റെ മരണം;ശ്രീജിത്തിന്റെയും അമ്മയുടെയും മൊഴി സിബിഐ ഇന്ന് രേഖപ്പെടുത്തും

keralanews sreejivs death cbi will record the statement of sreejith and his mother today

തിരുവനന്തപുരം:സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവരെ  കണ്ടെത്തി ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് സെക്രെട്ടെറിയേറ്റ് പടിക്കൽ സമരം നടത്തുന്ന ശ്രീജിത്തിൽ നിന്നും അമ്മയിൽ നിന്നും സിബിഐ ഇന്ന് മൊഴി രേഖപ്പെടുത്തും.രാവിലെ പത്തുമണിക്ക് മൊഴി നൽകുന്നതിനായി എത്താൻ ശ്രീജിത്തിനോടും അമ്മയോടും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവിനെ പോലീസുകാർ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് രണ്ടു വർഷത്തിലേറെയായി ശ്രീജിത്ത് സെക്രെട്ടറിയേറ്റിനു മുൻപിൽ സമരം നടത്തി വരികയാണ്.അടുത്തിടെ സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഈ വിഷയം ഏറ്റെടുത്തതോടെ ഇത് വീണ്ടും ചർച്ചയാകുകയായിരുന്നു.നേരത്തെ കേസിൽ അന്വേഷണം ഏറ്റെടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ സിബിഐ സംസ്ഥാന സർക്കാരിന്റെ ശക്തമായ സമ്മർദത്തെ തുടർന്ന് കേസ് ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു.2014 മെയ് 19 നാണ് പാറശ്ശാല പോലീസ് ശ്രീജിവിനെ കസ്റ്റഡിയിലെടുത്തത്.21 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിക്കുകയും ചെയ്തു.ആത്മഹത്യാ ആണെന്നാണ് പോലീസ് പറഞ്ഞത്.എന്നാൽ കസ്റ്റഡി മരണമാണെന്ന് ആരോപിച്ചു ശ്രീജിവിന്റെ കുടുംബം രംഗത്തെത്തി.തുടർന്ന് ശ്രീജിത്ത് പോലീസ് കംപ്ലയിന്റ് അതോറിറ്റിയെ സമീപിച്ചു.കേസിൽ പോലീസ് കുറ്റക്കാരാണെന്ന് കണ്ടെത്തിയ അതോറിട്ടി ഇവർക്കെതിരെ വകുപ്പ്തല നടപടി സ്വീകരിക്കാനും ശ്രീജിവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു.തുക കുറ്റക്കാരായ പോലീസുകാരിൽ നിന്നും ഈടാക്കാനായിരുന്നു തീരുമാനം.എന്നാൽ ഉത്തരവിനെതിരെ പോലീസുകാർ ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ചു.അതിനാൽ ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാരിന് കഴിഞ്ഞില്ല.

നാളെ ആരംഭിക്കാനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റി

keralanews the indefinite bus strike withdrawn

തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നാളെ ആരംഭിക്കാനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റി.മുഖ്യമന്ത്രി പിണറായി വിജയനുമായി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷൻ ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിലും തുടർന്നു നിയമസഭയിലും വിഷയം ചർച്ച ചെയ്യുമെന്നും സർക്കാർ വിഷയം അനുഭാവപൂർവം പരിഗണിക്കുമെന്നും ഉറപ്പ് നൽകിയതിന്‍റെ പശ്ചാത്തലത്തിലാണ് പണിമുടക്ക് പിൻവലിക്കാൻ തീരുമാനിച്ചതെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.മിനിമം ചാർജ് പത്തു രൂപയാക്കുക,വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ്സുടമകൾ അനിശ്ചിതകാല സമരത്തിന് ആഹ്വാനം നൽകിയിരുന്നത്.